Saturday, September 27, 2008

ഗൂഗിള്‍ഫോണ്‍ ഇന്ത്യയില്‍ ഡിസംബറില്‍

കമ്പ്യൂട്ടറില്‍ നിന്ന്‌ മൊബൈലിലേക്ക്‌ കുടിയേറുക എന്നത്‌ ഇന്റര്‍നെറ്റിന്റെ അനിവാര്യതയാണെന്ന്‌ ഗൂഗിള്‍ മനസിലാക്കിയിട്ടുണ്ട്‌. ഇന്റര്‍നെറ്റ്‌ ഹാന്‍ഡ്‌സെറ്റുകളിലേക്ക്‌ കൂടുതല്‍ വ്യാപിക്കുന്നതോടെ തുറന്നുകിട്ടുന്നത്‌ പുത്തന്‍ വിപണിയാണ്‌. ആ വിപണിയാണ്‌ ഗൂഗിള്‍ഫോണും ആന്‍ഡ്രോയിഡും ലക്ഷ്യമിടുന്നത്‌. 
(മൊബൈല്‍ ഫോണിന്റെ ഭാവി ഗൂഗിളിന്റെ ദൃഷ്ടിയില്‍ എന്തെന്നറിയാന്‍ ഇതു കാണുക)

കാഴ്‌ചയ്‌ക്ക്‌ ആപ്പിളിന്റെ ഐഫോണിന്റെയത്ര കേമമല്ലെങ്കിലും, സാധനം കൊള്ളാം-ഗൂഗിള്‍ ആന്‍ഡ്രോയിഡ്‌ മൊബൈലിനെക്കുറിച്ച്‌ വിദഗ്‌ധരുടെ പ്രാഥമിക വിലയിരുത്തല്‍ ഇതാണ്‌. സൗകര്യങ്ങളിലും സവിശേഷതകളിലും ഐഫോണിനെക്കാള്‍ ഒരുപടി മുന്നില്‍ തന്നെയാണ്‌ 'ജി-1' എന്നു പേരിട്ടിട്ടുള്ള ഗൂഗിള്‍ഫോണ്‍. തയ്‌വാനീസ്‌ ഹാന്‍ഡ്‌സെറ്റ്‌ നിര്‍മാതാക്കളായ ഹൈടെക്‌ കമ്പ്യൂട്ടര്‍ (HTC) നിര്‍മിച്ച്‌, ടി-മൊബൈല്‍ പുറത്തിറക്കിയ ജിഫോണ്‍ ഈ ഡിസംബറില്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ്‌ സൂചന.

ജിഫോണിന്‌ ഇന്ത്യയില്‍ വില ഏതാണ്ട്‌ 20,000 രൂപാ ആയിരിക്കുമെന്ന്‌ പ്രവചിക്കപ്പെടുന്നു. (അമേരിക്കയില്‍ 179 ഡോളര്‍-ഏതാണ്ട്‌ 8500 രൂപ-ആണെങ്കിലും). ഇന്ത്യയില്‍ ഐഫോണിന്റെ 8 GB മോഡലിന്‌ 31000 രൂപയാണ്‌. വിലയുടെ കാര്യത്തിലും ജിഫോണ്‍ കൂടുതല്‍ സ്വീകാര്യമാകാനാണ്‌ സാധ്യതയെന്ന്‌ സാരം. എച്ച്‌.ടി.സി.ഇന്ത്യ മാനേജര്‍ അജയ്‌ ശര്‍മ തന്നെയാണ്‌, ഡിസംബറില്‍ ജിഫോണ്‍ ഇന്ത്യയിലെത്തുമെന്ന്‌ വെളിപ്പെടുത്തിയത്‌- ബിസിനസ്‌ സ്റ്റാന്‍ഡേര്‍ഡ്‌ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടു പറയുന്നു. ഇന്ത്യയില്‍ എച്ച്‌.ടി.സി. ഇപ്പോള്‍ തന്നെ സാന്നിധ്യമുറപ്പിച്ചിട്ടുണ്ട്‌. 2007-ല്‍ ഇന്ത്യയില്‍ ഒരുലക്ഷം ഫോണ്‍ അവര്‍ വിറ്റിരുന്നു. ജിഫോണ്‍ കൂടി വരുന്നതോടെ, 2009-ല്‍ കുറഞ്ഞത്‌ ആറുലക്ഷം ഫോണുകള്‍ വില്‍ക്കാമെന്നാണ്‌ പ്രതീക്ഷ.
ജിഫോണിന്‌ ഐഫോണുമായുള്ള ഏറ്റവും പ്രകടമായ വ്യത്യാസം അതിന്റെ കീപാഡിലാണ്‌. ടച്ച്‌സ്‌ക്രീന്‍ മാത്രമാണ്‌ ഐഫോണിലുള്ളതെങ്കില്‍, ടച്ച്‌സ്‌ക്രീനിനൊപ്പം കമ്പ്യൂട്ടറുകളിലെ പരമ്പരാഗത QWERTY കീബോര്‍ഡുകൂടി ജിഫോണിലുണ്ട്‌. ടൈപ്പിങ്‌ അനായാസമാക്കാന്‍ അത്‌ സഹായിക്കും. ഫോണിന്റെ മുകളിലെ പാളിയിലാണ്‌ ടച്ച്‌സ്‌ക്രീന്‍. ആ പാളി തെന്നിമാറും, അതിനുള്ളിലാണ്‌ സാധാരണ കീപാഡ്‌. ഫോണിനെ കമ്പ്യൂട്ടര്‍ ഉപയോഗത്തിലേക്ക്‌ കൂടുതല്‍ അടുപ്പിക്കാന്‍ ജിഫോണ്‍ സഹായിക്കുമെന്ന്‌ സാരം.

3ഏ നെറ്റ്‌വര്‍ക്കിനൊപ്പം, ജിഫോണില്‍ wi-fi സൗകര്യംകൂടിയുണ്ട്‌, 3 മെഗാപിക്‌സല്‍ ക്യാമറയും (ഐഫോണില്‍ 2 മെഗാപിക്‌സല്‍ ക്യാമറയാണുള്ളത്‌). കറുപ്പ്‌, തവിട്ട്‌, വെള്ള എന്നീ നിറങ്ങളില്‍ ജിഫോണ്‍ ലഭ്യമാണ്‌. നിങ്ങളുടെ ജിമെയിലില്‍ പുതിയ ഇ-മെയിലെത്തിയാല്‍, ജിഫോണ്‍ ആ വിവരം അപ്പോള്‍ തന്നെ അറിയിക്കും.

ഇതിലൊക്കെ ഉപരിയായി ഗൂഗിള്‍ വികസിപ്പിച്ചെടുത്ത ആന്‍ഡ്രോയിഡ്‌ മൊബൈല്‍ ഓപ്പറേറ്റിങ്‌ സംവിധാനമാണ്‌ ജിഫോണിന്റെ ആത്മാവ്‌. മറ്റ്‌ മൊബൈല്‍ ഓപ്പറേറ്റിങ്‌ സംവിധാനങ്ങളെ കടത്തിവെട്ടുന്ന തരത്തില്‍ മികച്ചതാണ്‌ ആന്‍ഡ്രോയിഡ്‌ എന്ന്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫ്രീ സോഫ്‌ട്‌വേറായ ലീനക്‌സിലാണ്‌ ഈ പ്ലാറ്റ്‌ഫോം രൂപപ്പെടുത്തിയിരിക്കുന്നത്‌ എന്നതിനാല്‍, വിന്‍ഡോസ്‌ മൊബൈല്‍ പോലെ അതിന്‌ കാശ്‌ കൊടുക്കേണ്ടതില്ല.

മാത്രമല്ല, മള്‍ട്ടിമീഡിയ മെസ്സേജിങ്‌, കോപ്പി ആന്‍ഡ്‌ പേസ്റ്റ്‌, വോയിസ്‌ ഡയലിങ്‌ തുടങ്ങി ഐഫോണിനില്ലാത്ത ഒട്ടേറെ സവിശേഷതകള്‍ ജിഫോണിലുണ്ട്‌. ബാറ്ററി എടുത്തു മാറ്റാനാകില്ല എന്നതാണ്‌ ഐഫോണിന്റെ പ്രധാന പ്രശ്‌നങ്ങളിലൊന്നായി പലരും കാണുന്നത്‌. ബാറ്ററി കേടായാല്‍ ആപ്പിളിനെ തന്നെ ആശ്രയിക്കേണ്ടി വരുന്നു. എന്നാല്‍, ജിഫോണില്‍ ആ പ്രശ്‌നമില്ല, എടുത്തുമാറ്റാവുന്ന ബാറ്ററിയാണ്‌ അതിലുള്ളത്‌.

ഗ്ലോബല്‍ പൊസിഷനിങ്‌ സംവിധാനം (GPS), മ്യൂസിക്‌ പ്ലേയര്‍, ബ്ലൂടൂത്ത്‌, ഗൂഗിള്‍മാപ്പ്‌സ്‌ തുടങ്ങി ഒട്ടേറെ സവിശേഷതകള്‍ ഐഫോണിനും ജിഫോണിനും പൊതുവായുണ്ട്‌. ആപ്പിളിന്റെ ഐട്യൂണ്‍സ്‌ സ്റ്റോറിനെയാണ്‌ ഗാനങ്ങള്‍ ഡൗണ്‍ലോഡ്‌ ചെയ്യാനായി ഐഫോണ്‍ ആശ്രയിക്കുന്നതെങ്കില്‍, ജിഫോണ്‍ ആശ്രയിക്കുന്നത്‌ ആമസോണ്‍ MP3സ്‌റ്റോറിനെയാണ്‌. ഗൂഗിള്‍മാപ്പ്‌സ്‌ സ്‌ട്രീറ്റ്‌ വ്യൂ ജിഫോണില്‍ ലഭ്യമാണ്‌, ഐഫോണിന്‌ ഈ സൗകര്യം ലഭ്യമല്ല. യൂട്യൂബും ജിഫോണിലുണ്ട്‌.

എച്ച്‌.ടി.സി, ഇന്റല്‍, മോട്ടറോള, സാംസങ്‌ തുടങ്ങി 34 കമ്പനികള്‍ ചേര്‍ന്നുണ്ടാക്കിയ 'ഓപ്പണ്‍ ഹാന്‍ഡ്‌സെറ്റ്‌ അലിയന്‍സ്‌' ആന്‍ഡ്രോയിഡ്‌ വികസിപ്പിക്കുന്നതില്‍ ഗൂഗിളിനോട്‌ സഹകരിച്ചു. മൊബൈല്‍ഫോണുകളില്‍ ഇന്റര്‍നെറ്റ്‌ കൂടുതല്‍ മികച്ച രീതിയില്‍ ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ആന്‍ഡ്രോയിഡ്‌ രൂപപ്പെടുത്തിയിട്ടുള്ളതെങ്കിലും, ഇന്റര്‍നെറ്റ്‌ ഹാന്‍ഡ്‌സെറ്റുകളിലേക്ക്‌ കൂടുതല്‍ വ്യാപിക്കുന്നതോടെ, തുറന്നുകിട്ടുന്ന പുത്തന്‍ വിപണിയാണ്‌ ഗൂഗിള്‍ ലക്ഷ്യമിടുന്നതെന്ന്‌ വ്യക്തം. കമ്പ്യൂട്ടറില്‍ നിന്ന്‌ മൊബൈലിലേക്ക്‌ നെറ്റ്‌ കുടിയേറുമെന്ന്‌ ഗൂഗിള്‍ മനസിലാക്കിയിട്ടുണ്ട്‌. (അവലംബം: വിവിധ വാര്‍ത്താഏജന്‍സികള്‍, ബി.ബി.സി, ബിസിനസ്‌ സ്‌റ്റാന്‍ഡേര്‍ഡ്‌).

NB: പത്താം പിറന്നാള്‍ ആഘോഷിക്കുന്ന വേളയിലാണ്‌ ഗൂഗിള്‍, അതിന്റെ പുതിയ സംരംഭം രംഗത്തെത്തിച്ചിരിക്കുന്നത്‌.
ഗൂഗിളിന്റെ പിറന്നാള്‍ ആഘോഷത്തില്‍ നിങ്ങള്‍ക്കും പങ്കുചേരാം-ലോകത്തെ മാറ്റിമറിക്കുന്ന, എന്നാല്‍ പരമാവധി ആളുകള്‍ക്ക്‌ പ്രയോജനം ലഭിക്കുന്ന, ആശങ്ങളുള്ള ആളാണ്‌ നിങ്ങളെങ്കില്‍. ആ ആശയം മുന്നോട്ടുവെയ്‌ക്കാം. അത്തരം അഞ്ച്‌ ആശയങ്ങളെ പിന്തുണയ്‌ക്കാന്‍ ഒരുകോടി ഡോളറാണ്‌ പിറന്നാള്‍ പ്രമാണിച്ച്‌ ഗൂഗിള്‍ പ്രഖ്യാപിച്ചിട്ടുള്ളത്‌.. പിറന്നാള്‍ വിശേഷങ്ങള്‍ അറിയാന്‍ ഇതു കാണുക.

7 comments:

Joseph Antony said...

കമ്പ്യൂട്ടറില്‍ നിന്ന്‌ മൊബൈലിലേക്ക്‌ കുടിയേറുക എന്നത്‌ ഇന്റര്‍നെറ്റിന്റെ അനിവാര്യതയാണെന്ന്‌ ഗൂഗിള്‍ മനസിലാക്കിയിട്ടുണ്ട്‌. ഇന്റര്‍നെറ്റ്‌ ഹാന്‍ഡ്‌സെറ്റുകളിലേക്ക്‌ കൂടുതല്‍ വ്യാപിക്കുന്നതോടെ തുറന്നുകിട്ടുന്നത്‌ പുത്തന്‍ വിപണിയാണ്‌. ആ വിപണിയാണ്‌ ഗൂഗിള്‍ഫോണും ആന്‍ഡ്രോയിഡും ലക്ഷ്യമിടുന്നത്‌.

A Cunning Linguist said...

ഇതും കൂടി വായിക്കണേ. ജീഫോണിനെയും ഐഫോണിനെയും താരതമ്യപ്പെടുത്തുന്ന ഒരു താളാണ്...

ജീഫോണിന് എല്ലാ വിധ ഭാവുകങ്ങളും.

ലേഖനത്തില്‍ ചില തെറ്റുകള്‍ വന്ന് കൂടിയിട്ടില്ലേ എന്നൊരു ശങ്ക..

ഫ്രീ സോഫ്‌ട്‌വേറായ ലീനക്‌സിലാണ്‌ ഈ പ്ലാറ്റ്‌ഫോം രൂപപ്പെടുത്തിയിരിക്കുന്നത്‌ എന്നതിനാല്‍, വിന്‍ഡോസ്‌ മൊബൈല്‍ പോലെ അതിന്‌ കാശ്‌ കൊടുക്കേണ്ടതില്ല.

ഫ്രീ സോഫ്റ്റ്‌വെയര്‍ എന്നത് കൊണ്ടുദ്ദേശിക്കുന്നത് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്നാണ്. മിക്കവാറുമുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയറുകളും സൗജന്യമായി ലഭിക്കുന്നുവെങ്കിലും ഫ്രീ സോഫ്റ്റ്‌വെയര്‍ എന്ന് പറയുമ്പോള്‍ സൗജന്യമായി കിട്ടുന്ന സോഫ്റ്റ്‌വെയര്‍ എന്നത് ഒരു വലിയ തെറ്റീധാരണയാണ് സൃഷ്ടിക്കുന്നത്. സൗജന്യമായി കിട്ടുന്ന എല്ലാ സോഫ്റ്റ്‌വെയറുകളേയും ഫ്രീ സോഫ്റ്റ്‌വെയറുകള്‍ എന്ന് വിളിക്കുവന്‍ കഴിയില്ല.

ഗ്നു/ലിനക്സ് ഒരു ഫ്രീ സോഫ്റ്റ്‌വെയറാണെങ്കിലും കാശ് കൊടുത്ത് വാങ്ങിക്കേണ്ടിവരുന്ന ഗ്നു/ലിനക്സ് വിതരണങ്ങളും ഉണ്ട്.

അപ്പോള്‍ ഞാന്‍ പറഞ്ഞ് വന്നത് മറ്റൊന്നുമല്ല. ഫ്രീ സോഫ്റ്റ്‌വെയറുകള്‍ എന്ന് പറയുമ്പോള്‍ "സൗജന്യം" എന്ന ലേബല്‍ (ലേഖനത്തിലെ പോലെ) default ആയിക്കൊടുക്കുന്നത് തെറ്റിധാരണ കൂട്ടുകയേ ഉള്ളു.

Babu Kalyanam said...

"അത്തരം ആശയം മുന്നോട്ടുവെയ്‌ക്കുന്നവര്‍ക്ക്‌ ഒരുകോടി ഡോളറാണ്‌ പിറന്നാള്‍ പ്രമാണിച്ച്‌ ഗൂഗിള്‍ സമ്മാനം പ്രഖ്യാപിച്ചിട്ടുള്ളത്‌.!!!"

അബദ്ധം എഴുന്നള്ളിക്കാതെ മാഷെ...
Q: What do I get if my idea is chosen?
A: You get good karma and the satisfaction of knowing that your idea might truly help a lot of people.

From 10tothe100th FAQ

അജ്ഞാതന്‍ said...

വീവരണങ്ങള്‍ക്കു നന്ദി

Joseph Antony said...

ഞാന്‍,
ബാബു മാഷ്‌,
അജ്ഞാതന്‍..
ഇവിടെ എത്തി അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചതില്‍ സന്തോഷം.
ഞാന്‍, താങ്കള്‍ പറഞ്ഞത്‌ ശരിയാണ്‌. സ്വതന്ത്രസോഫ്‌ട്‌വേറാണ്‌ ശരി.
ബാബു മാഷ്‌, ആ പിശക്‌ ചൂണ്ടിക്കാട്ടിയതിന്‌ നന്ദി. ശരിയാക്കിയിട്ടുണ്ട്‌.

krish | കൃഷ് said...

ഐഫോണിന്റെ ഇന്ത്യയിലെ വില്‍പ്പന പ്രതീക്ഷിച്ചപോലെ ആയില്ലെന്നാണ് റിപ്പോര്‍ട്ട്. മുഖ്യകാരണം അമിതവിലതന്നെ.
ജിഫോണിന്റെ സ്ഥിതി ഇവിടെ അതുപോലെ ആവില്ലെന്നു കരുതാം.
നന്ദി.

ശ്രീ said...

വിശദ വിവരങ്ങള്‍ക്കു നന്ദി മാഷേ