Monday, June 05, 2017

ദക്ഷിണധ്രുവത്തില്‍ മഞ്ഞുരുകിയാല്‍ കാലവര്‍ഷത്തിന് സംഭവിക്കുന്നത്

 തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം മെയ് 30ന് കേരളത്തിലെത്തുമെന്നായിരുന്നു
കാലാവസ്ഥാപ്രവചനം. കഠിനമായ ചൂടില്‍ തപിക്കുന്ന ഭൂമിക്ക് കുളിര്‍ പകര്‍ന്നെത്തുന്ന കാലവര്‍ഷം യഥാര്‍ഥത്തില്‍ രണ്ട് ഹിമഭൂമികളുടെ സൃഷ്ടിയാണ്-ഹിമാലയത്തിന്റെയും അന്റാര്‍ട്ടിക്കയുടെയും! 


Pic 1 - രാജ്യത്തെ 130 കോടി ജനങ്ങളും ഒരുപോലെ കാക്കുന്ന പ്രതിഭാസമാണ് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം. ചിത്രം: പിടിഐ

രണ്ട് ഹിമപ്രദേശങ്ങളാണ് നമ്മുടെ കാലവര്‍ഷത്തെ സൃഷ്ടിക്കുന്നതെന്നറിയാമോ? അതെങ്ങനെ, കടല്‍വെള്ളം നീരാവിയായി പൊങ്ങി മേഘങ്ങളായി മാറിയല്ലേ മഴയുണ്ടാകുന്നതെന്ന് സംശയം തോന്നാം. സംഭവം ശരിയാണ്. പക്ഷേ, നമ്മള്‍ കാലവര്‍ഷമെന്ന് വിളിക്കുന്ന മണ്‍സൂണ്‍* യഥാര്‍ഥത്തില്‍ ഹിമാലയത്തിന്റെയും ദക്ഷിണധ്രുവമായ അന്റാര്‍ട്ടിക്കയുടെയും സൃഷ്ടിയാണ്. ഈ രണ്ട് ഹിമഭൂമികളും ഇല്ലായിരുന്നെങ്കില്‍ ഇന്നത്തെ നിലയ്ക്ക് മണ്‍സൂണ്‍ ഉണ്ടാകുമായിരുന്നില്ല എന്ന് ഗവേഷകര്‍ പറയുന്നു.

കഠിനമായ ചൂടില്‍ മാസങ്ങളായി ഉരുകുകയാണ് മണ്ണും മനുഷ്യനും മറ്റ് ജീവികളും, കേളത്തില്‍ മാത്രമല്ല രാജ്യത്താകെ. അതുകൊണ്ട് തന്നെ ജാതിമത രാഷ്ട്രീയ ഭേദമന്യേ 130 കോടി ഇന്ത്യക്കാരും ആകാംക്ഷയോടെ എന്തിനെയെങ്കിലും കാക്കുന്നുവെങ്കില്‍, അത് കേരളീയര്‍ ഇടവപ്പാതി എന്ന് വിളിക്കുന്ന തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തെയാണ്. ഇന്ത്യയുടെ കാര്‍ഷിക സമ്പദ്‌വ്യവസ്ഥയെ താങ്ങിനിര്‍ത്തിയിരിക്കുന്ന നെടുംതൂണാണ് കാലവര്‍ഷം. മണ്‍സൂണ്‍ ദുര്‍ബലമായാല്‍ കൃഷി പാളും, വരള്‍ച്ചയും പട്ടിണിയുമാകും ഫലം. അതുകൊണ്ട് ഇന്ത്യന്‍ കാര്‍ഷികരംഗത്തെ 'മണ്‍സൂണുമായുള്ള ചൂതാട്ട'മെന്ന് വിശേഷിപ്പിക്കാറുണ്ട്.

കേരളത്തില്‍ ജനിച്ചുവളര്‍ന്ന ആര്‍ക്കും അറിയാവുന്ന ഒരു സംഗതി, ജൂണ്‍ ആദ്യം സ്‌കൂള്‍ തുറക്കുന്ന സമയത്ത് ഇടവപ്പാതി ആരംഭിക്കും എന്നതാണ്. മഴ നനഞ്ഞുള്ള ആദ്യസ്‌കൂള്‍ ദിനങ്ങള്‍ മിക്കവരുടെയും ഗൃഹാതുരത്വമാര്‍ന്ന ഓര്‍മകളുടെ ഭാഗമാണ്. എന്നാല്‍, 80 ലക്ഷം വര്‍ഷം മുമ്പാണ് നിങ്ങള്‍ സ്‌കൂളില്‍ പോയിരുന്നതെന്ന് കരുതുക. എങ്കില്‍ മഴനനഞ്ഞ ആദ്യസ്‌കൂള്‍ ദിനങ്ങളുടെയോ ഗൃഹാതുരത്വത്തിന്റെയോ പ്രശ്‌നം ഉദിക്കുമായിരുന്നില്ല. കാരണം, അന്ന് മണ്‍സൂണ്‍ ഉണ്ടായിരുന്നില്ല! 

ഇന്നത്തെ നിലയ്ക്ക് മണ്‍സൂണ്‍ രൂപപ്പെട്ടിട്ട് 80 ലക്ഷം വര്‍ഷമേ ആയിട്ടുള്ളൂ എന്നാണ് ഭൗമശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുള്ളത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വടക്കുകിഴക്കന്‍ അതിരില്‍ കോട്ടമതില്‍ പോലെ ഹിമാലയം ഉയര്‍ന്ന് വന്നതിന് ശേഷമാണ്, ജൂണ്‍ ആദ്യം കേരളത്തിലെത്തുന്ന തരത്തില്‍ മണ്‍സൂണ്‍ രൂപപ്പെട്ടത്. 


Pic 2 - ഹിമാലയം ഒരു കോട്ടപോലെ ഉയര്‍ന്നതിന് ശേഷമാണ് ഇന്നത്തെ മണ്‍സൂണ്‍ രൂപപ്പെട്ടത്

അഞ്ചുകോടി വര്‍ഷംമുമ്പ് ഹിമാലയം ഇല്ലായിരുന്നു. ഗോണ്ട്വാന എന്ന മഹാഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്ന ഇന്ത്യന്‍ പ്രദേശം അവിടുന്ന് അടര്‍ന്നുമാറി നീങ്ങി യൂറേഷ്യന്‍ ഭൂഫലകവുമായി കൂട്ടിയിടിച്ചതിന്റെ ഫലമായാണ് ഹിമാലയം ഉയര്‍ന്നുവന്നത്. ഹിമാലയത്തിന്റെയും ടിബറ്റന്‍ പീഢഭൂമിയുടെയും രൂപപ്പെടലാണ് ഏഷ്യന്‍ മണ്‍സൂണിനെ സൃഷ്ടിച്ചത്. മുമ്പ് ദുര്‍ബലമായ ഒരു കാലാവസ്ഥാ പ്രതിഭാസം മാത്രമായിരുന്ന മണ്‍സൂണിന്റെ സ്വാധീനവും ശക്തിയും ഹിമാലയത്തിന്റെ രൂപപ്പെടലോടെ വര്‍ധിച്ചു. 

ടിബറ്റില്‍ നിന്നും ആര്‍ട്ടിക് പ്രദേശത്തുനിന്നും മുമ്പ് തണുത്ത കാറ്റ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിയിരുന്നു. കോട്ട പോലെ ഹിമാലയം സ്ഥാനമുറപ്പിച്ചതോടെ, അത് നിലച്ചു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ചൂട് വര്‍ധിച്ചു. ചൂടുകൂടുമ്പോള്‍ വായു വികസിച്ച് അന്തരീക്ഷമര്‍ദ്ദം കുറയും. ഇന്ത്യയ്ക്ക് 4000 കിലോമീറ്റര്‍ തെക്ക് ഇന്ത്യന്‍മഹാസമുദ്രത്തില്‍ രൂപപ്പെടുന്ന മണ്‍സൂണ്‍, അന്തരീക്ഷമര്‍ദ്ദം കുറഞ്ഞ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് എത്താന്‍ അത് വഴിയൊരുക്കുന്നു. ഒരര്‍ഥത്തില്‍ ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെ നിന്ന് ഒരു വാക്വംക്ലീനര്‍ എന്ന മാതിരി മണ്‍സൂണിനെ ഇങ്ങോട്ട് വലിച്ചടുപ്പിക്കുകയാണ് ചെയ്യുന്നത് (മണ്‍സൂണ്‍ എന്നത് മഴയല്ല, മഴയെ കൊണ്ടുവരുന്ന കാറ്റാണ്). ജൂണ്‍ ആദ്യം കേരളത്തിലെത്തുന്ന മണ്‍സൂണ്‍, വടക്കോട്ട് നീങ്ങി ജൂലായ് പകുതിയോടെ ഹിമാലയന്‍ മേഖലയില്‍ എത്തുന്നു. 

ഹിമാലയം പോലെ തന്നെ മണ്‍സൂണില്‍ സ്വാധീനം ചെലുത്തുന്ന മറ്റൊരു ഹിമപ്രദേശം അന്റാര്‍ട്ടിക്കയാണെന്ന് ഇപ്പോള്‍ ശാസ്ത്രലോകത്തിനറിയാം. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെപ്പോലെ അന്റാര്‍ട്ടിക്കയും ഒരുകാലത്ത് ഗോണ്ട്വാനയുടെ ഭാഗമായിരുന്നു. അതില്‍ നിന്ന് വേര്‍പെട്ട് നീങ്ങി 2.5 കോടി വര്‍ഷം മുമ്പാണ് അത് നിലവിലുള്ള സ്ഥാനമുറപ്പിച്ചത്.


Pic 3 - അന്റാര്‍ട്ടിക്കയിലെ മഞ്ഞുരുക്കമാണ് മണ്‍സൂണിനെ സ്വാധീനിക്കുന്ന ഘടകം. ചിത്രം കടപ്പാട്: ദി ടെലഗ്രാഫ് 

മാര്‍ച്ച് പകുതി മുതല്‍ സെപ്റ്റംബര്‍ പകുതി വരെ അന്റാര്‍ട്ടിക്കയില്‍ ശൈത്യകാലമാണ്. വര്‍ഷം മുഴുക്കെ മഞ്ഞുറഞ്ഞ പ്രദേശമാണെങ്കിലും, ശൈത്യകാലത്ത് അതിരുകളിലെ മഞ്ഞിന്റെ വിസ്തൃതി വര്‍ധിക്കും. 30 ശതമാനം കൂടുതല്‍ മഞ്ഞ് ആ സമയത്തുണ്ടാകുമെന്നാണ് കണക്ക്. കഠിനമായ ശൈത്യത്തില്‍ ചുറ്റുമുള്ള സമുദ്രഭാഗങ്ങള്‍ തണുത്തുറയുമ്പോള്‍, മഞ്ഞുകട്ടകളായി മാറുന്ന വെള്ളത്തില്‍ നിന്ന് ലവണം വേര്‍തിരിയപ്പെടും (ഉപ്പില്ലാത്ത ശുദ്ധജലമേ തണുത്തുറഞ്ഞ് മഞ്ഞുകട്ടയാകൂ). മഞ്ഞുകട്ടകള്‍ വെള്ളത്തിന് മീതെ പൊങ്ങിക്കിടക്കും, ലവണാംശം മുഴുവന്‍ കടലിന്നടിയിലെ വെളത്തില്‍ കലരും. അങ്ങനെ, ലോകത്തേറ്റവും ലവണാംശമുള്ള സമുദ്രഭാഗമാകും അന്റാര്‍ട്ടിക്കയ്ക്ക് ചുറ്റും. ലവണാംശം അധികമായതിനാല്‍ ജലത്തിന് സാന്ദ്രതയും കൂടിയിരിക്കും. അങ്ങനെ, സാന്ദ്രതയും ലവണാംശവും കൂടിയ ജലനം കടലിന്റെ അടിത്തട്ടിലൂടെ ഭൂമധ്യരേഖാപ്രദേശത്തേക്ക് പ്രവഹിക്കാന്‍ തുടങ്ങും. ഭൂമധ്യരേഖാപ്രദേശത്തുനിന്ന് ചൂടുള്ള സാന്ദ്രതകുറഞ്ഞ സമുദ്രജലം മുകള്‍ഭാഗത്തൂകൂടി ദക്ഷിണധ്രുവത്തിലേക്കും നീങ്ങും. ഇതൊരു 'ഗ്ലോബല്‍ കണ്‍വേയര്‍ ബല്‍റ്റ്' പോലെ പ്രവര്‍ത്തിക്കുമെന്ന്, 'ഇന്‍ഡിക്ക' എന്ന ഗ്രന്ഥത്തില്‍ പ്രണയ് ലാല്‍ എഴുതുന്നു. തണുത്ത ജലപ്രവാഹവും ഉഷ്ണജലപ്രവാഹവും സംഗമിക്കുന്ന പ്രദേശങ്ങളില്‍ അന്തരീക്ഷത്തില്‍ രൂക്ഷമായ വാതകച്ചുഴികളും മറ്റും രൂപപ്പെടും. പ്രക്ഷുബ്ധമായ സമുദ്രമേഖലയായി അവിടം രൂപപ്പെടും. 

അന്റാര്‍ട്ടിക്കയില്‍ ശൈത്യം കഠിനമാണെങ്കില്‍ പിറ്റേവര്‍ഷം ഇന്ത്യന്‍ മണ്‍സൂണിന്റെ ശക്തിക്ഷയിക്കാനാണ് സാധ്യത. അന്റാര്‍ട്ടിക്കയിലെ മഞ്ഞിന്റെ വിസ്തൃതിക്കും ഇന്ത്യന്‍ മണ്‍സൂണിന്റെ ശക്തിക്കും തമ്മില്‍ വിപരീതാനുപാതമാണുള്ളതെന്ന് ഗവേഷകര്‍ പറയുന്നു. കാരണം, ശൈത്യകാലം കഠിനമായാല്‍, കൂടുതല്‍ സമുദ്രഭാഗം മഞ്ഞുമൂടിയിരിക്കും. കടല്‍ജലം തപിച്ച് നീരാവിയായായി മാറുന്ന സമുദ്രഭാഗത്തിന്റെ വിസ്തൃതി കുറയും. അന്തരീക്ഷത്തിലെത്തുന്ന നീരാവിയുടെ അളവ് കുറയും. മാത്രമല്ല, മഞ്ഞിന്റെ തോത് വര്‍ധിക്കുന്നത് പ്രകാരം തെക്കുനിന്നുള്ള വെള്ളത്തില്‍ ലവണസാന്ദ്രത കൂടുതലായിരിക്കും. ജലം നീരാവിയാകുന്നത് തടയുന്ന ഘടകമാണിത്. 


Pic 4 - മണ്‍സൂണ്‍ വഴി ഇന്ത്യയില്‍ ഒരുലക്ഷം കോടി ടണ്‍ മഴ ലഭിക്കും. ചിത്രം: രാമനാഥ് പൈ

അതേസമയം, അന്റാര്‍ട്ടിക്കയില്‍ മഞ്ഞ് കുറവാണെങ്കില്‍ (ശൈത്യകാലം അത്ര കഠിനമല്ലെങ്കില്‍) കൂടുതല്‍ സമുദ്രജലം നീരാവിയാകാനും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കന്‍ പ്രദേശത്തേക്ക് കൂടുതല്‍ നീരാവിയെത്താനും സാധ്യത കൂടുന്നു. കൂടുതല്‍ മഞ്ഞ് ഉരുകിയിട്ടുണ്ടെങ്കില്‍, സമുദ്രജലത്തിലെ ലവണസാന്ദ്രത കുറയും. ജലം നീരാവിയാകാന്‍ സാധ്യത കൂടും. ഇത് ഇന്ത്യന്‍ മണ്‍സൂണിന്റെ ശേഷി വര്‍ധിപ്പിക്കും. 

ഇന്ത്യന്‍ മണ്‍സൂണിനെ സ്വാധീനിക്കുന്നതായി കണ്ടിട്ടുള്ള മറ്റൊരു സംഗതി, പെസഫിക്് സമുദ്രത്തില്‍ രൂപപ്പെടുന്ന 'എല്‍നിനോ' (El Nino) പ്രതിഭാസമാണ്. സ്പാനിഷ് ഭാഷയില്‍ 'ഉണ്ണിയേശു' എന്നര്‍ഥം വരുന്ന ഇത് പെസഫിക് സമുദ്രോപരിതലത്തെ അകാരണമായി ചൂടുപിടിപ്പിക്കുന്ന കാലാവസ്ഥാ പ്രതിഭാസമാണ്. പോയ വര്‍ഷം ശക്തമായ എല്‍നിനോയുടെ പിടിയിലായിരുന്നു ലോകം. നമ്മുടെ നാട്ടില്‍ ശരാശരിയിലും താഴെ മാത്രം മണ്‍സൂണ്‍ മഴയേ ലഭിച്ചുള്ളൂ. ഇന്ത്യയില്‍ 132 വര്‍ഷത്തിനിടെയുണ്ടായ രൂക്ഷമായ വരള്‍ച്ചക്കാലത്തെല്ലാം എല്‍നിനോ ശക്തിപ്പെട്ടിരുന്നു എന്ന് 2006 സപ്തംബര്‍ എട്ടിന് 'സയന്‍സ്' ജേര്‍ണലിലെ പഠനറിപ്പോര്‍ട്ട് പറയുകയുണ്ടായി. പൂണെയില്‍ 'ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മിറ്റിയോരോളജി'യിലെ ഡോ.കെ.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാമായിരുന്നു പഠനം നടത്തിയത്. 

മേല്‍സൂചിപ്പിച്ച പല ഘടകങ്ങളെ അനുകൂലമായി മാറുമ്പോഴാണ് സാധാരണഗതിയിലുള്ള മണ്‍സൂണ്‍ മഴ ലഭിക്കുക. അങ്ങനെയായാല്‍ ഇന്ത്യയില്‍ ഒരുലക്ഷം കോടി ടണ്‍ മഴ ലഭിക്കും! 

(അവലംബം: 1.ഇന്‍ഡിക്ക (2016), പ്രണയ് ലാല്‍; 2. ദി മണ്‍സൂണ്‍സ് (1998), പി.കെ.ദാസ്). 

* അറബിയിലും ഉര്‍ദുവിലും സീസണ്‍ എന്നര്‍ഥം വരുന്ന വാക്കാണ് 'mausum'. അതില്‍ നിന്നാണ് മണ്‍സൂണ്‍ എന്ന വാക്കുണ്ടായത്. 
- ജോസഫ് ആന്റണി 

* മാതൃഭൂമി നഗരം പേജില്‍ 2017 മെയ് 30ന് പ്രസിദ്ധീകരിച്ചത് 

No comments: