Tuesday, February 21, 2012

'പ്രതീക്ഷാമര'ത്തിന്റെ കഥ ; ഒരു കവര്‍ ചിത്രത്തിന്റേയും


'ഹരിതഭൂപടം' എന്ന പുസ്തകത്തിന്റെ കവര്‍ ഡിസൈന്‍ ചെയ്തത് മന്‍സൂര്‍ ചെറൂപ്പയാണ്. ഹോര്‍ത്തൂസ് മലബാറിക്കൂസ് പുനര്‍ജനിച്ച കഥ പറയുന്ന ആ പുസ്തകത്തിന്റെ കവറില്‍ ഹോര്‍ത്തൂസില്‍ നിന്നുള്ള ഒട്ടേറെ ചിത്രങ്ങള്‍ മന്‍സൂര്‍ ഉള്‍പ്പെടുത്തിയിരുന്നു. ഹോര്‍ത്തൂസ് ചിത്രങ്ങള്‍ ആലേഖനം ചെയ്ത പേജിന് മുകളില്‍ വീണുകിടക്കുന്ന വിശറിയുടെ ആകൃതിയുള്ള വലിയൊരു പച്ചില. ആ ഇലയുടെ പച്ചപ്പിനുള്ളിലാണ് പുസ്തകത്തിന്റെ തലവാചകം ആലേഖനം ചെയ്തിരിക്കുന്നത്.

ആദ്യം ആ കവര്‍ കാണുമ്പോള്‍ എനിക്ക് അതത്ര ഇഷ്ടമായില്ല. മന്‍സൂറുമായി അക്കാര്യം ചര്‍ച്ചചെയ്ത് ചില ഭേദഗതികള്‍ നിര്‍ദേശിച്ചു. യാദൃശ്ചികമായി കവര്‍ ഡിസൈന്‍ കാണാനിടയായ ഫോട്ടോഗ്രാഫര്‍ മധുരാജ് പക്ഷേ, അതെപ്പറ്റി വളരെ നല്ല അഭിപ്രായം പറഞ്ഞു. എന്റെ ദൃശ്യബോധത്തിന്റെ പ്രശ്‌നമാകാം എന്നുകരുതി, മന്‍സൂര്‍ ആദ്യം ചെയ്ത കവര്‍ കാര്യമായ ഭേദഗതിയില്ലാതെ അംഗീകരിച്ചു.

2012 ഫിബ്രവരി 17 ന് പുസ്തകം പുറത്തിറങ്ങി. കണ്ടവര്‍ക്കെല്ലാം കവര്‍ ഇഷ്ടമായി. എനിക്ക് സന്തോഷവുമായി; മന്‍സൂര്‍ ചെയ്തത് മാറ്റാന്‍ എനിക്ക് പിടിവാശി തോന്നാത്തതില്‍.

എന്നാല്‍, ആ കവറിനെപ്പറ്റിയുള്ള യഥാര്‍ഥ സന്തോഷം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.

ഹോര്‍ത്തൂസിന്റെ പുനര്‍ജനനം വിവരിക്കുന്ന 'ഹരിതഭൂപട'ത്തിലെ നായകനായ ഡോ.കെ.എസ്.മണിലാലിനെ കാണാന്‍ ഇന്നലെ (ഫിബ്രവരി 20) കോഴിക്കോട് ജവഹര്‍നഗറില്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി. പുസ്തകം അദ്ദേഹം അതിനകം വായിച്ചുകഴിഞ്ഞിരുന്നു, മോശമല്ലെന്ന അഭിപ്രായവും പറഞ്ഞു.

പലതും സംസാരിച്ചിരിക്കുന്നതിനിടെ സംഭാഷണം വീണ്ടും പുസ്തകത്തിലെത്തി. 'ഇതിന്റെ കവറിലുള്ള ഇലയാണ് ഏറെ പ്രതീകാത്മകമായി തോന്നിയത്'-ഡോ.മണിലാല്‍ അറിയിച്ചു. എന്താണ് സംഗതിയെന്ന് എനിക്ക് മനസിലായില്ല.

'ഈ ചെടിയുടെ പേരറിയാമോ'-അദ്ദേഹം ചോദിച്ചു. എവിടെ അറിയാന്‍, ഇതൊക്കെ അറിയാമായിരുന്നെങ്കില്‍ ഈ ഞാന്‍ എവിടെ ഇരിക്കേണ്ടയാളായിരുന്നു-ഞാന്‍ മനസില്‍ പറഞ്ഞു.

അല്‍പ്പനേരം ആലോചിച്ച ശേഷം ചെടിയുടെ പേര് അദ്ദേഹം പറഞ്ഞു -'ജിന്‍കോ ബിലോബ (Ginkgo biloba). ഇതിനൊരു ചരിത്രമുണ്ട്. ജപ്പാനിലെ ഹിരോഷിമയില്‍ 1945 ല്‍ അമേരിക്ക ആറ്റംബോംബിട്ടപ്പോള്‍ അവിടുള്ള സര്‍വതും നശിച്ചുപോയല്ലോ. ആ സര്‍വനാശത്തിന്റെ വേദിയില്‍ നിന്ന് ആദ്യം മുളച്ചുവന്നത് ഈ മരമാണ്. അതിനാല്‍, 'പ്രതീക്ഷയുടെ മര'മെന്നൊരു പേര് ജപ്പാന്‍കാര്‍ ഇതിന് നല്‍കിയിട്ടുണ്ട്'.

അമ്പരപ്പോടെ ഞാന്‍ ആ വിവരണം കേട്ടിരുന്നു. ഒരു യഥാര്‍ഥ സസ്യശാസ്ത്രജ്ഞന് ഓരോ ചെടിയെക്കുറിച്ചും ഓരോ ചരിത്രംതന്നെ പറയാനാകുമെന്ന് ഞാന്‍ മനസിലോര്‍ത്തു.

'ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ രണ്ടാംപിറവിയെന്നാണല്ലോ പുസ്തകത്തിന്റെ പേരിലുള്ളത്. ശരിക്കും അതിനെ പ്രതീകാത്മകമായി ഈ വൃക്ഷത്തിന്റെ ഇല പ്രതിനിധീകരിക്കുന്നു'-ഡോ.മണിലാല്‍ പറഞ്ഞു.

എത്ര അപ്രതീക്ഷിതമായാണ് ഓരോ അത്ഭുതങ്ങള്‍ക്ക് നമ്മള്‍ സാക്ഷ്യംവഹിക്കുന്നത്.

ഡച്ച് ബന്ധം

വീട്ടിലെത്തിയയുടന്‍ ഗൂഗിളില്‍ ജിന്‍കോ ബിലോബയെക്കുറിച്ച് ആകാംക്ഷയോടെ ഒരു അന്വേഷണം നടത്തി. ഫലം അതിശയകരമായിരുന്നു.

ഹിരോഷിമയില്‍ 1945 ആഗസ്ത് ആറിന് ആറ്റംബോംബ് വീണപ്പോള്‍ എല്ലാം നശിച്ചു. ഒരു മാസത്തിന് ശേഷം ആ പ്രദേശം പരിശോധിച്ചവര്‍ കണ്ടത്, സ്‌ഫോടനം നടന്ന പ്രധാനകേന്ദ്രത്തിന് 1100 മീറ്റര്‍ മാത്രമകലെ ക്ഷേത്രപരിസരത്ത് ഒരു ജിന്‍കോ ബിലോവ മരം വീണ്ടും തളിരിട്ടു തുടങ്ങിയതാണ്. ക്ഷേത്രം ആറ്റംബോംബിന്റെ ശക്തിയില്‍ തകര്‍ന്ന് തരിപ്പണമായിട്ടും ജിന്‍കോ മരം അതിജീവിച്ചിരിക്കുന്നു!

ആറ്റംബോംബിനെ അതിജീവിച്ച ആറ് ജിന്‍കോ മരങ്ങള്‍ ഇപ്പോഴും ജപ്പാനിലുണ്ട്. അങ്ങനെയാണ്, ജപ്പാനില്‍ ജിന്‍കോ മരത്തിന് 'bearer of hope' എന്ന വിശേഷണം ലഭിച്ചത്.

ജിന്‍കോ മരങ്ങളുടെ വിശേഷം ഇത്രയുംകൊണ്ട് തീരുന്നില്ല. മറവിരോഗമായ അള്‍ഷൈമേഴ്‌സിനുള്ള ഔഷധമായി ജിന്‍കോ മരത്തിന്റെ സത്ത ഉപയോഗിക്കാറുണ്ടത്രേ. ചൈനീസ് ഔഷധങ്ങളില്‍ ഇതിന്റെ നീര് ചേരുവയായി ഉപയോഗിക്കാറുണ്ട്. ചൈനയിലെയും ജപ്പാനിലെയും ബുദ്ധഭിക്ഷുക്കള്‍ അവരുടെ ക്ഷേത്രവളപ്പില്‍ വളര്‍ത്തിയിരുന്നതാണ് ജിന്‍കോ മരങ്ങള്‍.

കേരളത്തിലെ ബുദ്ധപാരമ്പര്യത്തിന്റെ തുടര്‍ച്ചയായി കണക്കാക്കുന്ന പാരമ്പര്യചികിത്സ വിവരിച്ചിട്ടുള്ള ഗ്രന്ഥമാണ് ഹോര്‍ത്തൂസ് മലബാറിക്കൂസ്. അത് പുനര്‍ജനിച്ച കഥ വിവരിക്കുന്ന പുസ്തകത്തിന്റെ കവറില്‍ സ്ഥാനംപിടിക്കാന്‍ ഈ നിലയ്ക്കും ജിന്‍കോ ഇലയ്ക്ക് യോഗ്യതയുണ്ടെന്ന് ഞാന്‍ അവിശ്വസനീയതയോടെ മനസിലാക്കി.
യഥാര്‍ഥത്തില്‍ 'ജീവിക്കുന്ന ഫോസില്‍' എന്നുതന്നെ ജിന്‍കോ മരങ്ങളെ വിശേഷിപ്പിക്കാം. ഇതിന്റെ ജാതിയില്‍പെട്ട മരങ്ങള്‍ ദിനോസറുകള്‍ക്കു പോലും തണലേകിയിരുന്നു. 270 മില്യണ്‍ വര്‍ഷം പഴക്കുള്ള ജിന്‍കോ ഇലകളുടെ ഫോസിലുകള്‍ ശാസ്ത്രലോകത്തിന് ലഭിച്ചിട്ടുണ്ട് (കണ്ടെത്തിയിട്ടുള്ളതില്‍ ഏറ്റവും പഴക്കമേറിയ ഫോസില്‍ ഇലകളാണ് ജിന്‍കോ വര്‍ഗത്തില്‍ പെട്ട മരങ്ങളുടേത്).

ഒട്ടേറെ ഫോസില്‍ ഇലകള്‍ ലഭിച്ചെങ്കിലും, ഈ മരം വംശമറ്റുപോയി എന്നാണ് പാശ്ചാത്യ ശാസ്ത്രജ്ഞര്‍ കരുതിയിരുന്നത്. ആ ധാരണ തിരുത്തിയത് 1691 ല്‍ ജര്‍മന്‍ ഭിഷഗ്വരനായ ഇന്‍ഗല്‍ബര്‍ട്ട് കാംപ്‌ഫെര്‍ (1651-1716) ആണ്. ജിന്‍കോ മരങ്ങളെ അദ്ദേഹം ജപ്പാനില്‍ കണ്ടെത്തി. (ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ കര്‍ത്താവും ഡച്ച് കമാന്‍ഡറുമായിരുന്ന സാക്ഷാല്‍ ഹെന്‍ട്രിക് അഡ്രിയാന്‍ വാന്‍ റീഡ് മരിച്ചത് 1691 ലാണ്).
1690-1692 കാലത്ത് ഡച്ച് ഈസ്റ്റിന്ത്യാ കമ്പനി (VOC) യാണ് ജര്‍മന്‍ ഡോക്ടറായിരുന്ന കാംപ്‌ഫെറെ മിഷന്‍ പ്രവര്‍ത്തനത്തിന് ജപ്പാനിലയച്ചത്. അദ്ദേഹം പ്രസിദ്ധീകരിച്ച 'Amoenitatum Exoticarum' (Lemgo, 1712) എന്ന ഗ്രന്ഥത്തില്‍ ജിന്‍കോ മരത്തിന്റെ വിശദീകരണം ആദ്യമായി സ്ഥാനംനേടി.

എന്നുവെച്ചാല്‍, ഹോര്‍ത്തൂസ് മലബാറിക്കൂസിനുള്ളതുപോലെ ജിന്‍കോ മരത്തിനും ഡച്ച് ബന്ധമുണ്ടെന്ന് സാരം!

എനിക്ക് നന്ദി പറയാനുള്ളത് മന്‍സൂറിനോടാണ്.

- ജോസഫ് ആന്റണി


(കടപ്പാട് : THE GINKGO PAGES)

3 comments:

Joseph Antony said...

അല്‍പ്പനേരം ആലോചിച്ച ശേഷം ചെടിയുടെ പേര് അദ്ദേഹം പറഞ്ഞു -'ജിന്‍കോ ബിലോബ (Ginkgo biloba). ഇതിനൊരു ചരിത്രമുണ്ട്. ജപ്പാനിലെ ഹിരോഷിമയില്‍ 1945 ല്‍ അമേരിക്ക ആറ്റംബോംബിട്ടപ്പോള്‍ അവിടുള്ള സര്‍വതും നശിച്ചുപോയല്ലോ. ആ സര്‍വനാശത്തിന്റെ വേദിയില്‍ നിന്ന് ആദ്യം മുളച്ചുവന്നത് ഈ മരമാണ്. അതിനാല്‍, 'പ്രതീക്ഷയുടെ മര'മെന്നൊരു പേര് ജപ്പാന്‍കാര്‍ ഇതിന് നല്‍കിയിട്ടുണ്ട്'.

Myna said...

അത്ഭുതത്തോടെയാണ് വായിച്ചത്.. കുടങ്ങലിനോട് സാമ്യമുല്ലൊരു ഇല വരച്ചു ചേര്‍ത്തതാണെന്നാണ് കവര്‍ കണ്ടപ്പോള്‍ തോന്നിയത്..

നന്ദന said...

പുതിയ അറിവാണ് സർ, ഇപ്പഴാണ് കണ്ടത്. ഞാനുമായി ബന്ധപ്പെട്ട ഒരു കമ്പനിയുടെ നാമം ജിൻകൊ എന്നായത് കൊണ്ട് ഇത്രയും വലിയൊരു കഥയും ആ കമ്പനിയുടെ പേരിട്ട ഇറാനിയായ ബുദ്ധിമാനെ ഒരു നിമിഷം സ്മരിക്കുകയും ചെയ്തു.
all the best