Saturday, June 29, 2013

വോയജര്‍ പുതിയ ലോകത്തേക്ക്; ശാസ്ത്രവും

 

 സൂര്യന്റെ സ്വാധീനമുള്ള ലോകമേ ഇത്രകാലവും മനുഷ്യന് പരിചിതമായിരുന്നുള്ളൂ. ഇപ്പോള്‍ മനുഷ്യനിര്‍മിതമായ രണ്ട് വാഹനങ്ങള്‍ സൂര്യന്റെ അധികാര പരിധിയില്‍നിന്ന് പുറത്ത് കടക്കുകയാണ്. ഭൂമിയില്‍നിന്ന് പുറപ്പെട്ട് 36 വര്‍ഷംകൊണ്ട് സൗരയൂഥം താണ്ടിയ വോയജര്‍ പേടകങ്ങളാണ് സൂര്യന്റെ സ്വാധീനത്തില്‍നിന്ന് മുക്തമായി സൗരയൂഥത്തിന് വെളിയിലേക്ക് സഞ്ചരിക്കുന്നത്.

നക്ഷത്രാന്തരലോകത്തേക്കാണ് ഇനി വോയജര്‍ പേടകങ്ങളുടെ ( Voyager 1, Voyager 2 ) യാത്ര; നക്ഷത്രങ്ങളും പ്രാപഞ്ചികധൂളികളും നിറഞ്ഞ യഥാര്‍ഥ 'സ്‌പേസി'ലേക്ക്. മനുഷ്യനിര്‍മിതമായ ഏതെങ്കിലുമൊരു വാഹനം സൗരയൂഥം താണ്ടുന്നത് ആദ്യമായാണ്. ഇനിയും പത്തുവര്‍ഷത്തേക്ക് കൂടി ബാറ്ററി ആയുസ്സുള്ള വോയജര്‍ പേടകങ്ങള്‍ നമുക്ക് എത്തിച്ചു തരാന്‍ പോകുന്നത്, മനുഷ്യന്‍ ഇതുവരെ നേരിട്ടറിയാത്ത ലോകത്തെ വിശേഷങ്ങളാകും. ശാസ്ത്രം പുതിയ ലോകത്തേക്ക് ചുവടുവെയ്ക്കുന്നു എന്നര്‍ഥം.

ഭൂമിയില്‍നിന്ന് 1849 കോടി കിലോമീറ്റര്‍ അകലെയാണിപ്പോള്‍ വോയജര്‍ ഒന്ന് പേടകം.സൂര്യനില്‍നിന്നെത്തുന്ന ചാര്‍ജുള്ള കണങ്ങളുടെ പ്രവാഹം കഴിഞ്ഞ ജൂലായ് മാസത്തോടെ നാമമാത്രമായി മാറിയെന്നാണ് ആ പേടകത്തില്‍ നിന്നുള്ള സൂചന. ഇതിനര്‍ഥം സൗരയൂഥവുമായുള്ള എല്ലാ ബന്ധവും അത് ഉടന്‍ വേര്‍പെടുത്തുമെന്നാണ്.

വോയജര്‍ പേടകങ്ങള്‍ സൗരയൂഥം കടന്നോ എന്നകാര്യം തിരിച്ചറിയുക, കരുതിയതിലും ദുഷ്‌ക്കരമാണെന്ന് ഗവേഷകര്‍ പറയുന്നു. സൂര്യനില്‍ നിന്നുള്ള ചാര്‍ജുള്ള കണങ്ങള്‍ കൊക്കൂണ്‍ പോലെ സൗരയൂഥത്തെ പൊതിഞ്ഞുനില്‍ക്കുന്ന അതിര്‍ത്തിമേഖലയുണ്ട്. ബാഹ്യപ്രപഞ്ചത്തില്‍ നിന്നുള്ള ഉന്നതോര്‍ജ കണങ്ങളില്‍നിന്ന് സൗരയൂഥത്തിലെ ഗ്രഹങ്ങളെ സംരക്ഷിക്കുന്നത് 'ഹീലിയോസ്ഫിയര്‍' ( Heliosphere ) എന്നറിയപ്പെടുന്ന ആ അതിര്‍ത്തിമേഖലയാണ്. ഇപ്പോള്‍ ആ അതിര്‍ത്തിയുടെ വക്കത്താണ് വോയജര്‍ ഒന്ന് എന്നാണ് ഗവേഷകരുടെ നിഗമനം.

ഇക്കാര്യത്തെ അനുകൂലിക്കുന്ന രണ്ട് തെളിവുകള്‍ ഗവേഷകരുടെ പക്കലുണ്ട്. സൗരവാതകങ്ങളുടെ ( Solar wind ) തോത് തീരെ കുറഞ്ഞതായി വോയജര്‍ ഒന്നിലെ 'ലോ എനര്‍ജി പാര്‍ട്ടിക്കിള്‍ ഇന്‍സ്ട്രുമെന്റ്' 2004 ഡിസംബറില്‍ രേഖപ്പെടുത്തി. സൗരയൂഥത്തിന്റെ അതിര്‍ത്തി മേഖലയിലാണ് പേടകമെന്ന് അത് സൂചന നല്‍കി. 2012 ജൂലായ്, ആഗസ്ത് ആയപ്പോഴേക്കും സൗരക്കാറ്റ് തീരെയില്ലാത്ത അവസ്ഥയായി. മാത്രമല്ല, ബാഹ്യപ്രപഞ്ചത്തില്‍ നിന്നുള്ള ഉന്നതോര്‍ജ്ജ കണങ്ങളുടെ സാന്നിധ്യം വോയജര്‍ ഒന്ന് കൂടുതലായി രേഖപ്പെടുത്താനും തുടങ്ങി.


ഇത് വ്യക്തമായ സൂചനയാണെങ്കിലും, വോയജര്‍ ഒന്ന് സൗരയൂഥം കടന്നു എന്ന് അസന്നിഗ്ധമായി പ്രഖ്യാപിക്കാന്‍ ഗവേഷകര്‍ ഇനിയും തുനിഞ്ഞിട്ടില്ല. അതിന്റെ കാരണം, ആ പേടകത്തിലെ മാഗ്നെറ്റോമീറ്ററില്‍ നിന്നെത്തേണ്ട ഒരു സുപ്രധാന സിഗ്നല്‍ ഇതുവരെ ലഭിച്ചിട്ടില്ല എന്നതാണ്. സൂര്യന്റെ സ്വാധീനംമൂലം മാഗ്നെറ്റോമീറ്ററില്‍ കാന്തികമണ്ഡലത്തിന്റെ ദിശ കിഴക്ക്-പടിഞ്ഞാറാണ്. നക്ഷത്രാന്തര മണ്ഡലത്തില്‍ കടക്കുമ്പോള്‍ ഇതില്‍ മാറ്റമുണ്ടാകും. അങ്ങനെ സംഭവിച്ചതായി സൂചന ലഭിച്ചിട്ടില്ല, അതാണ് പ്രശ്‌നം.

'പുറത്തെത്തിയതിന്റെ സൂചനകളാണ് നമ്മള്‍ കാണുന്നത്, യഥാര്‍ഥത്തില്‍ പുറത്തെത്തിയിട്ടില്ലെങ്കിലും' - വോയജര്‍ ദൗത്യത്തിന്റെ പ്രൊജക്ട് സയന്റിസ്റ്റും, കഴിഞ്ഞ 36 വര്‍ഷമായി ആ വാഹനങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന ഗവേഷകനുമായ എഡ് സ്റ്റോണ്‍ 'നേച്ചറി'നോട് പറഞ്ഞു. 'കാന്തികമണ്ഡലം പറയുന്നത് നമ്മളിനിയും പുറത്തെത്തിയിട്ടില്ല എന്നാണ്'. ഏതായാലും അതിനിനി അധികം കാക്കേണ്ടി വരില്ലെന്ന് സ്റ്റോണ്‍ സമ്മതിക്കുന്നു. മണിക്കൂറില്‍ 60,000 കിലോമീറ്ററിലേറെ വേഗത്തില്‍ നമ്മളില്‍നിന്ന് അകന്നു പൊയ്‌ക്കൊണ്ടിരിക്കുകയാണ് വോയജര്‍ പേടകങ്ങള്‍.

പത്ത് നിരീക്ഷണോപകരണങ്ങള്‍ വീതമാണ് വോയജര്‍ പേടകങ്ങളിലുണ്ടായിരുന്നത്. അതില്‍ അഞ്ചെണ്ണം വോയജര്‍ രണ്ടിലും, നാലെണ്ണം വോയജര്‍ ഒന്നിലും ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. ആ ഉപകരണങ്ങളില്‍നിന്നാണ് പുതിയ ലോകത്തെപ്പറ്റിയുള്ള വിവരങ്ങള്‍ ശാസ്ത്രത്തിന് ലഭിക്കേണ്ടത്.

36 വര്‍ഷത്തിനിപ്പുറം ശാസ്ത്രത്തെ പുതിയ ലോകത്തേക്ക് കൈപ്പിടിച്ച് നയിക്കാന്‍ വോയജര്‍ ഒരുങ്ങുമ്പോള്‍, ഓര്‍ക്കേണ്ട ഒരു സംഗതിയുണ്ട്. സൗരയൂഥത്തിലെ ബാഹ്യഗ്രഹങ്ങളെ നിരീക്ഷിക്കാന്‍ അയച്ച വെറും അഞ്ചുവര്‍ഷത്തെ ദൗത്യം മാത്രമായിരുന്നു അത്. എല്ലാ പ്രതീക്ഷകളും മറികടന്ന് മാനവചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ബഹിരാകാശ ദൗത്യമായി വോയജര്‍ പരിണമിക്കുമ്പോള്‍, കഴിഞ്ഞ നാല് പതിറ്റാണ്ടായി എഡ് സ്റ്റോണ്‍ എന്ന ഗവേഷകന്‍ അതിന്റെ അമരത്തുണ്ടായിരുന്നു.

അതിശയകരം എന്നേ ഇത് വിശേഷിപ്പിക്കാനാകൂ; വൊയേജറിനെയും എഡ് സ്റ്റോണിന്റെ പ്രവര്‍ത്തനത്തെയും.

36 വര്‍ഷം; 44 നോട്ട്ബുക്കുകള്‍

കാലിഫോര്‍ണിയ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി (കാല്‍ടെക്)യില്‍ എഡ് സ്‌റ്റോണിന്റെ ഓഫീസ് മുറിയിലെ അലമാരയില്‍ 44 നോട്ട്ബുക്കുകള്‍ വൃത്തിയായി അടുക്കിവെച്ചിട്ടുണ്ട്. എല്ലാംകൂടി അരമീറ്റര്‍ പൊക്കം വരുന്ന ഒരടുക്ക്. ആ നോട്ട്ബുക്കുകളിലാണ് വോയജര്‍ പേടകങ്ങളുടെ 36 വര്‍ഷത്തെ അത്ഭുതയാത്രയുടെ വിവരങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിച്ചിരിക്കുന്നത്.

മനുഷ്യചരിത്രത്തിലെ ഏറ്റവും സുദീര്‍ഘമായ യാത്രയുടെ നാള്‍വഴികള്‍ ആ നോട്ട്ബുക്കുകളിലാണ് കണ്ടെത്താനാവുക. വോയജറിന്റെ യാത്രയും 77 കാരനായ എഡ് സ്റ്റോണിന്റെ കഴിഞ്ഞ നാലു പതിറ്റാണ്ടുകാലത്തെ ജീവിതവും എങ്ങനെ ഒരേ നൂലില്‍ കൊരുത്തിട്ട കഥകളായി എന്ന് ആ നോട്ട്ബുക്കുകള്‍ പറഞ്ഞുതരും.


1977 ല്‍ വോയജര്‍ പേടകങ്ങള്‍ ഭൂമിയില്‍നിന്ന് യാത്രയാകുമ്പോള്‍, ബഹിരാകാശയുഗത്തിന് ഇരുപത് വയസ്സ് തികഞ്ഞിരുന്നില്ല. ലോകം ശീതയുദ്ധത്തിന്റെ പാരമ്യത്തിലായിരുന്നു. ഇന്ത്യയില്‍ അടിയന്തരാവസ്ഥ അവസാനിച്ചിട്ട് മാസങ്ങളേ ആയിട്ടുള്ളൂ.

നാസയുടെ കാര്‍മികത്വത്തില്‍ ഫ്‌ളോറിഡയിലെ കേപ് കാനവെറലില്‍ നിന്ന് 1977 ആഗസ്ത് 20 ന് വോയജര്‍ രണ്ട് പേടകവും, സപ്തംബര്‍ 5 ന് വോയജര്‍ ഒന്ന് പേടകവും (രണ്ടും വിക്ഷേപിച്ചത് ടൈറ്റന്‍-സെന്റോര്‍ റോക്കറ്റില്‍) യാത്രയാകുമ്പോള്‍, ആ ദൗത്യം 1981 ല്‍ അവസാനിക്കേണ്ടവ എന്ന് ഏവരും കരുതി. സൗരയൂഥത്തിലെ ബാഹ്യഗ്രഹങ്ങളായ വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂണ്‍ എന്നീ ഗ്രഹങ്ങളെ അടുത്തറിയുകയായിരുന്നു രണ്ട് പേടകങ്ങളുടെയും ലക്ഷ്യം.

വോയജര്‍ വിക്ഷേപണത്തിന് 1977 തിരഞ്ഞെടുക്കാന്‍ ഒരു പ്രത്യേക കാരണമുണ്ടായിരുന്നു. സൗരയൂഥത്തിലെ ബാഹ്യഗ്രഹങ്ങള്‍ സവിശേഷ സ്ഥാനങ്ങളിലെത്തുന്നത് മൂലം, 175 വര്‍ഷം കൂടുമ്പോള്‍ മാത്രമുണ്ടാകുന്ന ഒരു ആനുകൂല്യം ലഭിക്കുന്ന സമയമായിരുന്നു അത്. ഗുരുത്വാകര്‍ഷണ ബലം അനുകൂലമാക്കി ബഹിരാകാശ വാഹനങ്ങള്‍ക്ക് അവയുടെ വേഗം അസാധാരണമാം വിധം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നായിരുന്നു ആ ആനുകൂല്യം.

'ഗുരുത്വാകര്‍ഷണ സഹായ സങ്കേതം' ( gravtiy assist technique ) എന്നാണ് അതിന് പേര്. 1965 ല്‍ അമേരിക്കന്‍ ശാസ്ത്രജ്ഞരായ മൈക്കല്‍ മിനോവിക്കും ഗാരി ഫഌന്‍ഡ്രോയും കണ്ടെത്തിയ ആ സങ്കേതം വോയജര്‍ പേടകങ്ങള്‍ ശരിക്കും പ്രയോജനപ്പെടുത്തി. ഭൂമിയില്‍നിന്ന് യാത്ര തിരിച്ചപ്പോഴത്തെ വേഗത്തിലാണെങ്കില്‍, വോയജര്‍ രണ്ടിന് നെപ്ട്യൂണിന്റെ സമീപമെത്താന്‍ കുറഞ്ഞത് 30 വര്‍ഷം വേണ്ടിവരുമായിരുന്നു. എന്നാല്‍ ഗുരുത്വാകര്‍ഷണ സങ്കേതം തുണയേകിയപ്പോള്‍ അത് 12 വര്‍ഷമായി ചുരുങ്ങി!

ഏതെങ്കിലും അന്യഗ്രഹജീവികളുടെ ശ്രദ്ധയില്‍ വോയജര്‍ എന്നെങ്കിലും പെട്ടാല്‍, ഭൂമിയെക്കുറിച്ച് മനസിലാക്കാന്‍ സഹായിക്കുന്ന സമാനമായ സുവര്‍ണ ഫോണോഗ്രാഫിക് റിക്കോര്‍ഡുകളുമാണ് വോയജര്‍ പേടകങ്ങള്‍ യാത്ര തുടരുന്നത്. 12 ഇഞ്ച് വരുന്ന ആ റിക്കോര്‍ഡ് കാള്‍ സാഗന്റെ ആശയമായിരുന്നു. സ്വര്‍ണ്ണം പൂശിയ ആ ചെമ്പ് ഡിസ്‌കുകളില്‍ ഭൂമിയുടെ കഥ കൂടാതെ, 55 ഭാഷകളിലെ ആശംസകളും, ഭൂമിയില്‍ നിന്നുള്ള 115 ദൃശ്യങ്ങളും, ഭൂമിയിലെ വ്യത്യസ്ത ശബ്ദങ്ങളും സംഗീതവും ആലേഖനം ചെയ്തിട്ടുണ്ട്.

ഭൂമിയില്‍നിന്ന് യാത്ര തിരിക്കുമ്പോള്‍ ആ ദൗത്യത്തിന്റെ പേര് വോയജര്‍ എന്നായിരുന്നില്ല. മറീനര്‍ പ്രോഗ്രാമിന്റെ ഭാഗമായി 'മറീനര്‍ 11', 'മറീനര്‍ 12' എന്നിങ്ങനെയാണ് പേര് നല്‍കപ്പെട്ടത്. പിന്നീടത് 'മറീനര്‍ ജൂപ്പിറ്റര്‍-സാറ്റേണ്‍' എന്ന പ്രത്യേക ദൗത്യമാക്കി. വിക്ഷേപണം കഴിഞ്ഞ് വ്യാഴത്തിലേക്കുള്ള യാത്രാവേളയില്‍ വൊയേജര്‍ ഒന്ന്, വൊയേജര്‍ രണ്ട് എന്ന് പേര് മാറ്റുകയായിരുന്നു.

ആ പേര് ശാസ്ത്രചരിത്രത്തില്‍ ഇതിനകം സുവര്‍ണലിപികളാല്‍ രേഖപ്പെടുത്തിക്കഴിഞ്ഞു. കാരണം അത്ര അത്ഭുതകരമായ കണ്ടുപിടിത്തങ്ങളാണ് വോയജര്‍ നടത്തിയത്.

അഗ്നിപര്‍വ്വതവും കൊടുങ്കാറ്റും

വൊയേജറിന്റെ കണ്ടെത്തലുകള്‍ ഒന്നല്ല പല തവണ ശാസ്ത്രലോകത്തെ അമ്പരപ്പിച്ചിട്ടുണ്ട്. ആ ദൗത്യത്തെപ്പറ്റി നാസ രേഖപ്പെടുത്തുന്നത് ഇങ്ങനെ: 'ഇതുവരെയുള്ളതില്‍ ശാസ്ത്രീയമായി ഏറ്റവുമധികം ഫലംനല്‍കിയ ദൗത്യം - അതാണ് വോയജര്‍'.

വ്യാഴം, ശനി ഗ്രഹങ്ങള്‍ക്ക് സമീപത്ത് സഞ്ചരിച്ച് അവയെക്കുറിച്ച് പഠിച്ച രണ്ടാമത്തെ ബഹിരാകാശ ദൗത്യമാണ് വോയജര്‍. യുറാനസിന്റെയും നെപ്ട്യൂണിന്റെയും സമീപത്തെത്തി വോയജര്‍ പേടകങ്ങള്‍ മാത്രമേ ഇതുവരെ നിരീക്ഷണം നടത്തിയിട്ടുള്ളൂ. ശനി, യുറാനസ്, നെപ്ട്യൂണ്‍ എന്നിവയുടെ അന്തരീക്ഷത്തെക്കുറിച്ച് ആദ്യമായി വിശദപഠനം നടത്തിയതും അവ തന്നെ.

ബഹിരാകാശ യാത്രയ്ക്കിടെ ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്റെ ഒട്ടേറെ ദൃശ്യങ്ങള്‍ വോയജര്‍ പകര്‍ത്തി. കൂടാതെ, സൗരയൂഥത്തിലെ ബാഹ്യഗ്രഹങ്ങളുടെ 23 പുതിയ ഉപഗ്രഹങ്ങളെ കണ്ടെത്തുകയും ചെയ്തു. സൗരയൂഥത്തെക്കുറിച്ച് അതുവരെ മനുഷ്യനറിയാത്ത വിവരങ്ങളുടെ ഒരു പ്രവാഹം തന്നെ വോയജറില്‍നിന്നുണ്ടായി.

വിവരങ്ങളുടെ കുത്തൊഴുക്ക് ആരംഭിക്കുന്നത് 1979 ലാണ്. വ്യാഴത്തിനടുത്തെത്തിയ വോയജര്‍ ഒന്നാണ് അതിന് തുടക്കമിട്ടത്, വോയജര്‍ രണ്ട് അത് പിന്തുടര്‍ന്നു. വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയില്‍ തടാകങ്ങളുണ്ടാകാമെന്നും, ജിവന്റെ സാന്നിധ്യമുണ്ടാകാമെന്നും ആദ്യസൂചന വോയജറാണ് നല്‍കുന്നത്.

അടുത്ത ഊഴം ശനിയുടേതായിരുന്നു. 1980-81 കാലത്ത് ഇരുപേടകങ്ങളും ശനിയെക്കുറിച്ച് പഠിച്ചു. ശനിയുടെ ഒട്ടേറെ ഉപഗ്രഹങ്ങളെ കണ്ടുപിടിച്ചു. ശനിയുടെ വലയത്തെക്കുറിച്ച് അന്നുവരെ അറിയാത്ത ഒട്ടേറെ രഹസ്യങ്ങള്‍ മനുഷ്യനറിഞ്ഞു.

ശനിയുടെ പഠനത്തിന് ശേഷം പ്രോജക്ട് സയന്റിസ്റ്റ് എഡ് സ്‌റ്റോണും സഹപ്രവര്‍ത്തകരും നിര്‍ണായകമായ ഒരു തീരുമാനമെടുത്തു. സൗരയൂഥത്തിലെ ഗ്രഹത്തട്ടില്‍ ( plane of the planets ) നിന്ന് വോയജര്‍ ഒന്നിന്റെ ദിശ തിരിച്ചുവിടുക; അതിനെ സൗരയൂഥത്തിന് വെളിയില്‍ നക്ഷത്രാന്തരമേഖലയിലേക്ക് പറഞ്ഞയയ്ക്കുക! അതേസയമയം, വോയജര്‍ രണ്ടിനെ യുറാനസും നെപ്ട്യൂണും നിരീക്ഷിക്കാന്‍ വിടുക.

1986 ല്‍ വോയജര്‍ രണ്ട് യുറാനസിന് സമീപമെത്തി. രണ്ട് പുതിയ വലയങ്ങള്‍ യുറാനസിനുള്ളതായി അത് കണ്ടെത്തി. യുറാനസിന്റെ പത്ത് ഉപഗ്രഹങ്ങളെക്കുറിച്ചും ശാസ്ത്രലോകമറിഞ്ഞു. 1989 ല്‍ ആ പേടകം നെപ്ട്യൂണിന് പരിസരത്തെത്തി നീരീക്ഷണം നടത്തി. എത്ര ഭീകരമായ അന്തരീക്ഷമാണ് നെപ്ട്യൂണിനുള്ളതെന്ന് കണ്ട് ശാസ്ത്രലോകം നടുങ്ങി.

ശാസ്ത്രലോകത്തെ പല പ്രാവശ്യം വോയജര്‍ നടുക്കിയിട്ടുണ്ട്. അതില്‍ ചിലത് ചുവടെ -

* വ്യാഴത്തിന്റെ ഉപഗ്രഹമായ ഇയോ (Io) വില്‍ സജീവമായ അഗ്നിപര്‍വതങ്ങളുണ്ടെന്ന കണ്ടെത്തല്‍. ആ അഗ്നിപര്‍വതങ്ങളില്‍ നിന്നുള്ള പൊടിയും പുകയും എവറസ്റ്റ് കൊടുമുടിയുടെ 30 മടങ്ങ് പൊകത്തില്‍ ഉയരുന്നുവെന്ന് വോയജര്‍ ചിത്രങ്ങള്‍ സാക്ഷ്യപ്പെടുത്തി. സൗരയൂഥത്തില്‍ ഭൂമിയിലല്ലാതെ സജീവ അഗ്നിപര്‍വതങ്ങള്‍ മറ്റിടങ്ങളിലുണ്ടെന്ന കണ്ടെത്തല്‍ അവിശ്വസനീയതയോടെയാണ് ശാസ്ത്രലോകം കേട്ടത്.

* ശനിയുടെ വലയങ്ങളില്‍ ആയിരക്കണക്കിന് ഹിമധൂളികളും ചെറുവസ്തുക്കളുമുണ്ടെന്നതായിരുന്നു വോയജര്‍ നടത്തിയ അമ്പരപ്പിക്കുന്ന മറ്റൊരു കണ്ടെത്തല്‍.

* യുറാനസ്, നെപ്ട്യൂണ്‍ എന്നീ ഗ്രഹങ്ങളുടെ കാന്തികധ്രുവങ്ങള്‍ ഗ്രഹമധ്യരേഖയ്ക്ക് അരികിലാണെന്നതും തീര്‍ച്ചയായും അവിശ്വസനീയമായി തോന്നാം.

* സൗരയൂഥത്തില്‍ ഏറ്റവും സങ്കീര്‍ണ ഗ്രഹപ്രതലമുള്ളത് യുറാനസിന്റെ ചെറു ഉപഗ്രഹമായ മിരാന്‍ഡയ്ക്കാണെന്നതും അത്തരത്തിലുള്ള മറ്റൊരു കണ്ടെത്തലായിരുന്നു.

* സൗരയൂഥത്തില്‍ ഏറ്റവും വേഗത്തില്‍ കാറ്റ് വീശുന്നത് ഭൂമിയിലല്ല, നെപ്ട്യൂണിലാണെന്ന് 1989 ല്‍ വൊയേജര്‍ രണ്ടാണ് കണ്ടെത്തിയത് - മണിക്കൂറില്‍ 2,100 കിലോമീറ്റര്‍ വേഗത്തില്‍!


1989 ല്‍ വോയജര്‍ രണ്ട് നെപ്ട്യൂണിന് സമീപമെത്തി നിരീക്ഷണം നടത്തിയതോടെ, സൗരയൂഥത്തിലെ ബാഹ്യഗ്രഹങ്ങളെക്കുറിച്ച് പഠിക്കുക എന്ന ദൗത്യം പൂര്‍ത്തിയായി. അപ്പോഴേക്കും എന്‍സൈക്ലോപ്പീഡയയുടെ 6000 പതിപ്പുകള്‍ക്ക് ആവശ്യമായത്ര വിവരങ്ങള്‍ ആ പേടകങ്ങള്‍ ഭൂമിയിലേക്ക് അയച്ചിരുന്നു.

പ്രതീക്ഷിച്ചതിന്റെ 200 ശതമാനം ശാസ്ത്രവിവരങ്ങള്‍ വോയജര്‍ ഭൂമിയിലെത്തിച്ചു എന്നാണ് എഡ് സ്‌റ്റോണ്‍ ആഹ്ലാദപൂര്‍വ്വം സൂചിപ്പിക്കാറുള്ളത്. 'നമ്മള്‍ സങ്കല്‍പ്പിക്കുമായിരുന്നതിലും എത്രയോ അധികം വിവരങ്ങള്‍ നമ്മള്‍ അതില്‍ നിന്ന് പഠിച്ചുകഴിഞ്ഞു!'

പുതിയ തുടക്കം

'പിടിച്ചതിനെക്കാള്‍ വലുതാണ് അളയിലുള്ളത്' എന്ന ചൊല്ല് അനുസ്മരിപ്പിക്കുന്നതാണ് വോയേജറിന്റെ ചരിത്രം. വെറും അഞ്ചുവര്‍ഷം ആയുസ്സ് നിശ്ചയിച്ച ദൗത്യം ഇപ്പോള്‍ 36 വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കുന്നു. സൗരയൂഥത്തെക്കുറിച്ചുള്ള ഒട്ടേറെ ധാരണകള്‍ തിരുത്തിക്കുറിക്കാന്‍ പോന്ന കണ്ടെത്തലുകള്‍ ആ പേടകം നടത്തി. ഇപ്പോള്‍ അവ സൗരയൂഥത്തിന് വെളിയിലേക്കെത്തുന്നു. ഇനി പുതിയ ലോകത്തുനിന്നുള്ള വിവരങ്ങളാണ് നമുക്ക് കാക്കാനുള്ളത്.

സൂര്യനും ഭൂമിയും തമ്മിലുള്ള അകലത്തിന്റെ (അസ്‌ട്രോണമിക്കല്‍ യൂണിറ്റ്) 124 മടങ്ങാണ്, നിലവില്‍ ഭൂമിയും വോയജര്‍ ഒന്നും തമ്മിലുള്ള അകലം. ഇപ്പോള്‍ ഭൂമിയില്‍നിന്ന് ഏറ്റവും അകലെയുള്ള മനുഷ്യനിര്‍മിത വസ്തുവാണ് വോയജര്‍ ഒന്ന്. സൂര്യനില്‍നിന്ന്, സൂര്യനും പ്ലൂട്ടോയും തമ്മിലുള്ളതിന്റെ മൂന്നു മടങ്ങ് അകലത്തിലാണ് ആ പേടകം. ഭൂമിയും വോയജര്‍ രണ്ടും തമ്മിലിപ്പോള്‍ 1513 കോടി കിലോമീറ്ററാണ് അകലം; 152 അസ്‌ട്രോണമിക്കല്‍ യൂണിറ്റ്!

നക്ഷത്രാന്തരലോകം ശാസ്ത്രത്തിന് ശരിക്കും പുതുമയാണ്. അങ്ങോട്ട് പൂര്‍ണ്ണമായി കടക്കുന്നതോടെ, സമീപ നക്ഷത്രങ്ങള്‍ക്കിടയിലെ കാന്തികമണ്ഡലത്തിന്റെ ശക്തിയളക്കാന്‍ വോയജറിലെ മാഗ്നെറ്റോമീറ്ററിന് സാധിക്കും. അത്തരമൊരു സംഗതി ആദ്യമായാണ് ശാസ്ത്രത്തിന് കഴിയുന്നത്. മാത്രമല്ല, ഹീലിയോസ്ഫിയര്‍ കടന്ന് സൗരയൂഥത്തിലേക്ക് എത്താന്‍ ശേഷിയില്ലാത്ത ഗാലക്റ്റിക് കോസ്മിക് കിരണങ്ങളെ ( Galactic cosmic rays ) നിരീക്ഷിക്കാന്‍ പേടകത്തിലെ കണികാ ഡിറ്റക്റ്ററിന് കഴിയും. യഥാര്‍ഥ 'സ്‌പേസ്' എന്താണെന്ന് അടുത്തറിയാന്‍ ഗവേഷകര്‍ക്ക് ആദ്യമായി അവസരം ലഭിക്കും.

വോയജര്‍ പേടകങ്ങള്‍ നല്‍കിയ വിവരങ്ങളില്‍നിന്നാണ് സൗരയൂഥത്തിന് ഗോളാകൃതിയല്ല, അണ്ഡാകൃതിയാണുള്ളതെന്ന് ഗവേഷകര്‍ തിരിച്ചറിഞ്ഞത്. സൗരയൂഥത്തെ കൊക്കൂണ്‍ പോലെ പൊതിഞ്ഞു നില്‍ക്കുന്ന ഹീലിയോസ്ഫിയറിന്റെ ആകൃതി കണക്കാക്കി 2008 ല്‍ ഇത്തരമൊരു നിഗമനത്തില്‍ ശാസ്ത്രലോകം എത്തുകയായിരുന്നു.


ഹീലിയോസ്ഫിയറില്‍നിന്ന് വോയജര്‍ ഇപ്പോള്‍ പുറത്തുകടക്കുമ്പോള്‍ ആകാംക്ഷപോലെ തന്നെ ഉത്ക്കണ്ഠയും ഗവേഷകരെ പിടികൂടുന്നുണ്ട്. ആ പേടകങ്ങള്‍ വളരെ വേഗം ഭൂമിയില്‍നിന്ന് അകന്നുകൊണ്ടിരിക്കുന്നതിനാല്‍, അവയില്‍നിന്നുള്ള സിഗ്നലുകള്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുന്നു എന്നതാണ് ഗവേഷകരെ അലട്ടുന്ന പ്രശ്‌നം.

ഭൂമിയില്‍നിന്ന് പ്രകാശവേഗത്തില്‍ സഞ്ചരിക്കുന്ന സിഗ്നലുകള്‍ക്ക് നിലവില്‍ വോയജര്‍ ഒന്നിലെത്താന്‍ 17 മണിക്കൂറിലേറെ സമയം വേണം! പേടകമയയ്ക്കുന്ന സിഗ്നല്‍ ഭൂമിയിലെത്താനും വേണം അത്രയും സമയം. എന്നുവെച്ചാല്‍, അങ്ങോട്ടൊരു സന്ദേശമയച്ചാല്‍ മറുപടിക്ക് 34 മണിക്കൂര്‍ കാക്കണം.

വൊയേജര്‍ സിഗ്നലുകള്‍ പിടിച്ചെടുക്കാന്‍ ഭീമന്‍ ആന്റിനകളുടെ ഒരു ആഗോള ശൃംഖല തന്നെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു- ഡീപ് സ്‌പേസ് നെറ്റ്‌വര്‍ക്ക് ( Deep Space Network ) എന്ന പേരില്‍. വൊയേജര്‍ ദൗത്യത്തിന് ആന്റിന സമയത്തില്‍ വിലയേറിയ പത്തു മണിക്കൂര്‍ വീതം ദിവസവും ലഭിക്കുകയും ചെയ്യുന്നു. വോയജറിന്റെ പുതിയലോകത്തേക്കുള്ള പ്രവേശനത്തിന് ശാസ്ത്രലോകം അത്ര പ്രാധാന്യമാണ് നല്‍കുന്നത്.

പ്ലൂട്ടോണിയം 238 'റേഡിയോ ഐസോടോപ്പ് തെര്‍മല്‍ ജനറേറ്ററുകളാ'ണ് ഇരു പേടകങ്ങള്‍ക്കും ഊര്‍ജം പകരുന്നത്. തുടക്കത്തില്‍ 315 വാട്ട് ആയിരുന്നു ശേഷി. റേഡിയോ ആക്ടീവ് അപചയം മൂലം ഓരോ വര്‍ഷവും നാല് വാട്ട് വീതം ശേഷി കുറയുന്നു. വോജയര്‍ രണ്ടില്‍ അഞ്ചും വോജയര്‍ ഒന്നില്‍ നാലും ഉപകരണങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. ഊര്‍ജലഭ്യത 2020 ഓടെ പരിമിതമാകുമ്പോള്‍, ഉപകരണങ്ങളില്‍ പലതും നിര്‍ത്തേണ്ടി വരും.

2025 ഓടെ പ്ലൂട്ടോണിയത്തിന് പൂര്‍ണമായും അപചയം സംഭവിക്കുകയും വോയജര്‍ പേടകങ്ങള്‍, നിര്‍ജീവമായ ലോഹപേടകങ്ങള്‍ മാത്രമായി നക്ഷത്രാന്തരലോകത്തിലൂടെ പ്രയാണം തുടരും.

സൂര്യന്റെ മാതൃഗാലക്‌സിയായ ആകാശഗംഗയിലൂടെ അനന്തമായി യാത്ര തുടരുക - അതാണ് വൊയേജര്‍ പേടകങ്ങളുടെ വിധി. 40,000 വര്‍ഷം കൊണ്ട് വൊയേജര്‍ ഒന്ന്, AC+793888 എന്ന ചുമപ്പുകുള്ളന്‍ നക്ഷത്രത്തിന് 1.6 പ്രകാശവര്‍ഷം അരികിലൂടെ കടന്നു പോകും. 2.96 ലക്ഷം വര്‍ഷം കൊണ്ട് വൊയേജര്‍ രണ്ട് വാഹനം, സിറിയസ് നക്ഷത്ത്രിന് 4.3 പ്രകാശവര്‍ഷം അരികിലെത്തും.. അതൊന്നും പക്ഷേ, ഭൂമിയില്‍ അറിയില്ലെന്ന് മാത്രം!

(വിവരങ്ങള്‍ക്ക് കടപ്പാട് : 1. Outward Bound, by Alexandra Witze. Nature, Vol. 497, 23 May 2013; 2. Voyager Site- - Jet Propulsion Laboratory; 3. How Voyager Works, by Ed Grabianowski; 4. ബഹിരാകാശ ദൗത്യങ്ങള്‍-1 : വോയജര്‍. കുറിഞ്ഞി ഓണ്‍ലൈന്‍; ചിത്രങ്ങള്‍ കടപ്പാട് : Space.com; NASA)

- മാതൃഭൂമി തൊഴില്‍വാര്‍ത്ത ഹരിശ്രീ, ജൂണ്‍ 29, 2013 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്.

2 comments: