Saturday, January 19, 2013

മുയലുകള്‍ കടക്കാത്ത വേലി


'റാബിറ്റ് പ്രൂഫ് ഫെന്‍സ്' (Rabbti-Proof Fence) - ഒരു പേര്, ഒരു സിനിമ, ഒരു ഭൂഖണ്ഡം. രണ്ട് മഹാദുരന്തങ്ങളെ അത് ഒരേസമയം പ്രതിനിധീകരിക്കുന്നു. അതില്‍ ഒരു ദുരന്തം ഏറ്റുവാങ്ങിയത് ഓസ്‌ട്രേലിയയിലെ ആദിമജനത, രണ്ടാമത്തേത് താങ്ങേണ്ടി വന്നത് ഓസ്‌ട്രേലിയന്‍ പ്രകൃതിയും.

സിനിമയുടെ പ്രമേയം ശരിക്കുമൊരു ഓര്‍മപ്പെടുത്തലാണ്. സ്വന്തം മാതാപിതാക്കളില്‍നിന്ന്, കുടുംബങ്ങളില്‍നിന്ന്, കാടുകളില്‍നിന്ന്, ഗ്രാമങ്ങളില്‍നിന്ന്, ഗോത്രങ്ങളില്‍നിന്ന്, വംശങ്ങളില്‍നിന്ന്, സ്മരണകളില്‍നിന്ന്, സംസ്‌ക്കാരത്തില്‍നിന്ന് എല്ലാക്കാലത്തേക്കുമായി പിഴുതുമാറ്റപ്പെടുകയെന്ന നരകീയവിധി ഏറ്റുവാങ്ങേണ്ടി വന്ന തലമുറകളെ അത് വേദനയോടെ ഓര്‍മിപ്പിക്കുന്നു.

സിനിമയുടെ പേര് മറ്റൊരു ഓര്‍മപ്പെടുത്തലാകുന്നു. കാട്ടുമുയലുകളുടെ താണ്ഡവം എങ്ങനെ ഒരു ഭൂഖണ്ഡത്തെ പച്ചപ്പിന്റെ അനുഗ്രഹത്തില്‍നിന്ന് ബലമായി വേര്‍പെടുത്തി ഊഷരമാക്കിയെന്നും, ഓസ്‌ട്രേലിയന്‍ ഭൂഖണ്ഡത്തിന്റെ വക്കുകളൊഴികെ ഉള്‍നാട് മുഴുവന്‍ ഇന്നു കാണുന്ന നിലയ്ക്ക് പൂര്‍ണമായും മരുവത്ക്കരിക്കപ്പെട്ടത് എങ്ങനെയെന്നും അത് സൂചന നല്‍കുന്നു.

--------

തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഇത്തവണ 'റാബിറ്റ്-പ്രൂഫ് ഫെന്‍സ്' പ്രദര്‍ശിപ്പിച്ച കാര്യം എന്റെ സഹോദരന്‍ ആന്റണിയാണ് പറഞ്ഞത്. ആ ചിത്രത്തെക്കുറിച്ച് നേരത്തെ കേട്ടിട്ടുള്ള അയാള്‍ തന്റെ സുഹൃത്തുക്കളില്‍ ചിലരെ അത് കാണാന്‍ പ്രേരിപ്പിച്ച കാര്യവും, ചിത്രം കണ്ട് അവര്‍ അവിസ്മരണീയമായ ഒരു അനുഭവമായി അക്കാര്യം വിവരിച്ചതും ആന്റണി പറഞ്ഞു. അതിന് ശേഷമാണ് 'റാബിറ്റ്-പ്രൂഫ് ഫെന്‍സ്' കാണാന്‍ ഈ ലേഖകന്‍ തീരുമാനിച്ചത്.

1930 കളില്‍ ഓസ്‌ട്രേലിയയില്‍ നടന്ന ഒരു യഥാര്‍ഥ സംഭവം ആധാരമാക്കിയുള്ളതാണ് ഫിലിപ്പ് നോയിസ് സംവിധാനം ചെയ്ത 'റാബിറ്റ്-പ്രൂഫ് ഫെന്‍സ്' (2002). ഡൊറിസ് പില്‍ക്കിങ്ടണ്‍ ഗാരിമാര എഴുതിയ 'ഫോളോ ദി റാബിറ്റ്-പ്രൂഫ് ഫെന്‍സ്' എന്ന ഗ്രന്ഥത്തെ ആധാരമാക്കി നിര്‍മിച്ച ചലച്ചിത്രമാണിത്. ഗാരിമാരയുടെ അമ്മയുടെയും മറ്റ് രണ്ട് പെണ്‍കുട്ടികളുടെയും അനുഭവമാണ് പ്രമേയം.

ഓസ്‌ട്രേലിയയിലെ ആദിമനിവാസികളുടെ വംശം നിലനിര്‍ത്താനായി, അവരുടെ കുട്ടികളെ കുടുംബങ്ങളില്‍നിന്ന് ബലമായി അടര്‍ത്തി മാറ്റാനും, പരിഷ്‌ക്കൃതരായി വളര്‍ത്താനും വെള്ളക്കാരായ ഭരണാധികാരികള്‍ നടപടി തുടരുന്ന സമയം.

പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ വിദൂര വനപ്രദേശമായ ജിസാലോങില്‍ കഴിയുന്ന 14-കാരിയായ മോളി ക്രെയ്ഗ്, എട്ടുവയസുള്ള ഡെയ്‌സി കഡിബില്‍, അവരുടെ ബന്ധുവായ 10 വയസ്സുകാരിയ ഗ്രേസി ഫീല്‍ഡ്‌സ് എന്നിവരുടെ അനുഭവമാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്.

അമ്മ ഗോത്രവര്‍ഗക്കാരിയാണെങ്കിലും, അവരുടെ അച്ഛന്‍ വെള്ളക്കാരനായിരുന്നു. മുയലുകളെ തടയാനുള്ള വേലി അവരുടെ ഗ്രാമത്തിനരികിലൂടെയാണ് കടന്നുപോകുന്നത്. ആ വേലി നിര്‍മിക്കാനെത്തിയതായിരുന്നു വെള്ളക്കാരനായ പിതാവ്. പിതാവ് ഉപേക്ഷിച്ച അവര്‍ അമ്മയ്ക്കും മുത്തശ്ശിക്കുമൊപ്പം ആ കാട്ടുഗ്രാമത്തില്‍ ആഹ്ലാദപൂര്‍വം കഴിയുകയായിരുന്നു.

ആദിമനിവാസികളെ രക്ഷിക്കുന്നതിന്റെ ഭാഗമായി സങ്കരവര്‍ഗക്കാരായ കുട്ടികളെ പിടികൂടി കൊണ്ടുവന്ന് പാര്‍പ്പിക്കുന്ന മൂര്‍ റിവര്‍ നേറ്റീവ് സെറ്റില്‍മെന്റിലേക്ക് അധികൃതര്‍ ആ മൂന്നു കുട്ടികളെയും ബലമായി കൊണ്ടുവരുന്നു. പടിഞ്ഞാന്‍ ഓസ്‌ട്രേലിയയില്‍ പെര്‍ത്ത് നഗരത്തിന് വടക്കുള്ള ആ സെറ്റില്‍മെന്റില്‍നിന്ന് ഒളിച്ചോടുന്ന മൂവര്‍സംഘം, ഒന്‍പത് ആഴ്ചകള്‍കൊണ്ട് 2400 കിലോമീറ്റര്‍ താണ്ടി സ്വന്തം ഗ്രാമത്തില്‍ തിരിച്ചെത്തുന്നു.

പിന്തുടര്‍ന്ന് പിടിക്കാനുള്ള പോലീസിന്റെയും, അധികൃതര്‍ വിശ്വാസമര്‍പ്പിക്കുന്ന ഗ്രോത്രവര്‍ഗക്കാരനായ തിരച്ചില്‍ വിദഗ്ധന്റെയുമൊക്കെ ശ്രമങ്ങള്‍ നിഷ്ഫലമാക്കിയാണ് കുട്ടികള്‍ ഐതിഹാസികമായ ആ രക്ഷപ്പെടല്‍ നടത്തുന്നത്. ഓസ്‌ട്രേലിയയുടെ ഊഷരഭൂവിലൂടെ അവരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ സഹായിക്കുന്നതോ, ആയിക്കണക്കിന് കിലോമീറ്റര്‍ നീളത്തില്‍ നിര്‍മിച്ചിരിക്കുന്ന 'മുയല്‍ കടക്കാത്ത വേലി'യും!

'മുയല്‍ കടക്കാത്ത വേലി' ഇവിടെ പ്രതീക്ഷയുടെ പ്രതീകമാകുന്നു. തങ്ങളുടെ വിദൂര ഗ്രാമത്തിലേക്കും അമ്മയുടെ മടിത്തട്ടിലേക്കും എത്താമെന്ന അവരുടെ പ്രതീക്ഷയുടെ പ്രതീകം. ശരിക്കുപറഞ്ഞാല്‍, ഒരുകാലത്ത് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയുടെ പ്രതീക്ഷ തന്നെയായിരുന്നു ആ വേലി. പച്ചപ്പ് നിലനിര്‍ത്താമെന്ന ശുഭസൂചനയുടെ പ്രതീകം.

മുയലുകളുടെ താണ്ഡവം

ഒരു ഭൂഖണ്ഡത്തെ തെക്കു-വടക്ക് വിഭജിച്ചുകൊണ്ട് ആയിരക്കണക്കിന് കിലോമീറ്റര്‍ നീളത്തില്‍ അത്തരമൊരു വേലി എന്തിന് നിര്‍മിക്കപ്പെട്ടു? അത്ര ശ്രമകരമായി ഒരു വേലി നിര്‍മിക്കാന്‍ പാകത്തില്‍ മുയലുകള്‍ എങ്ങനെയാണ് വില്ലന്മാരായത്.....! സിനിമ കാണുന്ന പലര്‍ക്കും ഇങ്ങനെയൊരു സംശയം ഉണ്ടായേക്കാം.

സിനിമ പ്രതീകവത്ക്കരിക്കുന്ന രണ്ടു ദുരന്തങ്ങളില്‍ ഒന്നിലേക്ക് നമ്മളെ ഈ ചോദ്യം നേരിട്ട് എത്തിക്കുന്നു. ഓസ്‌ട്രേലിയ നേരിട്ട ഏറ്റവും വലിയ പരിസ്ഥിതി ദുരന്തത്തിലേക്ക്.

അതെക്കുറിച്ചറിയാന്‍ നമ്മള്‍ 150 വര്‍ഷം പിന്നിലേക്ക് പോകണം.

ഓസ്‌ട്രേലിയയില്‍ കുടിയേറിയ വെള്ളക്കാരില്‍ മിക്കവരുടെയും മോഹം ആ ഭൂഖണ്ഡത്തെ മറ്റൊരു യൂറോപ്പ് ആക്കുക എന്നതായിരുന്നു. ആ അതിമോഹത്തിന്റെ ഭാഗമായാണ് യൂറോപ്യന്‍ കാട്ടുമുയലുകളും ഓസ്‌ട്രേലിയയിലെത്തിയത്.

തെക്കന്‍ ഓസ്‌ട്രേലിയയില്‍ വിക്ടോറിയ സംസ്ഥാനത്തെ വിന്‍ചെല്‍സിയില്‍ തോമസ് ഓസ്റ്റിന്‍ എന്ന കര്‍ഷകന്‍, ഇംഗ്ലണ്ടില്‍നിന്നെത്തിച്ച 24 കാട്ടുമുയലുകളെ തന്റെ കൃഷിയിടത്തിന് സമീപം തുറന്നുവിട്ടു. 1859 ലായിരുന്നു അത്.

വേട്ടയാടാനുള്ള ആഗ്രഹമാണ് ആ കര്‍ഷകനെ അതിന് പ്രേരിപ്പിച്ചതെങ്കിലും, അധികം വൈകാതെ മുയലുകള്‍ ഓസ്‌ട്രേലിയയെ വേട്ടയാടാന്‍ തുടങ്ങി. വേഗത്തില്‍ പെറ്റുപെരുകിയ കാട്ടുമുയലുകള്‍ രണ്ടുവര്‍ഷംകൊണ്ട് ഓസ്റ്റിന്റെ കൃഷിയിടം മുഴുവന്‍ തരിശാക്കി സമീപ ജില്ലകളിലേക്ക് വ്യാപിക്കാനാരംഭിച്ചു.

അഞ്ചുകോടി വര്‍ഷത്തെ ഒറ്റപ്പെടലില്‍ കഴിഞ്ഞ ആ ഭൂഖണ്ഡത്തില്‍ മുയലുകളെ തിരിച്ചറിയാനോ നശിപ്പിക്കാനോ കഴിയുന്ന ഒറ്റ രോഗാണു പോലും ഉണ്ടായിരുന്നില്ല എന്നതാണ് പ്രശ്‌നമായത്. അവയെ തിന്നൊടുക്കുന്ന ജീവികളും അവിടെ ഇല്ലായിരുന്നു.

ആ അനുകൂല സാഹചര്യം കാട്ടുമുയലുകള്‍ക്ക് കണക്കില്ലാതെ പെരുകാന്‍ അവസരം നല്‍കി. ഒരര്‍ഥത്തില്‍ ഒരു മുയല്‍ പ്രളയത്തിന് തന്നെ ഓസ്‌ട്രേലിയ സാക്ഷ്യംവഹിച്ചു. കൃഷിയിടങ്ങളും കുറ്റിക്കാടുകളും ഉള്‍പ്പടെ എല്ലാ പച്ചപ്പുകളും തിന്നുതീര്‍ത്ത് ലക്ഷക്കണക്കിന് മുയലുകള്‍ കൂറ്റന്‍ തിരമാല പോലെ മുന്നേറി. പ്രതിവര്‍ഷം 75 കിലോമീറ്റര്‍ വീതമായിരുന്നു അവയുടെ വ്യാപനം!

1880 ആയപ്പോഴേക്കും വിക്ടോറിയ സംസ്ഥാനം വെടിപ്പാക്കിയ അവ, സൗത്ത് ഓസ്‌ട്രേലിയയിലേക്കും ന്യൂ സൗത്ത് വെയ്ല്‍സിലേക്കും വ്യാപിക്കാന്‍ തുടങ്ങി. 1890 ഓടെ പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയും മുയല്‍ ഭീഷണിയിലായി. 1920 കാലത്ത് രാജ്യത്തെ കാട്ടുമുയലുകളുടെ എണ്ണം 1000 കോടി കവിഞ്ഞു!

മുയലുകളുടെ താണ്ഡവം ആരംഭിക്കുന്നതുവരെ, 'എമു' എന്ന പേരുള്ള കുറ്റിച്ചെടി (emu bush) ഓസ്‌ട്രേലിയയുടെ അര്‍ധഊഷര മേഖലകളില്‍ വര്‍ഷത്തില്‍ എല്ലാക്കാലത്തും ഒരു പരിധി വരെ പച്ചപ്പ് സൃഷ്ടിച്ചിരുന്നു. വിളകളും എമു കുറ്റിച്ചെടികളും ഉള്‍പ്പടെ എല്ലാ പച്ചപ്പും മുയലുകള്‍ തിന്നുതീര്‍ത്തു. വെട്ടുകിളികളുടെ ആക്രമണം പോലെയായിരുന്നു അത്.

മുയലുകള്‍ പച്ചപ്പ് തീര്‍ത്തതോടെ, ആടുകള്‍ക്കും മറ്റ് വളര്‍ത്തു മൃഗങ്ങള്‍ക്കും കൂടുതല്‍ അകലെയുള്ള മേച്ചില്‍ പുറങ്ങളെ ആശ്രയിക്കേണ്ടി വന്നു. അതും പരിസ്ഥിതിക്ക് ആഘാതമേല്‍പ്പിച്ചു. വിളകള്‍ മുയലുകള്‍ നശിപ്പിച്ചപ്പോള്‍, കാലിവളര്‍ത്തലിനെ കര്‍ഷകര്‍ കൂടുതല്‍ ആശ്രയിച്ചതും പച്ചപ്പിന് മേല്‍ സമ്മര്‍ദം വര്‍ധിപ്പിച്ചു.

മുയലുകളുടെ താണ്ഡവം തുടരുന്നതിനിടെയാണ് 1890 കളിലെ കൊടിയ വരള്‍ച്ച ഓസ്‌ട്രേലിയയെ ഗ്രസിക്കുന്നത്. 40 വര്‍ഷം തുടര്‍ന്ന പച്ചപ്പിന്റെ കാലഘട്ടം അവസാനിച്ചു. മണ്ണ് വിണ്ടുകീറി പൊടിപാടി. വളര്‍ത്തുമൃഗങ്ങള്‍ ചത്തൊടുങ്ങി. ആ സമയത്ത് ഏതാണ്ട് 350 ലക്ഷം ആടുകള്‍ നശിച്ചുവെന്നാണ് കണക്ക്. അതില്‍ 160 ലക്ഷവും നശിച്ചത് 1902 ല്‍ മാത്രമം!

മുയലുകള്‍ നശിപ്പിച്ച പച്ചപ്പിന്റെ ശവപ്പെട്ടിക്ക് മേലുള്ള ആണിയടിയായി മാറി ആ വരള്‍ച്ച. പിന്നീട് ഓസ്‌ട്രേലിയയ്ക്ക് ഒരിക്കലും ആ പച്ചപ്പ് തിരിച്ചു കിട്ടിയില്ല. ലോകത്തെ ഏറ്റവും ഊഷരമായ പ്രദേശങ്ങളിലൊന്നായി ഓസ്‌ട്രേലിയ ഇപ്പോള്‍ മാറിയതിന് മുയലുകളും കാരണക്കാരാണെന്ന് സാരം.

തോമസ് ഓസ്റ്റിന്‍ എന്ന കര്‍ഷകന്‍ ഇംഗ്ലണ്ടില്‍നിന്ന് കാട്ടുമുയലുകളെ ഇറക്കുമതി ചെയ്തിട്ട് ഏതാണ്ട് ഒരു നൂറ്റാണ്ട് തികയുന്ന സമയത്ത്, 1950 ല്‍ തെക്കേയമേരിക്കയില്‍നിന്ന് 'മൈക്‌സോമ വൈറസി'നെ (Myxoma virus) ഓസ്‌ട്രേലിയയിലെത്തിച്ചാണ് മുയല്‍ ഭീഷണിക്ക് വിരാമമിട്ടത്. ആ വൈറസ് ബാധിച്ച് മുയലുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി.

പെര്‍ത്ത് നഗരം ഉള്‍പ്പെടുന്ന പടിഞ്ഞാറന്‍ മേഖലയിലേക്ക് മുയലുകള്‍ വ്യാപിക്കുന്നത് തടയാന്‍ വെസ്റ്റ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ നിര്‍മിച്ചതാണ് 'റാബിറ്റ്-പ്രൂഫ് ഫെന്‍സ്'  എന്ന മുയല്‍ കടക്കാത്ത വേലി.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ വര്‍ഷങ്ങളില്‍ നിര്‍മാണം ആരംഭിച്ച വേലി 1907 ല്‍ പൂര്‍ത്തിയായി. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ തെക്കുനിന്ന് വടക്കുവരെ എത്തുന്ന വേലിക്ക് മൂന്ന് ശാഖകളുണ്ട്. മൊത്തം 3253 കിലോമീറ്റര്‍ നീളം!

 വലിയ പ്രതീക്ഷയോടെ അത്ര വലിയ വേലി നിര്‍മിച്ചിട്ടും, പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയ്ക്ക് രക്ഷയുണ്ടായില്ല. വേലി പരാജയമായി. കാരണം, മുയലുകള്‍ അതിനകം പടിഞ്ഞാറന്‍ ഭാഗത്ത് എത്തിക്കഴിഞ്ഞിരുന്നു!

ആ വേലി എത്ര വലിയ പരാജയമായിരുന്നുവോ, അതിലും വലിയ പരാജയമായിരുന്നു ആദിമനിവാസികളുടെ വംശം നിലനിര്‍ത്താനും അവരെ പരിഷ്‌ക്കൃതരാക്കാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നടത്തിയ ഒരു നൂറ്റാണ്ടുകാലത്തെ ശ്രമം. ചരിത്രത്തിലെ എറ്റവും വലിയ മനുഷ്യാവകാശ ലംഘനങ്ങളില്‍ ഒന്നായി അത് പരിണമിച്ചു. 'റാബിറ്റ്-പ്രൂഫ് ഫെന്‍സി'ന്റെ പ്രമേയം പ്രതിനിധാനം ചെയ്യുന്നത് ആ ദുരന്തമാണ്. അതെന്തായിരുന്നുവെന്ന് നമുക്കൊന്ന് പരിശോധിച്ചു നോക്കാം.

'കവര്‍ന്നെടുക്കപ്പെട്ട തലമുറകള്‍'

'ഹോമോ സാപ്പിയന്‍സ്' (Homo sapiens) എന്നുപേരുള്ള ആധുനിക നരവംശം 40,000 വര്‍ഷംമുമ്പ് ഓസ്‌ട്രേലിയയിലെത്തി എന്നാണ് ഇതുവരെ ലഭിച്ചിട്ടുള്ള തെളിവുകള്‍ പറയുന്നത്.

ലോകത്തിന്റെ ഇതരഭാഗവുമായി കാര്യമായ ബന്ധമില്ലാതെ ഒറ്റപ്പെട്ടുകഴിഞ്ഞ ഓസ്‌ട്രേലിയയിലെ ആ ആദിമവര്‍ഗം, പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം അവിടെയെത്തിയ വെള്ളക്കാര്‍ക്ക് ശരിക്കുമൊരു പ്രഹേളികയായിരുന്നു (1).

ആ തെക്കന്‍ ഭൂഖണ്ഡത്തെ ബാഹ്യലോകത്തിന് ആദ്യമായി കാട്ടിക്കൊടുത്ത ജെയിംസ് കുക്കും കൂട്ടരും ഓസ്‌ട്രേലിയന്‍ തീരത്തെ ബോട്ടണി ബേയില്‍ കപ്പലടുപ്പിച്ചപ്പോള്‍, തീരപ്രദേശത്ത് ചെറുതോണികളില്‍ മത്സ്യബന്ധനം നടത്തുകയായിരുന്ന ആദിമനിവാസികള്‍ അവരെ കണ്ടതായി പോലും നടിച്ചില്ല.

അമ്പരപ്പോടെയാണ് ജെയിംസ് കുക്ക് ഇക്കാര്യം തന്റെ കുറിപ്പുകളില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 'ചെയ്തുകൊണ്ടിരുന്ന ജോലിക്കിടെ ഒന്ന് കണ്ണുയര്‍ത്തി നോക്കാന്‍ പോലും അവര്‍ മിനക്കെട്ടില്ലെ'ന്ന്, ജെയിംസ് കുക്കിന്റെ സഹചാരിയായിരുന്ന പ്രസിദ്ധ സസ്യശാസ്ത്രജ്ഞന്‍ ജോസഫ് ബാങ്ക്‌സ് എഴുതി.

തികഞ്ഞ അപരിചിതത്വം. അതാണ് ആ പ്രാചീനവര്‍ഗക്കാര്‍ വെള്ളക്കാരോട് കാട്ടിയത്. വെള്ളക്കാര്‍ തിരിച്ചും അതുതന്നെ പ്രകടിപ്പിച്ചു. ഇരുകൂട്ടരും തമ്മിലുള്ള ആ അപരിചിതത്വം തുടര്‍ന്നു, ഒരിക്കലും മാറിയില്ല.

അത് തുടര്‍ന്നെന്നു മാത്രമല്ല, ഓസ്‌ട്രേലിയയുടെ യഥാര്‍ഥ അവകാശികളോട് അനുകമ്പയോടെ പെരുമാറാനും അവിടെ അധിനിവേശം നടത്തിയ യൂറോപ്യന്‍ വംശജരില്‍ ഭൂരിപക്ഷവും ശ്രമിച്ചില്ല. ആ പ്രാചീന വര്‍ഗക്കാരെ അര്‍ധമനുഷ്യരായിപ്പോലും കാണാന്‍ മിക്ക വെള്ളക്കാരും തയ്യാറായില്ല എന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെ മാനുഷിക വികാരങ്ങളൊന്നും അവര്‍ക്ക് ഉണ്ടാകാന്‍ സാധ്യതയില്ലെന്നുള്ള അപകടകരമായ നിഗമനത്തിലേക്ക് വെള്ളക്കാര്‍ എത്തി.

ഒരു അപത്തോ ദുര്‍നിമിത്തമോ ശല്യമോ ഒക്കെ ആയി പ്രാചീനരെ വെള്ളക്കാര്‍ കണ്ടു. എന്തു ക്രൂരതയും അവര്‍ക്കെതിരെ പ്രയോഗിക്കാന്‍ ആ ചിന്താഗതി സഹായിച്ചു. ആദിമനിവാസികളെ കൊന്ന് വെട്ടിനുറുക്കി ഡോഗ് ഫുഡ് ആയി ഉപയോഗിക്കാമെന്നുപോലും അവര്‍ തെളിയിച്ചു! ആദിമനിവാസികളെ കൊല്ലുന്നത് ഒരു കുറ്റമായി കണക്കാക്കുന്ന ഒരു നിയമവും ഓസ്‌ട്രേലിയിയില്‍ ഉണ്ടായിരുന്നില്ല!

വെള്ളക്കാര്‍ അവിടെ നാഗരികതയ്‌ക്കൊപ്പം രോഗങ്ങളുമെത്തിച്ചു. തീര്‍ത്തും ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന ജനതയെന്ന നിലയ്ക്ക് ഓസ്‌ട്രേലിയയിലെ ആദിമനിവാസികള്‍ക്ക് അത്തരം രോഗാണുക്കളോട് ചെറുത്തു നില്‍ക്കാനുള്ള പ്രതിരോധശേഷി തെല്ലും ഉണ്ടായിരുന്നില്ല. വസൂരിയും കോളറയും എന്തിന് ചിക്കന്‍പോക്‌സ് പോലും അവരെ മാരകമായി ആക്രമിച്ചു, കൊന്നൊടുക്കാനാരംഭിച്ചു.

വെള്ളക്കാരുടെ മനോഭാവത്തോടും, അവര്‍ കൊണ്ടുവന്ന രോഗങ്ങളോടും ചെറുത്തു നില്‍ക്കാനാകാതെ, തികച്ചും പാര്‍ശ്വവത്ക്കരിക്കപ്പെട്ട ഒരു ജനതയായി ആദിമനിവാസികള്‍ മാറി.

യൂറോപ്യന്‍ അധിനിവേശം ആരംഭിക്കുന്ന കാലത്ത് ഓസ്‌ട്രേലിയയില്‍ ഗോത്രവര്‍ഗക്കാരുടെ സംഖ്യ മൂന്നുലക്ഷത്തിനും പത്തുലക്ഷത്തിനും മധ്യേ ആയിരുന്നത്, പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ വെറും അമ്പതിനായിരമായി ചുരുങ്ങി.

ആ വംശത്തിന് നിലനില്‍പ്പ് സാധ്യമല്ലെന്നും, അവരുടെ വംശവര്‍ധനയ്ക്ക് പരിഷ്‌കൃതരായ തങ്ങള്‍ സഹായിക്കണമെന്നും വെള്ളക്കാരായ ഭരണാധികാരികള്‍ക്ക് തോന്നലുണ്ടായത് ഈ പശ്ചാത്തലത്തിലാണ്. അങ്ങനെയാണ്, ആദിമവര്‍ഗക്കാരായ കുട്ടികളെയും, സങ്കരവര്‍ഗത്തില്‍പെട്ട കുട്ടികളെയും ഏറ്റെടുക്കാന്‍ ഭരണകൂടം തീരുമാനിക്കുന്നത്.

കുട്ടികളെ ചെറുപ്രായത്തില്‍ തന്നെ ബന്ധുക്കളില്‍നിന്ന് അടര്‍ത്തി മാറ്റി വിദൂരമായ ക്യാമ്പുകളിലും വെള്ളക്കാരുടെ ഭവനങ്ങളിലും താമസിപ്പിച്ചാല്‍, അവരും തങ്ങളെപ്പോലെ പരിഷ്‌ക്കൃതരാകും എന്നായിരുന്നു വെള്ളക്കാരുടെ വിശ്വാസം. അങ്ങനെ ആ വംശത്തെ രക്ഷിക്കാം.

ആദിമനിവാസികള്‍ക്ക് സ്വന്തം കുട്ടികള്‍ക്ക് മേല്‍ യാതൊരു അവകാശവുമില്ലെന്നും, കുട്ടികള്‍ സര്‍ക്കാരിന്റെ സ്വത്താണെന്നും പ്രഖ്യാപിക്കുന്ന നിയമങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. അതുപ്രകാരം കുട്ടികളെ ബലമായി പിടിച്ചുകൊണ്ടുപോകുന്ന നടപടി ഭരണകൂടം രാജ്യത്താകമാനം ആരംഭിച്ചു.

ആ നടപടിയുടെ ഭാഗമായി വേരുകളില്‍നിന്ന് പിഴുതുമാറ്റപ്പെട്ട്, അച്ചനോ അമ്മയോ ബന്ധുക്കളോ ജന്മനാടോ ഏതെന്നറിയാതെ വളരേണ്ടി വന്നവര്‍ക്ക് പില്‍ക്കാലത്ത് 'സ്റ്റോളന്‍ ജനറേഷന്‍' ('stolen generation') എന്ന് വിശേഷണം ലഭിച്ചു.

കവര്‍ന്നെടുക്കപ്പെട്ട ആ തലമുറയുടെ പ്രതിനിധികളാണ് 'റാബിറ്റ്-പ്രൂഫ് ഫെന്‍സി'ലെ കുട്ടികളും.

1869 മുതല്‍ 1969 വരെ ഒരു നൂറ്റാണ്ടുകാലം ഓസ്‌ട്രേലിയയിലെ ആദിമനിവാസികളെ 'രക്ഷിക്കാനുള്ള ശ്രമം' വ്യാപകമായി അരങ്ങേറി. ഏതാണ്ട് ഒരു ലക്ഷത്തോളം കുട്ടികള്‍ ഇത്തരത്തില്‍ വേരുകളില്ലാതെ വളരേണ്ട അവസ്ഥയുണ്ടായി.

ആ കുട്ടികളോടും അവരുടെ കുടുംബങ്ങളോടും, അതുവഴി ഓസ്‌ട്രേലിയയിലെ ആദിമവംശക്കാരോടും വെള്ളക്കാര്‍ ചെയ്തത്, നാസി ഭീകരതക്ക് തുല്യംനില്‍ക്കുന്ന ലോകചരിത്രത്തിലെ ഏറ്റവും കൊടിയ മനുഷ്യാവകാശ ലംഘനമായി ഇപ്പോള്‍ വിലയിരുത്തപ്പെടുന്നു.

ഓസ്‌ട്രേലിയയിലെ ആദിമനിവാസികളുടെ ഒരോ കുടുംബവും അനുഭവിച്ച ദുരന്തത്തിന്റെ ഭീകരത എന്തായിരുന്നുവെന്ന്, ജിം ബ്രൂക്ക്‌സ് എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ വിവരിച്ചത് ബില്‍ ബ്രൈസണ്‍ തന്റെ ഓസ്‌ട്രേലിയന്‍ യാത്രാവിവരണത്തില്‍ ('Down Under'(2000)) വിവരിച്ചിട്ടുണ്ട്.

ഒരു ഗോത്രവര്‍ഗ സ്ത്രീയ്ക്കുണ്ടായിരുന്ന അഞ്ചു മക്കളെയും അഞ്ചു സംസ്ഥാനങ്ങളിലേക്ക് അധികൃതര്‍ പിടിച്ചുകൊണ്ടുപോയ സംഭവം അദ്ദേഹം വിവരിച്ചു. മക്കളുമായി ഒരു ബന്ധവും ആ അമ്മയ്ക്ക് സാധ്യമായിരുന്നില്ല. 'അവര്‍ എവിടെയാണെന്നോ, അവക്ക് അസുഖം ബാധിച്ചിട്ടുണ്ടോ, അവര്‍ സുഖമായിരിക്കുന്നോ എന്നൊന്നും ആ മാതാവിന് അറിയാന്‍ വഴിയുണ്ടായിരുന്നില്ല'. ശാപംപേറുന്ന തന്റെ ജന്മത്തെയോര്‍ത്ത് വിതുമ്പിക്കരയാമെന്നല്ലാതെ.

ഇത്രയും പറഞ്ഞിട്ട് ബ്രൈസനോട് ബ്രൂക്ക്‌സ് ചോദിച്ചു. 'താങ്കള്‍ക്ക് കുട്ടികളുണ്ടോ?'

'ഉണ്ട്, നാലുപേര്‍' -ബ്രൈസണ്‍ അറിയിച്ചു.

'ശരി. ഒരു സര്‍ക്കാര്‍ വാന്‍ നിങ്ങളുടെ വീട്ടുപടിക്കല്‍ ഒരു ദിവസം വന്നു നില്‍ക്കുന്ന കാര്യം സങ്കല്‍പ്പിക്കുക. അതിലെത്തിയ ഉദ്യോഗസ്ഥര്‍ നിങ്ങളുടെ കുട്ടികളെ കൊണ്ടുപോവുകയാണെന്ന് അറിയിക്കുന്നു. കുട്ടികളെ അവര്‍ നിങ്ങളുടെ ആശ്ലേഷത്തില്‍നിന്ന് ബലമായി വേര്‍പെടുത്തി വാനില്‍ കയറ്റുന്നു. നിങ്ങള്‍ നിസ്സഹായനായി അത് നോക്കി നില്‍ക്കേണ്ടി വരുന്ന കാര്യം യാഥാര്‍ഥ്യമാണെന്നു കരുതി സങ്കല്‍പ്പിച്ചു നോക്കുക. അകന്നു നീങ്ങുന്ന വാനിന് പിന്നിലെ ജനാലയിലൂടെ നിങ്ങളെ നോക്കി അലമുറയിടുന്ന കുട്ടികള്‍. റോഡിലൂടെ വാന്‍ അകലെ മറയുന്നു. മിക്കവാറും അവരെ നിങ്ങള്‍ ഇനി ജീവിതത്തിലൊരിക്കലും കാണാന്‍ പോകുന്നില്ല എന്ന് നിങ്ങള്‍ക്കറിയാം'.

ബ്രൂക്ക്‌സിന്റെ വിവരണം പൂര്‍ത്തിയാക്കാന്‍ ബ്രൗസണ്‍ അനുവദിച്ചില്ല - 'നിര്‍ത്തൂ'..

ബ്രൗസന്റെ അസ്വസ്ഥത കണ്ട് അദ്ദേഹം സഹതാപത്തോടെ പുഞ്ചിരിച്ചു. എന്നിട്ട് തുടര്‍ന്നു. 'ഇതിനെതിരെ ഒരു ചെറുവിരല്‍ പോലും ചലിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിയാത്ത അവസ്ഥ. ആരും നിങ്ങളെ പിന്തുണയ്ക്കാത്ത സ്ഥിതി. ഒരു കോടതിയും നിങ്ങളുടെ ഭാഗത്ത് നില്‍ക്കില്ല. അത് പതിറ്റാണ്ടുകളോളം തുടര്‍ന്നു'.

വൈകാരികവും സാമൂഹികവുമായ അരക്ഷിതാവസ്ഥ അതിന്റെ കൊടിയ രൂപത്തില്‍ ആ വര്‍ഗത്തെ വേട്ടയാടിയെന്ന് സാരം. 1970 കളില്‍ പോലും സ്വന്തം കുട്ടികളെ സര്‍ക്കാര്‍ പിടിച്ചുകൊണ്ടുപൊകുന്ന അവസ്ഥ ഓസ്‌ട്രേലിയയില്‍ നിലനിന്നു എന്ന് പറയുമ്പോള്‍ കാര്യങ്ങളുടെ സ്ഥിതി ഊഹിക്കാമല്ലോ.

ഒരു നൂറ്റാണ്ടുകാലത്തെ ബലമായ 'പരിഷ്‌ക്കരിക്കലി'ന് ശേഷം ആ വംശത്തിന്റെ അവസ്ഥ എന്താണെന്നറിയാന്‍ ചില കണക്കുകള്‍ നോക്കുക. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തെ സ്ഥിതിയാണിത്. ഓസ്‌ട്രേലിയയിലെ ആദിമനിവാസി, വെള്ളക്കാരനായ ഒരു ഓസ്‌ട്രേലിയക്കാരനെ അപേക്ഷിച്ച് പകര്‍ച്ചവ്യാധി മൂലം മരിക്കാനുള്ള സാധ്യത 18 മടങ്ങ് കൂടുതലാണ്. അക്രമത്തിന്റെ ഫലമായി ആസ്പത്രിയിലാകാന്‍ 17 മടങ്ങ് സാധ്യത കൂടുതല്‍. ആദിമനിവാസികളുടെ കുട്ടികള്‍ പ്രസവവേളയില്‍ മരിക്കാന്‍ രണ്ടോ നാലോ മടങ്ങ് സാധ്യത കൂടുതല്‍.

അതിലെല്ലാമുപരി, ഓസ്‌ട്രേലിയയുടെ സാമൂഹ്യമണ്ഡലത്തില്‍ ആദിമനിവാസികളേ ഇല്ല എന്ന സ്ഥിതിയുമുണ്ടായി. ടെലിവിഷനില്‍ അവരാരും എന്തെങ്കിലും പരിപാടി അവതരിപ്പിക്കുന്നത് നിങ്ങള്‍ക്ക് കാണാനാകില്ല. ഏതെങ്കിലും കടകളില്‍ സഹായിയായി ഒരു ആദിമനിവാസിയെ കാണാന്‍ കഴിയില്ല. 2000 വരെ രണ്ടേ രണ്ട് ആദിമവര്‍ഗക്കാരേ ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ അംഗങ്ങളായിട്ടുള്ളു. ആരും മന്ത്രിയായിട്ടില്ല.

രാജ്യത്തെ മൊത്തം ജനസംഖ്യയുടെ വെറും 1.5 ശതമാനമേ അവരുള്ളൂ. അതിനാല്‍ അവര്‍ വോട്ടുബാങ്കുമല്ല (നമ്മുടെ നാട്ടിലെ ആദിവാസികളെപ്പോലെ തന്നെ!).

1980 കളോടെ സ്റ്റോളന്‍ ജനറേഷനെക്കുറിച്ചുള്ള ചില പഠനങ്ങളും ഗ്രന്ഥങ്ങളും പുറത്തിറങ്ങി. പൊതുസമൂഹം മെല്ലെയാണെങ്കിലും കുറ്റബോധത്തോടെ ആ പ്രശ്‌നത്തെ മനസിലാക്കാനാരംഭിച്ചു.

കുടുംബങ്ങളില്‍ നിന്ന് അടര്‍ത്തി മാറ്റിയ ആദിമനിവാസികളുടെ പുതിയ തലമുറ, ഗ്രാമങ്ങളിലും വനപ്രദേശത്തും താമസിക്കുന്ന ആദിമനിവാസികളെക്കാളും മോശപ്പെട്ട അവസ്ഥയിലാണ് കഴിയുന്നതെന്ന് മെല്‍ബണ്‍ പോലുള്ള നഗരങ്ങളില്‍ നടന്ന പഠനങ്ങള്‍ വ്യക്തമാക്കി.

ഒരു വര്‍ഗത്തോട് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കൊടിയ ക്രൂരതയാണ് ഓസ്‌ട്രേലിയയില്‍ നടന്നതെന്ന്, രാജ്യത്തിനകത്തും പുറത്തുംനിന്ന് വിമര്‍ശനമുയര്‍ന്നു. രാജ്യം ഇക്കാര്യത്തില്‍ ആത്മപരിശോധന നടത്തണമെന്ന് മുറവിളിയുണ്ടായി.

ഒടുവില്‍, രാജ്യത്തെ ആദിമനിവാസികളോട് കാണിച്ച കൊടിയ ക്രൂരതകള്‍ക്കും അനീതികള്‍ക്കും, 2008 ഫിബ്രവരി 13 ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ക്ഷമാപണം നടത്തി. 'കുടുംബങ്ങളെയും ഗ്രാമങ്ങളെയും തകര്‍ത്തതിന്, അമ്മമാരോടും അച്ഛന്‍മാരോടും സഹോദരങ്ങന്‍മാരോടും സഹോദരിമാരോടും ഞങ്ങള്‍ മാപ്പപേക്ഷിക്കുന്നു' - പ്രധാനമന്ത്രി കെവിന്‍ റൂഡ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് നടത്തിയ ക്ഷമാപണ പ്രസ്താവനയിലെ ഒരു വാക്യം ഇതായിരുന്നു.

ഒരുപക്ഷേ, ആ ക്ഷമാപണത്തിന് ഓസ്‌ട്രേലിയന്‍ മനസാക്ഷിയെ ഉണര്‍ത്തയതില്‍, 2002 ലിറങ്ങിയ 'റാബിറ്റ്-പ്രൂഫ് ഫെന്‍സി'നും പങ്കുണ്ടായിരുന്നു എന്ന് കരുതുന്നതില്‍ തെറ്റില്ല.

1. 1. ഇന്ത്യക്കാര്‍ 4000 വര്‍ഷം മുമ്പ് ഓസ്‌ട്രേലിയയില്‍ കുടിയേറി എന്നതിന് ജനിതക തെളിവ് ലഭിച്ചതായി അടുത്തയിടെ ഒരുസംഘം ഗവേഷകര്‍ വെളിപ്പെടുത്തുകയുണ്ടായി.

(അവലംബം, കടപ്പാട്: 1. Down Under (2000), by Bill Bryson; 2.Australia's battle with the bunny - ABC Science, April 8, 2009; 3. Reconciliaction Network; 4. Australia's stolen generation: 'To the mothers and the fathers, the brothers and the sisters, we say sorry'- The Independent. WEDNESDAY 13 FEBRUARY 2008; 5. IMDb; 6. Wikipedia.org)

11 comments:

JA said...

'റാബിറ്റ്-പ്രൂഫ് ഫെന്‍സ്' എന്ന സിനിമയുടെ പ്രമേയം ശരിക്കുമൊരു ഓര്‍മപ്പെടുത്തലാണ്. സ്വന്തം മാതാപിതാക്കളില്‍നിന്ന്, കുടുംബങ്ങളില്‍നിന്ന്, വംശങ്ങളില്‍നിന്ന്, സ്മരണകളില്‍നിന്ന് എല്ലാക്കാലത്തേക്കുമായി പിഴുതുമാറ്റപ്പെടുകയെന്ന നരകീയവിധി ഏറ്റുവാങ്ങേണ്ടി വന്ന തലമുറകളെ അത് വേദനയോടെ ഓര്‍മിപ്പിക്കുന്നു....സിനിമയുടെ പേര് മറ്റൊരു ഓര്‍മപ്പെടുത്തലാകുന്നു. കാട്ടുമുയലുകളുടെ താണ്ഡവം എങ്ങനെ ഒരു ഭൂഖണ്ഡത്തെ പച്ചപ്പിന്റെ അനുഗ്രഹത്തില്‍നിന്ന് ബലമായി വേര്‍പെടുത്തി ഊഷരമാക്കിയെന്നും, ഓസ്‌ട്രേലിയന്‍ ഭൂഖണ്ഡത്തിന്റെ വക്കുകളൊഴികെ ഉള്‍നാട് മുഴുവന്‍ ഇന്നു കാണുന്ന നിലയ്ക്ക് പൂര്‍ണമായും മരുവത്ക്കരിക്കപ്പെട്ടത് എങ്ങനെയെന്നും അത് സൂചന നല്‍കുന്നു.

സങ്കൽ‌പ്പങ്ങൾ said...

ഇതൊക്കെ സത്യം തന്നെയോ.....

JA said...

സത്യങ്ങള്‍ സങ്കല്‍പ്പങ്ങളെക്കാള്‍ ഭീകരമാണ്, പലപ്പോഴും!

ViswaPrabha | വിശ്വപ്രഭ said...

ഞാനും എന്റെ ഇത്തിരിക്കുടുംബവും എല്ലാ വർഷവും ആവർത്തിച്ചുകാണുന്ന ഒരുപിടി ചിത്രങ്ങളുണ്ടു്. അതിൽ ഒന്നാണു് മുയൽച്ചാടാവേലി.

ആസ്ത്രേലിയൻ ചിത്രങ്ങളിൽ ഇതുപോലെ വേറെയും ശ്രദ്ധേയമായവയുണ്ടു്. Picnic at Hanging Rock, Evil Angels (A Cry in the dark) തുടങ്ങിയവ എടുത്തുപറയാം.

JA said...

വിശ്വംമാഷ്, സിനിമകള്‍ ശ്രദ്ധിക്കാന്‍ അധികം സമയം കിട്ടാത്തതാകാം ഇത് എന്റെ ശ്രദ്ധയിില്‍ പെടാന്‍ ഇത്ര വൈകിയത്. ഏതായാലും, താങ്കള്‍ പറഞ്ഞ ചിത്രങ്ങളും തീര്‍ച്ചയായും കാണുന്നതാണ്.

Manoj Kumar said...

താങ്കളുടെ ഒരു പുതിയ വായനക്കാരന്‍ ആണ് ഞാന്‍. ഇത്രയും മനോഹരമായി ഒരു എഴുത്ത് അടുത്ത കാലത്തൊന്നും വായിച്ചിട്ടില്ല എന്ന് പറയാന്‍ ഒരു മടിയും ഇല്ല. ഓസ്ട്രലിയയിലെ ആദിമവാസികളോട് അവിടത്തെ വെള്ളക്കാര്‍ കാട്ടിയ ക്രൂരതയെ പറ്റി മെല്‍ബണ്‍ ഒളിമ്പിക്സ് നടന്നപ്പോള്‍ കുറച് ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. ആ അറിവല്ലാതെ ഇക്കാര്യത്തില്‍ കൂടുതല്‍ അറിവില്ല. ഒരു പക്ഷെ ലോകത്തില്‍ എല്ലായിടത്തും വെള്ളക്കാരന്‍ തന്റെ അധിശത്വം ഉറപ്പുവരുത്താന്‍ ഒരു പാട് സംസ്കാരങ്ങളും പച്ചപ്പുകളും നാമവശേഷമാക്കിയിട്ടുണ്ട്. ഓസ്ട്രലിയായും അമേരിക്ക തന്നെയും അതില്‍ അറിയപ്പെടുന്ന ഏടുകള്‍ മാത്രം.

JA said...

മനോജ് കുമാര്‍,
ഇവിടെയിത്തിയതിലും വായിച്ച് അഭിപ്രായം പറഞ്ഞതിലും സന്തോഷം.

Roopesh Ns said...

Thanks for a great article

UNNIKRISHNAN said...

ഒറ്റ സ്വാസത്തിൽ വായിച്ചു തീർത്തു.ഓസ്റ്റ്രാലിയ ഒരു അധിനിവേശ ഗവണ്മെന്റാൺ ഭരിക്കുന്നത് എന്ന് ഭീകരസത്യം ..സ്വന്തം മണ്ണിൽ വേരറ്റുപോയ ഒരു ജനത..സ്വാതന്ത്ര്യം നേടി ഇൻഡ്യാക്കാരാനായി ജീവിക്കുന്നതിൽ അഭിമാനിക്കുന്നു,ഒപ്പം സഹജീവി എന്ന നിലയിൽ ആ ജനതയുടെ ദു:ഖത്തിൽ പങ്കു ചേരുന്നു.തട്ടും തടവും ഇല്ലാത്ത പറച്ചിൽ,ആശംസകൾ..

Saleel Me said...

ആ ചിത്രം കാണണം. കൂട്ടത്തിൽ വിശ്വപ്രഭ പറഞ്ഞവയും.

Saleel Me said...

ആ ചിത്രം കാണണം. കൂട്ടത്തിൽ വിശ്വപ്രഭ പറഞ്ഞവയും.