Tuesday, September 28, 2010

രോഗനിര്‍ണയം എളുപ്പമാക്കാന്‍ 'രാമന്‍ സങ്കേതം'

എക്‌സ്‌റേ യന്ത്രങ്ങള്‍ക്കു പകരം, കൊണ്ടുനടക്കാവുന്ന ഫൈബര്‍-ഓപ്ടിക്‌സ് ഉപകരണങ്ങള്‍ രോഗനിര്‍ണയത്തിന് ഉപയോഗിക്കാവുന്ന കാലം വരുന്നു. അവയില്‍ നിന്നുള്ള ലേസറുകളുടെ സഹായത്തോടെ ചെലവു കുറഞ്ഞ രീതിയില്‍ രോഗനിര്‍ണയം സാധ്യമാകും. അര്‍ബുദം, അസ്ഥിക്ഷയം പോലുള്ള പ്രശ്‌നങ്ങള്‍ കൃത്യതയോടെ വേഗം തിരിച്ചറിയാന്‍ കഴിയും. മെഡിക്കല്‍രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കാന്‍ പോകുന്ന ഇത്തരം സങ്കേതം അഞ്ച് വര്‍ഷത്തിനുള്ളില്‍ യാഥാര്‍ഥ്യമാകുമെന്ന് ഗവേഷകര്‍ പറയുന്നു. 82 വര്‍ഷം മുമ്പ് ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ സി.വി.രാമന്‍ കണ്ടെത്തിയ പ്രതിഭാസത്തിന്റെ സഹായത്തോടെയാണ് പുതിയ സങ്കേതം രംഗത്തെത്തുന്നത്.

'രാമന്‍ പ്രഭാവം' എന്ന പ്രതിഭാസത്തിന്റെ പിന്തുണയോടെയുള്ള 'രാമന്‍ സ്‌പെക്ട്രോസ്‌കോപ്പി' (Raman spectroscopy) സങ്കേതമാണ് രോഗനിര്‍ണയം എളുപ്പത്തിലാക്കാന്‍ പോകുന്നത്. ശരീരത്തിനുള്ളിലെ രോഗാവസ്ഥകള്‍ മനസിലാക്കാന്‍ ഭാവിയില്‍ എക്‌സ്‌റേ വേണ്ടിവരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല, എക്‌സ്‌റേ കൊണ്ട് കഴിയാത്ത കാര്യങ്ങളും 'രാമന്‍' സങ്കേതം സാധ്യമാക്കും. സ്തനാര്‍ബുദം, ദന്തക്ഷയം, അസ്ഥിക്ഷയം തുടങ്ങിയ പ്രശ്‌നങ്ങള്‍ തുടക്കത്തില്‍ തന്നെ തിരിച്ചറിയാന്‍ ഈ സങ്കേതം സഹായിക്കും. വേദനയുളവാക്കാത്ത ഇത്തരം ലേസര്‍ ഉപകരണങ്ങളായിരിക്കും ഭാവിയില്‍ ഡോക്ടര്‍മാരുടെ മുഖ്യ സഹായി.

തന്മാത്രകളില്‍ തട്ടി ചിതറിത്തെറിക്കുന്ന പ്രകാശത്തിന്റെ (ലേസറിന്റെ) തീവ്രതയും തരംഗദൈര്‍ഘ്യവും തിരിച്ചറിഞ്ഞ്, തന്മാത്രകളുടെ പ്രത്യേകത മനസിലാക്കുകയാണ് രാമന്‍ സ്‌പെക്ട്രോസ്‌കോപ്പിയില്‍ ചെയ്യുന്നത്. രാസവ്യവസായരംഗത്തും ഔഷധനിര്‍മാണ മേഖലയിലും ഇപ്പോള്‍ തന്നെ രാമന്‍ സങ്കേതം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. മനുഷ്യശരീരത്തിലെ അസ്ഥികളെക്കുറിച്ച് പഠിക്കാന്‍ രാമന്‍ സ്‌പെക്ട്രോസ്‌കോപ്പി ഉപയോഗിച്ചത്, അമേരിക്കയില്‍ മിഷിഗണ്‍ സര്‍വകലാശാലയിലെ ഡോ. മൈക്കല്‍ മൊറീസ് ആണ്. രണ്ടുവര്‍ഷമായി അദ്ദേഹം ഈ സങ്കേതം ഉപയോഗിച്ച് പഠനം നടത്തുന്നു.

ഇതുവരെ മൃതശരീരങ്ങളിലാണ് ഡോ.മൊറീസ് പഠനം നടത്തിയത്. എന്നാല്‍, ജീവനുള്ള ശരീരങ്ങളിലും രാമന്‍ സങ്കേതം ഫലപ്രദമാകുമെന്ന് അദ്ദേഹം കരുതുന്നു. ''സെക്കന്‍ഡുകളേ വേണ്ടൂ പരിശോധനാഫലം ലഭിക്കാന്‍'. നിലവിലുള്ള പല രോഗനിര്‍ണയ സങ്കേതങ്ങളെയും ഒഴിവാക്കാന്‍ രാമന്‍ സങ്കേതം സഹായിക്കും. ഏറ്റവും വലിയ മെച്ചം എന്താണെന്നു ചോദിച്ചാല്‍, മുറിവുണ്ടാക്കാതെ സാധാരണയിലും വളരെ വേഗത്തില്‍, കൃത്യതയോടെ രോഗനിര്‍ണയം സാധ്യമാകും എന്നതാണെന്ന് അദ്ദേഹം പറഞ്ഞതായി ബി.ബി.സി.ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

രോഗിയായിരിക്കുമ്പോള്‍, അല്ലെങ്കില്‍ രോഗം ആരംഭിക്കുന്ന വേളയില്‍, ഒരാളുടെ ശരീരത്തിലെ കോശകലകളുടെ രാസപരമായ പ്രത്യേകതകള്‍ ആരോഗ്യമുള്ള സമയത്തെ അപേക്ഷിച്ച് വ്യത്യസ്തമായിരിക്കും. പരിശോധിക്കപ്പെടുന്ന കോശകലകളുടെ പ്രത്യേകതയനുസരിച്ച് 'രാമന്‍ വര്‍ണ്ണരാജി' (രാമന്‍ സ്‌പെക്ട്രം)യും വ്യത്യാസപ്പെട്ടിരിക്കും-ഡോ.മൊറീസ് അറിയിക്കുന്നു. ''തന്മാത്രാതലത്തിലുള്ള ഒരു 'കൈമുദ്ര'യാണ് രാമന്‍ സങ്കേതം നല്‍കുക'. അത് മിനിറ്റുകള്‍ കൊണ്ട് പരിശോധിച്ച് രോഗാവസ്ഥ മനസിലാക്കാനാകും.

രക്തപരിശോധന വേണ്ട ചില സാഹചര്യങ്ങള്‍ പോലും രാമന്‍ സങ്കേതമുപയോഗിക്കുന്ന ലേസര്‍ കൊണ്ട് ഒഴിവാക്കാനായേക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ഉദാഹരണത്തിന് കൊളസ്റ്ററോള്‍ പരിശോധിക്കാന്‍, കൈയില്‍ ത്വക്കിനടുത്ത് രക്തക്കുഴല്‍ വരുന്ന ഒരു സ്ഥലത്ത് ലേസര്‍ പ്രയോഗിച്ചാല്‍ മതിയാകും-ഡോ. മൊറീസ് പറയുന്നു. മമോഗ്രാഫിക്ക് പകരം സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ പുതിയ സങ്കേതം സഹായിക്കുമെന്നും ഗവേഷകര്‍ കരുതുന്നു. ചെറിയ ഡോസിലുള്ള എക്‌സ്‌റേ ഉപയോഗിച്ചാണ് മമോഗ്രാഫി നടത്തുന്നത്. ബ്രിട്ടനില്‍ ഡിഡ്‌കോട്ടിലെ റൂഥര്‍ഫോര്‍ഡ് അപ്ലെറ്റണ്‍ ലബോറട്ടറിയിലെയും ഗ്ലൂസെസ്റ്റര്‍ഷൈര്‍ റോയല്‍ ഹോസ്പിറ്റലിലെയും ഗവേഷകര്‍, സ്തനാര്‍ബുദ സൂചനകള്‍ മനസിലാക്കാന്‍ ഇപ്പോള്‍ രാമന്‍ സ്‌പെക്ട്രോസ്‌കോപ്പി ഉപയോഗിക്കുന്നുണ്ട്. (കടപ്പാട് : ബി.ബി.സി.ന്യൂസ്)

4 comments:

Joseph Antony said...

'രാമന്‍ പ്രഭാവം' എന്ന പ്രതിഭാസത്തിന്റെ പിന്തുണയോടെയുള്ള 'രാമന്‍ സ്‌പെക്ട്രോസ്‌കോപ്പി' (Raman spectroscopy) സങ്കേതമാണ് രോഗനിര്‍ണയം എളുപ്പത്തിലാക്കാന്‍ പോകുന്നത്. ശരീരത്തിനുള്ളിലെ രോഗാവസ്ഥകള്‍ മനസിലാക്കാന്‍ ഭാവിയില്‍ എക്‌സ്‌റേ വേണ്ടിവരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല, എക്‌സ്‌റേ കൊണ്ട് കഴിയാത്ത കാര്യങ്ങളും 'രാമന്‍' സങ്കേതം സാധ്യമാക്കും. സ്തനാര്‍ബുദം, ദന്തക്ഷയം, അസ്ഥിക്ഷയം തുടങ്ങിയ പ്രശ്‌നങ്ങള്‍ തുടക്കത്തില്‍ തന്നെ തിരിച്ചറിയാന്‍ ഈ സങ്കേതം സഹായിക്കും. വേദനയുളവാക്കാത്ത ഇത്തരം ലേസര്‍ ഉപകരണങ്ങളായിരിക്കും ഭാവിയില്‍ ഡോക്ടര്‍മാരുടെ മുഖ്യ സഹായി.

Dr.Jishnu Chandran said...

നന്നായി... ചെലവുകുറഞ്ഞ രീതിയില്‍ രോഗനിര്‍ണയം സാധ്യമാകുമെങ്കില്‍ അത് ഏറ്റവും പ്രയോജനകരമാകുന്നത് ഇന്ത്യയെ പോലെ ഒരു രാജ്യത്തിന്‌ തന്നെയാണ്.... സി വി രാമനെയും അദ്ദേഹത്തിന്റെ കണ്ടെത്തലുകളെയും മറന്നു കളഞ്ഞ നമ്മള്‍ ഇന്ത്യക്കാര്‍ക്ക് ഇതൊരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്.

കുസുമം ആര്‍ പുന്നപ്ര said...

താങ്കളുടെ വിജ്ഞാന പ്രദമായ ഈലേഖനത്തിനു നന്ദി.

ഇഞ്ചൂരാന്‍ said...

mashe ippo puthiya post onnum kanunnillallo ?
enthu patti ?