Tuesday, November 03, 2009

17,000 ജീവിവര്‍ഗങ്ങള്‍ വംശനാശഭീഷണിയില്‍

പതിമൂന്ന് വര്‍ഷം മുമ്പു വരെ അത്തരമൊരു ജീവി ഭൂമിയിലുണ്ടെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. ഒരു ആഫ്രിക്കന്‍ വെള്ളച്ചാട്ടത്തിന്റെ പരിസരത്ത് ആ ചെറുജീവികള്‍ നിലനില്‍ക്കുന്ന കാര്യം 1996-ലാണ് ലോകമറിയുന്നത്. വെറും ആറ് വര്‍ഷം മുമ്പുവരെ അവയുടെ അംഗസംഖ്യ ആയിരക്കണക്കിനുണ്ടായിരുന്നു. 'കിഹാന്‍സി സ്‌പ്രേ തവള' എന്ന ആ വര്‍ഗം ഇന്ന് ചില മൃഗശാലകളിലല്ലാതെ മറ്റൊരിടത്തും നിലനില്‍ക്കുന്നില്ല. അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ യൂണിയന്‍ (ഐ.യു.സി.എന്‍) പുറത്തിറക്കിയ പുതിയ ചുവപ്പു പട്ടികയില്‍ അവയുടെ സ്ഥാനം 'വന്യതയില്‍ വംശനാശം സംഭവിച്ച' ജീവികള്‍ക്കൊപ്പമാണ്.

ചുവപ്പ് പട്ടിക പ്രകാരം വംശനാശം നേരിടുന്ന 17291 ജീവിവര്‍ഗങ്ങളുടെ പ്രതിനിധിയാണ് കിഹാന്‍സി തവള. ഭൂമുഖത്തെ ജീവിവര്‍ഗങ്ങളില്‍ മൂന്നിലൊന്ന് ഭാഗം നിലനില്‍പ്പിന് ഭീഷണി നേരിടുകയാണെന്ന് ചുവപ്പ് പട്ടിക പറയുന്നു. 47,677 ജീവിവര്‍ഗങ്ങളുടെ അവസ്ഥ ചുവപ്പ് പട്ടിക പരിശോധിച്ചിട്ടുള്ളതിലാണ് 17,291 എണ്ണം വംശനാശ ഭീഷണിയിലാണെന്ന് വ്യക്തമായത്. അവയില്‍ സസ്തനികളും (21 ശതമാനം) ഉഭയജീവികളും (30 ശതമാനം), സസ്യയിനങ്ങളും (70 ശതമാനം) അകശേരുക്കളും (35 ശതമാനം) ഉള്‍പ്പെടുന്നു.

ഗുരുതരമായ ഭീഷണി നേരിടുന്ന 16,928 ജീവികളാണ് കഴിഞ്ഞ വര്‍ഷത്തെ ചുവപ്പ് പട്ടികയിലുണ്ടായിരുന്നത്. പുതിയതായി 2800 ജീവികളാണ്, ഇതില്‍ സ്ഥാനം നേടിയിട്ടുള്ളത്. മഡഗാസ്‌കറിലെ മല എലി (പുതിയതായി പട്ടികയില്‍ ഉള്‍പ്പെട്ട ഏക സസ്തനി)യും ഫിലിപ്പീന്‍സില്‍ വെല്ലത്തില്‍ സഞ്ചരിക്കുന്ന പല്ലിയും പനാമയിലെ മരത്തവളയും പുതിയതായി ചുവപ്പ് പട്ടികയില്‍ പെട്ടവയില്‍ ഉള്‍പ്പെടുന്നു.

ആവാസവ്യവസ്ഥകളുടെ നാശം ഉള്‍പ്പെടെ ജീവിവര്‍ഗങ്ങള്‍ നേരിടുന്ന മുഖ്യഭീഷണികള്‍ നേരിടാന്‍ വേണ്ട നടപടികള്‍ ഉണ്ടാകുന്നില്ല എന്നാണ്, ചുവപ്പു പട്ടികയിലെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.

മുക്കാല്‍ ഇഞ്ച് നീളം മാത്രമുള്ള കിഹാന്‍സി തവള
(Nectophyrnoides asperginis), ടാന്‍സാനിയയിലെ കിഹാന്‍സി വെള്ളച്ചാട്ടത്തിന്റെ പരിസരത്താണ് കാണപ്പെട്ടിരുന്നത്. 2003 ജൂണില്‍ പോലും അവയുടെ അംഗസംഖ്യ 21,000 ഉണ്ടായിരുന്നു എന്നാണ് കണക്ക്.

എന്നാല്‍, ആ വെള്ളച്ചാട്ടത്തിന് മേല്‍ഭാഗത്ത് ടാന്‍സാനിയന്‍ അധികൃതര്‍ അണക്കെട്ട് നിര്‍മിക്കാന്‍ തുടങ്ങിയതോടെ ആ തവളവര്‍ഗത്തിന്റെ കഷ്ടകാലം തുടങ്ങി. 2000-ലാണ് അണക്കെട്ട് നിര്‍മാണം ആരംഭിച്ചത്. അതോടെ വെള്ളച്ചാട്ടത്തിലെ ജലലഭ്യത 90 ശതമാനം കുറഞ്ഞു.

തവളകള്‍ക്കായി വെള്ളം സ്‌പ്രേ ചെയ്യാന്‍ ഒരുക്കിയ സംവിധാനം 2003-ഓടെ തകരാറിലായി. ഒപ്പം അണക്കെട്ടില്‍ തടഞ്ഞു നിര്‍ത്തിയിരുന്ന മലിനജലം തുറന്നു വിട്ടതും ആ ജീവിവര്‍ഗത്തിന്റെ നിലനില്‍പ്പിനെ കഠിനമായി ബാധിച്ചു. കൂനിന്മേല്‍ കുരുപോലെ ഒരു ഫംഗസ് രോഗം കൂടി എത്തിയതോടെ, എന്നന്നേയ്ക്കുമായി അവയുടെ കരച്ചില്‍ ആ പരിസരത്ത് ഇല്ലാതായി.

ഗൗരവമാര്‍ന്ന ഒരു വംശനാശ പ്രതിസന്ധി രൂപപ്പെടുന്നതിനെക്കുറിച്ചുള്ള ശാസ്ത്രീയ തെളിവുകള്‍ ഏറുകയാണ് - ഐ.യു.സി.എന്നിന്റെ ഡയറക്ടര്‍ ജേന്‍ സ്മാര്‍ട്ട് പറഞ്ഞു. 2010 ആകുമ്പോഴേക്കും വംശനാശഭീഷണി കുറയ്ക്കണം എന്ന അന്താരാഷ്ട്ര ധാരണ ഫലവത്താകില്ല എന്നാണ് ഒടുവിലത്തെ വിശകലനം വ്യക്തമാക്കുന്നത്- അവര്‍ ഓര്‍മിപ്പിച്ചു.

ഭൂമിയിലെ ജീവിവര്‍ഗങ്ങളുടെ അവസ്ഥ സംബന്ധിച്ച ഏറ്റവും ആധികാരികമായ ഒന്നാണ് ചുവപ്പു പട്ടിക. ലോകത്തെമ്പാടുമുള്ള ആയിരക്കണക്കിന് ഗവേഷകരുടെ പ്രവര്‍ത്തനഫലമായാണ് ഈ പട്ടിക സൂക്ഷിക്കുന്നത്.

ഭൂമുഖത്ത് ഏറ്റവുമധികം ഭീഷണി നേരിടുന്നത് ഉഭയജീവികളാണാണെന്ന് പുതിയ റിപ്പോര്‍ട്ട് പറയുന്നു. അറിയപ്പെടുന്ന 6285 ഇനം ഉഭയജീവികളില്‍ 1895 എണ്ണം ഭീഷണിയിലാണ്. അതില്‍ തന്നെ 39 ഇനങ്ങള്‍ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായി എന്നാണ് സൂചന. കൂടാതെ 484 ഇനങ്ങള്‍ ഗുരുതരമായ ഭീഷണിയുടെ നിഴലിലാണ്.

ശുദ്ധജല മത്സ്യങ്ങളാണ് കനത്ത ഭീഷണി നേരിടുന്ന മറ്റൊരു വര്‍ഗം. പഠനവിധേയമായ 3120 ഇനം ശുദ്ധജല മത്സ്യങ്ങളില്‍ 1147 ഇനവും ഇനി ഏറെനാള്‍ ഭൂമുഖത്ത് ഉണ്ടാകില്ല.

'താരതമ്യേന ചെറിയൊരു വിഭാഗം ജീവികള്‍ കടുത്ത ഭീഷണി നേരിടുന്ന സ്ഥിതിയില്‍ നിന്ന്, നമ്മുടെ ആയുഷ്‌ക്കാലത്ത് തന്നെ, ആവാസവ്യവസ്ഥകള്‍ ഒന്നോടെ തകര്‍ന്നടിയുന്ന അവസ്ഥ സംജാതമായിരിക്കുന്നു'-സുവോളജിക്കല്‍ സൊസൈറ്റി ഓഫ് ലണ്ടനി (ഇസഡ്.എസ്.എല്‍) ലെ പ്രൊഫ. ജോനാതന്‍ ബെയ്ല്ലി പറയുന്നു.

2010 'അന്താരാഷ്ട്ര ജൈവവൈവിധ്യ വര്‍ഷ'മായി ആചരിക്കാന്‍ തയ്യാറെടുപ്പ് നടക്കുന്ന വേളയിലാണ്, ഭൂമുഖത്തെ ജീവലോകം നേരിടുന്ന ഭീഷണിയെക്കുറിച്ചുള്ള പുതിയ കണക്കുകള്‍ പുറത്തു വന്നിരിക്കുന്നത്. (കടപ്പാട്: ഐ.യു.സി.എന്‍).

കാണുക

1 comment:

Joseph Antony said...

ചുവപ്പ് പട്ടിക പ്രകാരം വംശനാശം നേരിടുന്ന 17291 ജീവിവര്‍ഗങ്ങളുടെ പ്രതിനിധിയാണ് കിഹാന്‍സി തവള. ഭൂമുഖത്തെ ജീവിവര്‍ഗങ്ങളില്‍ മൂന്നിലൊന്ന് ഭാഗം നിലനില്‍പ്പിന് ഭീഷണി നേരിടുകയാണെന്ന് ചുവപ്പ് പട്ടിക പറയുന്നു. 47,677 ജീവിവര്‍ഗങ്ങളുടെ അവസ്ഥ ചുവപ്പ് പട്ടിക പരിശോധിച്ചിട്ടുള്ളതിലാണ് 17,291 എണ്ണം വംശനാശ ഭീഷണിയിലാണെന്ന് വ്യക്തമായത്. അവയില്‍ സസ്തനികളും (21 ശതമാനം) ഉഭയജീവികളും (30 ശതമാനം), സസ്യയിനങ്ങളും (70 ശതമാനം) അകശേരുക്കളും (35 ശതമാനം) ഉള്‍പ്പെടുന്നു.