Thursday, June 06, 2013

പ്രിന്റ് ചെയ്‌തെടുക്കാവുന്ന തോക്കുകള്‍

കേരള പ്രസ്സ് അക്കാദമി പ്രസിദ്ധീകരണമായ 'മീഡിയ'യുടെ ജൂണ്‍ 2013 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്

'ഒരു തോക്ക് അച്ചടിച്ചുണ്ടാക്കാന്‍ പോകുന്നു'വെന്ന് 'ഡിഫന്‍സ് ഡിസ്ട്രിബ്യൂട്ടഡ്' എന്ന യു.എസ്.കമ്പനി മാസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിക്കുമ്പോള്‍, പലരും അതിനെ ഒരു കറുത്ത തമാശയായേ കണ്ടുള്ളൂ. ഇതിനകം പല കാരണങ്ങളാല്‍ വിവാദം സൃഷ്ടിച്ച് ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിച്ചിട്ടുള്ള ഒരു കമ്പനിയുടെയും അതിന്റെ 25-കാരനായ മേധാവിയുടെയും വാര്‍ത്തയിലിടം നേടാനുള്ള മറ്റൊരു വിഫലശ്രമമായി അത് വിലയിരുത്തപ്പെട്ടു.

എന്നാല്‍, കഴിഞ്ഞ മെയ് ആദ്യവാരം ടെക്‌സാസില്‍ ഓസ്റ്റിനിലെ ഊഷര പ്രദേശത്ത് വെച്ച് വെളുത്ത പ്ലാസ്റ്റിക് കളിപ്പാട്ടം പോലൊരു തോക്കില്‍നിന്ന് ഡിഫന്‍സ് ഡിസ്ട്രിബ്യൂട്ടഡ് മേധാവി കോഡി വില്‍സണ്‍ വെടിയുതിര്‍ത്തപ്പോള്‍, തോക്കുസംസ്‌ക്കാരം കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന അമേരിക്കക്കാരുടെ ഉത്ക്കണ്ഠകള്‍ക്ക് നേരെയുള്ള മറ്റൊരു നിറയൊഴിക്കലായി അത്.

താന്‍ വെടിവെയ്ക്കാനുപയോഗിച്ച തോക്കിലെ ('ലിബറേറ്റര്‍' എന്നാണ് തോക്കിന്റെ പേര്) തിരയൊഴികെ ബാക്കിയെല്ലാം ഒരു ത്രീഡി പ്രിന്ററിന്റെ സഹായത്തോടെ 'അച്ചടിച്ചെടുത്തതാ'ണെന്ന് കോഡി വില്‍സണ്‍ പറഞ്ഞു. 'ഈബേ' വഴി 8000 ഡോളറിന് വാങ്ങിയ ത്രീഡി പ്രിന്ററാണ്, തോക്കിന്റെ വിവിധ ഭാഗങ്ങള്‍ രൂപപ്പെടുത്താന്‍ ഉപയോഗിച്ചത്. മാത്രമല്ല, തോക്ക് നിര്‍മിക്കാനുപയോഗിച്ച കമ്പ്യൂട്ടര്‍ രൂപരേഖ ആര്‍ക്ക് വേണമെങ്കിലും ഡൗണ്‍ലോഡ് ചെയ്യാന്‍ പാകത്തില്‍ ഓണ്‍ലൈനില്‍ സൗജന്യമായി നല്‍കുന്നതായും വില്‍സണ്‍ പ്രഖ്യാപിച്ചു.

ആര്‍ക്ക് വേണമെങ്കിലും ലോകത്തെവിടെയിരുന്നും ഇന്റര്‍നെറ്റില്‍നിന്ന് ആ ഡിസൈന്‍ ഡൗണ്‍ലോഡ് ചെയ്ത് ത്രീഡി പ്രിന്ററുപയോഗിച്ച് തോക്ക് നിര്‍മിക്കാം!

അമേരിക്കക്കാരുടെ ഉത്ക്കണ്ഠകള്‍ക്ക് കടുംനിറം ചാര്‍ത്തിക്കൊണ്ട്, വെറും അഞ്ചുദിവസംകൊണ്ട് തോക്കിന്റെ രൂപരേഖ ഒരുലക്ഷം തവണ ഇന്റര്‍നെറ്റ് വഴി ഡൗണ്‍ലോഡ് ചെയ്യപ്പെട്ട കാര്യം ബി.ബി.സി.റിപ്പോര്‍ട്ട് ചെയ്തു. സ്വാഭാവികമായും യു.എസ്.ഭരണകൂടം ഇടപെട്ടു. തോക്കിന്റെ ഡിസൈന്‍ ഇന്റര്‍നെറ്റില്‍നിന്ന് നീക്കംചെയ്യാന്‍ ഡിഫന്‍സ് ഡിസ്ട്രിബ്യൂട്ടഡിനോട് അധികൃതര്‍ ആവശ്യപ്പെട്ടു.


തോക്കുകളുമായി ബന്ധപ്പെട്ട് അമേരിക്കന്‍ സമൂഹവും സര്‍ക്കാരും പുലര്‍ത്തുന്ന ആശങ്കകള്‍ അവിടെ നില്‍ക്കട്ടെ. ഈ സംഭവത്തില്‍ അടങ്ങിയിരിക്കുന്ന മറ്റൊരു സംഗതിയിലേക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കാനാണ് ഇതിവിടെ വിവരിച്ചത്.

ഇതില്‍ ഏറ്റവും ശ്രദ്ധേയമായ സംഗതി തോക്ക് 'പ്രിന്റ് ചെയ്‌തെടുക്കാന്‍' കഴിഞ്ഞു എന്നതാണ്. രണ്ടാമത്തെ കാര്യം വിപണിയില്‍ വാങ്ങാന്‍ കിട്ടുന്ന ഒരു ത്രീഡി പ്രിന്റര്‍ ആണ് തോക്ക് നിര്‍മാണത്തിന് ഉപയോഗിച്ചത്. ഓണ്‍ലൈനില്‍ ലഭ്യമായ രൂപരേഖ ഡൗണ്‍ലോഡ് ചെയ്ത് ഒരുപകരണം നിര്‍മിക്കാന്‍ (ത്രീഡി പ്രിന്റര്‍ ഉണ്ടെങ്കില്‍) ആര്‍ക്ക് വേണമെങ്കിലും കഴിയും എന്നതാണ് മൂന്നാമത്തെ സംഗതി.

തോക്കായതുകൊണ്ട് ഡിഫന്‍സ് ഡിസ്ട്രിബ്യൂട്ടഡിന്റെ നീക്കം സ്വാഭാവികമായും വിവാദവും ഉത്ക്കണ്ഠയും സൃഷ്ടിച്ചു. എന്നാല്‍, നിങ്ങളുടെ പാദത്തിന് യോജിക്കുന്ന ഷൂസാണ് ഇത്തരത്തില്‍ നിര്‍മിക്കാന്‍ കഴിയുന്നതെങ്കിലോ, അല്ലെങ്കില്‍ അടുക്കളയിലെ ഒരു ഉപകരണം, അതുമല്ലെങ്കില്‍ സൈക്കിളിന്റെ കേടായ സീറ്റ്.......എത്ര അമ്പരപ്പിക്കുന്ന സംഗതിയാകും അതല്ലേ!

ചിലര്‍ക്കെങ്കിലും ഇത് കേള്‍ക്കുമ്പോള്‍ അമ്പരപ്പുണ്ടാകും എന്നത് വാസ്തവമാണ്. പക്ഷേ, സംഭവം സത്യമാണ്. കമ്പ്യൂട്ടര്‍, ഓണ്‍ലൈന്‍ സാങ്കേതികവിദ്യകളുടെ പിന്തുണയോടെ പാശ്ചാത്യലോകത്ത് പുതിയൊരു നിര്‍മാണപ്രക്രിയ പ്രചാരത്തില്‍ വന്നുകൊണ്ടിരിക്കുകയാണ്. ആവശ്യമുള്ള ഉപകരണത്തിന്റെ രൂപരേഖ കാശുകൊടുത്തോ, അതല്ലെങ്കില്‍ സൗജന്യമായോ ഓണ്‍ലൈന്‍ വഴി ഡൗണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറില്‍ ലോഡ് ചെയ്യുക. എന്നിട്ട് ആ രൂപരേഖയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുക (ആവശ്യമെങ്കില്‍). അതിന് ശേഷം കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ചിരിക്കുന്ന ത്രീഡി പ്രിന്ററുപയോഗിച്ച് ഉപകരണം 'പ്രിന്റ് ചെയ്‌തെടുക്കുക'.

ഇതൊക്കെ നടക്കുന്ന കാര്യമാണോ എന്ന് ചിലരെങ്കിലും ചോദിച്ചേക്കാം. എങ്കില്‍ല്‍, കേള്‍ക്കുക : നിലവില്‍ ആയിരത്തിലേറെ ഉപകരണങ്ങളുടെയും വസ്തുക്കളുടെയും ത്രീഡി രൂപരേഖകള്‍ ലഭ്യമാണ്. ത്രീഡി പ്രിന്ററുപയോഗിച്ച് അവ നിര്‍മിക്കുകയുമാകാം. ആഭരണങ്ങളും പാദരക്ഷകളും അടുക്കള സാധനങ്ങളും വാഹനങ്ങളുടെ പരീക്ഷണ മാതൃകകളും കെട്ടിടങ്ങളുടെയും മറ്റ് അടിസ്ഥാനസൗകര്യ സംവിധാനങ്ങളുടെയും മാതൃകകള്‍ ഒക്കെ അതില്‍ പെടുന്നു.

പുതിയ നിര്‍മാണവിദ്യ

'ഒരു ഡിജിറ്റല്‍ മാതൃകയെ അടിസ്ഥാനമാക്കി ഏത് ആകൃതിയിലുള്ള ത്രീമാന രൂപവും ഉപകരണവും നിര്‍മിക്കാനുള്ള പ്രക്രിയ'യെന്നാണ് ത്രീഡി പ്രിന്റിങിനെ വിക്കിപീഡിയ വിശദീകരിക്കുന്നത്.

കമ്പ്യൂട്ടറില്‍ ശേഖരിച്ചിട്ടുള്ള, അല്ലെങ്കില്‍ ഓണ്‍ലൈനില്‍ ഡൗണ്‍ലോഡ് ചെയ്‌തെടുത്ത ടെക്‌സ്റ്റ് ഫയലുകളും ചിത്രങ്ങളും സാധാരണ ടെസ്‌ക് ടോപ്പ് പ്രിന്ററുകള്‍ ഉപയോഗിച്ച് അച്ചടിക്കുന്ന രീതിയുണ്ടല്ലോ. അതിന് ഏതാണ്ട് സമാനമാണ് ത്രീഡി പ്രിന്റിങ്. ഇവിടെ ഡൗണ്‍ലോഡ് ചെയ്‌തെടുക്കുന്ന ഡിജിറ്റല്‍ രൂപരേഖ ഉപയോഗിച്ച് ത്രിമാനരൂപങ്ങളെ സൃഷ്ടിക്കുകയാണ് ചെയ്യുക എന്ന വ്യത്യാസമേയുള്ളൂ.


നിര്‍മിക്കേണ്ട ഉപകരണത്തിന്റെ അല്ലെങ്കില്‍ മാതൃകയുടെ രൂപരേഖ കമ്പ്യൂട്ടറില്‍ ലോഡ് ചെയ്യുക എന്നതാണ് ത്രിമാന പ്രിന്റിങിന്റെ ആദ്യപടി. എന്നിട്ട്, ത്രീഡി പ്രിന്ററിലെ 'പ്രിന്റ്' ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ നിര്‍മാണം തുടങ്ങുകയായി. പ്ലാസ്റ്റിക്ക്, ലോഹങ്ങള്‍ തുടങ്ങിയവയുടെ പൗഡറാണ് ത്രീഡി പ്രിന്റിങിലെ 'മഷി'. ആ മഷിയുപയോഗിച്ച് ഒരു സമയത്ത് ഒരു പാളി (layer) എന്ന തോതിലാണ് നിര്‍മാണം പുരോഗമിക്കുക. ഇങ്ങനെ പാളികള്‍ പാളികളായി കൂട്ടിച്ചേര്‍ക്കപ്പെടുന്ന പ്രക്രിയയായതിനാല്‍, 'അഡിറ്റീവ് മാനുഫാക്ച്ചറിങ്' (Additive manufacturing) എന്ന് ത്രീഡി പ്രിന്റിങ് അറിയപ്പെടുന്നു (ഓരോ പാളികളായി കൂട്ടിച്ചേര്‍ക്കപ്പെടുന്നതിനാല്‍ പെട്ടന്ന് നിര്‍മാണം പൂര്‍ത്തിയാകില്ല എന്നതാണ് ത്രീഡി പ്രിന്റിങിന്റെ ഒരു പ്രധാന പോരായ്മയായി വിലയിരുത്തപ്പെടുന്നത്).

മഷിയായി ഉപയോഗിക്കുന്ന പൗഡറിനെ ലേസറിന്റെ സഹായത്തോടെ ചൂടാക്കി ഉരുക്കി ഘനീഭവിപ്പിച്ച്, അതിസൂക്ഷ്മമായ രീതിയില്‍ രൂപരേഖയിലെ അതേ ത്രിമാന ആകൃതി സൃഷ്ടിക്കാന്‍ സാധിക്കുന്നു. പ്രായോഗികമായി ത്രിമാനരൂപമാക്കാന്‍ ബുദ്ധിമുട്ടുള്ള ഏത് ആകൃതിയും ത്രിമാന പ്രിന്റിങിന്റെ സഹായത്തോടെ സൃഷ്ടിക്കാന്‍ കഴിയും.

ഉപകരണമോ മാതൃകയോ വ്യത്യാസപ്പെടുന്നതുകൊണ്ട് ഉത്പാദന പ്രക്രിയ അപ്പാടെ മാറ്റേണ്ട സ്ഥിതി ഇല്ല. ഇതില്‍ പ്രിന്റര്‍ ഒന്നു മതി, ഡിജിറ്റല്‍ രൂപരേഖ മാത്രം മാറിയാല്‍ മതി!

ഉപകരണങ്ങളുടെ നിര്‍മാണം (മാനുഫ്ക്ച്ചറിങ്) എന്നത് നിലവില്‍ വലിയ മുതല്‍ മുടക്കുള്ള ഒന്നാണ്; ഫാക്ടറികള്‍ വേണം, മാനവവിഭവശേഷി കാര്യമായി വേണം, ഏറെ ഘടകവസ്തുക്കള്‍ പാഴാവുകയും ചെയ്യും. ഭാവിയില്‍ അത്തരം ഫാക്ടറികള്‍ ചിലപ്പോള്‍ വേണ്ടി വരില്ല. കാരണം, നിങ്ങള്‍ക്കാവശ്യമായ ഉപകരണത്തിന്റെ രൂപരേഖ ഓണ്‍ലൈന്‍ വഴി സംഘടിപ്പിച്ച് (കാശുകൊടുത്തോ അല്ലാതെയോ) അതുമായി അടുത്തുള്ള ത്രീഡി പ്രിന്റിങ് കേന്ദ്രത്തിലെത്തി സാധനം പ്രിന്റ് ചെയ്‌തെടുക്കാം. അല്ലെങ്കില്‍, സ്വന്തം വീട്ടിലെ ത്രീഡി പ്രിന്ററില്‍ അത് നിര്‍മിക്കാം. ഘടകവസ്തുക്കള്‍ തീരെ പാഴാകില്ല എന്നതാണ് ഈ ഉത്പാദനത്തിന്റെ പ്രത്യേകത. അതുകൊണ്ട് മലിനീകരണവും വളരെ കുറവായിരിക്കും.

ഉത്പാദനരംഗത്തെ പ്രതാപം അമേരിക്കയ്ക്ക് വീണ്ടെടുക്കാന്‍ സഹായിക്കുന്നതെന്ന് പ്രസിഡന്റ് ബാരക് ഒബാമ വിശേഷിപ്പിച്ച സങ്കേതമാണ് ത്രീഡി പ്രിന്റിങ്. അമേരിക്കയിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലുമാണ് ത്രീഡി പ്രിന്റിങ് വ്യാപകമായിക്കൊണ്ടിരിക്കുന്നത്. ഈ സങ്കേതത്തിന്റെ സാധ്യത ആദ്യം മനസിലാക്കിയ കിഴക്കന്‍ രാജ്യം ചൈനയാകണം. ചൈനയില്‍ ത്രീഡി പ്രിന്ററുകള്‍ മാത്രമുള്ള ഫാക്ടറികള്‍ വരെ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. ചൈനീസ് നിര്‍മിത കളിപ്പാട്ടങ്ങളില്‍ ഒരു ചെറിയ പങ്കെങ്കിലും ഇപ്പോള്‍ ത്രീഡി പ്രിന്റിങിന്റെ സാഹായത്തോടെ നിര്‍മിക്കുന്നവയാണ്.

പഴയ വിദ്യ; പുതിയ സാധ്യത

മൊബൈല്‍ ഫോണുകളുടെ ചരിത്രം തുടങ്ങുന്നത് 1970 കളിലാണ്. എന്നാല്‍, ലോകമൊരു മൊബൈല്‍ വിപ്ലവത്തിന്റെ പിടിയില്‍ പെടുന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലും. ഇതിന് ഏറെക്കുറെ സമമാണ് ത്രീഡി പ്രിന്റിങ് സങ്കേതത്തിന്റെ ചരിത്രവും.

1970 കള്‍ മുതല്‍ ത്രീഡി പ്രിന്റിങ് രംഗത്തുണ്ട്. യന്ത്രങ്ങളുടെയും വാഹനങ്ങളുടെയുമൊക്കെ ത്രിമാന മാതൃകകള്‍ നിര്‍മിക്കാനാണ് ഇത് ആദ്യകാലത്ത് ഉപയോഗിച്ചിരുന്നത്. വന്‍കിട കമ്പനികള്‍ക്കും സംഘടനകള്‍ക്കുമൊക്കെ മാത്രമേ ത്രിമാന പ്രിന്റിങ് സങ്കേതം ഉപയോഗിക്കാനുള്ള ത്രാണി ഉണ്ടായിരുന്നുള്ളൂ. ത്രീഡി പ്രിന്ററുകള്‍ക്ക് അത്ര ഭീമമായ ചെലവ് വേണ്ടിയിരുന്നു. അതുകൊണ്ട് ത്രിമാന പ്രിന്റിങ് അധികമാരുടെയും ശ്രദ്ധയാകര്‍ഷിച്ചില്ല.

എന്നാല്‍, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ വരവോടെ കാര്യങ്ങള്‍ മാറാന്‍ തുടങ്ങി. ചെലവു കുറഞ്ഞ ത്രീഡി പ്രിന്ററുകള്‍ നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി. മാത്രമല്ല, ത്രിമാന ഉപകരണങ്ങളുടെ ഡിജിറ്റല്‍ മാതൃകകള്‍ ഉണ്ടാക്കാന്‍ സഹായിക്കുന്ന മികച്ച സോഫ്റ്റ്‌വേറുകളും രംഗത്തെത്തി. ഓണ്‍ലൈന്‍ വഴി അത്തരം ഡിജിറ്റല്‍ ഡിസൈന്‍ കൈമാറുന്നതും എളുപ്പമായി.

പാശ്ചാത്യലോകത്ത് വ്യാപകമായി വിപണനം ചെയ്യപ്പെട്ട ആദ്യ ത്രീഡി പ്രിന്റര്‍ 2012 ഒക്ടോബറിലാണ് വിപണിയിലെത്തിയത്. 'മേക്കര്‍ബോട്ട് റിപ്ലിക്കേറ്റര്‍ 2' (MakerBot Replicator 2) എന്ന ആ പ്രിന്ററിന്റെ വില 2,200 ഡോളര്‍ (1.18 ലക്ഷം രൂപ) ആയിരുന്നു. ഇതത്ര വലിയ വിലയാണെന്ന് കരുതുന്നവര്‍ ഓര്‍ക്കുക : 1983 ല്‍ എച്ച് പി വിപണിയിലെത്തിച്ച ആദ്യ ഡെസ്‌ക് ടോപ്പ് പ്രിന്ററിന്റെ വില 12,800 ഡോളര്‍ ആയിരുന്നു!


എങ്കിലും സാധാരണക്കാര്‍ക്ക് ഇപ്പോഴും ത്രീഡി പ്രിന്റര്‍ താങ്ങാന്‍ പറ്റുന്നതിലും വിലയേറിയതാണ്. ഭാവിയില്‍ ഈ സ്ഥിതി മാറിക്കൂടെന്നില്ല. ഡിജിറ്റല്‍ രംഗത്തെ ഏത് ഉപകരണത്തിന്റെ കഥയെടുത്താലും ചരിത്രം അതാണ് പറയുന്നത്. പത്തുവര്‍ഷം മുമ്പ് വലിയ വില കൊടുത്ത് വാങ്ങേണ്ടിയിരുന്ന ഡിജിറ്റല്‍ ക്യാമറകളുടെ വില ഇപ്പോള്‍ എത്ര താണിരിക്കുന്നുവെന്ന കാര്യം ഉദാഹരണം.

വാഹനങ്ങളുടെ എഞ്ചിനുകള്‍, വിമാനത്തിന്റെ ചിറകുകള്‍ തുടങ്ങിയവ സങ്കീര്‍ണ ത്രീമാനരൂപങ്ങളാണ്. ഇതുപോലുള്ളവയുടെ പരീക്ഷണ മാതൃകകള്‍ സൃഷ്ടിക്കാനാണ് ഇപ്പോള്‍ ത്രീഡി പ്രിന്റിങ് പ്രധാനമായും ഉപയോഗിക്കുന്നത്. സാധാരണഗതിയില്‍ മാസങ്ങളെടുക്കുന്ന വലിയ പണച്ചെലവുള്ള ഇത്തരം മാതൃകാ നിര്‍മാണങ്ങള്‍ ആഴ്ചകള്‍ക്കൊണ്ട്, അധികം ചെലവില്ലാതെ പൂര്‍ത്തിയാക്കാന്‍ ത്രീഡി പ്രിന്റിങ് വഴി കഴിയും.

മാതൃകകള്‍ മാത്രമല്ല, പൂര്‍ണതോതിലുള്ള ഒട്ടേറെ ഉത്പന്നങ്ങളും ത്രീഡി പ്രിന്റിങ് വഴി നിര്‍മിക്കപ്പെടുന്നുണ്ട്. നിലവില്‍ ത്രീഡി പ്രിന്റിങിലൂടെ ഉണ്ടാക്കുന്നവയില്‍ 20 ശതമാനം മാത്രമാണ് പൂര്‍ണതോതിലുള്ള ഉത്പന്നങ്ങള്‍. 2020 ആകുമ്പോഴേക്കും അത് 50 ശതമാനമാകുമെന്ന്, ഈ രംഗത്തെക്കുറിച്ച് പഠിക്കുന്ന ടെറി വോലേഴ്‌സ് കുറച്ചുനാള്‍ മുമ്പ് 'ദി എക്കണോമിസ്റ്റി'നോട് പറയുകയുണ്ടായി.

ആഭരണവ്യവസായം, വിദ്യാഭ്യാസം, മെഡിക്കല്‍, ഡെന്റല്‍ വ്യവസായങ്ങള്‍, സിവില്‍ എന്‍ജിനിയറിങ് തുടങ്ങി, ഫോസിലുകളുടെ മാതൃക നിര്‍മാണം തുടങ്ങി അസംഖ്യം മേഖലകളില്‍ ത്രിമാന പ്രിന്റിങിന്റെ സാധ്യതകള്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന് വിലയിരുത്തപ്പെടുന്നു. ഈ വിദ്യ ഉപയോഗിച്ച് കൃത്രിമ അവയവങ്ങളും ശരീരഭാഗങ്ങളും വരെ നിര്‍മിക്കാന്‍ ശ്രമം നടന്നു വരുന്നു.

ത്രീഡി പ്രിന്റിങിന്റെ സാധ്യതകളെക്കുറിച്ച് 'ദി എക്കണോമിസ്റ്റ്' നടത്തിയ നിരീക്ഷണം ശ്രദ്ധേയമാണ്. 1750 ല്‍ ആവിയന്ത്രം ആദ്യം പ്രത്യക്ഷപ്പെട്ടപ്പോള്‍, അല്ലെങ്കില്‍ 1450 ല്‍ അച്ചടിയന്ത്രം രംഗത്തെത്തിയപ്പോള്‍, അതുമല്ലെങ്കില്‍ 1950 ല്‍ ട്രാന്‍സിസ്റ്റര്‍ വന്നപ്പോള്‍ - അവയുടെ ഭാവി സാധ്യതകള്‍ വേണ്ടവിധം മനസിലാക്കാന്‍ അധികമാര്‍ക്കും കഴിഞ്ഞിട്ടുണ്ടാകില്ല. അതുപോലെയാണ് ത്രിമാന പ്രിന്റിങിന്റെ കാര്യവും. ഭാവിയുടെ വിദ്യയാണത്, ഭാവിയെ അടിമുടി മാറ്റാന്‍ സഹായിച്ചേക്കാവുന്ന സാങ്കേതികവിദ്യ.

(അവലംബം, കടപ്പാട് : 1. BBC News; 2. Wikipedia; 3. The Printed World, The Economist, Feb 10, 2011; 4. A new brick in the Great Wall, The Economist, April 27, 2013; 5. A 3-D Printed Gun, MIT Technology Review, May 3, 2013)

3 comments:

Joseph Antony said...

കമ്പ്യൂട്ടര്‍, ഓണ്‍ലൈന്‍ സാങ്കേതികവിദ്യകളുടെ പിന്തുണയോടെ പാശ്ചാത്യലോകത്ത് പുതിയൊരു നിര്‍മാണപ്രക്രിയ പ്രചാരത്തില്‍ വന്നുകൊണ്ടിരിക്കുകയാണ്. ആവശ്യമുള്ള ഉപകരണത്തിന്റെ രൂപരേഖ കാശുകൊടുത്തോ, അതല്ലെങ്കില്‍ സൗജന്യമായോ ഓണ്‍ലൈന്‍ വഴി ഡൗണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറില്‍ ലോഡ് ചെയ്യുക. എന്നിട്ട് ആ രൂപരേഖയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുക (ആവശ്യമെങ്കില്‍). അതിന് ശേഷം കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ചിരിക്കുന്ന ത്രീഡി പ്രിന്ററുപയോഗിച്ച് ഉപകരണം 'പ്രിന്റ് ചെയ്‌തെടുക്കുക'.

ajith said...

ടെക്നോളജി പോകുന്ന പോക്കേയ്...........!!

അതുപോട്ടെ, ഇതുകൊണ്ട് “രൂഫാ” ഉണ്ടാക്കാന്‍ പറ്റ്വോ?

Unknown said...

ആധുനിക ടെക്നോളജി നല്ല കാര്യങ്ങൾക്കുപയോഗിച്ച് പുരോഗതി കൈവരിയ്ക്കുക എന്നതിനേക്കാൾ, സമൂഹത്തിന് നാശം വിതയ്ക്കുന്ന രീതിയിൽ ഉപയോഗപ്പെടുത്തുവാനാണല്ലോ ഇന്നത്തെ തലമുറയ്ക്ക് താത്പര്യം... അതിന്റെ ചെറിയ ഒരു ഉദാഹരണം മാത്രമാണ് ഇത്...

ഈ ടെക്നോളജികൾ ഇനി എന്നാണാവോ നമ്മുടെ നാട്ടിൽ നാശം വിതച്ചു തുടങ്ങുന്നത്...

അജിത്തേട്ടാ... രൂഫാ ഉണ്ടാക്കൻ ഈ 8000 ഡോളറിന്റെ പ്രിന്ററിന്റെ ഒന്നുമാവശ്യമില്ല.... പണി അറിയാമെങ്കിൽ നമ്മുടെ 2000രൂഫയുടെ ഇങ്ക്ജെറ്റ് പ്രിന്റർ തന്നെ ധാരാളം...:)