Wednesday, March 01, 2017

ജാഫര്‍പാലോട്ടിയെന്ന കടന്നലും ജാനകിഅമ്മാള്‍ എന്ന പൂമരവും



ശാസ്ത്രീയനാമങ്ങളെന്ന് കേള്‍ക്കുമ്പോഴേ ഉള്ളില്‍ പേടി തോന്നുന്നയാളാണ് ഞാന്‍-പണ്ടും ഇന്നും. മിക്കവരുടെയും സ്ഥിതി ഇതുതന്നെ. 

എന്നാല്‍, കേരളത്തില്‍ നിന്ന് അടുത്തയിടെ തിരിച്ചറിഞ്ഞ കടന്നലിന്റെ പേര് കേട്ടപ്പോള്‍ പേടിയല്ല, സന്തോഷമാണുണ്ടായത്. ഏറെ വര്‍ഷങ്ങളായി എനിക്ക് പരിചയമുള്ള സുഹൃത്ത് ഡോ.മുഹമ്മദ് ജാഫര്‍ പാലോട്ടിന്റെ പേരാണ് അതിന് നല്‍കിയിരിക്കുന്നത്-'പാരാന്‍സിസ്‌ട്രോസിറസ് ജാഫര്‍പാലോട്ടി' (Parancistrocerus jaferpaloti). സുവോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കോഴിക്കോട് മേഖലാകേന്ദ്രത്തിലെ ഗവേഷകനാണ് കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയായ ജാഫര്‍ പാലോട്ട്.  

സസ്യങ്ങളുടെയും ജീവികളുടെയും ശാസ്ത്രീയനാമമെന്ന 'ഭീകരത'യ്ക്ക് അയവ് വരുന്നത് ഇത്തരം ചില സന്ദര്‍ഭങ്ങളിലാണ്. നമുക്ക് പരിചിതമായ മലയാളം പേരുകളാണെങ്കില്‍ പ്രത്യേകിച്ചും. പേരിന് ഉടമകളായവരുടെ പ്രവര്‍ത്തനങ്ങളെ ആദരിക്കല്‍ കൂടിയാണ് ഇത്തരം പേരിടല്‍. 

ഇത്രയും പറഞ്ഞതുകൊണ്ട്, ജീവികള്‍ക്കും സസ്യങ്ങള്‍ക്കും മലയാളനാമങ്ങള്‍ നല്‍കുന്നത് പുതിയ ഏര്‍പ്പാടാണെന്ന് കരുതരുത്. ലാറ്റിന്‍വത്ക്കരിച്ച രണ്ട് വാക്കുകളില്‍ ഏത് സസ്യ / ജീവി  ഇനത്തെയും ദ്യോതിപ്പിക്കുന്നതിന് 'ദ്വിനാമകരണസമ്പ്രദായം' എന്നാണ് പറയുന്നത്. ഈ പേരിടല്‍ രീതിക്ക്  തുടക്കമിട്ട സ്വീഡിഷ് ഗവേഷകന്‍ കാള്‍ ലിനേയസ് 1753 ല്‍ പ്രസിദ്ധീകരിച്ച 'സ്പീഷീസ് പ്ലാന്റാറം' (Species Plantarum) എന്ന ഗ്രന്ഥത്തില്‍ തന്നെ സസ്യനാമങ്ങളായി ഒട്ടേറെ മലയാളം പേരുകള്‍ ഇടംപിടിച്ചിരുന്നു. പപ്പായ, തിരുതാളി, വെറ്റില, ചെമ്പകം, കണ്ടല്‍, മുരിങ്ങ, ഇലഞ്ഞി, ചിലിമ്പി (ബിലിമ്പി) എന്നിങ്ങനെ. 



തെക്കന്‍ സ്വീഡനില്‍ 1707 മെയ് 23 ന് ഒരു ലൂഥറാന്‍ വൈദികന്റെ മകനായി ജനിക്കുകയും പ്രമുഖ യൂറോപ്യന്‍ സര്‍വ്വകലാശാലകളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയും, 1742 ല്‍ ഉപ്‌സല സര്‍വ്വകലാശാലയില്‍ ബോട്ടണി മേധാവിയായി നിയമിതനാവുകയും ചെയ്ത ലിനേയസ് 1778 ലാണ് അന്തരിച്ചത്. മരിക്കും മുമ്പ് അദ്ദേഹം ഇന്നു കാണുന്ന തരത്തില്‍ ജീവലോകത്തിന്റെ ക്രമത്തിന് ബലമുള്ള അടിത്തറ സൃഷ്ടിച്ചു. 

ലിനേയസിന്റെ കാലം വരെ ജീവലോകം ക്രമരഹിതവും കുത്തഴിഞ്ഞതുമായിരുന്നു. ജീവികള്‍ക്കും സസ്യങ്ങള്‍ക്കും ഓരോ വിദഗ്ധരും തോന്നും മാതിരിയാണ് പേരിട്ടിരുന്നത്. ഇന്നത്തെ ശാസ്ത്രീയനാമങ്ങള്‍ കേട്ട് പരിഭ്രമിക്കുന്നവര്‍ അന്നത്തെ പേരുകള്‍ കേള്‍ക്കണമായിരുന്നു. ഉദാഹരണത്തിന് കാട്ടുതക്കാളിയുടെ അന്നത്തെ ശാസ്ത്രീയനാമം നോക്കുക: 'Physalis amno ramosissime ramis angulosis glabris foliis dentoserratis'. ഇതിനെ ലിനേയസ് 'ഫൈസാലിസ് ആന്‍ഗുലേറ്റ' (Physalis angulata) എന്ന് വെട്ടിയൊതുക്കി ആശയക്കുഴപ്പം അവസാനിപ്പിച്ചു. 

മാത്രമല്ല, ഒരേ ചെടിക്ക് പല വിദഗ്ധരും പല പേരുകള്‍ നല്‍കുന്നതും കടുത്ത ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. ഒരു സസ്യത്തെ അല്ലെങ്കില്‍ ജീവിയെ ലാറ്റിന്‍വത്ക്കരിച്ച രണ്ട് വാക്കുകളില്‍ നാമകരണം ചെയ്യുന്ന രീതിയാണ് ഇതിന് പരിഹാരമായി ലിനേയസ് നടപ്പിലാക്കിയത്. അതാണ് ദ്വിനാമകരണസമ്പ്രദായം. അതില്‍ ആദ്യവാക്ക് 'ജീനസി'നെയും രണ്ടാംവാക്ക് 'സ്പീഷീസി'നെയും സൂചിപ്പിക്കുന്നു. ഉദാഹരണത്തിന് നമ്മള്‍ മനുഷ്യരുടെ ശാസ്ത്രീയനാമം നോക്കുക - ഹോമോ സാപ്പിയന്‍സ്. ഇതില്‍ 'ഹോമോ' എന്നത് ജീനസിനെയും 'സാപ്പിയന്‍സ്' എന്നത് നമ്മുടെ സ്പീഷീസിനെയുമാണ് സൂചിപ്പിക്കുന്നത്. 

ഇത്രയും വായിക്കുമ്പോള്‍ സംശയം തോന്നാം, സ്വീഡനില്‍ ജനിച്ചുവളര്‍ന്ന ലിനേയസ് 1753 ല്‍ പ്രസിദ്ധീകരിച്ച ഗ്രന്ഥത്തില്‍ എങ്ങനെ ചെമ്പകവും മുരിങ്ങയും പോലുള്ള മലയാളം സസ്യനാമങ്ങള്‍ കടന്നുകൂടി എന്ന്. ലിനേയസിന് മലയാള ഭാഷ അറിയാമായിരുന്നോ?. ഇല്ല, അദ്ദേഹത്തിന് മലയാളത്തെക്കുറിച്ച് ഒരു ധാരണയുമുണ്ടായിരുന്നില്ല. പിന്നെങ്ങനെ ഇത് സംഭവിച്ചു?

ഈ ചോദ്യത്തിന്റെ ഉത്തരം കുടികൊള്ളുന്നത് 'ഹോര്‍ത്തൂസ് മലബാറിക്കൂസ്' എന്ന ഗ്രന്ഥത്തിലാണ്. ആധുനിക സസ്യവര്‍ഗീകരണശാസ്ത്രത്തിന്റെ തുടക്കമെന്ന് കരുതാവുന്ന 'സ്പീഷീസ് പ്ലാന്റാറം' തയ്യാറാക്കാന്‍ ലിനേയസ് ആശ്രയിച്ച ഗ്രന്ഥങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന്, അതിന് 75 വര്‍ഷംമുമ്പ് ഡച്ച് തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ നിന്ന് പ്രസിദ്ധീകരിച്ച 'ഹോര്‍ത്തൂസ്' ആയിരുന്നു. 1678-1693 കാലത്ത് 12 വോള്യങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട അത് അന്നത്തെ മലബാറായ കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് ആധികാരികമായി പ്രതിപാദിക്കുന്ന ഗ്രന്ഥമാണ്. കൊച്ചിയിലെ ഡച്ച് ഗവര്‍ണറായിരുന്ന ഹെന്‍ട്രിക് ആഡ്രിയാന്‍ വാന്‍ റീഡ് ആണ്, ഇട്ടി അച്യുതന്‍ എന്ന പ്രസിദ്ധ മലയാളി വൈദ്യരുടെ സഹായത്തോടെ ആ ഗ്രന്ഥം തയ്യാറാക്കിയത്. 'ഹോര്‍ത്തൂസി'ന്റെ ആധികാരികത അംഗീകരിച്ച ലിനേയസ്, അതിലെ മലയാളം സസ്യനാമങ്ങള്‍ തന്റെ നാമകരണഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. 

മലയാളം പേരുകള്‍ ജീവികളുടെയും സസ്യയിനങ്ങളുടെയും ശാസ്ത്രീയനാമമാകുന്നത് പില്‍ക്കാലത്തും തുടര്‍ന്നു. ഉദാഹരണത്തിന് യൂറോപ്പിലെ പ്രധാനപ്പെട്ട ഉദ്യാനവൃക്ഷങ്ങളിലൊന്നായ മഗ്നോളിയയുടെ ഒരു വകഭേദത്തിന്റെ പേര് മഗ്നോളിയ കോബുസ് 'ജാനകി അമ്മാള്‍' എന്നാണ്. തലശ്ശേരി സ്വദേശിയും ഇന്ത്യയിലെ ആദ്യസസ്യശാസ്ത്രജ്ഞയുമായ ഡോ.ഇ.കെ.ജാനകി അമ്മാളിന്റെ പേരിലുള്ളത്. 1940 കളില്‍ ബ്രിട്ടനില്‍ ഗവേഷണം നടത്തുന്ന കാലത്ത് മഗ്നോളിയ പൂമരത്തിന്റെ ക്രോമസോം പഠനം ജാനകി അമ്മാള്‍ കാര്യമായി നടത്തുകയുണ്ടായി. അതിന്റെ ഫലമായി രൂപപ്പെടുത്തിയ വകഭേദമാണ് ജാനികി അമ്മാളിന്റെ പേരിലുള്ള പൂമരം! 



1980 കളുടെ ആദ്യപകുതിയില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ സസ്യശാസ്ത്രജ്ഞനായിരുന്ന പ്രൊഫ.കെ.എസ്.മണിലാലും സംഘവും സൈലന്റ് വാലിയിലെ സസ്യസമ്പത്തിനെക്കുറിച്ച് ആധികാരികമായ പഠനം നടത്തുകയുണ്ടായി. ആ പഠനത്തിന്റെ ഭാഗമായി കണ്ടെത്തിയ ഒരു ഓര്‍ക്കിഡിന് സൈലന്റ് വാലിയുടെ പേര് തന്നെ അവര്‍ നല്‍കി-'കുകുമിസ് സൈലന്റ്‌വാലീയി' (പ്രൊഫ. മണിലാലിന്റെ പേരിലും ഉണ്ട് നല് സസ്യയിനങ്ങള്‍). 

ഈ കോളത്തിനായി ചില വിവരങ്ങള്‍ ആരാഞ്ഞ് എഴുതിയപ്പോള്‍, ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ പ്രസിദ്ധ ഉഭയജീവി ഗവേഷകന്‍ ഡോ.സത്യഭാമ ദാസ് ബിജു (ഡോ.എസ്.ഡി.ബിജു) അയച്ചുതന്ന ലിസ്റ്റിലെ ഒരു പേര് എന്നെ അമ്പരപ്പിച്ചു. എന്റെ പഴയ സുഹൃത്തും ബോണക്കാടിനടുത്ത് അഗസ്ത്യകൂടം താഴ്‌വരയിലെ ചാത്തന്‍കോട് ട്രൈബല്‍ സെറ്റില്‍മെന്റിലെ അംഗവുമായ മല്ലന്‍ കാണിയുടെ പേരും ഒരു ജീവിക്ക് കിട്ടിയിട്ടുണ്ട് -'മൈക്രിക്‌സാലസ് മല്ലനി'! തെക്കന്‍ പശ്ചിമഘട്ടത്തില്‍ കാണപ്പെടുന്ന ഒരിനം തവളയാണിത്. ഡോ.ബിജുവിന്റെയും സംഘത്തിന്റെയും വഴികാട്ടിയായിരുന്നു മല്ലന്‍ കാണി. 1998 ല്‍ അഗസ്ത്യകൂടം താഴ്‌വരയില്‍ മല്ലന്‍ കാണിയുടെ സഹായത്തോടെയാണ് ഈ തവളയിനത്തെ അവര്‍ തിരിച്ചറിഞ്ഞത്. 



'ഇന്ത്യയുടെ ഫ്രോഗ്മാന്‍' എന്ന വിശേഷണമുള്ള ഡോ.ബിജുവും സംഘവും കേരളത്തില്‍ നിന്ന് കണ്ടെത്തിയ ഒട്ടേറെ തളയിനങ്ങള്‍ക്ക് മലയാളം പേരുകളാണ് നല്‍കിയത്. സഹ്യാദ്രി, പൊന്‍മുടി, മൂന്നാര്‍, ഗവി, പെരിയാര്‍, നെല്ലിയാമ്പതി എന്നീ പേരുകളിലൊക്കെ തവളയിനങ്ങള്‍ക്ക് ലഭിച്ചത് അങ്ങനെയാണ്. ഡോ.ബിജുവിന്റെ പേരിലറിയപ്പെടുന്ന തവളയിനവുമുണ്ട് - 'ബെഡ്ഡോമിക്‌സാലസ് ബിജുയി'.

ശാസ്ത്രസാഹിത്യത്തില്‍ ഇടംനേടിയിട്ടുള്ള മലയാളം പേരുകള്‍ ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല. മലയാളികളായ എത്രയോ ഗവേഷകര്‍ക്ക് കിട്ടിയിട്ടുള്ള ഏക അംഗീകാരം ഒരുപക്ഷേ, അവരുടെ പേരില്‍ അറിയപ്പെടുന്ന സസ്യയിനങ്ങളോ ജന്തുക്കളോ മാത്രമായിരിക്കാം. 


( ചിത്രം 1: പാരാന്‍സിസ്‌ട്രോസിറസ് ജാഫര്‍പാലോട്ടി-ഡോ.ജാഫര്‍ പാലോട്ടിന്റെ നാമത്തിലുള്ള കടന്നല്‍. ഫോട്ടോ: സുവോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ, കോഴിക്കോട് മേഖലാകേന്ദ്രം; 2. കാല്‍ ലിനേയസ്. ചിത്രം കടപ്പാട്: വിക്കിപീഡിയ; 3. മഗ്നോളിയ കോബുസ് 'ജാനകി അമ്മാള്‍' എന്ന പൂമരം; 4. മൈക്രിക്‌സാലസ് മല്ലനി-മല്ലന്‍ കാണിയുടെ പേരിലുള്ള തവള. ഫോട്ടോ: ഡോ.എസ്.ഡി.ബിജു)

* 2017 ഫെബ്രുവരി 7ന് മാതൃഭൂമി കോഴിക്കോട് നഗരം പേജില്‍ പ്രസിദ്ധീകരിച്ചത്.

by ജോസഫ് ആന്റണി 

No comments: