Thursday, February 16, 2012

ഹരിതഭൂപടം


ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന സസ്യശാസ്ത്രഗ്രന്ഥം പതിനേഴാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഡച്ച് തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ നിന്നാണ് പ്രസിദ്ധീകരിച്ചത്. കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് ലാറ്റിനിലെഴുതപ്പെട്ട 12 വാല്യമുള്ള ആ ബൃഹത്ഗ്രന്ഥം, 325 വര്‍ഷക്കാലം സാധാരണ വായനക്കാര്‍ക്ക് അപ്രാപ്യമായിരുന്നു. ലാറ്റിനില്‍ നിന്ന് ആ ഗ്രന്ഥം പരിഭാഷപ്പെടുത്തുന്നതിലോ, അതില്‍ പരാമര്‍ശിച്ചിട്ടുള്ള കാര്യങ്ങള്‍ സമഗ്രമായി മനസിലാക്കുന്നതിലോ വിജയിക്കാന്‍ ആര്‍ക്കും സാധിച്ചില്ല. പണ്ഡിതലോകത്തിന് മുന്നില്‍ ദുര്‍ഗമമായ ഒരു മഹാമേരു പോലെ അത് നിലകൊണ്ടു. ഒടുവില്‍ ഡോ.കെ.എസ്.മണിലാല്‍ എന്ന സസ്യശാസ്ത്രജ്ഞന്‍ സ്വന്തം ജീവിതംകൊണ്ട് ആ ഗ്രന്ഥത്തെ മെരുക്കിയെടുത്തു, അതിന് പുനര്‍ജന്മമേകി. 2003 ല്‍ ഹോര്‍ത്തൂസിന്റെ ഇംഗ്ലീഷ് പതിപ്പ് കേരള സര്‍വകലാശാല പ്രസിദ്ധീകരിച്ചു; 2008 ല്‍ മലയാളം പതിപ്പും.

മൂന്നുനൂറ്റാണ്ടു മുമ്പ് കൊച്ചിയിലെ ഡച്ച് ഗവര്‍ണറായിരുന്ന ഹെന്‍ട്രിക് ആഡ്രിയാന്‍ വാന്‍ റീഡ് ആണ് ഹോര്‍ത്തൂസ് മലബാറിക്കൂസ് തയ്യാറാക്കിയത്. ആ ഗ്രന്ഥം പൂര്‍ത്തിയാക്കാനും പ്രസിദ്ധീകരിക്കാനും വാന്‍ റീഡിന് എണ്ണിയാലൊടുങ്ങാത്ത വെല്ലുവിളികള്‍ നേരിടേണ്ടി വന്നു. മൂന്നു നൂറ്റാണ്ടിനിപ്പുറം സാധാരണക്കാര്‍ക്ക് ഹോര്‍ത്തൂസ് ലഭ്യമാക്കാന്‍ യത്‌നിച്ച മണിലാലും അഭിമുഖീകരിക്കേണ്ടി വന്നത് വാന്‍ റീഡ് നേരിട്ടതിലും ഒട്ടും കുറഞ്ഞ പ്രതിബന്ധങ്ങളല്ല. 'എന്ത് ത്യാഗം സഹിച്ചും, എന്ത് നഷ്ടം സഹിച്ചും' എന്ന മനോഭാവത്തോടെ, 'സമ്പത്തോ ആരോഗ്യമോ സമയമോ എന്തു നഷ്ടപ്പെട്ടാലും അതൊന്നും പ്രശ്‌നമാക്കാതെ' 50 വര്‍ഷക്കാലം മണിലാല്‍ ആ ഗ്രന്ഥത്തെ സമഗ്രമായി മനസിലാക്കാന്‍ യത്‌നിച്ചു. അതാണ് ഹോര്‍ത്തൂസിന്റെ ഇംഗ്ലീഷ്, മലയാളം പതിപ്പുകളുടെ പ്രസിദ്ധീകരണത്തിലേക്ക് നയിച്ചത്. ഏതര്‍ഥത്തിലും അസാധാരണമെന്ന് വിശേഷിപ്പിക്കാവുന്ന ജീവിത സമര്‍പ്പണം ആയിരുന്നു ആ സസ്യശാസ്ത്രജ്ഞന്റേത്. ഒരു പുസ്തകം സാധാരണക്കാര്‍ക്കായി വീണ്ടെടുക്കാന്‍ നടത്തിയ സമാനതകളില്ലാത്ത പ്രവര്‍ത്തനം. ആ സമര്‍പ്പണത്തിന്റെ കഥയാണ് 'ഹരിതഭൂപടം' എന്ന ഗ്രന്ഥം (പ്രസാധകര്‍ -മാതൃഭൂമി ബുക്‌സ്).




5 comments:

Joseph Antony said...

ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന സസ്യശാസ്ത്രഗ്രന്ഥം പതിനേഴാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഡച്ച് തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ നിന്നാണ് പ്രസിദ്ധീകരിച്ചത്. കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് ലാറ്റിനിലെഴുതപ്പെട്ട 12 വാല്യമുള്ള ആ ബൃഹത്ഗ്രന്ഥം, 325 വര്‍ഷക്കാലം സാധാരണ വായനക്കാര്‍ക്ക് അപ്രാപ്യമായിരുന്നു.ഒടുവില്‍ ഡോ.കെ.എസ്.മണിലാല്‍ എന്ന സസ്യശാസ്ത്രജ്ഞന്‍ സ്വന്തം ജീവിതംകൊണ്ട് ആ ഗ്രന്ഥത്തെ മെരുക്കിയെടുത്തു, അതാണ് ഹോര്‍ത്തൂസിന്റെ ഇംഗ്ലീഷ്, മലയാളം പതിപ്പുകളുടെ പ്രസിദ്ധീകരണത്തിലേക്ക് നയിച്ചത്. ഏതര്‍ഥത്തിലും അസാധാരണമെന്ന് വിശേഷിപ്പിക്കാവുന്ന ജീവിത സമര്‍പ്പണം ആയിരുന്നു ആ സസ്യശാസ്ത്രജ്ഞന്റേത്. ഒരു പുസ്തകം സാധാരണക്കാര്‍ക്കായി വീണ്ടെടുക്കാന്‍ നടത്തിയ സമാനതകളില്ലാത്ത പ്രവര്‍ത്തനം.

jaikishan said...

ഇട്ടി അച്യുതനെ കുറിച്ച് പറയാന്‍ മറന്നുപോയി....

Joseph Antony said...

jaikishan, പ്രതികരണത്തിന് നന്ദി. ദയവുചെയ്ത് പുസ്തകം വായിച്ചു നോക്കൂ, ഇട്ടി അച്യുതനെക്കുറിച്ച് പറഞ്ഞിട്ടുണ്ടോ എന്ന്‌

Joseph Antony said...
This comment has been removed by the author.
vasanthalathika said...

great work..