Tuesday, January 31, 2017

ആനക്കുളം - ആനകളുടെ ബാര്‍....!


ഒരു ബന്ധുഭവനത്തിലെ വിവാഹത്തിനാണ് ഇടുക്കിയിലെ മാങ്കുളത്തെത്തിയത്. ഞാനും അനുജന്‍ ആന്റണിയും. ഞാന്‍ കോഴിക്കോട്ട് നിന്നും, അനുജന്‍ തിരുവവന്തപുരത്തുനിന്നും വന്നു. മൂവാറ്റുപുഴ ഞങ്ങളെ സ്വീകരിക്കാന്‍ പ്രിയസുഹൃത്ത്  അനീഷ് ചിറയ്ക്കലും കുടുംബവും ഉണ്ടായിരുന്നു. 

അടിമാലി നിന്നുള്ള ബസില്‍ മാങ്കുളത്തിറങ്ങുമ്പോള്‍ വൈകിട്ട് 6.15. ചെറുതായി ഇരുട്ട് വീണു തുടങ്ങുന്നു. ആദ്യമായി മാങ്കുളത്ത് ചെല്ലുകയാണ്. ഒരുവശത്ത് ചെങ്കുത്തായ പര്‍വ്വതക്കെട്ടും വനവും. മറുവശത്ത് മലഞ്ചെരുവികളില്‍ ഗ്രാമം നീണ്ടുകിടക്കുന്നു. മൂടല്‍മഞ്ഞിന്റെ നേരിയ ആവരണം എവിടെയുമുണ്ട്. 

ചെന്നിറങ്ങിയ പാടെ കേട്ട വാര്‍ത്ത: 'ആനക്കുളത്ത് ആനയിറങ്ങിയിട്ടുണ്ട്, നിങ്ങള്‍ കാണാന്‍ പോകുന്നോ'. ആതിഥേയനായ ചേട്ടന്‍ പെട്ടന്നൊരു ഓട്ടോറിക്ഷ ഏര്‍പ്പാടാക്കി. ഞങ്ങളെയും കൊണ്ട് ബിനോയിയുടെ ഓട്ടോ കുതിച്ചു. വളവും തിരിവും കയറ്റവുമിറക്കവും ഏറെയുള്ള പാത. അടുത്തയിടെ ടാറിട്ട് നന്നാക്കിയതുകൊണ്ട് വണ്ടിയോടിക്കാന്‍ സുഖം. മാങ്കുളത്തുനിന്ന് 9 കിലോമീറ്ററുണ്ട് ഈറ്റച്ചോലയാറിന്‍ തീരത്തെ ആനക്കുളത്തേക്ക്. 

കുറച്ചങ്ങ് നീങ്ങിയപ്പോള്‍ ഇരുട്ടിന് കനംവെച്ചു. ഹെഡ്‌ലൈറ്റിട്ട ഓട്ടോ, തൊടുത്തുവിട്ട പിഎസ്എല്‍വി റോക്കറ്റ് പോലെ കുതിക്കുകയാണ്. അധികം ഇരുട്ടാകും മുമ്പ് ഞങ്ങളെ സംഭവസ്ഥലത്തെക്കിക്കാനുള്ള തത്രപ്പാടിലാണ് ബിനോയ്. എതിരെ ഒട്ടേറെ ബൈക്കുകളും ജീപ്പുകളും ലൈറ്റിട്ട് കയറ്റം കയറി വരുന്നു. 'അതൊക്കെ ആനക്കുളത്തുനിന്ന് വരുന്ന വണ്ടികളാ....നിങ്ങള്‍ കുറച്ചുകൂടി നേരത്തെ എത്തേണ്ടതായിരുന്നു', എന്ന് പറഞ്ഞിട്ട് ബിനോയ് വീണ്ടും ഓട്ടോയുടെ സ്പീഡ് കൂട്ടി. 

'കുഴപ്പമില്ല, ഇത്ര വേഗം വേണ്ട', ഉള്ളിലൊരു വിറയലോടെ ഞാന്‍ മൂപ്പരോട് പറഞ്ഞു. സ്പീഡ് അല്‍പ്പം കുഞ്ഞു. 

ഏഴുമണിക്ക് ആനക്കുളത്തെത്തുമ്പോള്‍ അവിടെ ഉത്സവപ്രതീതി. ആനകളെ കാണാന്‍ എത്തിവര്‍, വിദേശടൂറിസ്റ്റുകളുമുണ്ട്. സമീപത്തെ ക്ഷേത്രത്തില്‍ മൈക്കില്‍ നിന്ന് പഞ്ചവാദ്യമുയരുന്നു....സ്‌പോട്ട്‌ലൈറ്റുകളുടെ വെട്ടത്തില്‍ ആറ്റിന്‍തീരത്തെ വോളീബോള്‍ കോര്‍ട്ട് വ്യക്തമായി കാണാം. ആ കളിക്കളത്തിനപ്പുറംം വേനലില്‍ ശോഷിച്ച ഈറ്റച്ചോലയാര്‍. അതിനപ്പുറം കുട്ടമ്പുഴ വനമേഖല. ആറ്റില്‍ ഇരുണ്ട് നിഴലുകള്‍ പോലെ ആനകള്‍ അനക്കമില്ലാതെ ധ്യാനത്തില്‍.....ഞങ്ങളെത്തുമ്പോള്‍ എട്ടെണ്ണമുണ്ട്, പോരുംമുമ്പ് നാലെണ്ണം കൂടി കാട്ടില്‍ നിന്നിറങ്ങി വന്നു. ഇരുട്ടില്‍ നില്‍ക്കുന്ന ആനകളുടെ അടുത്ത് മൊബൈല്‍ ക്യാമറ കൊണ്ട് കാര്യമില്ല. 

'പഞ്ചവാദ്യം ആസ്വദിക്കുന്ന കാട്ടാനകളോ', ഞാന്‍ അത്ഭുതം കൂറി. 

'അതവിടെ ഓരുണ്ട്...ആനകളത് തിന്ന് രസിക്കുവാ', എന്റെ വര്‍ത്തമാനം കേട്ടുകൊണ്ട് അടുത്തുനിന്ന പ്രായമുള്ള ചേട്ടന്‍ വിവരിച്ചു. 'അതുങ്ങള് എന്നപ്പോലെ കുറെ കഴിയുമ്പോള്‍ പൂസാകും. അതുവരെ അവരവിടെ ഉണ്ടാകും'. അപ്പഴാ ശ്രദ്ധിച്ചത് ചേട്ടന്‍ ലേശം മിനുങ്ങിയിട്ടുണ്ട്. 

പുഴയില്‍ വെള്ളംതാഴുമ്പോള്‍, അവിടെ ഒരുതരം കുമിളകള്‍ വരുമത്രേ. 'ഓര്' (ലവണാംശം) എന്നാണ് നാട്ടുകാര്‍ അതിനെ പറയുന്നത്. ഓര് തിന്ന് മത്തുപിടിക്കാനാണ് ആനകള്‍ വരുന്നത്. തൊട്ടടുത്ത് ഒരു 150 മീറ്ററിനിപ്പുളം ആളുകള്‍ നില്‍ക്കുന്നതൊന്നും ആനകള്‍ കാര്യമാക്കുന്നില്ല. 'ശരിയാ, രണ്ടെണ്ണം അകത്ത് ചെന്നാല്‍ പിന്നെ ചിലര്‍ക്ക് ഒടുക്കത്തെ ധൈര്യമല്ലേ, അതുപോലെയായിരിക്കും', ഞാനോര്‍ത്തു.

നെയ്യാര്‍ വനത്തില്‍ പണ്ട് ഒന്നുരണ്ടുതവണ ആനകളുടെ അടുത്ത് ചെന്നുപെടുകയും ജീവന്‍രക്ഷിക്കാന്‍ ഓടിത്തള്ളുകയും ചെയ്ത അനുഭവമുള്ളതുകൊണ്ട്, ചെറിയ ഭയത്തോടെയാണ് ഞാനവിടെ നിന്നത്. കുറെ കഴിഞ്ഞിട്ടും ആനകള്‍ ഞങ്ങളെ മൈന്‍ഡ് ചെയ്യുന്നില്ലെന്ന് കണ്ടപ്പോള്‍ പേടി മാറി. 

ഇന്നലെ കോഴിക്കോട്ടിന് തിരിച്ചുപോരുമ്പോള്‍ സുഹൃത്ത് അഡ്വ. സജു ഫോണില്‍ വിളിച്ചു. മാങ്കുളത്ത് പോയി വരുകയാണെന്ന് കേട്ടപ്പോള്‍ ആനക്കുളത്ത് പോയോ, ആനകളെ കണ്ടോ എന്ന് മൂപ്പര്‍ ചോദിച്ചു. സജു കുറെ നാളായി കാന്തല്ലൂരില്‍ പ്രവര്‍ത്തിക്കുന്നത് കൊണ്ട് മാങ്കുളവും ആനക്കുളവുമൊക്കെ കേട്ട് പരിചയമുണ്ട്. ഞാന്‍ തലേന്ന് വൈകിട്ടത്തെ അനുഭവം വിവരിച്ചു. പൂസായി നില്‍ക്കുന്ന ആനകളെ കണ്ട കാര്യവും പറഞ്ഞു.

അപ്പോള്‍ സജുവിന്റെ പ്രതികരണം ഇതായിരുന്നു: 'അതുശരി, അപ്പോള്‍ അത് ആനകളുടെ ബാറാണല്ലേ!'

വാസ്തവം, ഞാന്‍ മനസിലോര്‍ത്തു. ഏതായാലും അഞ്ഞൂറ് മീറ്റര്‍ പരിധിയില്‍ നാഷണല്‍ ഹൈവേ ഇല്ലാത്തത് ആനകളുടെ ഭാഗ്യം! 

(ഞങ്ങള്‍ ആനക്കുളത്ത് അന്ന് എത്തുന്നതിന് ഏതാണ്ട് ഒരു മണിക്കൂര്‍ മുമ്പ് അവിടം സന്ദര്‍ശിച്ച അനുജന്‍ ടോമി മൊബൈലിലെടുത്ത ചിത്രമാണ് ഇതോടൊപ്പം)

* 2017 ജനുവരി 7 നാണ് മാങ്കുളത്ത് പോയത്. 

#FBPost

No comments: