Friday, December 21, 2012

വിനോദ് പ്രഭാകരന്‍ - മലയാളം വിക്കിപീഡിയയുടെ തുടക്കക്കാരന്‍


'ഞാനല്ലെങ്കില്‍ മറ്റൊരു മലയാളി തീര്‍ച്ചയായും മലയാളം വിക്കിപീഡിയ തുടങ്ങും എന്നുള്ള വ്യക്തമായ ധാരണ എനിക്കുണ്ടായിരുന്നു. അത് എനിക്കുതന്നെ സാധിച്ചത് വലിയൊരു ഭാഗ്യമായി ഞാന്‍ കരുതുന്നു'

ജിമ്മി വെയ്ല്‍സും ലാറി സേഞ്ചറും ആരാണെന്ന് മിക്കവര്‍ക്കുമറിയാം - വിക്കിപീഡിയയുടെ സ്ഥാപകര്‍. എന്നാല്‍, മലയാളം വിക്കിപീഡിയ തുടങ്ങിയ ആളെ നമുക്കറിയാമോ. അദ്ദേഹം ആരാണ്, എവിടെയാണ്. ഇപ്പോള്‍ എന്തുകൊണ്ട് വിക്കിപീഡിയയില്‍ സജീവമല്ല. മലയാളം വിക്കിപീഡിയ തുടങ്ങാന്‍ അദ്ദേഹത്തിന് പ്രചോദനമായ സംഗതികളെന്ത്? പത്തുവര്‍ഷംമുമ്പ് ഏതുതരം സോഫ്റ്റ്‌വേര്‍ ഉപകരണങ്ങളാകാം ഉപയോഗിച്ചിട്ടുണ്ടാവുക?

മലയാളം വിക്കിപീഡിയയുടെ ചരിത്രവും വളര്‍ച്ചയും മനസിലാക്കാന്‍ ശ്രമിക്കുന്ന ഒരു പത്രപ്രവര്‍ത്തകനെന്ന നിലയ്ക്ക് ഇത്തരം ചോദ്യങ്ങള്‍ പലരോടും ഞാന്‍ ചോദിച്ചിട്ടുണ്ട്. വ്യക്തമായ ഉത്തരം നല്‍കാന്‍ എന്റെ സുഹൃത്തുക്കളായ വിക്കി പ്രവര്‍ത്തകര്‍ക്ക് പോലും കഴിഞ്ഞിരുന്നില്ല.

ദുരൂഹതയായി അത് തുടര്‍ന്നു.

ആകെ അറിയാവുന്ന വിവരങ്ങള്‍ ഇത്രമാത്രം. 'അമേരിക്കയില്‍ വിദ്യാര്‍ഥിയായിരുന്ന തിരുവനന്തപുരം സ്വദേശി വിനോദ് മേനോന്‍ ആണ് 2002 ഡിസംബര്‍ 21 ന് മലയാളം വിക്കിപീഡിയ തുടങ്ങിയത്. രണ്ടുവര്‍ഷം അദ്ദേഹം തന്നെ അത് കൊണ്ടുനടന്നു'. ഇത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാളം വിക്കിപീഡിയയെക്കുറിച്ച് ഞാനെഴുതിയ ഫീച്ചറിലെ വാക്യങ്ങളാണ്. ഇതില്‍ക്കൂടുതലൊന്നും മലയാളം വിക്കിപീഡിയയുടെ തുടക്കക്കാരനെക്കുറിച്ച് പുറത്തുവന്നിട്ടില്ല.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കേരള പ്രസ്സ് അക്കാദമിയുടെ 'മീഡിയ' മാഗസിനില്‍ മലയാളം വിക്കിപീഡിയയെക്കുറിച്ച് എഴുതാന്‍ തീരുമാനിച്ചപ്പോള്‍, അതിന്റെ വിവരശേഖരണത്തിന് എന്റെ പ്രിയസുഹൃത്തും വിക്കിപ്രവര്‍ത്തകനുമായ ഷിജു അലക്‌സുമായി ബന്ധപ്പെട്ടു. സംസാരത്തിനിടെ, മലയാളം വിക്കിപീഡിയ തുടങ്ങിയയാളുമായി താന്‍ മുമ്പ് ഈമെയില്‍ ആശയവിനിമയം നടത്തിയ കാര്യം ഷിജു പറഞ്ഞു. അദ്ദേഹവുമായി ബന്ധപ്പെടാന്‍ ഒന്നു ശ്രമിച്ചുനോക്കൂ എന്നു പറഞ്ഞ് ഒരു മെയില്‍ ഐഡിയും ഷിജു എനിക്കു നല്‍കി. 'മിക്കവാറും മറുപടി കിട്ടാന്‍ സാധ്യതയില്ല' എന്ന് ഒപ്പം എനിക്ക് മുന്നറിയിപ്പ് നല്‍കാനും മറന്നില്ല.

പക്ഷേ, എനിക്ക് മറുപടി കിട്ടി; അല്‍പ്പം വൈകിയാണെങ്കിലും!

മറുപടിയില്‍ അദ്ദേഹം ഇങ്ങനെ എഴുതി : 'എന്റെ പേര് വിനോദ് പ്രഭാകരന്‍ എന്നാണ്. അതെങ്ങനെ 'വിനോദ് മേനോന്‍' ആയി എന്നത് ജിജ്ഞാസാജനകമാണ്'.

ഞാന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി നല്‍കാന്‍ തയ്യാറാണ്, തനിക്കല്‍പ്പം സമയം അനുവദിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. ഞാന്‍ കാത്തിരിക്കാന്‍ തയ്യാറായിരുന്നു. മാസങ്ങള്‍ കടന്നുപോയി. ഒടുവില്‍ അദ്ദേഹം മനസ് തുറന്നു.....!
മലയാളികള്‍ക്കും മലയാളത്തിനും അഭിമാനമായി വളര്‍ന്ന ആ സംരംഭത്തിന് പത്തുവര്‍ഷം തികയുന്ന ദിവസം, മലയാളം വിക്കിപീഡിയ തുടങ്ങിയ വിനോദ് എം.പ്രഭാകരനെ ഞാനിവിടെ പരിചയപ്പെടുത്തട്ടെ.

മുംബൈയില്‍ ടാറ്റാ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചി (TIFR) ന്റെ ഭാഗമായ 'സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് കമ്പ്യൂട്ടര്‍ സയന്‍സി'ലെ റീഡര്‍. പാറശാല സ്വദേശിയായ പ്രഭാകരന്‍ നായരുടെയും കന്യാകുമാരി ജില്ലയില്‍ മാര്‍ത്താണ്ഡം സ്വദേശിയായ മാലതി ദേവിയുടെയും മകന്‍. അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസിറും മുന്‍ ഗണിതാധ്യാപകനുമായിരുന്നു പ്രഭാകരന്‍ നായര്‍. മാലതി ദേവി ബി.എസ്.എന്‍.എല്ലിലാണ് ജോലി ചെയ്തിരുന്നത്. ഇരുവരും ഇപ്പോള്‍ മാര്‍ത്താണ്ഡത്ത് വിശ്രമജീവിതം നയിക്കുന്നു. ഡോ.മായാ പ്രസാദാണ് വിനോദിന്റെ ഭാര്യ.

വിനോദിന്റെ സഹോദരന്‍ മനോജ് പ്രഭാകരന്‍, യു.എസില്‍ ഉര്‍ബാന-ഷാംപെയ്‌നിലെ ഇല്ലിനോയ്‌സ് യൂണിവേഴ്‌സിറ്റിയില്‍ കമ്പ്യൂട്ടര്‍ സയന്‍സ് അസിസ്റ്റന്റ് പ്രൊഫസര്‍ (മുകളിലുള്ള വിനോദിന്റെ ഫോട്ടോ അദ്ദേഹമെടുത്തതാണ്).

പത്തുവര്‍ഷംമുമ്പ് ബര്‍ക്കലി സര്‍വകലാശാലയില്‍ പി.എച്ച്.ഡിക്ക് ചേര്‍ന്ന സമയത്താണ് വിനോദ് മലയാളം വിക്കിപീഡിയ തുടങ്ങുന്നത്. 'ഗവേഷണ വിദ്യാഭ്യാസം തുടങ്ങിയ സമയത്ത് ഒരുപക്ഷെ എന്നെ പിടികൂടിയ ഗൃഹാതുരത്വത്തിനു ഒരു മറുമരുന്ന് ആയിരുന്നിരിക്കണം ഈ ഹോബി പ്രൊജക്റ്റ്'-വിനോദ് പറയുന്നു.

കമ്പ്യൂട്ടറില്‍ മലയാളം വായിക്കാന്‍ പോലും ശരിക്കു കഴിയാത്ത കാലമായിരുന്നു അത്. മലയാളം യുണീകോഡ് സ്റ്റാന്‍ഡേര്‍ഡുകള്‍ രൂപപ്പെട്ടു തുടങ്ങിയിട്ടേയുള്ളൂ. മൈക്രോസോഫ്റ്റ് വിന്‍ഡോസ്, ലിനക്‌സ്, മാക് എന്നിങ്ങനെ അന്ന് നിലിവുള്ള ഒരു കമ്പ്യൂട്ടര്‍ പ്ലാറ്റ്‌ഫോമും മലയാളത്തെ പിന്തുണച്ചിരുന്നില്ല.

മലയാളം ബ്ലോഗര്‍മാര്‍ക്കും വിക്കിപ്രവര്‍ത്തകര്‍ക്കും പരിചിതനായ സിബു ജോണി രൂപപ്പെടുത്തിയ 'വരമൊഴി' ട്രാന്‍സ്ലിറ്ററേഷന്‍ സോഫ്റ്റ്‌വേര്‍ ഇല്ലായിരുന്നെങ്കില്‍ തനിക്ക് മലയാളം വിക്കി സംരംഭം തുടങ്ങാന്‍ കഴിയുമായിരുന്നില്ലെന്ന് വിനോദ് സാക്ഷ്യപ്പെടുത്തുന്നു. മാത്രമല്ല, തിരുവനന്തപുരത്തെ സൂപ്പര്‍സോഫ്റ്റ് രൂപംനല്‍കിയ തൂലിക യുണീകോഡ് ഫോണ്ടും, ഇന്ത്യന്‍ ഭാഷകളെ പിന്തുണയ്ക്കു മൈക്രോസോഫ്റ്റ് വിന്‍ഡോസും ലിനക്‌സും വിനോദിന്റെ പണിയായുധങ്ങളായി.

ഫോണ്ട് പ്രശ്‌നങ്ങള്‍ സിബു ജോണിയുമായി പലപ്പോഴും ചര്‍ച്ച ചെയ്തു. ആ സമയത്ത് വിനോദിന്റെ സഹോദരന്‍ മനോജ് പ്രഭാകരന്‍ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ പി.എച്ച്.ഡി.ചെയ്യുകയാണ്. വിക്കിപീഡിയ സംരംഭത്തില്‍ പ്രത്യക്ഷത്തില്‍ ഒരുപങ്കും വഹിച്ചില്ലെങ്കിലും, സഹോദരന്‍ മനോജ് അക്കാര്യത്തില്‍ തനിക്ക് എല്ലാവിധ പ്രോത്സാഹനവും നല്‍കിയ കാര്യം വിനോദ് ഓര്‍ക്കുന്നു (മാത്രമല്ല, ആപ്പിളിന്റെ മാകില്‍ മലയാളം വായിക്കാന്‍ സഹായിക്കുന്ന കോഡ് ഇരുവരും ചേര്‍ന്നാണ് തയ്യാറാക്കിയത്).

'മലയാളം അക്ഷരമാല, ഓണം, ശ്രീനാരായണ ഗുരു, വൈക്കം മുഹമ്മദ് ബഷീര്‍, ഇ.എം.എസ് എന്നിങ്ങനെ ചില ആദ്യകാല ലേഖനങ്ങള്‍ എഡിറ്റ് ചെയ്തത് ഒഴിച്ചാല്‍, മലയാളം വിക്കിപീഡിയ വായിക്കുകയും, അതിലേക്ക് ലേഖനങ്ങള്‍ എഴുതുകയും ചെയ്യുന്നത് അനായാസമാക്കാനുള്ള ചില ശ്രമങ്ങളാണ് ഞാന്‍ പ്രധാനമായി നടത്തിയത്. അതിനോട് സഹകരിക്കാന്‍ വളരെ കുറച്ചുപേരേ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍, ടെക്‌നോളജിയുമായി ബന്ധമുള്ള ചെറിയൊരു ഗ്രൂപ്പിന് വെളിയിലേക്ക് അതെത്തിയില്ല'-വിനോദ് പറയുന്നു. മാത്രമല്ല, 'മലയാളത്തിലെഴുതിയ ലേഖനങ്ങള്‍ വായിക്കാന്‍ എന്തൊക്കെ ക്രമീകരണങ്ങളാണ് കമ്പ്യൂട്ടറില്‍ വരുത്തേണ്ടതെന്ന് മറ്റുള്ളവരോട് വിശദീകരിക്കാന്‍ തന്നെ ഏറെ സമയം ചെലവിടേണ്ടിയും വന്നു'.

ആത്യന്തികമായി ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം വ്യാപകമാവുകയും, മലയാളം യുണീകോഡിന് മൈക്രോസോഫ്റ്റ് വിന്‍ഡോസിന്റെ (ലിനക്‌സിന്റെയും) പിന്തുണ ലഭിക്കുകയും ചെയ്തതാണ് മലയാളം വിക്കിപീഡിയയുടെയും ബ്ലോഗുകളുടെയും ശരിയായ വളര്‍ച്ചയ്ക്ക് പശ്ചാത്തലമൊരുക്കിയത്. 'മലയാളം വിക്കിപീഡിയയുടെ ആദ്യ പേജ് ഞാന്‍ എഡിറ്റ് ചെയ്യുന്ന വേളയില്‍ ഇതൊക്കെ വര്‍ഷങ്ങള്‍ക്കപ്പുറത്തെ സംഗതികളായിരുന്നു!' -വിനോദ് ഓര്‍ക്കുന്നു. വൈകിയാണ് ഉണ്ടായതെങ്കിലും, മലയാളം വിക്കിപീഡിയയുടെ വളര്‍ച്ച തന്നെ തെല്ലും അത്ഭുതപ്പെടുത്തുന്നില്ല, താനത് പ്രതീക്ഷിച്ചത് തന്നെയാണെന്നും അദ്ദേഹം പറയുന്നു.

എന്തുകൊണ്ട് മലയാളം വിക്കിപീഡിയ സംരംഭത്തില്‍ പിന്നീട് അധികം സഹകരിച്ചില്ല എന്നതായിരുന്നു അറിയേണ്ടിരുന്നു ഒരു സംഗതി. 'ഇത്തരമൊരു പദ്ധതിക്ക് വേണ്ടി ഏറെ സമയം ചെലവിടാന്‍ താന്‍ ഒരിക്കലും തീരുമാനിച്ചിരുന്നില്ല' -വിനോദ് മറുപടി നല്‍കി. 'അതിന് തുടക്കമിടുക, എങ്ങനെ മലയാളത്തില്‍ എഴുതാനും എഡിറ്റുചെയ്യാനും കഴിയുമെന്ന് വിവരിക്കുക. സ്വാഭാവികമായും കുറച്ചു സദ്ധപ്രവര്‍ത്തകര്‍ എത്തും, അവര്‍ മുന്നോട്ടു കൊണ്ടുപൊയ്‌ക്കൊള്ളും. ഇതായിരുന്നു പ്രതീക്ഷ. അത് അമിതപ്രതീക്ഷയായിപ്പോയി എന്ന് വൈകാതെ ബോധ്യമായി. ദീര്‍ഘകാലാടിസ്ഥാനത്തില്‍ പക്ഷേ, സംഭവിച്ചത് മറ്റൊന്നല്ല, ഞാന്‍ പ്രതീക്ഷിച്ചത് തന്നെയാണ്'-അദ്ദേഹം പറയുന്നു.

'ഞാനല്ലെങ്കില്‍ മറ്റൊരു മലയാളി തീര്‍ച്ചയായും വിക്കിപീഡിയ തുടങ്ങും എന്നുള്ള വ്യക്തമായ ധാരണ എനിക്കുണ്ടായിരുന്നു. അത് എനിക്കുതന്നെ സാധിച്ചത് വലിയൊരു ഭാഗ്യമായി ഞാന്‍ കരുതുന്നു'.

നിലവില്‍ 27464 ലേഖനങ്ങള്‍ മലയാളം വിക്കിപീഡിയയിലുണ്ട്. പ്രതിമാസം ശരാശരി 27 ലക്ഷം പേജ് വ്യൂ ഉള്ള സൈറ്റായി അത് വളര്‍ന്നിരിക്കുന്നു. തീര്‍ച്ചയായും വിനോദിനും മലയാളം വിക്കിപ്രവര്‍ത്തകര്‍ക്കും അഭിമാനിക്കാം.

കാണുക 

ഡിജിറ്റല്‍ മലയാളത്തിന് പത്ത് തികയുമ്പോള്‍ (മാതൃഭൂമി ലേഖനം)

ഒരു ഭാഷയെന്ന നിലയില്‍ മലയാളത്തിന്റെ ഭാവി അടയാളപ്പെടുത്തുന്ന മഹത്തായ സംരംഭങ്ങളിലൊന്നാണ് മലയാളം വിക്കിപീഡിയ  ഒരുപക്ഷേ, സമാനതകളില്ലാത്ത ഒന്ന്. വിജ്ഞാനവിനിമയത്തിന്റെയും ഭാഷാപ്രവര്‍ത്തനത്തിന്റെയും ആണിക്കല്ലായി ഡിജിറ്റല്‍ലോകം പരിണമിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത്, മലയാളഭാഷയുടെ ഏറ്റവും വലിയ ഡിജിറ്റല്‍ സാന്നിധ്യമാണ് മലയാളം വിക്കിപീഡിയ......തുടര്‍ന്ന് വായിക്കുക

5 comments:

Joseph Antony said...

മലയാളികള്‍ക്കും മലയാളത്തിനും അഭിമാനമായി വളര്‍ന്ന ആ സംരംഭത്തിന് പത്തുവര്‍ഷം തികയുന്ന ദിവസം, മലയാളം വിക്കിപീഡിയ തുടങ്ങിയ വിനോദ് എം.പ്രഭാകരനെ ഞാനിവിടെ പരിചയപ്പെടുത്തട്ടെ.

പ്രതികരണൻ said...

മുന്‍പേനടന്ന ശ്രീ വിനോദ് പ്രഭാകരനെ പരിചയപ്പെടുത്തിയതിനു നന്ദി. ഏതൊക്കെയോ തലങ്ങളില്‍ എന്നെ പ്രചോദിപ്പിക്കുകയും ധൈര്യപ്പെടുത്തുകയും ചെയ്യുന്നു ആ ജീവിതം.നന്ദി ജെ.എ.

കാഴ്ചക്കാരന്‍ said...

മലയാളത്തെ സ്നേഹിച്ച ഒരു പാട് ആളുകളെ അതിലേക്കു നയിച്ച വിനോദ് പ്രഭാകരന്‍.
ഇപ്പോള്‍ ഈ പരിചയപ്പെടുത്തല്‍ നന്നായി

Viswaprabha said...

കുറിഞ്ഞി ഓൺലൈനിന്റെ രജതഭണ്ഡാഗാരത്തിലേക്കു് മറ്റൊരു ചരിത്രരേഖ കൂടി ചേർത്തുവെച്ചതിനു നന്ദി!

Anoop Technologist (അനൂപ് തിരുവല്ല) said...

മലയാളവിക്കിയുടെ തുടക്കക്കാരനെ പരിചയപ്പെടുത്തിയതിന് നന്ദി.