Monday, August 03, 2009

എച്ച്‌.ഐ.വി-ഗൊറില്ലയില്‍ നിന്ന്‌ പുതിയ വകഭേദം

എയ്‌ഡ്‌സ്‌ വൈറസിന്റെ പുതിയൊരു വകഭേദം ഗൊറില്ലകളില്‍ നിന്ന്‌ മനുഷ്യരിലേക്ക്‌ നേരിട്ട്‌ പകര്‍ന്നതായി കണ്ടെത്തല്‍. കാമറൂണ്‍ വംശജയായ ഒരു സ്‌ത്രീയെ ബാധിച്ചിട്ടുള്ള എച്ച്‌.ഐ.വി. വകഭേദം, ഗൊറില്ലകളില്‍ കാണപ്പെടുന്ന വൈറസുമായി നേരിട്ട്‌ ബന്ധമുള്ളതാണെന്ന്‌ നേച്ചര്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

നിലവില്‍ ലോകത്താകെ പടര്‍ന്നിട്ടുള്ള എച്ച്‌.ഐ.വി-1 വകഭേദം, ഒരു നൂറ്റാണ്ട്‌ മുമ്പ്‌ ചിമ്പാന്‍സികളില്‍ നിന്ന്‌ മനുഷ്യരിലേക്ക്‌ കടന്നു എന്നാണ്‌ കരുതുന്നത്‌. ലോകത്താകെ ഇപ്പോള്‍ 330 ലക്ഷം പേരെ എച്ച്‌.ഐ.വി. ബാധിച്ചിട്ടുണ്ട്‌.

ഹ്യുമണ്‍ ഇമ്യൂണോ ഡെഫിഷ്യന്‍സി വൈറസി (എച്ച്‌.ഐ.വി) ന്റെ ചിമ്പാന്‍സികളില്‍ കാണപ്പെടുന്ന രൂപമാണ്‌ സിമിയന്‍ ഇമ്യൂണോഡെഫിഷ്യന്‍സി വൈറസ്‌ (എസ്‌.ഐ.വി). ഈ മൃഗവൈറസിന്‌ എങ്ങനെയോ വ്യതികരണം സംഭവിച്ചാണ്‌ എച്ച്‌.ഐ.വി.ഉണ്ടായത്‌ എന്ന്‌ മുമ്പുതന്നെ ഗവേഷകര്‍ക്ക്‌ സൂചന ലഭിച്ചിട്ടുണ്ട്‌. ഗൊറില്ലകളിലും എസ്‌.ഐ.വി. ഉണ്ട്‌.

ചിമ്പാന്‍സികളെ വേട്ടയാടി തിന്നുന്നവരിലേക്ക്‌, ജീവിവര്‍ഗങ്ങളുടെ അതിരുകള്‍ ലംഘിച്ച്‌ ഈ മാരകവൈറസ്‌ കടന്നിരിക്കാം എന്നാണ്‌ കരുതുന്നത്‌. ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്ക്‌ ഓഫ്‌ കോംഗോ ഉള്‍പ്പെടുന്ന മേഖലയില്‍ വെച്ചാകാം അത്‌ ആദ്യം സംഭവിച്ചത്‌.

1981-ല്‍ അമേരിക്കയിലാണ്‌ മനുഷ്യരില്‍ ആദ്യമായി എച്ച്‌.ഐ.വി. ബാധ കണ്ടെത്തിയ്‌ത്‌. എയ്‌ഡ്‌സ്‌ മൂലം 2007 വരെ ലോകത്താകെ 21 ലക്ഷം പേര്‍ മരിച്ചുവെന്നാണ്‌ കണക്ക്‌. ഇന്നും ശരിക്കുള്ള ചികിത്സ കണ്ടെത്താനാകാത്ത എയ്‌ഡ്‌സ്‌ ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്നാണ്‌.

ഇപ്പോള്‍ പാരീസില്‍ കഴിയുന്ന കാമറൂണ്‍ വംശജയായ 62-കാരിയിലാണ്‌, എച്ച്‌.ഐ.വി.യുടെ പുതിയ വകഭേദം ഫ്രഞ്ച്‌ ഡോക്ടര്‍മാര്‍ കണ്ടെത്തിയത്‌. സാധാരണ എച്ച്‌.ഐ.വി. വകഭേദങ്ങളെ അപേക്ഷിച്ച്‌, ഗൊറില്ലകളില്‍ കാണപ്പെടുന്ന എസ്‌.ഐ.വി.യുമായി വളരെ അടുത്ത്‌ ബന്ധമുള്ള വൈറസാണ്‌ ആ സ്‌ത്രീയെ ബാധിച്ചിരിക്കുന്നതെന്ന്‌ പരിശോധനകളില്‍ വ്യക്തമായി.

ഗൊറില്ലകളില്‍ കാണപ്പെടുന്ന വൈറസ്‌ വകഭേദം ബാധിച്ചതായി തെളിയുന്ന ആദ്യ വ്യക്തിയാണ്‌ ആ സ്‌ത്രി. എന്നാല്‍, പേടിക്കാനില്ലെന്നും നിലവില്‍ ഉപയോഗിക്കുന്ന വൈറസ്‌ പ്രതിരോധമരുന്നുകള്‍കൊണ്ട്‌ പുതിയ വകഭേദം ബാധിച്ചയാളെയും ചികിത്സിക്കാന്‍ കഴിയുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

പാരീസിലേക്ക്‌ വരുംമുമ്പ്‌, കാമറൂണിലെ ഒരു അര്‍ധനഗരമേഖലിയിലാണ്‌ ആ സ്‌ത്രീ കഴിഞ്ഞിരുന്നത്‌. ഗൊറില്ലകളുമായി അവര്‍ക്ക്‌ സമ്പര്‍ക്കമുണ്ടായിട്ടില്ല. വേട്ടയിറച്ചി കഴിക്കുന്ന ശീലവും ഇല്ലായിരുന്നു. ആ സ്ഥിതിക്ക്‌, ഈ വൈറസ്‌ വകഭേദം മറ്റാരില്‍ നിന്നോ അവര്‍ക്ക്‌ പകര്‍ന്നതാകാനാണ്‌ സാധ്യത-ഗവേഷകര്‍ കരുതുന്നു.

ചിമ്പാന്‍സികളില്‍ നിന്നല്ലാതെ മറ്റൊരു ഉറവിടത്തില്‍ നിന്ന്‌ എച്ച്‌.ഐ.വി. മനുഷ്യരിലെത്തുന്നതായി കണ്ടെത്തുന്നത്‌ ആദ്യമായാണെന്ന്‌, പഠനസംഘത്തില്‍ പെട്ട മാഞ്ചെസ്റ്റര്‍ സര്‍വകലാശാലയിലെ ഡോ. ഡെവിഡ്‌ റോബര്‍ട്ട്‌സണ്‍ അറിയിക്കുന്നു. "എച്ച്‌.ഐ.വി.യുടെ പരിണാമം ഒരു തുടര്‍പ്രക്രിയയാണെന്ന്‌ ഇക്കാര്യം വ്യക്തമാക്കുന്നു"-അദ്ദേഹം അഭിപ്രായപ്പെടുന്നു.

എഡിന്‍ബറോ സര്‍വകലാശാലയിലെ പ്രൊഫ. പോള്‍ ഷാര്‍പ്പിന്റെ അഭിപ്രായത്തില്‍, ചിമ്പാന്‍സികളില്‍ നിന്ന്‌ ഗൊറില്ലകളിലെത്തിയ വൈറസാകാം ഇപ്പോള്‍ മനുഷ്യരെ ബാധിച്ചിട്ടുള്ള പുതിയ വകഭേദം. പരമ്പരാഗതമായി കണ്ടുവരുന്ന മൂന്ന്‌ എച്ച്‌.ഐ.വി.വൈറസ്‌ വകഭേദങ്ങളുമായി അടുത്തു ബന്ധമില്ലാത്തതിനാല്‍, പുതിയ വകഭേദത്തെ തിരിച്ചറിയാന്‍ നിലവിലുള്ള മാര്‍ഗങ്ങള്‍ പ്രയോജനപ്പെടണമെന്നില്ല. അതിനാല്‍, ഈ വൈറസ്‌ വകഭേദം നിശബ്ദമായി പടര്‍ന്നുകൊണ്ടിരിക്കുകയാവാം-അദ്ദേഹം പറയുന്നു.

കാണുക

2 comments:

Joseph Antony said...

എയ്‌ഡ്‌സ്‌ വൈറസിന്റെ പുതിയൊരു വകഭേദം ഗൊറില്ലകളില്‍ നിന്ന്‌ മനുഷ്യരിലേക്ക്‌ നേരിട്ട്‌ പകര്‍ന്നതായി കണ്ടെത്തല്‍. കാമറൂണ്‍ വംശജയായ ഒരു സ്‌ത്രീയെ ബാധിച്ചിട്ടുള്ള എച്ച്‌.ഐ.വി. വകഭേദം, ഗൊറില്ലകളില്‍ കാണപ്പെടുന്ന വൈറസുമായി നേരിട്ട്‌ ബന്ധമുള്ളതാണെന്ന്‌ നേച്ചര്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

chithrakaran:ചിത്രകാരന്‍ said...

പുതിയ വാര്‍ത്തക്കു നന്ദി.