Saturday, February 27, 2010

സൂക്ഷ്മജീവികളുടെ ശബ്ദം!

വിദഗ്ധനായ ഒരു മെക്കാനിക്കിന് കാര്‍എഞ്ചിന്റെ ശബ്ദം ശ്രദ്ധിച്ചാല്‍ കുഴപ്പമെന്താണെന്ന് മിക്കവാറും മനസിലാക്കാന്‍ സാധിക്കും. അത്തരത്തില്‍, രോഗാണുക്കളെ ഔഷധതന്മാത്രകള്‍ വകവരുത്തുന്നതിന്റെയും കോശങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന്റെയും മറ്റും ശബ്ദം 'കേട്ട്' കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിയുമോ? സൂക്ഷ്മജീവികളുടെയും തന്മാത്രകളുടെയുമൊക്കെ ശബ്ദം എങ്ങനെയിരിക്കും. അതറിയാന്‍ പുതിയൊരു സങ്കേതം ആവിഷ്‌ക്കരിച്ചിരിക്കുകയാണ് ബ്രിട്ടീഷ് ഗവേഷകര്‍.

നഗ്നനേത്രങ്ങള്‍കൊണ്ട് കാണാന്‍ കഴിയാത്തവയെ സൂക്ഷ്മദര്‍ശനി എങ്ങനെയാണോ കാണിച്ചു തരുന്നത്, അത്തരത്തില്‍ സൂക്ഷ്മലോകത്തെ ശബ്ദങ്ങള്‍ കേള്‍ക്കാന്‍ സഹായിക്കുന്ന 'സൂക്ഷ്മശ്രാവി' (micro-ear)ക്കാണ് പുതിയ സങ്കേതത്തിന്റെ സഹായത്തോടെ ഗവേഷകര്‍ രൂപംനല്‍കുന്നത്. കോശങ്ങളുടെ പ്രവര്‍ത്തനവും തന്മാത്രകളുടെ കൂട്ടിമുട്ടലുകളില്‍ പുറപ്പെടുന്ന ശബ്ദവുമൊക്കെ സൂക്ഷ്മശ്രാവി നമുക്ക് കേള്‍പ്പിച്ചു തരും. ഭാവിയില്‍ സാധാരണ ലബോറട്ടറി ഉപകരണമാകാന്‍ സാധ്യതയുള്ള ഒന്നാണിതെന്ന് ഗവേഷകര്‍ കരുതുന്നു.

ബ്രിട്ടനിലെ ഗ്ലാസ്‌കോ സര്‍വകലാശാല, ഓക്‌സ്ഫഡ് സര്‍വകലാശാല, നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കല്‍ റിസര്‍ച്ച് എന്നിവിടങ്ങളിലെ ഗവേഷകര്‍ സഹകരിച്ചാണ് സൂക്ഷ്മശ്രാവി നിര്‍മിക്കുന്നത്. നിലവിലുള്ള ഒരു ലേസര്‍സങ്കേതം പരിഷ്‌ക്കരിച്ചാണ് പുതിയ ഉപകരണത്തിനായി ഉപയോഗിക്കുന്നത്. തന്മാത്രാ തലത്തിലുള്ള സൂക്ഷ്മബലങ്ങള്‍ അളക്കാന്‍ ഉപയോഗിക്കുന്ന 'ഓപ്ടിക്കല്‍ ട്വീസറുകളി' (optical tweezers) ലെ ലേസര്‍വിദ്യയാണത്.
പ്ലാസ്റ്റിക്കിന്റെയോ ഗ്ലാസിന്റെയോ ചെറുമൊട്ടുകള്‍ (തലമുടിയുടെ കനത്തിന്റെ നൂറിലോന്ന് ഭാഗം വിസ്താരമുള്ള) ലേസര്‍ കിരണങ്ങളുടെ സഞ്ചാരപാതയില്‍ സ്ഥാപിക്കുകയാണ് ഈ സങ്കേതത്തില്‍ ചെയ്യുക. തന്മാത്രാതലതത്തിലെ സൂക്ഷ്മബലങ്ങളുടെ സ്വാധീനത്താല്‍ ഇത്തരം ചെറുമൊട്ടുകള്‍ക്കുണ്ടാകുന്ന ചലനം മനസിലാക്കാനും ബലം അളക്കാനും സാധിക്കും.

'സൂക്ഷ്മപ്രതികരണങ്ങള്‍ മനസിലാക്കാനുള്ള ഓപ്ടിക്കല്‍ ട്വീസറുകളുടെ സാധ്യത സൂക്ഷ്മശ്രാവിയായി പരിവര്‍ത്തനം ചെയ്യുകയാണ് ഞങ്ങള്‍ ഇതിലൂടെ'- പദ്ധതിക്ക് നേതൃത്വം നല്‍കുന്ന ഗ്ലാസ്‌കോ സര്‍വകലാശാലയിലെ പ്രൊഫ. ജോന്‍ കൂപ്പര്‍ അറിയിക്കുന്നു. 'പികോന്യൂട്ടണ്‍ (piconewton) ബലങ്ങള്‍ അളക്കാനും അതില്‍ മാറ്റങ്ങള്‍ വരുത്താനും ഓപ്ടിക്കല്‍ ട്വീസറുകള്‍ക്ക് കഴിയും'-അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. (മേശപ്പുറത്ത് നിശ്ചലമായിരിക്കുന്ന ഉപ്പുതരി പ്രയോഗിക്കുന്ന ബലത്തിന്റെ പത്തുലക്ഷത്തിലൊരംശമാണ് ഒരു പികോന്യൂട്ടണ്‍ ബലം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്).

ഓപ്ടിക്കല്‍ ട്വീസറുകളുടെ കാര്യത്തില്‍ പല ഗവേഷകരും ഒരു ലേസര്‍ കിരണമാണ് ഒരു മൊട്ടുമായി ബന്ധിപ്പിക്കുക. എന്നാല്‍, വലയരൂപത്തില്‍ ക്രമീകരിച്ചിരിക്കുന്ന മൊട്ടുകളാണ് സൂക്ഷ്മശ്രാവിയില്‍ ഉപയോഗിക്കുന്നത്. 'കേള്‍ക്കേണ്ട' സൂക്ഷ്മവസ്തുവിന് ചുറ്റുമായാണ് മൊട്ടുകള്‍ ക്രമീകരിക്കുക. അല്ലെങ്കില്‍, വലയരൂപത്തില്‍ ക്രമീകരിച്ചിരിക്കുന്ന മൊട്ടുകള്‍ക്കുള്ളില്‍ സൂക്ഷ്മവസ്തുവിനെ വെയ്ക്കുന്നു. സൂക്ഷ്മവസ്തുവുണ്ടാക്കുന്ന ശബ്ദത്തിന്റെ കമ്പനങ്ങള്‍ മൊട്ടുകളെ ചലിപ്പിക്കും. 'ഇത് ശരിക്കും മൈക്രോഫോണിലെ ഡയഫ്രം പോലെയാണ്'-ഗവേഷണസംഘത്തില്‍ പെട്ട പ്രൊഫ. മൈല്‍സ് പാഡ്‌ജെറ്റ് പറയുന്നു.

ഒരു ഹൈസ്പീഡ് ക്യാമറയുടെ സഹായത്തോടെ, വലയരൂപത്തില്‍ ക്രമീകരിച്ചിട്ടുള്ള മൊട്ടുകളുടെ ചലനം നിരീക്ഷിക്കുകയും അതിന്റെ ഉറവിടം മനസിലാക്കുകയും ചെയ്യാം. കമ്പനം ചെയ്യുന്ന മൊട്ടുകളെ ഒരു സ്പീക്കറുമായി ഘടിപ്പിച്ചാല്‍, സൂക്ഷ്മജീവി അല്ലെങ്കില്‍ തന്മാത്രയുണ്ടാക്കുന്ന ശബ്ദം കേള്‍ക്കാനാകും. 'ബ്രൗണിയന്‍ ചലനം' (Brownian motion) സൃഷ്ടിക്കുന്ന ശബ്ദം റിക്കോര്‍ഡ് ചെയ്യാന്‍ ഇതിനകം ഗവേഷകര്‍ക്ക് സാധിച്ചു. ഈ സങ്കേതത്തിന്റെ അടിസ്ഥാന ഘടകങ്ങള്‍ മെച്ചപ്പെടുത്തുന്ന ഗവേഷണം തുടരുകയാണ്.

സൂക്ഷ്മശ്രാവി നിര്‍മിച്ചു കഴിഞ്ഞാല്‍ ഗവേഷകരുടെ ആദ്യലക്ഷ്യം ഇ-കോളി പോലുള്ള ബാക്ടീരിയകളുടെ സഞ്ചാരത്തെക്കുറിച്ച് പഠിക്കുകയാണ്. ബാക്ടീരിയകളുടെ സഞ്ചരം സാധ്യമാക്കുന്നത് 'ഫ്‌ലജല്ല' (flagella) യെന്ന സംവിധാനമാണ്. അതെപ്പറ്റി പഠിക്കുക വഴി ആ സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനം കൂടുതല്‍ ആഴത്തില്‍ മനസിലാക്കാന്‍ സാധിക്കും. ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ ഡോ. റിച്ചാര്‍ഡ് ബെറിയും സംഘവുമാണ് ഇക്കാര്യം പഠിക്കുക. വ്യത്യസ്ത ഫഌജല്ല സംവിധാനമുള്ള മറ്റ് സൂക്ഷ്മജീവികളെക്കുറിച്ചും കൂടുതല്‍ അറിയാന്‍ പുതിയ സങ്കേതം വഴിയൊരുക്കും.(കടപ്പാട്: ബി.ബി.സി)

Friday, February 26, 2010

ബ്ലൂംബോക്‌സ് വൈദ്യുതരംഗത്തെ 'മാന്ത്രികപ്പെട്ടി'യാകുമോ

പവര്‍ലൈനുകളും പവര്‍പ്ലാന്റുകളും ഇല്ലാത്ത കാലത്തെക്കുറിച്ച് ചിന്തിച്ചു നോക്കൂ. ഓരോ വീട്ടിലും ആവശ്യമായ വൈദ്യുതി അവിടെ തന്നെ ഉത്പാദിപ്പിക്കപ്പെടുന്ന സ്ഥിതി. പുകയില്ല, ശബ്ദമില്ല, പരിസ്ഥിതിക്ക് ദോഷമില്ല. ഇത് ഭാവിയിലെപ്പോഴെങ്കിലും സൗരോര്‍ജസെല്ലുകള്‍ വഴി സംഭവിച്ചേക്കാവുന്ന കാര്യമല്ല. ഇന്ത്യക്കാരനായ അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ കെ.ആര്‍. ശ്രീധരന്‍ അവകാശപ്പെടുന്നത് ശരിയാണെങ്കില്‍, അദ്ദേഹത്തിന്റെ കമ്പനി വികസിപ്പിച്ച 'ബ്ലൂംബോക്‌സ്' വഴി അടുത്ത് തന്നെ യാഥാര്‍ഥ്യമാകുന്ന സംഗതിയാണിത്.

ഹോളിവുഡിലെ മുന്‍സൂപ്പര്‍താരവും കാലിഫോര്‍ണിയ ഗവര്‍ണറുമായ ആര്‍നോള്‍ഡ് ഷ്വാര്‍സ്‌നെഗറുടെ ആമുഖപ്രഭാഷണം, മുന്‍ യു.എസ്.വിദേശകാര്യ സെക്രട്ടറി കോളിന്‍ പവലിന്റെ സാന്നിധ്യം. ചടങ്ങില്‍ പങ്കെടുക്കുന്ന ഗൂഗിളിന്റെയും വാള്‍മാര്‍ട്ടിന്റെയും മേധാവികള്‍, കൊക്കക്കോളയുടെ ഉന്നതപ്രതിനിധിയും ഉണ്ട്. വേദി ലോകത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് ലേലകമ്പനിയായ 'ഇബേ' (eBay)യുടെ കാലിഫോര്‍ണിയയിലെ ആസ്ഥാനം. സാധാരണഗതിയില്‍ ആപ്പിള്‍ കമ്പനിയുടെ പുതിയൊരു ഉത്പന്നം അവതരിപ്പക്കപ്പെടുന്ന വേളയില്‍ മാത്രം സംഭവിക്കാറുള്ള ആകാംക്ഷയും താരപ്പൊലിമയും.....എല്ലാം ആ പെട്ടിയുടെ പേരില്‍. ഇന്ത്യക്കാരനായ അമേരിക്കന്‍ റോക്കറ്റ് ശാസ്ത്രജ്ഞന്‍ കെ.ആര്‍.ശ്രീധരന്‍ വികസിപ്പിച്ച 'ബ്ലൂംബോക്‌സ്' (Bloom Box) എന്ന ഫ്യുവല്‍ സെല്ലിന്റെ പേരില്‍!

അത് വെറുമൊരു ഫ്യുവല്‍ സെല്‍ ആയിരുന്നെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു, ആരും ശ്രദ്ധിക്കുക പോലുമില്ലായിരുന്നു. ഇത് ആഴ്ചകള്‍ക്ക് മുമ്പ് തന്നെ അമേരിക്കന്‍ മാധ്യമങ്ങള്‍ ബ്ലൂംബോക്‌സിന്റെ പേരില്‍ ആവേശവും ആകാംക്ഷയും ഉണര്‍ത്തിയിരുന്നു. ലോകത്ത് ഊര്‍ജവിപ്ലവം തന്നെ സൃഷ്ടിക്കാന്‍ പോന്ന ഒന്നായി അത് വര്‍ണിക്കപ്പെട്ടു. റോട്ടിയുടെ വലിപ്പമുള്ള പെട്ടികൊണ്ട് ഒരു അമേരിക്കന്‍ ഭവനത്തിന്റെ സര്‍വ വൈദ്യുതാവശ്യവും നിറവേറ്റാം എന്ന് വന്നാലോ? അതും ചെലവു കുറഞ്ഞ രീതിയില്‍, പരിസ്ഥിതിക്ക് കാര്യമായ ദോഷം വരുത്താതെ. വീടുകള്‍ സ്വന്തം ആവശ്യത്തിനുള്ള വൈദ്യുതി ഉത്പാദിപ്പിക്കാന്‍ തുടങ്ങിയാല്‍ പിന്നെ പവര്‍ഗ്രിഡുകളോ വൈദ്യുതനിലയങ്ങളോ വേണ്ട. ആഗോളതാപനം പോലുള്ള പ്രശ്‌നങ്ങളിലെ മുഖ്യവെല്ലുവിളി തന്നെ ഇല്ലാതാകും.

മാത്രമല്ല, വൈദ്യുതി ഉത്പാദിപ്പിക്കാന്‍ വെറും ബയോഗ്യാസ് മതിയെന്നു കൂടി വന്നാലോ? നമ്മുക്ക് നിത്യശല്യമായി മാറിയിട്ടുള്ള നഗരമാലിന്യങ്ങള്‍ക്കൊക്കെ പുതിയ മൂല്യം കൈവരും. മാലിന്യസംസ്‌ക്കരണം വൈദ്യുതോത്പാദനത്തിനുള്ള നേര്‍ ഉപാധിയായി മാറും. വെറുതെ പറയുന്നതല്ല, ഒന്‍പത് മാസം മുമ്പ് തങ്ങളുടെ കമ്പനിയില്‍ അഞ്ച് ബ്ലൂംബോക്‌സുകള്‍ സ്ഥാപിച്ചെന്നും, അതുവഴി തങ്ങള്‍ക്ക് വൈദ്യുതിയിനത്തില്‍ ഒരു ലക്ഷം ഡോളര്‍ ലാഭിക്കാനായെന്നും 'ഇബേ' മേധാവി ജോണ്‍ ഡൊനാഹോ സാക്ഷ്യപ്പെടുത്തുന്നു. മണ്ണിന്നടിയില്‍ നഗരമാലിന്യം മറവുചെയ്യുന്നയിടങ്ങളില്‍ (ലാന്‍ഡ് ഫില്ലുകളില്‍) നിന്നുള്ള ബയോഗ്യാസാണ് ഇബേ കമ്പനി അവരുടെ ബ്ലൂംബോക്‌സുകളില്‍ ഉപയോഗിക്കുന്നത്! മണ്ണിന്നടിയില്‍ മാലിന്യം മറവുചെയ്ത വേളയില്‍ ആരും ഓര്‍ത്തിരിക്കില്ല, ഇത്തരമൊരു സാധ്യത!

കെ.ആര്‍. ശ്രീധരന്‍ വികസിപ്പിച്ചിരിക്കുന്നത് ശരിക്കുമൊരു 'മാന്ത്രികപ്പെട്ടി'യാണെന്ന് മാധ്യമങ്ങള്‍ ഉത്‌ഘോഷിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. ചെറിയൊരു പെട്ടിക്കുള്ളില്‍ സ്ഥിതിചെയ്യുന്ന ശരിക്കൊരു പവര്‍പ്ലാന്റ് തന്നെയാണ് ബ്ലൂംബോക്‌സ് എന്നു പറഞ്ഞാല്‍ തെറ്റില്ല. നിലവിലുള്ള ഏതു ഊര്‍ജസ്രോതസ്സിനെക്കാളും ക്ഷമതയുള്ളതും മലിനീകരണം കുറഞ്ഞതുമാണ് ബ്ലൂംബോക്‌സ് എന്ന് ശ്രീധരന്‍ അവകാശപ്പെടുന്നു. വൈദ്യുതി ഉപയോഗത്തില്‍ ഓരോ വീടിനെയും സ്ഥാപനത്തെയും സ്വയം പര്യാപ്തമാക്കാന്‍ അതിന് കഴിയും. റൊട്ടിയുടെ വലുപ്പമുള്ള ഒരു ബാറ്ററികൊണ്ട് ഒരു അമേരിക്കന്‍ വീടിന്റെ ഊര്‍ജാവശ്യം മുഴുവന്‍ നിറവേറ്റാനാകും. നാലു ഇന്ത്യന്‍ വീടുകള്‍ക്ക് ഇതൊരെണ്ണം മതിയാകും. കുറച്ചുകൂടി വലിയ പെട്ടിയുപയോഗിച്ചാല്‍ വന്‍കിടസ്ഥാപനങ്ങള്‍ക്കും വൈദ്യുതിക്ക് സര്‍ക്കാറിനെ ആശ്രയിക്കേണ്ടിവരില്ല.

ഊര്‍ജരംഗത്ത് വൈദ്യുതിയാണ് താരം. ചെലവുകുറഞ്ഞ, മലിനീകരണമില്ലാത്ത വൈദ്യുതസ്രോതസ്സുകള്‍ വികസിപ്പിക്കാന്‍ അമേരിക്കയിലെ സിലിക്കണ്‍ വാലിയില്‍ മാത്രം നൂറിലേറെ പുതിയ കമ്പനികളാണ് ഗവേഷണവുമായി രംഗത്തുള്ളത്. അതിനിടയിലാണ് കെ.ആര്‍. ശ്രീധരന്‍ തന്റെ മാന്ത്രികപ്പെട്ടിയുമായി രംഗത്തെത്തുന്നത്. നാസയില്‍ പ്രവര്‍ത്തിക്കുമ്പോള്‍, ചൊവ്വാവാഹനത്തിനായി താന്‍ രൂപപ്പെടുത്തിയ സങ്കേതമാണ് ബ്ലൂംബോക്‌സിനുള്ള ആശയം തനിക്ക് നല്‍കിയതെന്ന് ശ്രീധരന്‍ വെളിപ്പെടുത്തുന്നു. സിലിക്കണ്‍ വാലിയില്‍ 40 കോടി ഡോളര്‍ മുതല്‍മുടക്കില്‍ 'ബ്ലൂംഎനര്‍ജി' (Bloom Energy) എന്നൊരു സ്ഥാപനമുണ്ട് ശ്രീധരന്. അതാണ് ബ്ലൂംബോക്‌സ് വികസിപ്പിച്ചത്. കോളിന്‍ പവല്‍ ആ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്.

ഹൈഡ്രോകാര്‍ബണ്‍ സംയുക്തങ്ങളുപയോഗിച്ച് വെദ്യുതി ഉത്പാദിപ്പിക്കുന്ന ' സോളിഡ് ഓക്‌സയിഡ് ഫ്യൂവല്‍സെല്ലി'ന്റെ വേറൊരു രൂപമാണ് ബ്ലൂം ബോക്‌സ്. പച്ചയും കറുപ്പും നിറമുള്ള പ്രത്യേക രാസമഷി പുരട്ടിയ സെറാമിക് ഷീറ്റുകളാണ് ഇതിന്റെ പ്രധാന ഭാഗം (സെറാമിക് ഷീറ്റുകളില്‍ പൂശിയിട്ടുള്ള രാസവസ്തുക്കളാണ് ബ്ലൂംബോക്‌സിന്റെ യഥാര്‍ഥ രഹസ്യം). ഷീറ്റുകള്‍ വേര്‍തിരിക്കാന്‍ ലോഹപ്പാളികളുപയോഗിക്കും. പ്രകൃതിവാതകമോ എല്‍.പി.ജി.യോ പോലുള്ള ഇന്ധനം ഇതിലേക്കു കടത്തിവിട്ടാല്‍ വൈദ്യുതിയുണ്ടാകും. ബ്ലൂംബോക്‌സ് പ്രവര്‍ത്തിക്കുമ്പോള്‍ പുകയുണ്ടാവില്ല, ശബ്ദമുണ്ടാകില്ല, കുലുക്കം പോലുമുണ്ടാകില്ല. 'വൈദ്യുതോത്പാദന മേഖലയിലെ ലാപ്‌ടോപ്പാണ് ഇത്'-കഴിഞ്ഞ ദിവസം സി.ബി.എസ്.ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ ശ്രീധരന്‍ പറഞ്ഞു.

ഇബേ മാത്രമല്ല, ഗൂഗിള്‍, വാള്‍മാര്‍ട്ട് തുടങ്ങിയ സ്ഥാപനങ്ങളും ബ്ലൂംബോക്‌സ് ഉപയാഗിക്കുന്നുണ്ട്. നിലവില്‍ വലിയൊരു ബ്ലൂം ബോക്‌സിന് (ഫ്രിഡ്ജിന്റെ വലിപ്പമുള്ളതിന്) ഏഴു ലക്ഷം ഡോളര്‍ വിലവരുമെന്ന് ശ്രീധര്‍ പറയുന്നു. എന്നാല്‍ അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ 3000 ഡോളര്‍ (ഒന്നര ലക്ഷം രൂപ) ചെലവില്‍ ബ്ലൂംബോക്‌സ് സാധാരണ ഭവനങ്ങളില്‍ ലഭ്യമാകുമെന്നാണ് ശ്രീധരന്റെ പ്രതീക്ഷ. അങ്ങനെ സംഭവിച്ചാല്‍, ഭാവിലോകം ബ്ലൂംബോക്‌സിന്റേതു കൂടിയാകും.

മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനിയറിങില്‍ ബിരുദമെടുത്ത ശ്രീധരന്‍ 1980-കളില്‍ അമേരിക്കയിലെത്തി. അരിസോണ സര്‍വകലാശാലയിലെ സ്‌പേസ് ടെക്‌നോളജീസ് ലബോറട്ടറി (എസ്.ടി.എല്‍) യുടെ മേധാവിയായി പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം പിന്നീട് നാസയില്‍ ചേര്‍ന്നു. നാസ വിട്ടിട്ടാണ് അദ്ദേഹം ബ്ലൂംഎനര്‍ജി കമ്പനി സ്ഥാപിച്ചത്.

വലിയ ആവേശമുണര്‍ത്തിയിട്ടുണ്ടെങ്കിലും ബ്ലൂംബോക്‌സ് തട്ടിപ്പാണെന്ന ആരോപണവും ശക്തമാണ്. ഫ്യൂവല്‍സെല്ലുകള്‍ പുതിയ കാര്യമല്ലെന്ന് വിമര്‍ശകര്‍ വാദിക്കുന്നു. ഇത് വെറും പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്നും പുതുതായി ഇതില്‍ ഒന്നുമില്ലെന്നും, കോളറാഡൊ സ്‌കൂള്‍ ഓഫ് മൈന്‍സിലെ സെറാമിക് എന്‍ജിനിയറും ഫ്യുവല്‍സെല്‍ വിദഗ്ധനുമായ നൈജല്‍ സാമ്മെസ് പറയുന്നു. ഫ്യുവല്‍സെല്‍ നിര്‍മിക്കുന്ന യു.ടി.സി.പവര്‍ കമ്പനിയുടെ വൈസ് പ്രസിഡന്റ് മൈക്ക് ബ്രൗണ്‍ പറയുന്നത്, തങ്ങള്‍ക്ക് ബ്ലൂംബോക്‌സിന്റെ കാര്യത്തില്‍ തെല്ലും അത്ഭുതം തോന്നുന്നില്ല എന്നാണ്.

അതേസമയം, ശ്രീധരന്‍ അവകാശപ്പെടുന്നതുപോലെ ബ്ലൂംബോക്‌സ് പ്രവര്‍ത്തിക്കില്ല എന്ന് കരുതാന്‍ ഒരു കാരണവുമില്ലെന്ന്, സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെ ഫ്യുവല്‍സെല്‍ വിദഗ്ധന്‍ ഫ്രെഡ്രിക് പ്രിന്‍സ് പറയുന്നു. പുതിയ ഫിസിക്‌സോ ഏതെങ്കിലും പുതിയ നിയമങ്ങളോ ശ്രീധരനും കൂട്ടരും മുന്നോട്ടുവെയ്ക്കുന്നില്ല. മെറ്റീരിയല്‍ സയന്‍സിലെയും തെര്‍മോഡൈനാമിക്‌സിലെയും നിയമങ്ങള്‍ തിരിച്ചറിഞ്ഞ് അത് വിജയകരമായി ബ്ലൂംബോക്‌സിന്റെ വിജയത്തിന് ഉപയോഗിക്കുക മാത്രമാണ് അവര്‍ ചെയ്തിരിക്കുന്നത്-അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

'സാമ്പത്തികമായി അക്കാര്യം വിജയകരമായി അവര്‍ ചെയ്‌തോ എന്ന കാര്യം എനിക്കറിയില്ല'-പ്രിന്‍സ് പറയുന്നു. ഏതായാലും ഒരുകാര്യത്തില്‍ എല്ലാവര്‍ക്കും യോജിപ്പാണ്, ബ്ലൂംബോക്‌സിന്റെ ചെലവിലാണ് കാര്യമെന്നതില്‍. സൗരോര്‍ജ സെല്ലിനെക്കാളും കാറ്റാടിയന്ത്രത്തെക്കാളും ചെലവു കുറഞ്ഞാല്‍ മാത്രമേ ബ്ലൂംബോക്‌സിനു ഭാവിയുള്ളൂ.
(അവലംബം: വിവിധ വാര്‍ത്താറിപ്പോര്‍ട്ടുകള്‍)


Thursday, February 25, 2010

കൊതുകിനെ കൊല്ലാന്‍ ലേസര്‍


കേരളത്തിലിപ്പോള്‍ ഏറ്റവും ചെലവേറിയ ഇലക്ട്രോണിക് ഉപകരണങ്ങളിലൊന്ന് കൊതുകിനെ കൊല്ലാനുള്ള ബാറ്റ് ആണ്. നഗരപ്രദേശങ്ങളില്‍ പല വീടുകളിലും രാത്രിയായാല്‍ ഉയരുന്നത് 'ടിക്', 'ടിക്' ഒച്ചയാണ്; കൊതുകിനെ ഇത്തരം ഇലക്ട്രിക് ബാറ്റ് കൊണ്ടടിച്ച് ശരിപ്പെടുത്തുന്നതിന്റെ ഒച്ച. കൊതുകുവലയും ആമമാര്‍ക്ക് കൊതുക് തിരി വരെയുള്ള വിദ്യകളില്‍ ഏറ്റവും ഒടുവിലത്തേതാണ് കൊതുക് ബാറ്റ്. എന്നാല്‍, ഈ പട്ടികയില്‍ ഒരു ഹൈടെക് സങ്കേതം താമസിയാതെ സ്ഥാനം പിടിച്ചേക്കും, കൊതുകിനെ കൊല്ലുന്ന ലേസര്‍!

അമേരിക്കയില്‍ കാലിഫോര്‍ണിയയിലെ ലോങ് ബീച്ചില്‍ അടുത്തയിടെ നടന്ന 'ടെഡ്' (TED) കോണ്‍ഫറന്‍സിലാണ് ലേസര്‍ ഉപകരണം അവതരിപ്പിക്കപ്പെട്ടത്. മലേറിയ പോലുള്ള കൊതുകു പരത്തുന്ന രോഗങ്ങള്‍ തടയാന്‍ സഹായിക്കുന്ന ഇലക്ട്രോണിക് ഉപകരണം എന്ന നിലയ്ക്കാണ്, 'ഇന്റലക്ച്ച്വല്‍ വെന്‍ച്വേര്‍സ്' (Intellectual Ventures) കമ്പനി അത് അവതരിപ്പിച്ചത്. ലോകത്ത് ലക്ഷക്കണക്കിനാളുകളെ സഹായിക്കാന്‍ കഴിയുന്ന ഉപകരണമാണ് അതെന്ന്, മൈക്രോസോഫ്ടിന്റെ മുന്‍ ടെക്‌നോളജി ഓഫീസറും 'ഇന്റലക്ച്ച്വല്‍ വെന്‍ച്വേര്‍സി'ന്റെ സ്ഥാപകനുമായ നാഥാന്‍ മൈഹ്ര്‍വള്‍ഡ് പറയുന്നു.

തോക്കുപോലെ കൈയില്‍ പിടിച്ച,് കൊതുകുകളെ പറക്കലിനിടെ വെടിവെച്ചിടാന്‍ പുതിയ ഉപകരണംകൊണ്ട് കഴിയും. പ്രിന്ററുകള്‍, ഡിജിറ്റല്‍ ക്യാമറകള്‍, പ്രൊജക്ടറുകള്‍ തുടങ്ങിയവയില്‍ ഉപയോഗിച്ചിട്ടുള്ള സാധാരണ ലേസര്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് അത് രൂപപ്പെടുത്തിയിട്ടുള്ളത്. മുന്നിലെ ദൃശ്യത്തിന്റെ വേഗവും വലിപ്പവും മനസിലാക്കാന്‍ ഉപകരണത്തിലെ സോഫ്ട്‌വേറിന് സാധിക്കും. അതനുസരിച്ചാണ് ലേസര്‍ പ്രയോഗിക്കണോ വേണ്ടയോ എന്ന് ഉപകരണം തീരുമാനിക്കുക. കൊതുകല്ലാതെ പൂമ്പാറ്റകളെയോ മനുഷ്യനെയോ വെടിവെച്ചിടാന്‍ നോക്കിയാല്‍, ലേസര്‍ തോക്ക് പ്രതികരിക്കില്ല!


ടെഡ് കോണ്‍ഫറന്‍സിനിടെ ലേസര്‍ തോക്കിന്റെ ഉപയോഗം മറ്റ് വിദഗ്ധര്‍ക്ക് മുന്നില്‍ മൈഹ്ര്‍വള്‍ഡ് അവതരിപ്പിച്ചു. അവിടുത്തെ ഹോട്ടലിന്റെ ബാത്ത്‌റൂമില്‍ സൂക്ഷിച്ചിരുന്ന നൂറുകണക്കിന് കൊതുകുകളെ ഒരു ഗ്ലാസ് ടാങ്കിലേക്ക് തുറന്നു വിട്ടായിരുന്നു പരീക്ഷണം. അവയുടെ നേര്‍ക്ക് ലേസര്‍ തോക്ക് പ്രയോഗിച്ചു. അല്‍പസമയം കഴിഞ്ഞപ്പോള്‍, കൊതുകുകളുടെ പൊട്ടിത്തെറിച്ച ശരീരഭാഗങ്ങള്‍ മാത്രം ടാങ്കില്‍ അവശേഷിച്ചു. സാധാരണഗതിയില്‍ സെക്കന്‍ഡില്‍ 50 മുതല്‍ 100 കൊതുകുകളെ വരെ വെടിവെച്ചിടാന്‍ ലേസര്‍ ഉപകരണത്തിന് കഴിയുമെന്ന് മൈഹ്ര്‍വള്‍ഡ് പറഞ്ഞു.

ലേസറുകള്‍ എങ്ങനെ കൊതുകുകളെ വകവരുത്തുന്നു എന്നത് വ്യക്തമാക്കുന്ന ഒരു സ്ലോമോഷന്‍ വീഡിയോയും അവതരിപ്പിക്കപ്പെട്ടു. ഹൈസ്പീഡ് വീഡിയോ ക്യാമറ ഉപയോഗിച്ച് സെക്കന്‍ഡില്‍ 6000 ഫ്രേമുകള്‍ എന്ന കണക്കിന് ഷൂട്ട് ചെയ്ത വീഡിയോ, ലേസറിന്റെ കൊതുകു നശീകരണം വ്യക്തമായി മനസിലാക്കിത്തരാന്‍ പോന്നതാണ്. യഥാര്‍ഥ സമയത്ത് ഷൂട്ട് ചെയ്തിരുന്നെങ്കില്‍ വെറും ഒരു സെക്കന്‍ഡിന്റെ പത്തിലൊന്ന് മാത്രം സമയത്തേക്കുള്ള വീഡിയോയാണ്, എല്ലാ വിശദാംശങ്ങളോടെയും ദൃശ്യമാകുന്നത് (ഇതോടൊപ്പമുള്ള വീഡിയോ കാണുക). ലേസര്‍ ഏറ്റ് കൊതുകുകളുടെ ശരീരം ചിതറിത്തെറിക്കുന്നതും, ശരീരം ചിതറിയതറിയാതെ അല്‍പ്പനേരത്തേക്ക് ചിറകകുകള്‍ അടിക്കുന്നത് തുടരുന്നതുമെല്ലാം വീഡിയോയില്‍ ദൃശ്യമാണ്.

കൊതുകിനെ ലേസറുപയോഗിച്ച് നശിപ്പിക്കുകയെന്ന ആശയം യഥാര്‍ഥത്തില്‍ ഇതിന് മുമ്പ് പലരും പരിശോധിച്ചിട്ടുള്ളതാണ്. എന്നാല്‍, പ്രായോഗികതലത്തില്‍ അതെത്തുന്നത് ആദ്യമാണ്. വിലകുറഞ്ഞ സാധാരണ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ട് ലേസര്‍ തോക്ക് നിര്‍മിക്കാനായി എന്നിടത്താണ് മൈഹ്ര്‍വള്‍ഡിന്റെയും സംഘത്തിന്റെയും വിജയം. ഇത്തരമൊരു സങ്കേതംകൊണ്ട് കൊതുകിനെ നശിപ്പിക്കാമെന്ന് വരുന്നത്, പൊതുജനാരോഗ്യരംഗത്ത് വലിയ മുന്നേറ്റമാകും. കൊതുകിനെ നശിപ്പിക്കുക മാത്രമല്ല, കീടനാശിനികളുടെയും ശ്വാസകോശത്തിന് ദോഷം ചെയ്യുന്ന റിപ്പെല്ലന്റുകളുകളുടെയും ഉപയോഗം വന്‍തോതില്‍ കുറയ്ക്കാനും അതു സഹായിക്കും. പരിസ്ഥിതിക്കും വലിയ അനുഗ്രഹമാകും ലേസര്‍വിദ്യയെന്ന് സാരം.

2008-ല്‍ നടന്ന ഒരു കൂടിയാലോചനാ വേളയിലാണ് ഇത്തരമൊരു ആശയം ജനിച്ചതെന്ന് മൈഹ്ര്‍വള്‍ഡ് പറഞ്ഞു. മൈക്രോസോഫ്ട് മുന്‍തലവന്‍ ബില്‍ഗേറ്റ്‌സിന്റെ പ്രത്യേക താത്പര്യവും അതിന് പിന്നിലുണ്ടായിരുന്നു. ലേസറുകളുപയോഗിച്ച് ശത്രുക്കളുടെ ഉപഗ്രഹങ്ങളും മിസൈലുകളും തകര്‍ക്കുകയെന്നതായിരുന്നു റീഗന്‍ ഭരണകാലത്ത് അമേരിക്ക മുന്നോട്ടുവെച്ച 'നക്ഷത്രയുദ്ധ' (സ്റ്റാര്‍ വാര്‍)ത്തിന്റെ ആശയം. അതിന്റെ ചെറുവകഭേദം കൊതുകിനെതിരെ പ്രയോഗിച്ചു കൂടേ എന്നാണ് ചോദ്യമുയര്‍ന്നത്. 'കുറച്ച് ഗവേഷണം നടത്തിക്കഴിഞ്ഞപ്പോള്‍, അത് പ്രായോഗികമാക്കാനാകും എന്ന് വ്യക്തമായി'-മൈഹ്ര്‍വള്‍ഡ് അറിയിച്ചു.

ഒരു നിശ്ചിത ലക്ഷ്യത്തിലേക്ക് ലേസര്‍ തൊടുത്തുവിടാന്‍ സാഹായിക്കുന്ന സങ്കേതങ്ങളാണ് ലേസര്‍തോക്കിനായി പ്രയോജനപ്പെടുത്തിയത്. ലേസര്‍ പ്രിന്റിങ് വേളയിലെ കൃത്യതയും, ക്യാമറകളിലും മറ്റും ഇമേജുകള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന 'ചാര്‍ജ്-കപ്പിള്‍ഡ് ഡിവൈസു' (C.C.D) കളുടെ പ്രത്യേകതയും, ഇമേജുകളെ വിശകലനം ചെയ്യാന്‍ ശേഷിയുള്ള ശക്തിയേറിയ സോഫ്ട്‌വേറുകളും തമ്മില്‍ സമ്മേളിപ്പിച്ചാണ്, കൊതുകിനെ തിരിച്ചറിയുന്ന ലേസറിന് രൂപംനല്‍കിയത്. ബ്ലൂറേ ലേസര്‍ ടെക്‌നോളജിക്ക് ഈ രംഗത്ത് വലിയ സാധ്യതയുള്ളതായി മൈഹ്ര്‍വള്‍ഡ് പറഞ്ഞു. ഇത്തരം ലേസറുകള്‍ക്ക് ചെലവും കുറവാണ്.

ഏതാണ്ട് 50 ഡോളര്‍ (2300 രൂപ) ചെലവില്‍ ലേസര്‍ തോക്ക് വിപണിയിലെത്തിക്കാമെന്നാണ് മൈഹ്ര്‍വള്‍ഡിന്റെ കണക്കൂകൂട്ടല്‍. പക്ഷേ, തന്റെ കമ്പനി ഉപകരണം വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം അറിയിച്ചു. സാങ്കേതികവിദ്യ മാത്രമേ തങ്ങള്‍ രൂപപ്പെടുത്തുന്നുള്ളു. മറ്റ് കമ്പനികള്‍ക്ക് അത് വിപണിയിലെത്തിക്കാം. ഏതായാലും, എപ്പോഴത്തേക്ക് പുതിയ സങ്കേതം പൊതുജനങ്ങളുടെ പക്കലെത്തുമെന്ന് വ്യക്തമല്ല.

കൊതുകിനെ മാത്രമല്ല, വെട്ടുകിളികളെപ്പോലെ ഉപദ്രവകാരികളായ മറ്റ് കീടങ്ങള്‍ക്കെതിരെയും ഈ ലേസര്‍വിദ്യ പ്രയോഗിക്കാന്‍ കഴിയും. കൊതുകുകളില്‍ തന്നെ ആണിനവും പെണ്ണിനവും വലിപ്പവ്യത്യാസം ഉള്ളതിനാല്‍, രോഗംപരത്തുന്ന പെണ്‍കൊതുകുകളെ മാത്രം തിരഞ്ഞുപിടിച്ച് കൊല്ലാന്‍ പാകത്തിലും ലേസര്‍ തോക്ക് ക്രമീകരിക്കാനാകും. ആസ്പത്രികളുടെയും മറ്റും ചുറ്റും കൊതുകിനെ വകവരുത്തുന്ന 'ലേസര്‍ വേലി' പോലും പുതിയ സങ്കേതത്തിന്റെ സഹായത്തോടെ സ്ഥാപിക്കുക ഭാവിയില്‍ സാധ്യമാകും! (അവലംബം: ടെഡ് കോണ്‍ഫറന്‍സിനെപ്പറ്റിയുള്ള മാധ്യമറിപ്പോര്‍ട്ടുകള്‍, നാഷണല്‍ ജ്യോഗ്രഫിക്)

Saturday, February 20, 2010

പ്രകാശസംശ്ലേഷണത്തില്‍ നിന്ന് വൈദ്യുതി

രാസോര്‍ജം വൈദ്യുതോര്‍ജമാക്കി മാറ്റാന്‍ മാര്‍ഗം

ഭൂമിയുടെ അടുക്കളയാണ് ഹരിതസസ്യങ്ങള്‍. മനുഷ്യന്‍ ഉള്‍പ്പടെയുള്ള ജീവജാലങ്ങള്‍ക്ക് ആവശ്യമായ ധാന്യകം മുഴുവന്‍ ആ അടുക്കളയിലാണ് സൃഷ്ടിക്കപ്പെടുന്നത്. പ്രകാശസംശ്ലേഷണം (Photosynthesis) എന്നാണ് അതിന്റെ പേര്. അതൊരു രാസപ്രവര്‍ത്തനമാണ്. സൂര്യപ്രകാശത്തില്‍ നിന്ന് ഊര്‍ജവും മണ്ണില്‍നിന്ന് വെള്ളവും അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ഡയോക്‌സയിഡും ആഗിരണം ചെയ്തുകൊണ്ട് സസ്യങ്ങള്‍ നടത്തുന്ന രാസപ്രക്രിയ. ഭൂമിയിലെ ഏറ്റവും പ്രധാനപ്പെട്ട ആ രാസപ്രവര്‍ത്തനത്തില്‍ നിന്ന് വൈദ്യുതിയുണ്ടാക്കാന്‍ കഴിഞ്ഞേക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരുസംഘം ഗവേഷകര്‍.

നാളെ ഒരുപക്ഷേ, നമ്മുടെ വാഹനങ്ങള്‍ ഓടുന്നതും വീടുകളില്‍ വെട്ടമുണ്ടാകുന്നതും ഈ പുതിയ ഊര്‍ജസ്രോതസ്സിന്റെ ബലത്തിലാകാമെന്ന് 'അനലിറ്റിക്കല്‍ കെമിസ്ട്രി' ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പ്രകാശസംശ്ലേഷണം വഴി സസ്യങ്ങള്‍ സൃഷ്ടിക്കുന്ന രാസോര്‍ജം, വൈദ്യുതോര്‍ജമാക്കി പരിവര്‍ത്തനം ചെയ്യാനുള്ള വഴിയാണ് ഫ്രഞ്ച് ഗവേഷകര്‍ കണ്ടെത്തിയത്. സുസ്ഥിരവും പരിസ്ഥിതിക്കിണങ്ങിയതുമായ പുതിയൊരു ഊര്‍ജസ്രോതസ്സിന് വഴിതുറക്കുകയാണ് ഈ കണ്ടെത്തലെന്ന് വിലയിരുത്തപ്പെടുന്നു.

കാര്‍ബണ്‍ഡയോക്‌സഡിനെയും ജലത്തെയും സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തില്‍ ഗ്ലൂക്കോസും (ഊര്‍ജം) ഓക്‌സിജനുമാക്കി മാറ്റുന്ന സങ്കീര്‍ണ രാസപ്രക്രിയയയാണ് പ്രകാശസംശ്ലേഷണം. ഈ രാസപ്രവര്‍ത്തനത്തിലെ ഉല്‍പ്പന്നങ്ങളായ ഗ്ലൂക്കോസും ഓക്‌സിജനും കൊണ്ട് പ്രവര്‍ത്തിക്കുന്ന 'ജൈവഇന്ധന ബാറ്ററി' (biofuel cell) ക്ക് രൂപംനല്‍കുകയാണ്, ഫ്രാന്‍സില്‍ 'സെന്റര്‍ ഡി റിച്ചെര്‍ഷെ പോള്‍ പാസ്‌കലി' (സി.എന്‍.ആര്‍.എസ്.- CNRS) ലെ ഗവേഷകര്‍ ചെയ്തത്. രാസാഗ്നി (എന്‍സൈം) കൊണ്ട് പരിഷ്‌ക്കരിച്ച രണ്ട് ഇലക്ട്രോഡുകളാണ് ബാറ്ററിയില്‍ ഉപയോഗിച്ചത്.

ബാറ്ററി ഒരു ഹരിതസസ്യത്തിനുള്ളില്‍ (ഒരു കള്ളിമുള്‍ച്ചെടി) സ്ഥാപിച്ച് പരീക്ഷണം നടത്തിയപ്പോള്‍, പ്രകാശസംശ്ലേഷണത്തിന്റെ തോത് പരോക്ഷമായി തത്സമയം മനസിലാക്കാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞു. ഓക്‌സിജന്റെയും ഗ്ലൂക്കോസിന്റെയും സാന്നിധ്യത്തില്‍ വളരെ വേഗം പ്രതികരിക്കുന്ന ഇലക്ടോഡുകളായിരുന്നു ബാറ്ററിയിലേത്. പ്രകാശത്തിന്റെ സാന്നിധ്യത്തില്‍ ബാറ്ററിലിയെ വൈദ്യുതപ്രവാഹം വര്‍ധിക്കുന്നതും, പ്രകാശമില്ലാത്തപ്പോള്‍ കുറയുന്നതും ഗവേഷകര്‍ കണ്ടു. മാത്രമല്ല, പ്രകാശസംശ്ലേഷണ വേളയില്‍ സസ്യത്തിലെ ഗ്ലൂക്കോസ് നില വ്യത്യാസപ്പെടുന്നത് തത്സമയം മനസിലാക്കാനും ആദ്യമായി കഴിഞ്ഞു. പ്രകാശസംശ്ലേഷണമെന്ന സങ്കീര്‍ണപ്രക്രിയയെ കൂടുതല്‍ അടുത്തറിയാനും ഈ കണ്ടെത്തല്‍ സഹായിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

കള്ളിച്ചെടിയുടെ ഇലയ്ക്കുള്ളില്‍ സ്ഥാപിച്ച ജൈവാഇന്ധന ബാറ്ററിക്ക്, ഒരു ചതുരശ്രസെന്റീമീറ്ററിന് 9 മൈക്രോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ കണ്ടു. പ്രകാശത്തിന്റെ സാന്നിധ്യം ഏറുന്നതിനനുസരിച്ച്, പ്രകാശസംശ്ലേഷണത്തിന്റെ തേത് വര്‍ധിക്കുകയും കൂടുതല്‍ ഗ്ലൂക്കോസും ഓക്‌സിജനും ഉത്പാദിപ്പിക്കുകയും ചെയ്യുന്നതിനാല്‍, വൈദ്യുതി പ്രവാഹത്തിന്റെ തോതും കൂടുന്നു. ഭാവിയില്‍ പരിസ്ഥിതിക്കിണങ്ങിയ പുതിയ വൈദ്യുതസ്രോതസ്സായി ഈ സംവിധാനം മാറ്റാന്‍ കഴിയുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. സൗരോര്‍ജത്തില്‍ നിന്ന് വൈദ്യുതോര്‍ജം ഉത്പാദിപ്പിക്കാനുള്ള പുതിയ സങ്കേതം ഇതുവഴി ലഭിച്ചേക്കും.

മാത്രമല്ല, വൈദ്യശാസ്ത്രരംഗത്തും പുതിയ ജൈവഇന്ധന ബാറ്ററിക്ക് പ്രയോജനം ചെയ്യാനാകുമെന്ന് ഗവേഷകര്‍ കരുതുന്നു. നമ്മുടെ രക്തത്തില്‍ ഓക്‌സിജനും ഗ്ലൂക്കോസും ഉണ്ട്. അതിനാല്‍, നമ്മുടെ തൊലിക്കടിയിയില്‍ ഇത്തരം ബാറ്ററികള്‍ക്ക് സ്വയം പ്രവര്‍ത്തിക്കാന്‍ കാഴിയും. പ്രമേഹരോഗികളുടെ ശരീരത്തിലെ ഗ്ലൂക്കോസ് നിലയിലുണ്ടാകുന്ന വ്യത്യാസം തത്സമയം മനസിലാക്കാന്‍ സഹായിക്കുന്ന ഉപകരണങ്ങള്‍ക്ക് ഇത്തരം ബാറ്ററികള്‍ വലിയ അനുഗ്രഹമായിരിക്കും. (അവലംബം: സി.എന്‍.ആര്‍.എസിന്റെ വാര്‍ത്താക്കുറിപ്പ്)

Friday, February 19, 2010

'വൈസി'ല്‍ നിന്നുള്ള ആകാശദൃശ്യങ്ങള്‍

ജനവരിയില്‍ നാസ വിക്ഷേപിച്ച 'വൈഡ്-ഫീല്‍ഡ് ഇന്‍ഫ്രാറെഡ് സര്‍വ്വെ എക്‌സ്‌പ്ലോറര്‍' (വൈസ്-WISE) ഭൂമിയിലേക്ക് ദൃശ്യങ്ങള്‍ അയച്ചു തുടങ്ങി. 'വൈസ്' ഗംഭീരമായി പ്രവര്‍ത്തിക്കുന്നു എന്നതിന് തെളിവാണ് ദൃശ്യങ്ങളെന്ന്, നാസയിലെ എഡ് വീലെര്‍ പറഞ്ഞു.

വൈസില്‍ നിന്നുള്ള ആദ്യ ചിത്രങ്ങളിലൊന്ന്, നമ്മുടെ അയല്‍ ഗാലക്‌സിയായ ആന്‍ഡ്രോമിഡ (Andromeda) യുടേതാണ്. അതിന്റെ ഇന്‍ഫ്രാറെഡ് ദൃശ്യവും നാസ പുറത്തു വിട്ടു. മറ്റൊരു ദൃശ്യം 'സ്ലൈഡിങ്' ധൂമകേതുവിന്റേതാണ്. ക്ഷീരപഥത്തില്‍ (ആകാശഗംഗയില്‍) 20,000 പ്രകാശവര്‍ഷമകലെ, നക്ഷത്രങ്ങള്‍ പിറവിയെടുക്കുന്ന ധൂളീസാന്ദ്രമായ മേഖലയുടെ ദൃശ്യമാണ് മറ്റൊന്ന്.

അടുത്ത ഒക്ടോബര്‍ വരെ വൈസ് ആകാശസര്‍വ്വെ നടത്തും. ധൂളീപടലം നിറഞ്ഞ വാല്‍നക്ഷത്രങ്ങളെയും ശിലാനിര്‍മിതമായ ക്ഷുദ്രഗ്രഹങ്ങളെയും നിരീക്ഷിച്ച് സൗരയൂഥത്തിന്റെ പിറവി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ തേടുകയാണ് വൈസിന്റെ ലക്ഷ്യം.


പ്രവര്‍ത്തനം അവസാനിപ്പിക്കുമ്പോഴേക്കും ഇന്‍ഫ്രാറെഡ് നേത്രങ്ങള്‍കൊണ്ട് ആകാശം ഒന്നര തവണ അത് അരിച്ചു പെറുക്കി പരിശോധിച്ചിട്ടുണ്ടാകും.
കൂടുതല്‍ വാല്‍നക്ഷത്രങ്ങളെയും ക്ഷുദ്രഗ്രഹങ്ങളെയും അപ്പോഴേക്കും വൈസിന് നിരീക്ഷിക്കാന്‍ കഴിയും. മാത്രമല്ല, ശീതനക്ഷത്രങ്ങളായ തവിട്ടുകുള്ളന്‍മാരെയും (brown dwarfs) അത് പരിശോധിക്കും. (അവലംബം: നാസ/വൈസ്)

കണികാപരീക്ഷണം അടുത്തയാഴ്ച പുനരാരംഭിക്കും

ക്രിസ്മസ് അവധിക്ക് ശേഷം ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ (LHC) ഫിബ്രവരി 25-ന് പ്രവര്‍ത്തനം പുനരാരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. 2009 ഡിസംബര്‍ 16 മുതലാണ് കണികാപരീക്ഷണം നിര്‍ത്തിവെച്ചത്.

ജനീവയ്ക്ക് സമീപം സ്വിസ്സ്-ഫ്രഞ്ച് അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ 27 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥാപിച്ചിട്ടുള്ള എല്‍.എച്ച്.സി. മനുഷ്യന്‍ നിര്‍മിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ യന്ത്രമാണ്. ചരിത്രത്തിലെ ഏറ്റവും ശക്തിയേറിയ കണികാപരീക്ഷണമാണ് അതില്‍ നടക്കുന്നത്.

എതിര്‍ ദിശയില്‍ പ്രകാശവേഗത്തിനടുത്ത് പായുന്ന പ്രോട്ടോണ്‍ ധാരകളെ (അല്ലെങ്കില്‍ ലെഡ് അയണ്‍ ധാരകളെ) പരസ്പരം കൂട്ടിയിടിപ്പിച്ച്, പ്രപഞ്ചാരംഭത്തിലെ അവസ്ഥ പരീക്ഷണശാലയില്‍ സൃഷ്ടിക്കുകയാണ് കണികാപരീക്ഷണം ലക്ഷ്യമിടുന്നത്. അതുവഴി പ്രപഞ്ചത്തെ സംബന്ധിച്ച് ശാസ്ത്രലോകത്തിന് ഇനിയും പിടികൊടുക്കാത്ത പ്രഹേളികകള്‍ക്ക് ഉത്തരം ലഭിക്കുമെന്നാണ് പ്രതീക്ഷ.

കണികാപരീക്ഷണം പുനരാരംഭിക്കുന്നത് എന്നാണെന്ന്, എല്‍.എച്ച്.സി.യുടെ ചുമതലക്കാരായ 'സേണ്‍' (യൂറോപ്യന്‍ കണികാപരീക്ഷണശാല-CERN) വെളിപ്പെടുത്തിയിട്ടില്ലങ്കിലും, ഫിബ്രവരി 25 വ്യാഴാഴ്ച അതുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫിബ്രവരിയില്‍ എല്‍.എച്ച്.സി. വീണ്ടും പ്രവര്‍ത്തനം തുടങ്ങുമെന്ന് സേണ്‍ അധികൃതര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

കണികാപരീക്ഷണം പുനരാരംഭിക്കുന്നത് താരതമ്യേന താഴ്ന്ന ഊര്‍ജനിലയില്‍ ആയിരിക്കുമെന്നാണ് സൂചന. കൂട്ടിയിടിയുടെ ഊര്‍ജനില 900 ഗിഗാഇലക്ട്രോണ്‍ വോള്‍ട്ട് (GeV) ആകത്തക്ക വിധം, 450 GeV വീതമുള്ള കണികാധാരകളാകും തുടക്കത്തില്‍ ഉപയോഗിക്കുക. തുടര്‍ന്നുള്ള ആഴ്ചകളില്‍ കൂട്ടിയിടിയുടെ ഊര്‍ജനില 7 ടെട്രാഇലക്ട്രോണ്‍ വോള്‍ട്ട് (TeV) ആകത്തക്കവിധം, എതിര്‍ദിശയില്‍ പായുന്ന കണികാധാരകളുടെ ഊര്‍ജനില 3.5 TeV വീതമാക്കി ഉയര്‍ത്തും.

കൂട്ടിയിടിയുടെ ഊര്‍ജനില 14 TeV കൈവരിക്കുകയാണ് എല്‍.എച്ച്.സി.യുടെ ആത്യന്തിക ലക്ഷ്യം. എന്നാല്‍, ഇപ്പോഴത്തെ അവസ്ഥയില്‍ അത്രയും ഉന്നത ഊര്‍ജനില താങ്ങാന്‍ എല്‍.എച്ച്.സി.ക്ക് ശേഷിയുണ്ടോ എന്ന് സംശയമുണ്ട്. അതിനാല്‍, തല്‍ക്കാലം പകുതി ഊര്‍ജനിലയില്‍ പരീക്ഷണം തുടരാനാണ് സേണ്‍ ഉദ്ദേശിക്കുന്നത്.

'ഹിഗ്ഗ്‌സ് ബോസോണു'കള്‍ കണ്ടെത്തുന്നതില്‍ അമേരിക്കന്‍ കണികാത്വരകമായ 'ടെവട്രോണ്‍' (Tevatron) നടത്തുന്ന ശ്രമത്തെ പകുതി ഊര്‍ജനിലയില്‍ തന്നെ എല്‍.എച്ച്.സി.ക്ക് പിന്നിലാക്കാന്‍ കഴിയുമെന്നാണ് സേണ്‍ അധികൃതരുടെ പ്രതീക്ഷ. അതുകഴിഞ്ഞ് ഒരു വര്‍ഷം അടച്ചിട്ട് എല്‍.എച്ച്.സി.യില്‍ ആവശ്യമായ നവീകരണം നടത്തിയ ശേഷം 2013-ലാകും അത് പ്രഖ്യാപിത ഊര്‍ജനിലയായ 14 TeV കൈവരിക്കുക.

കാണുക

Thursday, February 18, 2010

ആര്‍ച്ച് ബിഷപ്പിന്റെ ജിനോം


ദക്ഷിണാഫ്രിക്കക്കാരനായ ആര്‍ച്ച് ബിഷപ്പ് ടുട്ടുവിന്റെ ജനിതകവഴികള്‍ നീളുന്നത് കലഹാരി മരുഭൂമിയിലെ ബുഷ്മാന്‍ ഗോത്രത്തിലേക്ക്!!

320 കോടിയോളം രാസബന്ധങ്ങള്‍, കാല്‍ലക്ഷത്തോളം ജീനുകള്‍, പൂര്‍വകാലത്തേക്കു നീളുന്ന ജനിതകവഴികള്‍, മനുഷ്യരാശിയുമായുള്ള വിശാലസാഹോദര്യം തെളിയിക്കുന്ന ജനിതകബന്ധങ്ങള്‍...മറ്റേത് മനുഷ്യന്റേതും പോലെ, ആര്‍ച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടുവിന്റെ ജിനോമും വിശാലമായ ഒരു ലോകമാണ്, പര്യവേക്ഷണം ആവശ്യപ്പെടുന്ന ലോകം.

ദക്ഷിണാഫ്രിക്കക്കാരനായ ആര്‍ച്ച് ബിഷപ്പിന്റെ ജനിതകവഴികള്‍ നീളുന്നത്, 'ബുഷ്മാന്‍' എന്നറിയപ്പെടുന്ന പ്രാചീന 'സാന്‍ ഗോത്ര'ക്കാരിലേക്കാണെന്ന് ജിനോം (genome) വിശകലനം തെളിയിച്ചു. ദക്ഷിണാഫ്രിക്കന്‍ ജനതയുടെ ജനിതക വൈവിധ്യവും, ആരോഗ്യപ്രശ്‌നങ്ങളും കണ്ടെത്താനായി നടന്ന ജിനോം പദ്ധതിയിലാണ് ആര്‍ച്ച് ബിഷപ്പ് ടുട്ടുവും പങ്കാളിയായത്.

പഠനപദ്ധതിയുടെ ഭാഗമായി ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പടെ അഞ്ചുപേരുടെ ജിനോം വിശകലനം ചെയ്യപ്പെട്ടു. മറ്റ് നാലുപേരും സാന്‍ ഗോത്ര (San people) ത്തില്‍ പെട്ട കാരണവന്‍മാരായിരുന്നു. അമ്മ വഴിയാണ് ആര്‍ച്ച് ബിഷപ്പിന്റെ ബുഷ്മാന്‍ ബന്ധമെന്ന് 'നേച്ചര്‍' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.

'ഞാന്‍ ആവേശഭരിതാനാണ്'-ആര്‍ച്ച് ബിഷപ്പ് ടുട്ടു ബി.ബി.സി.യോട് പറഞ്ഞു. 'ഈ ടെസ്റ്റുകള്‍ നടത്തിയില്ലായിരുന്നെങ്കില്‍, എന്റെ തായ്‌വഴികള്‍ അറിയാന്‍ കഴിയുമായിരുന്നില്ല...ദക്ഷിണാഫ്രിക്കയില്‍ ആദ്യം പാര്‍പ്പുറപ്പിച്ച സാന്‍ ഗോത്രക്കാരുമായാണ് എന്റെ ബന്ധം'-അദ്ദേഹം ചൂണ്ടിക്കാട്ടി. പരമ്പരാഗതമായി കാര്‍ഷികവൃത്തിയിലേര്‍പ്പെട്ടിട്ടുള്ള 'ബാന്റു'(Bantu) വിഭാഗക്കാരനാണ് ആര്‍ച്ച് ബിഷപ്പ് ടുട്ടു. പാറകളില്‍ ചിത്രപണി ചെയ്യുന്ന പ്രതിഭാശാലികളായ ഒരു ജനതയുമായി ബന്ധമുണ്ടെന്ന കണ്ടെത്തല്‍ എന്നെ അനുഗ്രഹീതനാക്കിയിരിക്കുന്നു- ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

'ജനിതകമായി ദക്ഷിണാഫ്രിക്കക്കാരുടെ ഒന്നാന്തരം പ്രതിനിധിയാണ് ആര്‍ച്ച് ബിഷപ്പ് ടുട്ടു'-പഠനത്തില്‍ പങ്കെടുത്തവരില്‍ ഒരാളായ ഓസ്‌ട്രേലിയയില്‍ ന്യൂ സൗത്ത് വേയ്ല്‍സ് സര്‍വകലാശാലയിലെ വനെസ്സ ഹയെസ് പറയുന്നു. ആഫ്രിക്ക, അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് പഠനപദ്ധതിയില്‍ സഹകരിച്ചത്.

പഠനത്തില്‍ താന്‍ ആദ്യം സംശയാലുവായിരുന്നുവെന്ന് ആര്‍ച്ച് ബിഷപ്പ് പറയുന്നു. എന്നാല്‍, പഠനം ദക്ഷിണാഫ്രിക്കക്കാര്‍ക്ക് നേരിട്ട് പ്രയോജനം ചെയ്യുമെന്ന് അദ്ദേഹം ഇപ്പോള്‍ കരുതുന്നു. 'പുതിയ ഔഷധങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ ജിനോം വിവരങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ഇത്രകാലവും ഔഷധപരീക്ഷണങ്ങളില്‍ ദക്ഷിണാഫ്രിക്കക്കാര്‍ കാര്യമായി പ്രതിനിധീകരിക്കപ്പെട്ടിരുന്നില്ല. ഈ ഗവേഷണം ആ പ്രശ്‌നം പരിഹിക്കുന്നതില്‍ സഹായിച്ചേക്കും.

ആര്‍ച്ച് ബിഷപ്പ് ടുട്ടുവിന് 79 ആണ് പ്രായം. ജിനോം പഠനത്തില്‍ ഉള്‍പ്പെട്ട മറ്റ് നാലുപേരും 80 കഴിഞ്ഞവരായിരുന്നു. അവരുടെ ഇതുവരെയുള്ള ആരോഗ്യപ്രശ്‌നങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ഗവേഷകര്‍ക്ക് മുന്നിലുണ്ടായിരുന്നു. ആര്‍ച്ച് ബിഷപ്പ് ടുട്ടുവിന് അര്‍ബുദം വന്നിട്ടുണ്ട്, മുമ്പ് ക്ഷയരോഗവും പിടികൂടിയിട്ടുണ്ട്. എന്നിരിക്കിലും തനിക്ക് കാര്യമായ ജനിതകപ്രശ്‌നങ്ങളൊന്നുമില്ല എന്ന് പഠനത്തില്‍ തെളിഞ്ഞത്, വലിയ ആശ്വാസം നല്‍കിയെന്ന് അദ്ദേഹം സമ്മതിക്കുന്നു.

ആധുനിക മനുഷ്യരുടെ കൂട്ടത്തില്‍ അറിയപ്പെടുന്ന ഏറ്റവും പ്രാചീന തായ്‌വഴിയാണ് ബുഷ്മാന്‍ ഗോത്രത്തിന്റേത്. അതിനാല്‍, അവരുടെ ജിനോം വിവരങ്ങള്‍ മനുഷ്യകുലത്തിനാകെ പ്രയോജനം ചെയ്യുമെന്ന് ഗവേഷകര്‍ കരുതുന്നു. ആധുനിക മനുഷ്യന്‍ രൂപമെടുത്ത ആഫ്രിക്കയാണ്, മനുഷ്യര്‍ക്കിടയില്‍ ജനിതകവൈവിധ്യം ഏറ്റവുമധികമുള്ള പ്രദേശം. യൂറോപ്യന്‍ ജനത, ഏഷ്യന്‍ ജനത, പശ്ചിമാഫ്രിക്കക്കാര്‍ തുടങ്ങിയവരില്‍ നിന്നെല്ലാം ജനിതകമായി വ്യത്യാസമുള്ളവരാണ് ദക്ഷിണാഫ്രിക്കക്കാരെന്ന് പഠനത്തില്‍ കണ്ടു.

'ഒരു ഏഷ്യക്കാരനും യൂറോപ്പുകാരനും തമ്മിലുള്ള ശരാശരി ജനിതകവ്യത്യാസത്തിലും കൂടുതലാണ് രണ്ട് സാന്‍ ഗോത്രക്കാര്‍ തമ്മിലുള്ളത്'-ജിനോം താരതമ്യം നടത്തിയ പെന്‍സില്‍ വാനിയ സ്റ്റേറ്റ് സര്‍വകലാശാലയിലെ പ്രൊഫ. വെബ്ബ് മില്ലെര്‍ അറിയിക്കുന്നു. 'ജീനുകള്‍ എങ്ങനെയാണ് ആരോഗ്യത്തെ ബാധിക്കുന്നത് എന്നറിയാന്‍, മനുഷ്യര്‍ക്കിടയിലെ പൂര്‍ണതോതിലുള്ള ജനിതകവ്യത്യാസം മനസിലാക്കേണ്ടതുണ്ട്. അതിന് ഏറ്റവും പറ്റിയ സ്ഥലമാണ് ദക്ഷിണാഫ്രിക്ക'.

സാന്‍ ഗോത്രക്കാരില്‍ കാണപ്പെടുന്ന ചില ജീനുകള്‍ അവരുടെ ജീവിതശൈലിയും ഭക്ഷണരീതിയുമായി ബന്ധപ്പെട്ടിരിക്കുന്നതായി പഠനത്തില്‍ വ്യക്തമായി. പാല്‍ ദഹിപ്പിക്കാന്‍ സഹായിക്കുന്ന ജീന്‍വകഭേദം അവരില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. മാത്രമല്ല, മറ്റ് ചില ആഫ്രിക്കന്‍ വര്‍ഗക്കാരില്‍ മലമ്പനി ചെറുക്കാന്‍ പാകത്തില്‍ കാണപ്പെടുന്ന ജീനും ബുഷ്മാന്‍ ജനതയിലില്ല.

കലഹാരി മരുഭൂമി കൊതുകിന് വളരാന്‍ പറ്റുന്ന പ്രദേശമല്ല, അതിനാല്‍ അവിടെ കാര്യമായ മലമ്പനി ബാധ ഉണ്ടാകാറില്ല എന്നകാര്യമാണ് ആ ജീനിന്റെ അഭാവം വ്യക്തമാക്കുന്നത്. വേട്ടയാടിയും കാടരിച്ചും ജീവിച്ച വര്‍ഗമായതിനാല്‍, കാലികളെ വളര്‍ത്തുകയോ പാല്‍ കഴിക്കുന്നത് ശീലമാക്കുകയോ അവര്‍ ചെയ്തിരുന്നില്ല. അതിനാല്‍, പാല്‍ ദഹിപ്പിക്കാന്‍ സഹായിക്കുന്ന ജീനിന്റെ പ്രശ്‌നവും ഉദിക്കുന്നില്ല.

മാത്രമല്ല, അസ്ഥികളിലെ ധാതുസമ്പന്നതയ്ക്കും കരുത്തിനും നിദാനമായ ജീനുകള്‍ നാല് ബുഷ്മാന്‍ കാരണവന്‍മാര്‍ക്കും ഉണ്ടായിരുന്നു. വിഷമുള്ള സസ്യങ്ങള്‍ ഭക്ഷണമാക്കാതെ തടയാന്‍ സഹായിക്കുന്ന ഒരു ജീന്‍വ്യതികരണവും കണ്ടെത്താനായി. ചൂടുകൂടി കാലാവസ്ഥയില്‍ കഴിയുമ്പോള്‍ നിര്‍ജലീകരണവും ധാതുക്ഷയവും സംഭവിക്കാതിരിക്കനായി ക്ലോറൈഡ് അയോണുകള്‍ പുനര്‍സ്വീകരിക്കാനുള്ള ജീന്‍വകഭേദവും ബുഷ്മാനിലുള്ളതായി പഠനത്തില്‍ വ്യക്തമായി.

മനുഷ്യവര്‍ഗത്തിന് മുഴുവന്‍ പ്രയോജനം ചെയ്യുന്ന പഠനമാണിതെന്ന് ആര്‍ച്ച് ബിഷപ്പ് ടുട്ടു അഭിപ്രായപ്പെട്ടു. 'മനുഷ്യകുലത്തിന്റെ വൈവിധ്യം ശാസ്ത്രലോകം അവഗണിച്ചാല്‍ അത് വലിയ ദുരന്തമായിരിക്കും, കാരണം അതാണ് നമ്മുടെ ഏറ്റവും വലിയ കൈമുതല്‍'-അദ്ദേഹം ഓര്‍മിപ്പിച്ചു. (അവലംബം: നേച്ചര്‍)

കാണുക

Wednesday, February 17, 2010

ബഹിരാകാശത്തുനിന്ന് ഓര്‍ഗാനിക് സംയുക്തങ്ങള്‍

നാല്പത് വര്‍ഷം മുമ്പ് ഭൂമിയില്‍ പതിച്ച ഒരു ഉല്‍ക്കാഖണ്ഡത്തില്‍ ലക്ഷക്കണക്കിന് ഓര്‍ഗാനിക് സംയുക്തങ്ങളുടെ സാന്നിധ്യം ഗവേഷകര്‍ സ്ഥിരീകരിച്ചു. മാത്രമല്ല, 'മര്‍ച്ചിസണ്‍ ഉല്‍ക്ക' (Murchison meteorite) എന്ന് പേരിട്ടിട്ടുള്ള ആ ബഹിരാകാശ ശില സൂര്യനെക്കാള്‍ പ്രായമുള്ളതാകാമെന്നും ഗവേഷകര്‍ അനുമാനിക്കുന്നു!

'ഈ വിവരം കൈയിലുണ്ടെങ്കില്‍, സൗരയൂഥത്തിന്റെ പിറവിയുടെ വേളയില്‍ എന്ത് സംഭവിച്ചിരിക്കാമെന്ന് നിങ്ങള്‍ക്ക് ഊഹിക്കാനാകും'-മുഖ്യ ഗവേഷകനായ ഡോ. ഫിലിപ്പി ഷിമിറ്റ്-കോപ്ലിന്‍ പറയുന്നു. ഉല്‍ക്കാപഠനത്തിന്റെ വിശദാംശങ്ങള്‍ 'പ്രൊസീഡിങ്‌സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസി' (PNAS)ലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

'ശരിക്കും ആവേശഭരിതരാണ് ഞങ്ങള്‍' -ജര്‍മനിയിലെ ന്യൂഹര്‍ബര്‍ഗില്‍ ഇന്‍്സ്റ്റിട്ട്യൂട്ട് ഫോര്‍ ഇക്കോളജിക്കല്‍ കെമിസ്ട്രിയിലെ ഗവേഷകനായ ഡോ. ഷിമിറ്റ്-കോപ്ലിന്‍ അറിയിക്കുന്നു. 'ഉല്‍ക്കകള്‍ ഒരു കണക്കിന് ഫോസിലുകളെപ്പോലെയാണ്. അതിനെ മനസിലാക്കാന്‍ ശ്രമിക്കുമ്പോള്‍ നിങ്ങള്‍ കാലത്തിലൂടെ പിന്നിലേക്കാണ് നോക്കുന്നത്'-അദ്ദേഹം വിശദീകരിക്കുന്നു.

1969-ല്‍ ഓസ്‌ട്രേലിയയിലെ മര്‍ച്ചിസണ്‍ പട്ടണത്തില്‍ പതിച്ച ഉല്‍ക്കയാണ്, ആ പട്ടണത്തിന്റെ പേരില്‍ അറിയപ്പെടുന്നത്. മുമ്പും ആ ശിലാഖണ്ഡം പഠനവിധേയമാക്കിയിട്ടുണ്ടെങ്കിലും, അതില്‍ ഇത്രമാത്രം കാര്‍ബണിക സംയുക്തങ്ങളുടെ (ഓര്‍ഗാനിക് സംയുക്തങ്ങളുടെ) സാന്നിധ്യം തിരിച്ചറിയുന്നത് ആദ്യമായാണ്.

ഉല്‍ക്കയുടെ ചെറിയൊരു ഭാഗം പൊട്ടിച്ചെടുത്താണ് വിശകലനത്തിന് വിധേയമാക്കിയത്. സ്‌പെക്ട്രോസ്‌കോപ്പി ഉള്‍പ്പടെയുള്ള ഉന്നത റസല്യൂഷനിലുള്ള വിശകലന സങ്കേതങ്ങള്‍ ഉപയോഗിച്ചു. 70 അമിനോ ആസിഡുകള്‍ ഉള്‍പ്പടെ 14,000 വ്യത്യസ്ത രാസസംയുക്തങ്ങള്‍ അതിലുള്ളതായി പഠനത്തില്‍ വ്യക്തമായി.

ഏതാനും മില്ലിഗ്രാം ഉല്‍ക്കാഖണ്ഡം മാത്രമാണ് വിശകലനം ചെയ്തത്. അതിന്റെ അടിസ്ഥാനത്തില്‍ ലക്ഷക്കണക്കിന് കൂടുതല്‍ സംയുക്തങ്ങള്‍ ഉല്‍ക്കയില്‍ ഉണ്ടാകാം എന്ന നിഗമനത്തില്‍ ഗവേഷകര്‍ എത്തുകയായിരുന്നു.

465 കോടി വര്‍ഷം മുമ്പാണ് സൂര്യന്റെ പിറവി. അതിലും പ്രായമുള്ളതാണ് മര്‍ച്ചിസണ്‍ ഉല്‍ക്കയെന്ന് ഗവേഷകര്‍ കരുതുന്നു. സൗരയൂഥം രൂപപ്പെടുന്ന വേളയില്‍ ആ ധൂളീപടലങ്ങള്‍ക്കിടയിലൂടെ കടന്നുപോന്നതാകാം അതെന്നും, അപ്പോഴാകാം ഓര്‍ഗാനിക് തന്മാത്രകള്‍ അതില്‍ നിക്ഷേപിക്കപ്പെട്ടിട്ടുണ്ടാവുകയെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു.

ഭൂമിയില്‍ ജീവന്‍ ഉത്ഭവിച്ചതെങ്ങനെ എന്നത് തേടുന്നവര്‍ക്ക് പ്രയോജനം ചെയ്യുന്നതാണ് ഈ ഉല്‍ക്കാവിശകലനം എന്ന് ഡോ. ഷിമിറ്റ്-കോപ്ലിന്‍ കരുതുന്നു. മറ്റ് ചില ഉല്‍ക്കകളും ഇതേ സംഘം വിശകലനം ചെയ്യുന്നുണ്ട്. എന്നാല്‍, മര്‍ച്ചിസണ്‍ ഉല്‍ക്ക തന്നെയാണ് അതില്‍ ഏറ്റവും സങ്കീര്‍ണമെന്ന് ഗവേഷകര്‍ സമ്മതിക്കുന്നു. (അവലംബം: PNAS)

Tuesday, February 16, 2010

പ്രപഞ്ചാരംഭത്തിലെ താപനില പരീക്ഷണശാലയില്‍


നാലുലക്ഷം കോടി (4 ട്രില്ല്യണ്‍) ഡിഗ്രി സെല്‍ഷ്യസ്! പ്രപഞ്ചാരംഭത്തില്‍ മൈക്രോസെക്കന്‍ഡുകള്‍ മാത്രം നിലനിന്നുവെന്ന് കരുതുന്ന ക്വാര്‍ക്ക്-ഗ്ലുവോണ്‍ പ്ലാസ്മാവസ്ഥയുടെ ഊഷ്മാവ്. ആ താപനില പരീക്ഷണശാലയില്‍ സൃഷ്ടിക്കുന്നതില്‍ ശാസ്ത്രലോകം ആദ്യമായി വിജയിച്ചിരിക്കുന്നു.

പ്രപഞ്ചത്തിന്റെ ഉത്ഭവ രഹസ്യത്തിലേക്ക് മനുഷ്യനെ അടുപ്പിക്കുന്ന ഈ മുന്നേറ്റം, അമേരിക്കന്‍ ഊര്‍ജവകുപ്പിന് കീഴില്‍ ന്യൂയോര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ബ്രൂക്ഹവന്‍ നാഷണല്‍ ലബോറട്ടറിയിലാണ് നടന്നത്. മില്ലിസെക്കന്‍ഡ് നേരത്തേക്കു മാത്രമാണ് അതിഭീമമായ ഈ താപനില സാധ്യമായതെങ്കിലും, വര്‍ഷങ്ങളോളം ഗവേഷകലോകത്തിന് തലപുകയ്ക്കാനുള്ള ഡാറ്റയാണ് അതുവഴി ലഭിച്ചത്.

ബ്രൂക്ഹവന്‍ ലബോറട്ടറിയില്‍ 12 അടി താഴ്ചയില്‍ സ്ഥാപിച്ചിട്ടുള്ള 'റിലേറ്റിവിസ്റ്റിക് ഹെവി അയണ്‍ കൊളൈഡര്‍ ('റിക്ക്' -RHIC) എന്ന കണികാത്വരകത്തില്‍ ചാര്‍ജുള്ള സ്വര്‍ണകണങ്ങളെ (gold ions) പരസ്പരം കൂട്ടിയിടിപ്പിച്ചാണ് സങ്കല്‍പ്പാതീതമായ ഈ താപനില സൃഷ്ടിച്ചത്. 3.84 കിലോമീറ്റര്‍ ചുറ്റളവുള്ള 'റിക്കി'ന്റെ ടണലിലാണ് കണങ്ങളുടെ കൂട്ടിയിടി നടക്കുന്നത്.

ആറ്റത്തിനുള്ളിലെ പ്രോട്ടോണ്‍, ന്യൂട്രോണ്‍ തുടങ്ങിയവയുടെ അടിസ്ഥാനഘടകം ക്വാര്‍ക്കുകള്‍ (quarks) ആണ്. ഗ്ലുവോണ്‍ (gluon) കണങ്ങളാണ് ക്വാര്‍ക്കുകളെ ബന്ധിപ്പിച്ച് നിര്‍ത്തുന്നത്. പ്രപഞ്ചത്തിലെ ഏറ്റവും ശക്തമായ ബന്ധനമാണിത്. സാധാരണ താപനിലയിലോ ഊര്‍ജപ്രയോഗത്താലോ ഗ്ലുവോണ്‍ ബന്ധനം പൊട്ടിച്ച് ക്വാര്‍ക്കുകള്‍ക്ക് സ്വതന്ത്രമാകാനാവില്ല.

എന്നാല്‍, നാലുലക്ഷം കോടി ഡ്രിഗ്രി സെല്‍ഷ്യസ് എന്നത് ഗ്ലുവോണ്‍ ബന്ധനമഴിഞ്ഞ് പ്രോട്ടോണുകളും ന്യൂട്രോണുകളും 'ഉരുകുകാന്‍' പോന്നതിലും ഉയര്‍ന്ന ഊഷ്മാവാണെന്ന് ബ്രൂക്ഹവനിലെ ഗവേഷകനായ സ്റ്റീവന്‍ വിഗ്‌ഡോര്‍ പറഞ്ഞു. വാഷിങ്ടണിലെ അമേരിക്കന്‍ ഫിസിക്കല്‍ സൊസൈറ്റിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്.

'പ്രോട്ടോണുകളും ന്യൂട്രോണുകളും ഉരുകാന്‍ വേണ്ട കുറഞ്ഞ താപനില എന്ന് പ്രവചിക്കപ്പെട്ടിട്ടുള്ളത് രണ്ടുലക്ഷം കോടി (2 ട്രില്ല്യണ്‍) ഡിഗ്രിയാണ്'-വിഗ്‌ഡോര്‍ അറിയിച്ചു. അതിന്റെ ഇരട്ടിയാണ് ഇപ്പോള്‍ പരീക്ഷണശാലയില്‍ സൃഷ്ടിക്കപ്പെട്ട താപനില. ടൈപ്പ്-2 സൂപ്പര്‍നോവയുടെ അകക്കാമ്പിലെ താപനില എന്ന് കരുതുന്നത് ഇരുന്നൂറ് കോടി (2 ബില്ല്യണ്‍) ഡിഗ്രി സെല്‍ഷ്യസാണ്, സൂര്യന്റെ ഉള്ളിലേത് അഞ്ചുകോടി ഡിഗ്രിയും. ഇരുമ്പ് ഉരുകുന്നത് 1800 ഡിഗ്രിയിലുമാണ്. പ്രപഞ്ചത്തിലെ ശരാശരി താപനില എന്നു കണക്കാക്കിയിട്ടുള്ളത് കേവലപൂജ്യത്തിന് 0.7 ഡിഗ്രിക്ക് മുകളിലാണ്.

പ്രപഞ്ചാരംഭത്തിലെ അത്യുന്നത താപനിലയില്‍ ക്വാര്‍ക്കുകളും ഗ്ലുവോണുകളും കൂടിക്കുഴഞ്ഞ് പ്ലാസ്മാവസ്ഥയിലായിരുന്നുവെന്നാണ് നിഗമനം. പ്രപഞ്ചം തണുത്തു വന്നതോടെ ഹാഡ്രോണുകള്‍ (പ്രോട്ടോണുകളും ന്യൂട്രോണുകളും ഉള്‍പ്പടെ ദ്രവ്യത്തിന് നിദാനമായ കണങ്ങളാണ് ഹാഡ്രോണുകള്‍) രൂപപ്പെട്ടു. 'റിക്കി'ല്‍ നടന്ന കണികാകൂട്ടിയിടിയില്‍ തങ്ങള്‍ കണ്ടത് പ്രപഞ്ചാരംഭത്തില്‍ ഹാഡ്രോണുകള്‍ രൂപപ്പെടുന്നതിന് മുമ്പുള്ള മൈക്രോസെക്കന്‍ഡാണെന്ന് ഗവേകര്‍ കരുതുന്നു.

ദ്രവ്യവും പ്രതിദ്രവ്യവും തുല്യ അളവില്‍ ഉണ്ടായിരുന്ന പ്രപഞ്ചത്തിന്റെ ആദ്യനിമിഷങ്ങളില്‍ ദ്രവ്യത്തിന് അനുകൂലമായി സംഭവിച്ച എന്തൊ ഒന്നാണ്, പ്രപഞ്ചത്തെ ഇന്നത്തെ രൂപത്തിലാക്കിയത്. ദ്രവ്യവും പ്രതിദ്രവ്യവും ചേര്‍ന്നാല്‍ അവ പരസ്പരം നിഗ്രഹിച്ച് ഇല്ലാതാവുകയും ഊര്‍ജം മാത്രം അവശേഷിക്കുകയും ചെയ്യും. പ്രപഞ്ചത്തിന്റെ കാര്യത്തിലും അങ്ങനെ സംഭവിക്കേണ്ടതായിരുന്നു. ഊര്‍ജം മാത്രമുള്ള ഒന്നായി പ്രപഞ്ചം മാറേണ്ടതായിരുന്നു.

എന്തുകൊണ്ട് അങ്ങനെ സംഭവിച്ചില്ല, എന്താണ് ദ്രവ്യത്തിന് അനുകൂലമായി സംഭവിച്ചത് എന്നകാര്യം ഇന്നും ശാസ്ത്രത്തിന് ഉത്തരം കിട്ടാത്ത പ്രശ്‌നമാണ്. അക്കാര്യത്തില്‍ പുതിയ ഉള്‍ക്കാഴ്ച ലഭിക്കാന്‍ ഇപ്പോഴത്തെ മുന്നേറ്റം സഹായിക്കും. ജനീവയ്ക്ക് സമീപം ഭൂമിക്കടിയില്‍ സ്ഥാപിച്ചിട്ടുള്ള ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ (LHC) ഇതിനെക്കാള്‍ ഉയര്‍ന്ന താപനില സൃഷ്ടിക്കാന്‍ ശേഷിയുള്ള യന്ത്രമാണ്. പ്രപഞ്ചാരംഭത്തിലേക്ക് ഗവേഷകലോകത്തെ അത് കുറെക്കൂടി അടുപ്പിക്കും.

പ്രപഞ്ചരഹസ്യങ്ങള്‍ തേടുന്നതുകൊണ്ട് ബ്രൂക്ഹവനിലെ കണികാപരീക്ഷണത്തിന്റെ സാധ്യതകള്‍ അവസാനിക്കില്ലെന്ന് ഗവേഷകര്‍ പറഞ്ഞു. വലിപ്പം കുറഞ്ഞ, വേഗമേറിയ ക്വാണ്ടംകമ്പ്യൂട്ടറുകളുടെ നിര്‍മിതിക്കു വഴികാട്ടിയാകാനും കണികാപരീക്ഷണം സഹായിച്ചേക്കും. ഇതുസംബന്ധിച്ച ചില ആശയങ്ങള്‍ പേറ്റന്റ് ചെയ്തതായി, ഗവേഷകനായ ഡിമിത്രി ഖര്‍സീവ് അറിയിച്ചു.

'ഇലക്ട്രിക് ചാര്‍ജുമൂലമുള്ള കറണ്ടുകൊണ്ടു മാത്രമല്ല, 'സ്പിന്‍' എന്ന ക്വാണ്ടംമെക്കാനിക്കല്‍ ഗുണം പ്രദാനം ചെയ്യുന്ന കറണ്ട് കൊണ്ടുകൂടി പ്രവര്‍ത്തിക്കുന്ന ഉപകരണം രൂപപ്പെടുത്തുകയാണ് ലക്ഷ്യം'-അദ്ദേഹം വെളിപ്പെടുത്തി.

ദ്രവ്യത്തിന്റെ മൗലികഘടകങ്ങളായ ക്വാര്‍ക്കുകള്‍ വ്യത്യസ്ത രീതിയില്‍ വ്യത്യസ്ത ദിശകളില്‍ 'സ്പിന്‍'(spin) ഉള്ളവയാണ്. അത് എങ്ങനെ, എന്തുകൊണ്ട് എന്നൊക്കെ മനസിലാക്കാനായാല്‍, അതില്‍ നിന്നുള്ള ഊര്‍ജം ഉപയോഗിക്കാന്‍ വഴിതെളിയും. അതാകാം ചിലപ്പോള്‍ ഭാവിയിലെ ഉപകരണങ്ങളുടെ പ്രവര്‍ത്തനം സാധ്യമാക്കുക. (കടപ്പാട്: വാര്‍ത്താ ഏജിന്‍സികള്‍)

Monday, February 15, 2010

പ്രപഞ്ചത്തിന് പ്രായം കൂടുന്നു


ഇതുവരെയുള്ള ധാരണ ഇതാണ് - ഏതാണ്ട് 1373 കോടി വര്‍ഷം മുമ്പ് മഹാവിസ്‌ഫോടനം എന്ന പ്രക്രിയയിലൂടെ പ്രപഞ്ചം ഉടലെടുത്തു. പ്രാപഞ്ചിക സൂക്ഷ്മതരംഗപശ്ചാത്തലം (CMB) നിരീക്ഷിച്ച് വിശകലനം ചെയ്താണ് ഈയൊരു നിഗമനത്തില്‍ ഗവേഷകലോകം എത്തിയത്.

എന്നാല്‍, പ്രപഞ്ചത്തിന്റെ പ്രായത്തില്‍ രണ്ടുകോടി വര്‍ഷം കൂടി ചേര്‍ക്കണമെന്ന് പുതിയൊരു ഗവേഷണം നിര്‍ദേശിക്കുന്നു. ഇതുസംബന്ധിച്ച് നടത്തിയ ഏറ്റവും കൃത്യമായ കണക്കുകൂട്ടലില്‍ വ്യക്തമായത് പ്രപഞ്ചത്തിന്റെ പ്രായം 1375 കോടി വര്‍ഷമാണ് എന്നാണ്.

നാസയുടെ ബഹിരാകാശ പേടകമായ 'വില്‍ക്കിന്‍സണ്‍ അനിസോട്രോഫി പ്രോബ്' (ഡബ്ല്യുമാപ്പ്-WMAP) നല്‍കിയ വിവരങ്ങളാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നതത്രേ. മുമ്പത്തെ പ്രായം ഗവേഷകര്‍ കണക്കുകൂട്ടിയതും ഇതേ പേടകം നല്‍കിയ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ്.

മഹാവിസ്‌ഫോടനം കഴിഞ്ഞ് നാലുലക്ഷം വര്‍ഷത്തിന് ശേഷം പ്രപഞ്ചത്തില്‍ ദ്രവ്യം തണുക്കാനാരംഭിച്ചപ്പോള്‍ പുറത്തുവന്ന വികിരണമാണ് സി.എം.ബി. 'പ്രപഞ്ചത്തിന്റെ ഫോസില്‍' എന്ന് വിളിക്കാവുന്ന വികിരണാവശിഷ്ടമാണത്. അതെപ്പറ്റി പഠിക്കാനും പ്രപഞ്ചോത്പത്തിയെയും വികാസത്തെയും കുറിച്ച് മനസിലാക്കാനുമാണ് 2001-ല്‍ ഡ്ബ്ല്യുമാപ്പ് വിക്ഷേപിച്ചത്.

പ്രപഞ്ചത്തിന്റെ എല്ലാ ദിശകളില്‍ നിന്നും തുല്യതോതിലെത്തുന്ന വളരെ വളരെ മങ്ങിയ സൂക്ഷ്മവികിരണമാണ് സി.എം.ബി. ഇത് മാപ്പ് ചെയ്യുക വഴി ഡബ്ല്യുമാപ്പ് യഥാര്‍ഥത്തില്‍ ചെയ്യുന്നത്, പ്രപഞ്ചത്തിന്റെ ബാല്യത്തിലെ ചിത്രം രൂപപ്പെടുത്തുകയാണ്.

സൂക്ഷ്മമായ വിശകലനം വഴി, സി.എം.ബി.യിലെ ലോലമായ താപവ്യതിയാനങ്ങള്‍ ഗവേഷകര്‍ക്ക് കൃത്യമായി കണ്ടെത്താനാകും. ചൂടുകൂടിയേ സ്ഥാനങ്ങളും ചൂടു കുറഞ്ഞ സ്ഥാനങ്ങളും. ഗാലക്‌സികളുടെ തുടക്കം സി.എം.ബി.യിലെ ഇത്തരം സ്ഥാനങ്ങളാണെന്ന് കരുതുന്നു.

താപവ്യതിയാനമുള്ള ഇത്തരം സ്ഥാനങ്ങള്‍ക്ക് യോജിക്കുന്ന രീതിയില്‍ (മറ്റ് ഡ്ബ്ല്യുമാപ്പ് വിവരങ്ങളും കൂടി സംയോജിപ്പിച്ച്) പ്രപഞ്ചത്തിന്റെ എണ്ണമറ്റ മാതൃകകള്‍ രൂപപ്പെടുത്താനാകും. അവയില്‍ ഏത് മാതൃകയാണ് യാഥാര്‍ഥ്യങ്ങളുമായി ഏറ്റവും ചേര്‍ന്ന് പോകുന്നതെന്ന് മനസിലാക്കാനും കഴിയും.

'ഇതിനെ ഒരു വിരലടയാളമെന്ന് വിളിക്കാനാണ് ഞാനിഷ്ടപ്പെടുക'- പുതിയ പഠനത്തില്‍ പങ്കാളിയായിരുന്ന ചാള്‍സ് ബെന്നറ്റ് പറയുന്നു. 'വിവിധ വസ്തുതകള്‍ (പ്രപഞ്ചത്തിന്റെ പ്രായം, ശ്യാമദ്രവ്യത്തിന്റെ അളവ് തുടങ്ങിയവ) ഉപയോഗിച്ച് പ്രപഞ്ചത്തിന്റെ ഒട്ടേറെ മാതൃകകള്‍ രൂപപ്പെടുത്താന്‍ നമുക്ക് കഴിയും'-ബാള്‍ട്ടിമോറില്‍ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയിലെ ഗവേഷകന്‍ കൂടിയായ ബെന്നറ്റ അറിയിക്കുന്നു.

ഡബ്ല്യുമാപ്പ് കഴിഞ്ഞ ഏഴ് വര്‍ഷം പുറത്തുവിട്ട ഡാറ്റ ഉപയോഗിച്ചാണ് ബെന്നറ്റും സംഘവും പ്രപഞ്ചത്തിന്റെ പ്രായം കണക്കുകൂട്ടിയത്. മുമ്പുള്ള കണക്ക് പ്രകാരം 1373 കോടി വര്‍ഷമായിരുന്നു അത്. എന്നാല്‍, കൂടുതല്‍ കൃത്യതയോടെ വിശകലനം ചെയ്തപ്പോള്‍ പ്രപഞ്ചത്തിന്റെ പ്രായം 1375 കോടി വര്‍ഷം എന്ന് ലഭിച്ചതായി 'ആര്‍ക്‌സൈവി'ല്‍ (arXiv.org) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.

പ്രാപഞ്ചത്തിന്റെ മാനങ്ങളില്‍ പരിഗണിച്ചാല്‍, രണ്ടുകോടി വര്‍ഷം അത്ര വലിയൊരു വ്യത്യാസം ആയിരിക്കില്ല. എന്നാല്‍, ഭൗതികശാസ്ത്രത്തിന് ഇനിയും പരിഹരിക്കേണ്ട പല സമസ്യകള്‍ക്കും (ശ്യാമോര്‍ജം, ശ്യാമദ്രവ്യം) ഉത്തരം തേടുമ്പോള്‍ ഇതിന് വലിയ പ്രാധാന്യം കൈവരുമെന്ന് ഗവേഷകര്‍ കരുതുന്നു. (അവലംബം: arXiv.org)

Saturday, February 13, 2010

കടുവ ആരുടേയാ മോന്‍!


പരിണാമ വഴിയില്‍ എത്രകാലം മുമ്പാണ് കടുവ രൂപമെടുത്തത്. കടുവയുടെ പൂര്‍വികവഴികള്‍ കരുതിയതിലും പുരാതനമാണെന്ന് ജനിതക വിശകലനം വ്യക്തമാക്കുന്നു.

ആരാകാം കടുവയുടെ ബന്ധുക്കള്‍. ഇക്കാര്യം ആലോചിക്കുന്നയാളുടെ മനസിലേക്ക് ചില മാര്‍ജാരവര്‍ഗക്കാര്‍ സ്വാഭാവികമായും കയറി വരും; സിംഹം, പുള്ളിപ്പുലി, ജാഗ്വാര്‍.....എന്നാല്‍ ഇവയൊന്നും കടുവകളുടെ അടുത്ത ജനിതകബന്ധുക്കളല്ലത്രേ! അകന്ന ബന്ധുക്കള്‍ മാത്രമാണ് ഇവരെന്ന് പുതിയൊരു പഠനം വ്യക്തമാക്കുന്നു.

32 ലക്ഷം വര്‍ഷം മുമ്പാണത്ര കടുവകള്‍ പ്രത്യേക ജീവിവര്‍ഗമായി ഉരുത്തിരിഞ്ഞത്. വംശനാശഭീഷണി നേരിടുന്ന ഹിമപുലികളാണ് ജീവിച്ചിരിക്കുന്നവയില്‍ കടുവയുമായി ഏറ്റവും അടുത്ത ബന്ധമുള്ള ജീവിവര്‍ഗം.ഗവേഷകരായ ബ്രിയാന്‍ ഡേവിസ്, ഡോ.ഗാങ് ലി, പ്രൊഫ. വില്ല്യം മര്‍ഫി എന്നിവര്‍ ചേര്‍ന്ന് നടത്തിയ മാര്‍ജാരവര്‍ഗങ്ങളുടെ ഡി.എന്‍.എ.വിശകനത്തിലാണ് കടുവകളുടെ പരിണാമവഴികള്‍ വ്യക്തമായത്. 'മോളിക്യുലാര്‍ ഫൈലോജനറ്റിക്‌സ് ആന്‍ഡ് എവലൂഷന്‍' ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

മാര്‍ജാരവര്‍ഗത്തിലെ ഭീമന്‍മാരായി അഞ്ച് വര്‍ഗങ്ങളാണ് അറിയപ്പെടുന്നത്: കടുവ, സിംഹം, പുള്ളിപ്പുലി, ജാഗ്വാര്‍, ഹിമപുലി. 'പന്‍ഥെര ജനസി'ല്‍ (Panthera genus) പെട്ടതാണ് ഈ വര്‍ഗങ്ങളെല്ലാം. 'ക്ലൗഡഡ് പുലികള്‍' (clouded leopards) എന്നു വിളിക്കുന്ന രണ്ടിനം പുലികളുണ്ടെങ്കിലും അവയ്ക്ക് മാര്‍ജാരവര്‍ഗത്തിലെ ചെറിയ ജീവികളുമായാണ് കൂടുതല്‍ ജനിതക ബന്ധം.

ഭീമന്‍ മാര്‍ജാരന്‍മാരുടെ അഞ്ച് വര്‍ഗങ്ങളുണ്ടെങ്കിലും ഇവ തമ്മില്‍ എങ്ങനെയൊക്കെ ജനിതകമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഇനിയും വ്യക്തമായിട്ടില്ല.

മാര്‍ജാരന്‍മാരുടെ മൈറ്റോകോന്‍ഡ്രിയല്‍ ഡി.എന്‍.എ.യിലെയും സെക്‌സ് ക്രോമസോമുകളിലെയും സാമ്യതകളും വ്യത്യാസങ്ങളും വിശകലനം ചെയ്താണ് പഠനം നടത്തിയത്. മുമ്പ് കരുതിയതിലും വ്യത്യസ്ത രീതിയിലാണ് ഈ വര്‍ഗങ്ങള്‍ തമ്മില്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതെന്ന് പഠനത്തില്‍ വ്യക്തമായി.

ഭീമന്‍ മാര്‍ജാരന്‍മാരില്‍ സിംഹം, പുള്ളിപ്പുലി, ജാഗ്വാര്‍ എന്നിവയാണ് പരസ്പരം കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നത്. 43-38 ലക്ഷം വര്‍ഷം മുമ്പാണ് മറ്റ് മാര്‍ജാരവര്‍ഗങ്ങളില്‍ നിന്ന് ഇവരുടെ കൈവഴി വേര്‍പെട്ടത്.

ഏതാണ്ട് 36-25 ലക്ഷം വര്‍ഷം മുമ്പുള്ള കാലത്ത് ജ്വാഗറുകള്‍ പ്രത്യേക വര്‍ഗമായി രൂപപ്പെട്ടു. അതേസമയം, സിംഹങ്ങളും പുള്ളിപ്പുലികളും പൊതുപൂര്‍വികനില്‍ നിന്ന് വേര്‍പിരിഞ്ഞത് 31-19.5 ലക്ഷം വര്‍ഷം മുമ്പ് മാത്രമാണ്.

മുമ്പ് തന്നെ മറ്റ് വര്‍ഗങ്ങളില്‍ നിന്ന് കടുവകള്‍ വേര്‍പിരിഞ്ഞു കഴിഞ്ഞിരുന്നു. 39 ലക്ഷം വര്‍ഷം മുമ്പ് ആ വര്‍ഗം വേറെ കൈവഴിയായി വേര്‍പരിഞ്ഞതായി പഠനം പറയുന്നു. പ്ലീയോസീന്‍ (Pliocene) യുഗത്തിന്റെ അവസാനത്തോടെ, ഏതാണ്ട് 32 ലക്ഷം വര്‍ഷം മുമ്പ്, കടുവകള്‍ തികച്ചും വ്യത്യസ്ത ഇനമായി രൂപപ്പെട്ടു.
'കടുവകളും ഹിമപുലികളും സഹോദരവര്‍ഗങ്ങളാ'ണെന്ന് ഗവേഷകര്‍ വിലയിരുത്തുന്നു. ഇവ രണ്ടും ഇന്ന് ലോകത്ത് ഏറ്റവും വംശനാശഭീഷണി നേരിടുന്ന രണ്ട് വര്‍ഗങ്ങളാണ്. ലക്ഷണക്കണക്കിന് വര്‍ഷങ്ങളുടെ പരിണാമചരിത്രം പേറുന്ന ഈ ജീവിവര്‍ഗങ്ങളെപ്പറ്റി ശരിക്കും മനസിലാക്കും മുമ്പുതന്നെ ഇവ അന്യംനില്‍ക്കുമോ എന്നാണ് ആശങ്ക. മൃഗശാലയിലുള്ളവയെ ഒഴിവാക്കിയാല്‍, സ്വാഭാവിക പരിസ്ഥിതികളില്‍ ഇന്ന് അവശേഷിക്കുന്നത് വെറും 3500 കടുവകള്‍ മാത്രമാണ്.

കടുവകളുടെ ഉപവര്‍ഗമായ 'സുമാത്രന്‍ കടുവകള്‍' ഇന്നും ഒരു പ്രഹേളികയാണ്. അവയുടെ ഒരു വീഡിയോ മനുഷ്യന് ലഭിക്കുന്നത് ഈ വര്‍ഷം മാത്രമാണ്. മറ്റൊരു ഉപവിഭാഗമായ 'അമുര്‍ കടുവ'കള്‍ ഉന്‍മൂലനത്തിന്റെ വക്കിലാണെന്ന് കഴിഞ്ഞ വര്‍ഷം ഒരു പഠനം വ്യക്തമാക്കിയിരുന്നു. ആ വര്‍ഗത്തില്‍ പെട്ട ഏതാനും എണ്ണം മാത്രമേ ഇനി അവശേഷിക്കുന്നുള്ളു. (കടപ്പാട്: ബി.ബി.സി)

Friday, February 12, 2010

ഗൂഗിള്‍ ബസ് സൂപ്പര്‍ഹിറ്റ്!


കഴിഞ്ഞ ചൊവ്വാഴ്ച വരെ പുറംലോകത്താരും 'ഗൂഗിള്‍ ബസ്' (Google buzz) എന്ന് കേട്ടിരുന്നില്ല. ജിമെയിലിനെ ഒറ്റയടിക്ക് ഒരു സൗഹൃദക്കൂട്ടായ്മ (സോഷ്യല്‍ നെറ്റ്‌വര്‍ക്ക്) യാക്കി മാറ്റുന്ന ബെസ് അന്നാണ് രംഗത്തെത്തിയത്. രണ്ടു ദിവസംകൊണ്ട് സില്‍ 90 ലക്ഷം പോസ്റ്റുകളും കമന്റുകളും നിറഞ്ഞു. എന്നുവെച്ചാല്‍, മണിക്കൂറില്‍ ശരാശരി 160,000 പോസ്റ്റിങ്......സംഭവം സൂപ്പര്‍ഹിറ്റായെന്ന് സാരം.

ഒരുപക്ഷേ, ഇന്റര്‍നെറ്റിന്റെ ചരിത്രത്തിലാദ്യമാകും ഇത്രവേഗം ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റ് ഇത്തരമൊരു വമ്പിച്ച പ്രതികരണം സൃഷ്ടിക്കുന്നത്. ജിമെയിലും ട്വിറ്ററും ഫെയ്‌സ് ബുക്കുമെല്ലാം ഒരുമിച്ച് കൈയില്‍ കിട്ടായാലത്തെ ആവേശമാണ് യൂസര്‍മാര്‍ കാട്ടിയതെന്ന് പ്രതികരണം വ്യക്തമാക്കുന്നു.

യൂസര്‍മാരുടെ പ്രതികരണത്തില്‍ നിന്നുള്ള വിവരങ്ങള്‍ക്കനുസരിച്ച് ബസിന്റെ പോരായ്മകള്‍ തീര്‍ക്കാന്‍ ഗൂഗിള്‍ സംഘം ധൃതഗതിയില്‍ പരിഷ്‌ക്കരണങ്ങള്‍ നടത്തുന്നതിനിടെയാണ്, ബസ് സൂപ്പര്‍ഹിറ്റായ വിവരം ജിമെയില്‍ ബ്ലോഗ് പ്രസിദ്ധീകരിച്ചത്.

നെറ്റില്‍ നിന്ന് മാത്രമല്ല, മൊബൈല്‍ ഫോണുകളില്‍ നിന്നുള്ള അപ്‌ഡേറ്റുകളും ബസിലെത്തുന്നത് റിക്കോര്‍ഡ് നിരക്കിലാണ്. മിനിറ്റ് തോറും 200 പോസ്റ്റുകള്‍ വീതം ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ബസിലേക്ക് എത്തുന്നു എന്നാണ് ബ്ലോഗില്‍ പറയുന്നത്.

സുരക്ഷ സംബന്ധിച്ചും സ്വകാര്യതയെക്കുറിച്ചുമുള്ള പലതരം ആശങ്കകള്‍ ബസ് യൂസര്‍മാര്‍ക്കിടയിലുണ്ട്. അത് പരിഹരിക്കാനുള്ള പരിഷ്‌ക്കാരങ്ങള്‍ ബെസില്‍ വരുത്തിയതായി ബ്ലോഗ് ഉദാഹരണങ്ങള്‍ വഴി വ്യക്തമാക്കുന്നു.

ബസില്‍ നിങ്ങളെ പിന്തുടരുന്നവരും നിങ്ങള്‍ പിന്തുടരുന്നവരും ആരാണെന്ന് മറ്റുള്ളവര്‍ അറിയുന്നു എന്നതായിരുന്നു സ്വാകാര്യത സംബന്ധിച്ച ഒരു പരാതി. അതിന്, ഗൂഗിള്‍ പ്രൊഫൈലിലെത്തി എഡിറ്റ് ഓപ്ഷന്‍ ഉപയോഗിച്ച് പിന്തുടരുന്നവരെയും പിന്തുടരുന്നവരും സംബന്ധിച്ച പട്ടിക മറ്റുള്ളവര്‍ കാണുന്നതിനുള്ള ഓപ്ഷന്‍ അണച്ചിടാം.

നിങ്ങളെ ഒരാള്‍ പിന്തുടരുന്നത് തടയണമെങ്കില്‍ അയാള്‍ക്ക് ഗൂഗിളില്‍ പബ്ലിക് പ്രൊഫൈല്‍ വേണമായിരുന്നു. ഇപ്പോള്‍ ബ്ലോക്ക് ചെയ്യാനുള്ള സംവിധാനം ലളിതമാക്കിയിട്ടുണ്ട്. ആരെ വേണമെങ്കിലും നിങ്ങള്‍ക്ക് ഒഴിവാക്കാം. മാത്രമല്ല, പബ്ലിക്ക് പ്രൊഫൈല്‍ ഉള്ളവരെയും ഇല്ലാത്തവരെയും വ്യക്തമായി തിരിച്ചറിയാന്‍ ഇപ്പോള്‍ ബെസില്‍ സൗകര്യമുണ്ട്.

രണ്ടു ദിവസം കൊണ്ടാണ് ഈ പരിഷ്‌ക്കരണങ്ങള്‍ ബസില്‍ ഉള്‍പ്പെടുത്തിയതെന്നത് ആ സൗഹൃദക്കൂട്ടായ്മയുണ്ടാക്കിയെടുത്തിട്ടുള്ള ഓളം എത്രയെന്ന് വ്യക്തമാക്കുന്നു.

ഒപ്പം പുതിയ സര്‍വ്വീസിന്റെ കാര്യം രഹസ്യമാക്കി സൂക്ഷിക്കാന്‍ ഗൂഗിളിന് സാധിച്ചതിനെക്കുറിച്ച് ബെസില്‍ തന്നെ ചര്‍ച്ച കൊഴുക്കുകയാണ്.

ആപ്പിള്‍ കമ്പനി കഴിഞ്ഞ മാസം അവസാനമാണ് അവരുടെ പുതിയ ഉത്പന്നമായ ഐപാഡ് ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ പുറത്തിറക്കിയത്. എന്നാല്‍, അതെപ്പറ്റി മാസങ്ങള്‍ക്ക് മുമ്പ് തന്നെ വെബ്ബ്‌ലോകത്ത് ചര്‍ച്ച തുടങ്ങിയിരുന്നു. അതുമായി താരതമ്യം ചെയ്യുമ്പോള്‍ രഹസ്യങ്ങള്‍ സൂക്ഷിക്കാനറിയാവുന്നത് ഗൂഗിളിന് തന്നെയെന്ന് വിശ്വസിക്കുന്നവരാണ് ഏറിയ പങ്കും.

സൗഹൃദക്കൂട്ടായ്മയുടെ പരിധിയില്‍ പെടുത്താവുന്ന 'ഗൂഗിള്‍ വേവ്' (Google Wave) എന്ന സര്‍വീസ് മാസങ്ങള്‍ക്ക് മുമ്പ് തന്നെ പൊതുവേദിയില്‍ ചര്‍ച്ചയ്ക്ക് വെച്ച് ഗൂഗിള്‍ ഏവരുടെയും ശ്രദ്ധ സമര്‍ഥമായി തിരിച്ചുവിടുകയായിരുന്നുവെന്ന് കരുതുന്നവരുമുണ്ട്. ഒരേ സ്വഭാവമുള്ള ഒരു സര്‍വീസിന്റെ കാര്യം പറഞ്ഞ്, അതേ സ്വഭാവത്തിലുള്ള മറ്റൊരെണ്ണം ആരുടെയും കണ്ണില്‍പെടാതെ വികസിപ്പിക്കുകയാണ് ഗൂഗിള്‍ ചെയ്തതെന്ന് സാരം. (അവലംബം: ജിമെയില്‍ ബ്ലോഗ്)

കാണുക

Thursday, February 11, 2010

ഓര്‍മയുണ്ടോ, ഈ മുഖം

ഉണ്ടാവില്ല, കാരണം അടുത്തകാലത്ത് ഭൂമിയില്‍ ജീവിച്ചിരുന്ന ആരും ഇയാളെ കണ്ടിട്ടില്ല. പേര് 'ഇനുക്' (Inuk), 4000 വര്‍ഷം മുമ്പ് ഗ്രീന്‍ലന്‍ഡിലാണ് ഇയാള്‍ ജീവിച്ചിരുന്നത്.

അപ്പോള്‍ പിന്നെ ഈ മുഖം എവിടുന്നു കിട്ടിയെന്നാകും വായനക്കാരുടെ സംശയം.

ഗ്രീന്‍ലന്‍ഡിലെ തണുത്തറഞ്ഞ മണ്ണില്‍ നിന്ന് കിട്ടിയ തലമുടിയില്‍ നിന്നാണ് ഈ മുഖം കണ്ടെത്തിയത്. തമാശയല്ല, തലമുടിയിലെ ഡി.എന്‍. ഉപയോഗിച്ച് അതിന്റെ ഉടമസ്ഥന്‍ എങ്ങനെയായിരുന്നു എന്ന് ഗവേഷകര്‍ അനുമാനിച്ചെടുക്കുകയായിരുന്നു.

ബ്രൗണ്‍ നിറമുള്ള കണ്ണുകള്‍, കറുത്ത് കട്ടിയായ മുടി, കഷണ്ടിക്ക് സാധ്യത....അങ്ങനെ ഡി.എന്‍.എ.യില്‍ പ്രതിഫലിച്ച സൂചനകളാണ് ഇയാളുടെ മുഖം വരച്ചുണ്ടാക്കാന്‍ ഗവേഷകരെ സഹായിച്ചതെന്ന്, 'നേച്ചര്‍' ഗവേഷണവാരിക പറയുന്നു.

ആധുനിക മനുഷ്യന്റെ ലഭ്യമായതില്‍ ഏറ്റവും പഴക്കമുള്ള ജിനോംശ്രേണിയാണ് ഗവേഷകര്‍ ഈ പഠനം വഴി കണ്ടെത്തിയത്. ഒരു വര്‍ഷമെടുത്തു ജിനോം വിശകലനം പൂര്‍ത്തിയാക്കാന്‍.

ഗ്രീന്‍ലന്‍ഡിലെ ഭാഷയില്‍ 'മനുഷ്യന്‍' എന്നര്‍ഥം വരുന്ന ഇനുക് എന്ന പേര് ഇയാള്‍ക്കിട്ടതും ഗവേഷകര്‍ തന്നെ.

ആധുനിക ഗ്രീന്‍ലന്‍ഡുകാരുടെ നേരിട്ടുള്ള പൂര്‍വികനല്ല ഇനുക്. ജിനോം വിവരങ്ങള്‍ പ്രകാരം ഇയാളുടെ വര്‍ഗക്കാര്‍ സൈബീരിയയില്‍ നിന്ന്് ഗ്രീന്‍ലന്‍ഡിലെത്തിയതാണ് - പഠനത്തില്‍ പങ്കാളിയായിരുന്ന കോപ്പന്‍ഹേഗന്‍ സര്‍വകലാശാലയിലെ പ്രൊഫ. ഇസ്‌കെ വില്ലെര്‍സ്ലെവ് പറഞ്ഞു.

വടക്കുകിഴക്കന്‍ സൈബീരിയയില്‍ സീലുകളെയും കടല്‍പക്ഷികളെയും വേട്ടയാടി, കടലിനെ ആശ്രയിച്ചു ജീവിച്ചിരുന്നവരാണ് 'സക്വാഖ്' (Saqqaq) വര്‍ഗം. അവരുടെ ഗണത്തില്‍ പെട്ടയാളായിരുന്നു ഇനുക്.

സൈബീരിയയില്‍ നിന്ന് സക്വാഖ്് വിഭാഗത്തില്‍ പെട്ടവര്‍ ഗ്രീന്‍ലന്‍ഡിലേക്കും അലാസ്‌കയിലേക്കും കുടിയേറിയത് 5500 വര്‍ഷം മുമ്പാണെന്ന് കരുതുന്നു. എന്നാല്‍, ഇപ്പോഴത്തെ ഇന്യൂറ്റ് (Inuit) വര്‍ഗക്കാരുടെയോ അമേരിക്കയിലെ ആദിമനിവാസികളുടെയോ പൂര്‍വികരല്ല സക്വാഖ് ജനത.

എങ്ങനെ ആ വര്‍ഗത്തില്‍ പെട്ടവര്‍ കടല്‍ താണ്ടി സൈബീരിയില്‍ നിന്ന് പുതിയ ലോകത്തെത്തി എന്നത് ഇപ്പോഴും വ്യക്തമല്ലെന്ന്, പ്രൊഫ. വില്ലെര്‍സ്ലെവ് പറഞ്ഞു.

'ഒരുപക്ഷേ, വള്ളത്തിലാകാം അവര്‍ വന്നിരിക്കുക. അല്ലെങ്കില്‍, ശൈത്യകാലത്ത് മഞ്ഞുപാളികള്‍ക്ക് മുകളിലൂടെ നടന്ന് കടല്‍ കടന്നിരിക്കാം'-അദ്ദേഹം അഭിപ്രായപ്പെടുന്നു.

മാത്രമല്ല, സക്വാഖ് വര്‍ഗത്തിന് എന്തു സംഭവിച്ചു എന്നതും പ്രഹേളികയാണ്. കാലാവസ്ഥയില്‍ വന്ന മാറ്റമാണോ, മറ്റ് വര്‍ഗങ്ങളുമായി മത്സരിച്ച് പരാജയപ്പെട്ടതാണോ ആ വര്‍ഗത്തിന്റെ അന്ത്യം കുറിച്ചതെന്ന് വ്യക്തമല്ല. (അവലംബം: നേച്ചര്‍)

Wednesday, February 10, 2010

ജിമെയിലും 'ഫെയ്‌സ് ബുക്ക് യുഗ'ത്തിലേക്ക്

ഗൂഗിളിന്റെ ഇമെയില്‍ സര്‍വീസായ ജിമെയിലും 'ഫെയ്‌സ് ബുക്ക് യുഗ'ത്തിലേക്ക് പ്രവേശിക്കുന്നു. ഫെയ്‌സ് ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുമായി നേരിട്ട് മത്സരിക്കാന്‍ പാകത്തില്‍ ജിമെയിലിനെ മാറ്റുകയാണ് ഗൂഗിള്‍. 'ഗൂഗിള്‍ ബസ്' (Google Buzz) എന്ന സര്‍വീസ് ജിമെയിലുമായി നേരിട്ട് സമ്മേളിപ്പിച്ചാണ് ഗൂഗിള്‍ ഇത് സാധിക്കുന്നത്. ജിമെയില്‍ വഴി ടെക്സ്റ്റും വീഡിയോയും ചിത്രങ്ങളുമെല്ലാം പങ്കുവെയ്ക്കാന്‍ പുതിയ സംവിധാനം അവസരമൊരുക്കുന്നു.

ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സര്‍വീസുകള്‍ നേടുന്ന ജനപ്രീതിയും സ്വീകാര്യതയും കണ്ടില്ലെന്ന് നടിക്കാന്‍ ഗൂഗിളിനും കഴിയുന്നില്ല എന്നതിന്റെ തെളിവാണ് പുതിയ നീക്കം. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സര്‍വീസായ 'ഓര്‍ക്കുട്ട്' ഗൂഗിളിന്റേതാണെങ്കിലും, ആഗോളതലത്തില്‍ അതിന് ഫെയ്‌സ് ബുക്കിന്റെ എതിരാളിയാകാന്‍ കഴിഞ്ഞിട്ടില്ല. ഇന്ത്യയിലും ബ്രസീലിലും മാത്രമാണ് ഓര്‍ക്കുട്ടിന് കാര്യമായ ജനപ്രീതിയുള്ളത്.

ഗൂഗിള്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം പേര്‍ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ സൈറ്റാണ് ഇപ്പോള്‍ ഫെയ്‌സ് ബുക്ക്. ദിവസവും 40 കോടിപ്പേര്‍ ആ സൈറ്റിലെത്തുന്നു. ഈ ജനപ്രീതിയാണ് ജിമെയിലിനെ സോഷ്യല്‍ നെറ്റ്‌വര്‍ക്കാക്കുന്നതിലെ മുഖ്യ പ്രലോഭനം എന്നുറപ്പ്. മാര്‍ക്കറ്റ് ഗവേഷണ കമ്പനിയായ 'കോംസ്‌കോറി'ന്റെ കണക്ക് പ്രകാരം 17.6 കോടി യൂസര്‍മാര്‍ ഇപ്പോള്‍ ജിമെയിലിനുണ്ട്. അത് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് കൂടിയായി മാറ്റുന്നതോടെ, ഫെയ്‌സ് ബുക്കിന് ശരിക്കുള്ള ഒരു എതിരാളിയുണ്ടാകും എന്നുറപ്പ്.

താത്പര്യജനകമായ ഒട്ടേറെ പ്രത്യേകതകള്‍ ബെസ് വഴി ജിമെയിലിന് ലഭിക്കും, പ്രത്യേകിച്ചും മൊബൈല്‍ ഫോണുകളിലെ ഉപയോഗത്തിന്. സ്വകാര്യമായതോ പൊതുവായതോ ആയ അപ്‌ഡേറ്റുകള്‍ (ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും ചെയ്യുന്നതുപോലെ) ജിമെയിലില്‍ പോസ്റ്റു ചെയ്യാം. അത്തരം അപ്‌ഡേറ്റുകളാണ് 'ബസ്'(Buzz) എന്നറിയപ്പെടുക. ഒപ്പം ട്വിറ്റര്‍, യൂടൂബ്, ഫ് ളിക്കര്‍, പിക്കാസ തുടങ്ങിയ സൈറ്റുകളില്‍ നിന്നുള്ള വിവരങ്ങളും ഉള്ളടക്കവും ജിമെയില്‍ വഴി പങ്കുവെയ്ക്കാനും സാധിക്കും. ഗൂഗിളിന്റെ എതിരാളിയായ യാഹൂ, അവരുടെ മെയിലില്‍ ഇത്തരം ചില പ്രത്യേകതകള്‍ ഇതിനകം ഉള്‍പ്പെടുത്തിക്കഴിഞ്ഞു.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് മേഖലയിലേക്കുള്ള ഗൂഗിളിന്റെ വലിയൊരു കടന്നുകയറ്റമെന്ന് പുതിയ നീക്കത്തെ വിശേഷിപ്പിക്കാം. എന്നാല്‍, ഫെയ്‌സ് ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സര്‍വീസുകള്‍ ഉപയോഗിക്കുന്നവര്‍ അതുപേക്ഷിച്ച് ഗൂഗിളിന്റെ സര്‍വീസ് സ്വീകരിക്കുമോ എന്നിടത്താണ് പ്രശ്‌നം. അതേസയമം, ജിമെയിലിനെ ഇത്തരത്തില്‍ മാറ്റുന്നതുകൊണ്ട് മെച്ചവുമുണ്ട്. ഒരു ഗൂഗിള്‍ യൂസര്‍ക്ക് അയാളുടെ കോണ്ടാക്ടിലുള്ള ആളുകളുമായി തന്നെ വിവരങ്ങള്‍ കൈമാറാം, മറ്റ് സൈറ്റുകളിലേതുപോലെ പുതിയതായി സുഹൃത്തുക്കളെ കണ്ടെത്തേണ്ട പ്രശ്‌നമില്ല.

വിവിധ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലെ സവിശേഷകള്‍ ബസില്‍ ദര്‍ശിക്കാനാകും. ഉദാഹരണത്തിന്, അപ്‌ഡേറ്റുകള്‍ പങ്കുവെയ്ക്കാനായി മറ്റുള്ളവരെ 'ഫോളോ' ചെയ്യാനുള്ള ട്വിറ്ററിലെ സവിശേഷത, ഫെയ്‌സ് ബുക്കിലുള്ള 'ഇത് ഞാന്‍ ഇഷ്ടപ്പെടുന്നു' എന്നകാര്യം രേഖപ്പെടുത്താനുള്ള അവസരം ഒക്കെ ജിമെയിലില്‍ ലഭ്യമാകും. 'ജിമെയിലില്‍ തികച്ചും വ്യത്യസ്തമായ പുതിയൊരു ലോകമാകും' ഉടലെടുക്കുകയെന്ന്, ഗൂഗിള്‍ ബസ് പ്രോഡക്ട് മാനേജര്‍ ടോഡ് ജാക്‌സണ്‍ പറയുന്നു.

ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡിന് പാകമായ രൂപത്തിലും ബസ് ലഭ്യമാക്കിയിട്ടുണ്ട്. ഫോണില്‍ നിന്ന് നേരിട്ട് അപ്‌ഡേറ്റുകള്‍ അയയ്ക്കാം. മാത്രമല്ല, അപ്‌ഡേറ്റുകള്‍ അയയ്ക്കുന്ന വ്യക്തി എവിടെയാണെന്നുള്ള വിവരം മനസിലാക്കാന്‍ പാകത്തില്‍ ഗൂഗിള്‍ മാപ്‌സുമായും ബസിനെ ബന്ധപ്പെടുത്തിയിട്ടുണ്ട്. തിയേറ്ററുകള്‍, റസ്‌റ്റോറണ്ടുകള്‍ തുടങ്ങിയവയുടെ റിവ്യൂ നല്‍കുന്ന ബിസിനസ് ഡയറക്ടറിയായ 'ഗൂഗിള്‍ പ്ലെയ്‌സസി' (Google Places)ലും ബസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

യഥാര്‍ഥത്തില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് രംഗത്ത് പയറ്റാന്‍ ഗൂഗിള്‍ എത്തുന്നത് ആദ്യമായല്ല. മുമ്പ് സൂചിപ്പിച്ച ഓര്‍ക്കുട്ട് ഉദാഹരണം. 2004-ല്‍ ആരംഭിച്ച ഓര്‍ക്കുട്ടിന് പക്ഷേ, ഫെയ്‌സ്ബുക്കിന്റെ ഐതിഹാസികമായ മുന്നേറ്റത്തിന് മുന്നില്‍ പകച്ചു നില്‍ക്കാനേ സാധിച്ചുള്ളു. അടുത്തയിടെ ഗൂഗിള്‍ പുറത്തിറക്കിയ (ഇപ്പോള്‍ ക്ഷണം വഴി മാത്രം ലഭ്യമായ) 'ഗൂഗിള്‍ വേവ്' (Google Wave) എന്ന സര്‍വീസും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുടെ സ്വഭാവമുള്ളതാണ്. തത്സമയ സന്ദേശങ്ങള്‍ വഴി ഒരേ സമയം ഒട്ടേറെപ്പേര്‍ക്ക് സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്ന ഒന്നാണ് ഗൂഗിള്‍ വേവ്.

വിവിധ തരത്തിലുള്ള സന്ദേശങ്ങള്‍ അയയ്്ക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന കാര്യത്തില്‍ ജി-മെയിലില്‍ സൃഷ്ടിച്ചെടുത്തിട്ടുള്ള പ്രാഗത്ഭ്യം തീര്‍ച്ചയായും ബെസിന് ഗുണംചെയ്യും. ഓഡിയോ സന്ദേശങ്ങളും ഓഡിയോ ചാറ്റും വീഡിയോ ചാറ്റും വരെ ജിമെയിലില്‍ മുമ്പുതന്നെ സാധ്യമാണ്. ഇക്കാര്യത്തില്‍ ഫെയ്‌സ്ബുക്ക് ജി-മെയിലിന്റെ പിന്നിലേ വരൂ. ഇക്കാര്യം മുന്നില്‍ കണ്ട് മെസ്സേജ് ബിസിനസിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ ഫെയ്‌സ് ബുക്ക് ശ്രമിക്കുന്ന സമയത്താണ്, ഗൂഗിളിന്റെ പുതിയ സര്‍വീസ് രംഗത്തെത്തുന്നതെന്ന കാര്യം ശ്രദ്ധേയമാണ്. തത്സമയ ചാറ്റുകളുടെ ഗുണനിലവാരമുയര്‍ത്താന്‍ സഹായിക്കുന്ന 'ജാബ്ബര്‍' (Jabber) സങ്കേതം ഫെയ്‌സ് ബുക്കില്‍ താമസിയാതെ ഉള്‍പ്പെടുത്താന്‍ പോവുകയാണ്. (അവലംബം: ഗൂഗിള്‍ ബ്ലോഗ്)

Tuesday, February 09, 2010

സ്മാര്‍ട്ട് ഫോണുകള്‍ കൂടുതല്‍ 'സ്മാര്‍ട്ടാ'കുന്നു

ടച്ച്‌സ്‌ക്രീനുകളുടെ കാലമാണിപ്പോള്‍; പ്രത്യേകിച്ച് മൊബൈല്‍ ഫോണുകളുടെ ലോകത്ത്. ഐഫോണ്‍ തുടക്കമിട്ട ടച്ച്‌സ്‌ക്രീന്‍ സംസ്‌ക്കാരം ഇപ്പോള്‍ കമ്പ്യൂട്ടറുകളിലേക്കും സംക്രമിച്ചിരിക്കുന്നു. ആപ്പിളിന്റെ ഐപാഡ് എന്ന ടാബ്‌ലറ്റ് കമ്പ്യൂട്ടറാണ് ആ പട്ടികയില്‍ ഏറ്റവും ഒടുവിലത്തേത്.

ആ നിലയ്ക്ക് ടച്ച്‌സ്‌ക്രീനുകളുടെ ക്ഷമത വര്‍ധിപ്പിക്കാനുള്ള ഏത് മുന്നേറ്റവും സ്മാര്‍ട്ട്‌ഫോണുകളെ കൂടുതല്‍ സ്മാര്‍ട്ടാക്കാന്‍ സഹായിക്കും. സ്പര്‍ശനവേളയില്‍ വിരലുകളുടെ സമ്മര്‍ദമനുസരിച്ച്, ടച്ച്‌സ്‌ക്രീനുകളുടെയും കീകളുടെയും പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന 'ക്വാണ്ടംസങ്കേതം' രൂപപ്പെടുത്തുന്നതില്‍ വിജയിച്ചിരിക്കുകയാണ് ബ്രിട്ടീഷ് സ്ഥാപനം.

സ്മാര്‍ട്ട്‌ഫോണ്‍ സ്‌ക്രീനില്‍ സ്‌ക്രോളിങ് പോലുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ പുതിയ സങ്കേതം സഹായിക്കും. 'ക്വാണ്ടം ടണലിങ് കൊംപോസിറ്റ്' (Quantum Tunnelling Composite - QTC) എന്നാണ് പുതിയ സങ്കേതത്തിന്റെ പേര്. പെരാടെക് എന്ന സ്ഥാപനം വികസിപ്പിച്ച ഈ വിദ്യ ഉപയോഗിക്കാന്‍ സാംസങ് ഇലക്ട്രോ-മെക്കാനിക്‌സ് ലൈസന്‍സ് കരാര്‍ ഒപ്പിട്ടു കഴിഞ്ഞു.

മറ്റ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍ക്ക് മൊബൈല്‍ഫോണ്‍ ഭാഗങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന സാംസങിന്റെ ബ്രിട്ടീഷ് വിഭാഗമാണ് സാംസങ് ഇലക്ട്രോ-മെക്കാനിക്‌സ്. ഫോണുകള്‍ മുതല്‍ ഗെയിമുകള്‍, ജി.പി.എസ്. ഹാന്‍ഡ്‌സെറ്റുകള്‍ എന്നവയില്‍ വരെ പുതിയ സങ്കേതം ഉപയോഗിക്കാനാകും.

പ്രത്യേകയിനം പോളിമറില്‍ വിതറിയിരിക്കുന്ന ധാന്യക്കതിര്‍പോലെയുള്ള നാനോകണങ്ങളുടെ സഹായത്തോടെയാണ് ക്യു.ടി.സി. രൂപപ്പെടുത്തിയത്. ഈ നാനോകണങ്ങള്‍ പരസ്പരം നേരിട്ട് സ്പര്‍ശിക്കുന്നില്ല. എന്നാല്‍, ഇവ കൂടുതല്‍ പരസ്പരം അടുക്കുമ്പോള്‍ 'ടണലിങ്' എന്ന ക്വാണ്ടംഭൗതിക പ്രതിഭാസത്തിന്റെ സഹായത്തോടെ വൈദ്യുതിപ്രവാഹം ശക്തമാകും.

ക്വാണ്ടംഭൗതികത്തിലെ അനിശ്ചിതത്വ സിദ്ധാന്തം അനുസരിച്ച്, ഒരു മതിലിന്റെയോ മറയുടെയോ ഒരു വശത്ത് സ്ഥിതിചെയ്യുന്ന കണത്തിന് മതിലിനപ്പുറത്തും പ്രത്യക്ഷപ്പെടാനാകും. ഈ ക്വാണ്ടംമെക്കാനിക്കല്‍ ഗുണത്തിനാണ് 'ടണലിങ്' എന്ന് പറയുന്നത്.

ഇതനുസരിച്ച് പരസ്പരം സ്പര്‍ശിക്കാത്ത കണങ്ങളുടെ പരിസരം വൈദ്യുത പ്രവാഹത്തെ സംബന്ധിച്ച് ഒരുതരം മറയാണ്. മറയ്ക്കപ്പുറത്തേക്ക് ഇലക്ട്രോണുകള്‍ക്ക് എത്താന്‍ കഴിയും. വിരലിന്റെ സമ്മര്‍ദം ഏറുമ്പോള്‍ നാനോകണങ്ങള്‍ പരസ്പരം കൂടുതല്‍ അടുക്കുകയും വൈദ്യുതചാര്‍ജിന് ടണലിങ് സംഭവിക്കാനുള്ള സാധ്യത ഏറുകയും ചെയ്യും. വൈദ്യുതപ്രവാഹം ശക്തമാകുകയാണ് ഫലം.

സ്വിച്ചുകളും കീബോര്‍ഡുമൊക്കെ നിര്‍മിക്കാന്‍ ഈ സമീപനം സഹായകമാണെങ്കിലും, കട്ടികുറഞ്ഞ ഉപകരണങ്ങള്‍ക്കാണ് ഇത് കൂടുതല്‍ അനുയോജ്യം. സ്മാര്‍ട്ട്‌ഫോണുകളുടെ കാര്യത്തിലാണ് ഇത് ഏറെ പ്രയോജനം ചെയ്യുക. ഗെയിമുകളുടെ രംഗത്തും ഇതിന് ഏറെ സാധ്യതകളുണ്ട്.

സ്മാര്‍ട്ട്‌ഫോണുകളുടെ നാവിഗേഷന്‍ സ്വിച്ചുമായി ക്യു.ടി.സി. സംയോജിപ്പിക്കുന്ന പ്രവര്‍ത്തനം സാംസങ് ഇലക്ട്രോ-മെക്കാനിക്‌സ് തുടങ്ങിക്കഴിഞ്ഞു. മുകളിലേക്കും താഴേക്കുമുള്ള നാവിഗേഷനിലാണ് പുതിയ സങ്കേതം ഉപയോഗിക്കുന്നത്. അതിനാല്‍ സ്‌ക്രോളിങ് വളരെ അനായാസമായി നടത്താനാകും.

സ്‌ക്രോളിങ് നടത്തുന്ന വേളയില്‍ ആവശ്യമുള്ള സ്ഥാനങ്ങള്‍ കൂടുതല്‍ നിയന്ത്രണത്തിലാകും എന്നതാണ് പുതിയ വിദ്യയുടെ ഗുണം. ഉദാഹരണത്തിന് ഇ-മെയിലുകളുടെ നീണ്ട പട്ടികയിലൂടെ സ്‌ക്രോള്‍ ചെയ്യുന്ന കാര്യം പരിഗണിക്കുക. ആവശ്യമുള്ള ഇ-മെയില്‍ സെലക്ട് ചെയ്യുക ഇപ്പോഴുള്ള ടച്ച്‌സ്്ക്രീനുകളില്‍ ദുഷ്‌ക്കരമാണ്. എന്നാല്‍ ക്യു.ടി.സി.സങ്കേതം ഉപയോഗിക്കുമ്പോള്‍ അത് അനായാസമാകും. (അവലംബം: പെരാടെക്)

കാശുപോകുമെന്ന പേടിയോ; കാരണം 'അമിഗ്ദാല'


പണം നഷ്ടപ്പെട്ടേക്കുമെന്ന പേടി മൂലം ഓഹരി വിപണിയില്‍ ഇറങ്ങാന്‍ മടിക്കുന്നയാളാണോ നിങ്ങള്‍, ചൂതാട്ടമെന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനസില്‍ ഭീതി ഉണരാറുണ്ടോ, ആവശ്യത്തിനും ആവശ്യമില്ലാത്തതിനും കാശിന്റെ കാര്യമോര്‍ത്ത് ഉത്ക്കണ്ഠപ്പെടാറുണ്ടോ ? എങ്കില്‍ അത് വെറുതെ സംഭവിക്കുന്നതല്ല. തലച്ചോറിലെ 'അമിഗ്ദാല' (amygdala) യെന്ന മസ്തിഷ്‌കഭാഗമാണ് ഇതിന് പിന്നിലെന്ന് ആദ്യമായി തിരച്ചറിഞ്ഞിരിക്കുകയാണ് ഗവേഷകലോകം.

സാമ്പത്തിക ക്രയവിക്രയവുമായി ബന്ധപ്പെട്ട മനുഷ്യസ്വഭാവത്തിന്റെ ഉറവിടം തിരിച്ചറിയുന്നതിലാണ് ഇതുവഴി ഗവേഷകര്‍ വിജയിച്ചിരിക്കുന്നത്. കാശ് പോകാന്‍ എന്തെങ്കിലും സാധ്യതയുണ്ടെങ്കില്‍ (കിട്ടാന്‍ അത്ര തന്നെ സാധ്യയുണ്ടെങ്കില്‍ പോലും) അതൊഴിവാക്കാന്‍ അമിഗ്ദാലയെന്ന മസ്തിക്കഭാഗമാണ് നമ്മളെ പ്രേരിപ്പിക്കുന്നതായി, 'പ്രൊസീഡിങ്‌സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസി' (PNAS) ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.

അമേരിക്കയില്‍ കാലിഫോര്‍ണിയ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി (കാല്‍ടെക്) യിലെ ന്യൂറോസയന്റിസ്റ്റായ ഡോ. ബെനെഡറ്റോ ഡി മാര്‍ട്ടിനോയും സംഘവുമാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. അപൂര്‍വമായൊരു ജനിതകത്തകരാര്‍ മൂലം അമിഗ്ദാല നശിച്ചുപോയ രണ്ടുപേരും, ആ മസ്തിഷ്‌ക്കഭാഗത്തിന് കുഴപ്പമൊന്നുമില്ലാത്ത മറ്റൊരു ഗ്രൂപ്പിനെയുമാണ് പഠനവിധേയമാക്കിയത്.

കാശ് നഷ്ടപ്പെടാന്‍ സാധ്യതയില്ലാത്തതും, നഷ്ടപ്പെടാനും നേടാനും തുല്യസാധ്യതയുള്ളതും, കാശ് പോകാന്‍ ഏറെ സാധ്യതയുള്ളതുമായ ചൂതാട്ടങ്ങള്‍ക്ക് ഇവരെ വിധേയമാക്കുകയാണ് ഗവേഷകര്‍ ചെയ്തത്. കാശ് പോകാനും കിട്ടാനും തുല്യസാധ്യതയുള്ള ഗെയിമില്‍പ്പോലും പണം മുടക്കാന്‍, അമിഗ്ദാലയ്ക്ക് തകരാറില്ലാത്തവര്‍ മടിച്ചു. എന്നാല്‍, തകരാറുള്ളവര്‍ കാശിന്റെ കാര്യത്തിലുള്ള വേവലാതി ഒഴിവാക്കി കൂടുതല്‍ റിസ്‌ക്കുള്ള ഗെയിമുകളില്‍ പങ്കെടുക്കാന്‍ തയ്യാറായി.
ഇത്തരം ചൂതാട്ടഗെയിമുകള്‍ പല തരത്തില്‍ ആവര്‍ത്തിച്ചപ്പോള്‍ ലഭിച്ച സ്‌കോര്‍ ഉപയോഗിച്ച് ഇരുവിഭാഗത്തെയും താരതമ്യം ചെയ്തപ്പോഴാണ്, കാശുപോകുമെന്ന പേടിയുടെ ഉറവിടം അമിഗ്ദാലയാണെന്ന നിഗമനത്തില്‍ ഗവേഷകര്‍ എത്തിയത്. വൈകാരികമായ ഓര്‍മകള്‍ തലച്ചോറില്‍ സൂക്ഷിക്കപ്പെടുന്ന ഭാഗം അമിഗ്ദാലയാണെന്ന് മുമ്പുതന്നെ ഗവേഷകലോകത്തിന് സൂചന കിട്ടിയിരുന്നു. എന്നാല്‍, ഈ മസ്തിഷ്‌ക്കഭാഗത്തിന്റെ ധര്‍മങ്ങള്‍ അതുകൊണ്ട് അവസാനിക്കുന്നില്ലെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.

'കോടിപതി പരിപാടിയില്‍ നിങ്ങള്‍ പങ്കെടുക്കുകയാണെന്ന് സങ്കല്‍പ്പിക്കുക. അഞ്ചുലക്ഷത്തിന്റെ ചോദ്യത്തിന് നിങ്ങള്‍ ശരിയായി ഉത്തരം നല്‍കി. ഇനി അവസാനത്തെ ചോദ്യമാണ്. അതിന് ശരിയായ ഉത്തരമാണെങ്കില്‍ പത്തുലക്ഷം കിട്ടും. ഉത്തരം തെറ്റിയാല്‍, നിങ്ങള്‍ക്ക് 32000 മാത്രമേ കിട്ടൂ. പത്തുലക്ഷം കിട്ടാന്‍ 50 ശതമാനം സാധ്യതയുണ്ട്. എങ്കിലും മിക്കവരും അവസാനത്തെ ചോദ്യം വേണ്ടെന്ന് വെച്ച് അഞ്ചുലക്ഷംകൊണ്ട് തൃപ്തിപ്പെടുകയാണ് പതിവ്'-ഡോ. മാര്‍ട്ടിനോ ചൂണ്ടിക്കാട്ടുന്നു.

കിട്ടിയത് പോകുമോ എന്ന പേടിയാണ് 50 ശതമാനം വിജയസാധ്യതയുണ്ടായിട്ടും റിസ്‌ക് ഏറ്റെടുക്കുന്നതില്‍ നിന്ന് മിക്കവരെയും തടയുന്നത്. ആ പേടിയുടെ ഉറവിടം അമിഗ്ദാലയാണോ എന്നാണ് ഗവേഷകര്‍ പരിശോധിച്ചത്.

'അമിഗ്ദാല ശരിക്ക് പ്രവര്‍ത്തിക്കുകയെന്നാല്‍ പണത്തിന്റെ കാര്യത്തില്‍ ഒരാള്‍ കൂടുതല്‍ കരുതലുള്ളയാളാകും'-പഠനത്തില്‍ പങ്കുവഹിച്ച പ്രൊഫ. റാല്‍ഫ് അഡോള്‍ഫ്‌സ് പറയുന്നു. കാശുപോകുന്ന കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതു മുതല്‍ ദൈനംദിന സാമ്പത്തികകാര്യങ്ങളിലെ തീരുമാനങ്ങളില്‍ വരെ അമിഗ്ദാല പങ്കുവഹിക്കുന്നുവെന്നാണ് ഗവേഷകര്‍ കരുതുന്നത്. (അവലംബം: PNAS, കാല്‍ടെക്കിന്റെ വാര്‍ത്താക്കുറിപ്പ്)

Monday, February 08, 2010

കണികാപരീക്ഷണം : രണ്ടുവര്‍ഷം പകുതി ഊര്‍ജനിലയില്‍


ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ (എല്‍.എച്ച്.സി) രണ്ടുവര്‍ഷത്തേക്ക് പകുതി ഊര്‍ജനിലയിലാകും കണികാപരീക്ഷണം നടക്കുക. അതിന് ശേഷം ഒരുവര്‍ഷം അടച്ചിട്ട് പരീഷ്‌ക്കരിച്ച ശേഷമാകും, കണികാപരീക്ഷണം അതിന്റെ പ്രഖ്യാപിത ഊര്‍ജനിലയില്‍ നടത്തുക.

ജനീവയ്ക്ക് സമീപം സ്വിസ്സ്-ഫ്രാന്‍സ് അതിര്‍ത്തിയില്‍ ഭൂമിക്കടയില്‍ സ്ഥാപിച്ചിട്ടുള്ള എല്‍.എച്ച്.സി., കഴിഞ്ഞ ഡിസംബര്‍ 16-നാണ് ശൈത്യകാല അവധിക്ക് അടച്ചത്. പരീക്ഷണം ഈ മാസം പുനരാരംഭിക്കും. അതിനിടെയാണ്, എല്‍.എച്ച്.സി.യുടെ ചുമതലക്കാരായ യൂറോപ്യന്‍ കണികാപരീക്ഷണ ലബോറട്ടിയായ 'സേണ്‍' പുതിയ തീരുമാനം അറിയിച്ചത്.

സ്വിസ്സ്ഫ്രഞ്ച് അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ 27 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥാപിച്ചിട്ടുള്ള എല്‍.എച്ച്.സി. യില്‍ നടക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ കണികാപരീക്ഷണമാണ്. എതിര്‍ദിശയില്‍ ഏതാണ്ട് പ്രകാശവേഗത്തില്‍ പ്രവഹിക്കുന്ന പ്രോട്ടോണ്‍ധാരകളെ തമ്മിള്‍ കൂട്ടിയിടിപ്പിച്ച് അതില്‍ നിന്ന് പുറത്തുവരുന്നത് പഠിക്കുകയാണ് ഗവേഷകര്‍ ചെയ്യുക.

മഹാവിസ്‌ഫോടനം വഴി പ്രപഞ്ചം രൂപംകൊണ്ടതിന് തൊട്ടടുത്ത നിമിഷങ്ങളെ കണികാപരീക്ഷണം വഴി പുനസൃഷ്ടിക്കാന്‍ കഴിയുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. അതുവഴി പ്രപഞ്ചം എങ്ങനെ ഇന്നത്തെ നിലയിലായി എന്നറിയാന്‍ കഴിയും. മാത്രമല്ല, പ്രപഞ്ചസാരം സംബന്ധിച്ച സുപ്രധാനമായ ചില പ്രഹേളികകള്‍ക്ക് ഉത്തരം ലഭിക്കുമെന്നും കരുതുന്നു.

ഏതിര്‍ദിശയില്‍ സഞ്ചരിക്കുന്ന പ്രോട്ടോണ്‍ധാരകളുടെ ഊര്‍ജനില 7 ട്രില്ല്യണ്‍ ഇലക്ട്രോണ്‍ വോട്ട് (TeV) വീതമാക്കി (കൂട്ടിയിടി നടക്കുന്നിടത്തെ ആകെ ഊര്‍ജനില 14 TeV ആകും) ഉയര്‍ത്തുകയാണ് എല്‍.എച്ച്.സി.യുടെ പരമമായ ലക്ഷ്യം.

2009 നവംബര്‍ 30ന് എല്‍.എച്ച്.സി.യിലെ കണികാധാരകള്‍ 1.18 ട്രില്യണ്‍ ഇലക്ട്രോണ്‍ വോള്‍ട്ട് വീതം ഊര്‍ജനില കൈവരിച്ചിരുന്നു. അതോടെ ഭൂമുഖത്തെ ഏറ്റവും ശക്തിയേറിയ കണികാത്വരകമായി എല്‍.എച്ച്.സി.മാറുകയും ചെയ്തു.

എന്നാല്‍, നിശ്ചയിച്ചതിന്റെ പകുതി ഊര്‍ജനിലയിലാകും (കണികാധാര ഓരോന്നും 3.5 TeV വീതം - ആകെ 7 TeV) അടുത്ത 18 മുതല്‍ 24 മാസത്തേക്ക് എല്‍.എച്ച്.സി.പ്രവര്‍ത്തിക്കുകയെന്ന് സേണ്‍ അറിയിച്ചു.

മുമ്പ് നിശ്ചയിച്ചത് പോലെ അടുത്ത ശൈത്യകാലത്ത് പരീക്ഷണം നിര്‍ത്തിവെയ്ക്കില്ല. പകരം 2012-ലാകും നിര്‍ത്തുക. അതുകഴഞ്ഞാല്‍ 2013-ലേ ആരംഭിക്കൂ. അപ്പോഴാകും പ്രഖ്യാപിത ഊര്‍ജനില കൈവരിക്കുക. (അവലംബം: സേണ്‍)

Sunday, February 07, 2010

2009 ഇന്ത്യയ്ക്ക് ചൂടു കൂടിയ വര്‍ഷം

ഇന്ത്യയില്‍ കഴിഞ്ഞ 110 വര്‍ഷത്തിനിടയിലെ ഏറ്റവും ചൂടേറിയ വര്‍ഷമായിരുന്നു 2009 എന്ന് ദേശീയ കാലാവസ്ഥാ വകുപ്പ് (IMD) കണ്ടെത്തി. കഴിഞ്ഞ വര്‍ഷം രാജ്യത്താകമാനം ശരാശരി താപനില സാധാരണയിലും ഒരു ഡിഗ്രി സെല്‍ഷ്യസ് (കൃത്യമായി 0.913 ഡിഗ്രി) കൂടുതലായിരുന്നു.

മാത്രമല്ല, ഈ കാലയളവിലെ ഏറ്റവും ചൂടുകൂടിയ 10 വര്‍ഷങ്ങളില്‍ ആറെണ്ണവും 2000-ന് ശേഷമായിരുന്നുവെന്നും (യഥാക്രമം 2009, 2002, 2006, 2003, 2007, 2004) ഐ.എം.ഡി. അതിന്റെ വെബ്ബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.

അന്തരീക്ഷ താപനിലയും കാലാവസ്ഥയും സംബന്ധിച്ച കണക്കുകള്‍ സൂക്ഷിക്കാന്‍ ഐ.എം.ഡി. ആരംഭിച്ചത് 1901-ലാണ്. അന്നുമുതലുള്ള നിരീക്ഷണവിവരങ്ങള്‍ വിശകലനം ചെയ്താണ് അധികൃതര്‍ ഈ നിഗമനത്തിലെത്തിയത്.

1961 മുതല്‍ 1990 വരെയുള്ള ശരാശരി താപനില മാനദണ്ഡമാക്കിയായിരുന്നു കണക്കുകൂട്ടല്‍. ആ 30 വര്‍ഷം രാജ്യത്തെ ശരാശരി താപനില 24.64 ഡിഗ്രിയായിരുന്നു. 2009-ല്‍ അത് 25.553 ഡിഗ്രിയായതായി ഐ.എം.ഡി.യുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്ത്യയില്‍ 110 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയ വര്‍ഷങ്ങള്‍ ഇവയാണ്: 2009 (+0.913), 2002 (+0.708), 2006 (+0.6), 2003 (+0.560), 2007 (+0.553), 2004 (+0.515), 1998 (+0.514), 1941 (+0.448), 1999 (+0.445), 1958 (+0.435), 2001 (+0.429), 1987 (+0.413), 2005 (+0.410).

മാത്രമല്ല, വിവിധ സീസണുകളിലെ ശരാശരി താപനിലയും ഐ.എം.ഡി. പരിശോധിക്കുകയുണ്ടായി. ജനവരി-ഫിബ്രവരി മാസത്തിലെ ശൈത്യകാലം, മണ്‍സൂണിന് മുമ്പുള്ള മാര്‍ച്ച്-മെയ് കാലയളവ്, മണ്‍സൂണ്‍ കാലമായ ജൂണ്‍-സപ്തംബര്‍, മണ്‍സൂണിന് ശേഷമുള്ള ഒക്ടോബര്‍-ഡിസംബര്‍ എന്നിവയില്‍, മണ്‍സൂണിലും ശൈത്യകാലത്തും ഏറ്റവും ഉയര്‍ന്ന ശരാശരി താപനില രേഖപ്പെടുത്തിയതും 2009-ലായിരുന്നു.

രാജ്യത്തിന്റെ വിവിധഭാഗങ്ങളിലെ വാര്‍ഷിക താപനില പരിശോധിച്ചപ്പോള്‍, രാജസ്ഥാന്‍, ഗുജറാത്ത്, ബീഹാര്‍ എന്നിവിടങ്ങളൊഴികെ ബാക്കിയെല്ലായിടത്തും 2009-ല്‍ ശരാശരി താപനില കാര്യമായി വര്‍ധിച്ചെന്നു കണ്ടു. എന്നാല്‍, മേല്‍പ്പറഞ്ഞ മൂന്ന് മേഖലയില്‍ താപനിലയില്‍ കാര്യമായ കുറവാണ് നിരീക്ഷിച്ചത്.

2009 ജനവരി-ഫിബ്രവരി കാലത്താണ് രാജ്യത്തിന്റെ പല ഭാഗത്തും താപനിലയില്‍ അസാധാരണ വ്യതിചലനം ദര്‍ശിച്ചതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഉദാഹരണത്തിന്, പടിഞ്ഞാറന്‍ ഹിമാലയത്തില്‍ ആ ജനവരി രണ്ടാംപകുതിയിലെ താപനില സാധാരണയിലും മൂന്നു മുതല്‍ അഞ്ച് ഡിഗ്രി വരെ കൂടുതലായിരുന്നു. അതേസമയം ജനവരിയില്‍ തന്നെ ഉത്തര്‍പ്രദേശില്‍ അതിശൈത്യത്തില്‍ എണ്‍പതിലേറെപ്പേര്‍ മരിച്ചു.

2009 മാര്‍ച്ച്, ഏപ്രില്‍, മെയ് കാലയളവില്‍ രാജ്യത്തെ വിവിധ പ്രദേശങ്ങള്‍ അത്യുഷ്ണത്തിന്റെ (സാധാരണയിലും അഞ്ച് ഡിഗ്രി കൂടുതല്‍) പിടിയിലായി. ആന്ധ്രപ്രദേശില്‍ മാത്രം മെയ് മാസത്തില്‍ 150 പേരാണ് സൂര്യാഘാതമേറ്റും, ചൂട് താങ്ങാനാകാതെയും മരിച്ചത്. (അവലംബം: ഐ.എം.ഡി)

Saturday, February 06, 2010

ഋതുഭേദങ്ങള്‍ പ്ലൂട്ടോയിലും


സൗരയൂഥത്തിന്റെ വിദൂരഭാഗത്ത് ഇരുട്ടും തണുപ്പും നിറഞ്ഞ അജ്ഞാതലോകത്താണ് പ്ലൂട്ടോയുടെ സ്ഥാനം. കുള്ളന്‍ഗ്രഹ (dwarf planet) മായ പ്ലൂട്ടോയെക്കുറിച്ച് അധികമൊന്നും ആര്‍ക്കുമറിയില്ല. എന്നിരുന്നാലും, ഹബ്ബിള്‍ സ്‌പേസ് ടെലസ്‌കോപ്പ് നടത്തിയ നിരീക്ഷണം കൗതുകമുണര്‍ത്തുന്ന പുതിയ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നിരിക്കുന്നു. ഇരുണ്ടലോകത്താണെങ്കിലും ഋതുക്കള്‍ക്കനുസരിച്ച് പ്ലൂട്ടോ നാടകീയമാറ്റങ്ങള്‍ക്ക് വിധേയമാകുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ വിവരം.

പ്ലൂട്ടോയുടെ പ്രതലത്തിലെ തിളക്കവും നിറവും ഋതുക്കള്‍ക്കനുസരിച്ച് മാറുന്നു എന്നാണ് ഹബ്ബിളില്‍ നിന്നുള്ള ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. സൗരയൂഥത്തിലെ മറ്റേത് ഗോളത്തേയും അപേക്ഷിച്ച് കൂടുതല്‍ പ്രവര്‍ത്തനനിരതമായ പ്രതലം പ്ലൂട്ടോയുടേതാകാമെന്ന്, ഇതെപ്പറ്റി പഠനം നടത്തിയ കാലിഫോര്‍ണിയ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി (കാല്‍ടെക്) യിലെ പ്രൊഫ. മൈക്ക് ബ്രൗണ്‍ അഭിപ്രായപ്പെടുന്നു.

പ്ലൂട്ടോയെക്കുറിച്ച് പഠിക്കാന്‍ നാസ അയച്ച ന്യൂ ഹെറൈസണ്‍സ് പേടകം 2015-ലാണ് പ്ലൂട്ടോയ്ക്ക് സമീപം എത്തുക. അതുവരെ നമുക്ക് ലഭിക്കാവുന്ന ഏറ്റവും വ്യക്തതയാര്‍ന്ന പ്ലൂട്ടോ ചിത്രങ്ങളാണ് ഹബ്ബിള്‍ ടെലസ്‌കോപ്പ് നല്‍കിയിട്ടുള്ളത്.

2000-2002 കാലത്ത് പ്ലൂട്ടോ കാര്യമായി ചുവന്നതായി ഗവേഷകര്‍ കണ്ടു. 1994-ല്‍ ഹബ്ബിള്‍ പകര്‍ത്തിയ ചിത്രവുമായി 2002-2003 കാലത്തെ പ്ലൂട്ടോ ചിത്രങ്ങള്‍ താരതമ്യം ചെയ്തപ്പോള്‍, അതിന്റെ ഉത്തരധ്രുവഭാഗങ്ങള്‍ കൂടുതല്‍ തിളക്കമാര്‍ജിച്ചതായും വ്യക്തമായി.

സൗരയൂഥത്തിന്റെ ബാഹ്യഭാഗത്തെ ഹിമവസ്തുക്കള്‍ നിറഞ്ഞ കിയ്പ്പര്‍ ബെല്‍റ്റിലാണ് പ്ലൂട്ടോയുടെ സ്ഥാനം. സ്വയംഭ്രമണത്തിന് 6.8 ദിവസം ആവശ്യമായ പ്ലൂട്ടോയുടെ ഗുരുത്വാകര്‍ഷണം, ഭൂമിയുടെ ആറ് ശതമാനമാണ്. പ്രതല ഊഷ്മാവ് മൈനസ് 233 ഡിഗ്രി സെല്‍ഷ്യസ്.

2360 കിലോമീറ്റര്‍ വ്യാസമുള്ള പ്ലൂട്ടോ, സൗരയൂഥത്തിലെ പല ഉപഗ്രഹങ്ങളെക്കാളും ചെറുതാണ്. സൂര്യനില്‍നിന്ന് ശരാശരി 590 കോടി കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന പ്ലൂട്ടോയ്ക്ക് 248 വര്‍ഷം വേണം സൂര്യനെ ഒരു തവണ വലംവെയ്ക്കാന്‍. മുക്കാല്‍ നൂറ്റാണ്ടോളം ഒന്‍പതാം ഗ്രഹമായിരുന്ന പ്ലൂട്ടോയ്ക്ക് 2006-ലാണ് ആ പദവി നഷ്ടമായത്.

പ്ലൂട്ടോയുടെ ഭ്രമണപഥം വാര്‍ത്തുളമാണ്. അതാണ്, പ്ലൂട്ടോ പ്രതലത്തിലെ മാറ്റങ്ങള്‍ക്ക് ഒരു കാരണമെന്ന് പ്രൊഫ. ബ്രൗണ്‍ പറയുന്നു. 2015-ല്‍ ന്യൂ ഹെറൈസണ്‍സ് വാഹനം പ്ലൂട്ടോയെ എങ്ങനെ നിരീക്ഷിക്കണമെന്ന് നിശ്ചയിക്കാന്‍ ഹബ്ബിള്‍ നല്‍കിയ ചിത്രങ്ങള്‍ സഹായിക്കുമെന്ന് ഗവേഷകര്‍ കരുതുന്നു. (അവലംബം: നാസ)

Friday, February 05, 2010

ഡാര്‍വിന്റെ പൂര്‍വികര്‍


45000 വര്‍ഷം മുമ്പ് ആഫ്രിക്ക വിട്ടവര്‍ ഇറാനില്‍ പാര്‍പ്പുറപ്പിച്ച ശേഷം യൂറോപ്പിലേക്ക് നടത്തിയ കുടിയേറ്റമാണ് ചാള്‍സ് ഡാര്‍വിന്റെ തായ്‌വഴിയുടെ ചരിത്രം. പരിണാമത്തിന്റെ രഹസ്യം കണ്ടെത്തിയ ഡാര്‍വിന്റെ പൂര്‍വികചരിത്രം ജനിതകവിശകലനം വഴിയാണ് വെളിപ്പെട്ടത്.

ആഫ്രിക്കയാണ് മനുഷ്യന്റെ ആദിഗേഹമെന്ന് ആദ്യം അനുമാനിച്ചത് ചാള്‍സ് ഡാര്‍വിനാണ്. തലമുറകളിലൂടെ പിന്നോട്ടു പോയാല്‍ പ്രാചീനപൂര്‍വികരിലെത്താമെന്ന് അര്‍ഥമാക്കുമ്പോഴും, അദ്ദേഹം തന്റെ പ്രാചീന തായ്‌വഴികളെക്കുറിച്ച് ചിന്തിച്ചുണ്ടാവില്ല. എന്നാല്‍, ആധുനിക ജീന്‍സങ്കേതങ്ങളുടെ സഹായത്തോടെ ഡാര്‍വിന്റെ പൂര്‍വിക തായ്‌വഴികള്‍ കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. ഡാര്‍വിന്റെ പിന്‍മുറക്കാരില്‍ ഒരാളായ ക്രിസ് ഡാര്‍വിനാണ് ഇക്കാര്യത്തില്‍ മുന്‍കൈയെടുത്തത്.

ആധുനിക പരിണാമസിദ്ധാന്തത്തിന് അടിത്തറയിട്ട ഡാര്‍വിന്‍ ജനിച്ചിട്ട് ഈ ഫിബ്രവരി 12-ന് 201 വര്‍ഷം തികയുകയാണ്. ആ വേളയിലാണ് അദ്ദേഹത്തിന്റെ പ്രാചീനതായ്‌വഴി കണ്ടെത്തിയ വിവരം പുറത്ത് വന്നിരിക്കുന്നത്. നാഷണല്‍ ജ്യോഗ്രഫിക് സൊസൈറ്റിയുടെയും ഐ.ബി.എമ്മിന്റെയും പങ്കാളിത്തത്തോടെ നടക്കുന്ന 'ജിനോഗ്രാഫിക് പ്രോജക്ട്' (Genographic Project) ആണ് ഡാര്‍വിന്റെ മുന്‍ഗാമികളുടെ കുടിയേറ്റപാത തിരിച്ചറിഞ്ഞത്.

ഓസ്‌ട്രേലിയയില്‍ സിഡ്‌നിക്ക് സമീപം ബ്ലൂ മൗണ്ടന്‍സില്‍ താമസിക്കുന്ന ക്രിസ് ഡാര്‍വിന്റെ 'Y' ക്രോമസോമിലെ വ്യതികരണങ്ങള്‍ വിശകലനം ചെയ്താണ്, ഡാര്‍വിന്റെ പ്രാചീനപൂര്‍വികരെക്കുറിച്ചുള്ള വിവരങ്ങള്‍ ഗവേഷകര്‍ കണ്ടെത്തിയത്. '45,000 വര്‍ഷം മുമ്പാണ് ഡാര്‍വിന്റെ പൂര്‍വികര്‍ ആഫ്രിക്ക വിട്ടത്'-ജിനോഗ്രാഫിക് പ്രോജക്ടിന്റെ മേധാവി ഡോ. സ്‌പെന്‍സര്‍ വെല്‍സ് പറയുന്നു.

യൂറോപ്പ്യന്‍ പുരുഷന്‍മാരുടെ മുഖ്യതായ്‌വഴിയായ 'ഹാപ്പ്‌ലോഗ്രൂപ്പ് ആര്‍1ബി' (Haplogroup R1b) യിലാണ് ക്രിസ് ഡാര്‍വിന്‍ (അതുവഴി അദ്ദേഹത്തിന്റെ മുതുമുത്തച്ഛനായ ചാള്‍സ് ഡാര്‍വിനും) ഉള്‍പ്പെടുന്നതെന്ന് ജനിതകവിശകലനം വ്യക്തമാക്കി. 'തെക്കന്‍ ഇംഗ്ലണ്ടിലെ പുരുഷന്‍മാരില്‍ 70 ശതമാനവും ഹാപ്പ്‌ലോഗ്രൂപ്പില്‍ പെട്ടവരാണ്. അയര്‍ലണ്ടിലും സ്‌പെയിനിലും ഇത് 90 ശതമാനത്തിനും മേലാണ്'-ഡോ.വെല്‍സ് അറിയിക്കുന്നു.

വടക്കുകിഴക്കന്‍ ആഫ്രിക്കയില്‍ നിന്ന് പശ്ചിമേഷ്യയിലേക്ക് അല്ലെങ്കില്‍ വടക്കന്‍ ആഫ്രിക്കയിലേക്കാണ് ഡാര്‍വിന്റെ പിതൃതായ്‌വഴിയില്‍ പെട്ട പൂര്‍വികര്‍ കുടിയേറിയതെന്ന്, ജിനോഗ്രാഫിക് പ്രോജക്ടിന്റെ ഭാഗമായി നടന്ന ജനിതകവിശകലനം വ്യക്തമാക്കി. അതുകഴിഞ്ഞാല്‍ ആ പശ്ചിമേഷ്യന്‍ ഗോത്രത്തില്‍ നിന്ന് പുതിയൊരു തായ്‌വഴി വേര്‍പിരിയുന്നത് ഏതാണ്ട് 40,000 വര്‍ഷം മുമ്പാണ്. ആ സമയത്ത് ഇറാനില്‍ അല്ലെങ്കില്‍ മധ്യേഷ്യയുടെ തെക്കന്‍ പ്രദേശത്ത് ജീവിച്ചിരുന്ന പുരുഷനില്‍ നിന്നാണ് പുതിയ തായ്‌വഴി വഴി രൂപപ്പെടുന്നത്.

പടിഞ്ഞാറ് യൂറോപ്പിലേക്കുള്ള കുടിയേറ്റം ആരംഭിക്കുന്നതിന് മുമ്പ്, ഏതാണ്ട് 35,000 വര്‍ഷം മുമ്പ് അടുത്ത ജനിതകവ്യതികരണവും അതുവഴി അടുത്ത തായ്‌വഴിയും ഡാര്‍വിന്റെ പൂര്‍വികപാതയില്‍ രൂപപ്പെട്ടു. 30,000 വര്‍ഷം മുമ്പ് രൂപപ്പെട്ട ക്രോ-മാഗ്നോന്‍ (Cro-Magnon) ജനതയുടെ നേരിട്ടുള്ള പിന്‍ഗാമികളാണ് ഹാപ്പ്‌ലോഗ്രൂപ്പില്‍പെട്ട പുരുഷന്‍മാര്‍. നിയാണ്ടര്‍ത്തല്‍ വംശത്തിന്റെ തിരോധാനത്തിന് ശേഷം യൂറോപ്പിലാകമാനം മനുഷ്യവംശം വ്യാപിച്ചപ്പോള്‍ അതില്‍ മുന്നിട്ടു നിന്നത് ക്രോ-മാഗ്നോന്‍ ജനത.

ചാള്‍സ് ഡാര്‍വിന്‍-എമ്മ വെഡ്ജ്‌വുഡ് ദമ്പതിമാര്‍ക്ക് ജനിച്ച പത്ത് മക്കളില്‍ ഒരാളായിരുന്നു ജ്യോതിശാസ്ത്രജ്ഞന്‍ ജോര്‍ജ് ഡാര്‍വിന്‍. അദ്ദേഹത്തിന്റെ പുത്രന്‍ വില്ല്യത്തിന്റെ മകനായ ജോര്‍ജ് (എസ്‌റാസ്മസ്) ഡാര്‍വിന്റെ മകനാണ് 48-കാരനായ ക്രിസ് ഡാര്‍വിന്‍. 1986-ല്‍ ഓസ്‌ട്രേലിയയില്‍ കുടിയേറിയ ക്രിസ് ഡാര്‍വിന്‍ ബ്ലൂ മൗണ്ടന്‍ പ്രദേശത്ത് സാഹസികയാത്രയ്‌ക്കെത്തുന്നവരുടെ വഴികാട്ടിയായി പ്രവര്‍ത്തിക്കാറുണ്ട്. തന്റെ കുടുംബത്തിന്റെ യഥാര്‍ഥ കുടിയേറ്റ ചരിത്രം അറിയാനായതില്‍ താന്‍ ആവേശഭരിതനാണെന്ന് ക്രിസ് ഡാര്‍വിന്‍ പറയുന്നു.

അമ്മ വഴിയുള്ള ഡാര്‍വിന്റെ തായ്‌വഴി മനസിലാക്കാന്‍, അദ്ദേഹത്തിന്റെ മൈറ്റോകോണ്‍ഡ്രിയല്‍ ഡി.എന്‍.എ. വിശകലനം ചെയ്യാനും ജിനോഗ്രാഫിക് സംഘം മറന്നില്ല. 'ഹാപ്പ്‌ലോഗ്രൂപ്പ് കെ' (Haplogroup K) യില്‍ പെട്ട സ്ത്രീകളാണ് ഡാര്‍വിന്റെ മാതൃതായ്‌വഴിയെന്നാണ് വിശകലനത്തില്‍ വ്യക്തമായത്. തെക്കന്‍ റഷ്യയിലെ കാക്കാസിയന്‍ പര്‍വതനിരകള്‍ താണ്ടി കരിങ്കടലിന് സമീപത്തെ സ്റ്റെപ്പികളിലെത്തിയ സ്ത്രീകളില്‍ പെട്ടതാണ് ഡാര്‍വിന്റെ മുതുമുതുമുത്തശ്ശി. (കടപ്പാട്: നാഷണല്‍ ജ്യോഗ്രഫിക്)

കാണുക