Monday, July 21, 2008

മലേറിയയെ നേരിടാന്‍ പുതിയ മാര്‍ഗം

മലേറിയയെ ഫലപ്രദമായി നേരിടാന്‍ പുതിയൊരു ചികിത്സയ്‌ക്ക്‌ വഴി തെളിയുന്നു. രോഗകാരിയായ പരാദം രക്തകോശങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കുന്നത്‌ തടയാനും, അതുവഴി അവയ്‌ക്ക്‌ ശരീരത്തില്‍ നിലനില്‍ക്കാനുള്ള സാധ്യത ഇല്ലാതാക്കാനും കഴിയുമെന്ന്‌ ഓസ്‌ട്രേലിയന്‍ ഗവേഷകര്‍ കണ്ടെത്തിയതാണ്‌ പുതിയ പ്രതീക്ഷയാകുന്നത്‌. ഇന്ത്യയെപ്പോലുള്ള വികസ്വര രാഷ്ട്രങ്ങളില്‍ വര്‍ഷംതോറും പത്തുലക്ഷം പേരുടെ ജീവന്‍ അപഹരിക്കുന്ന പകര്‍ച്ചവ്യാധിയാണ്‌ മലേറിയ.

കോശങ്ങളില്‍ ഒട്ടിപ്പിടിച്ചിരിക്കാന്‍ പാകത്തില്‍ ഒരിനം പശയുണ്ടാക്കാന്‍ മലേറിയ പരാദത്തിന്‌ ശേഷിയുണ്ട്‌. ശരീരത്തില്‍ ചുവന്നരക്താണുക്കളില്‍ ഇങ്ങനെ ഒട്ടിപ്പിടിച്ചിരുന്നാണ്‌, കൊതുകുകള്‍ വഴി രോഗാണു മറ്റുള്ളവരിലേക്ക്‌ പകരുന്നത്‌. ആ കഴിവ്‌ ഇല്ലായിരുന്നെങ്കില്‍ പരാദം രക്തചംക്രമണവ്യൂഹത്തിലൂടെ ഒഴുകി പ്ലീഹയിലെത്തുകയും ശരീരത്തിന്റെ പ്രതിരോധ സംവിധാനം അവയെ നശിപ്പിക്കുകയും ചെയ്യുമായിരുന്നു.

കോശങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കാന്‍ പാകത്തില്‍ മലേറിയ പരാദത്തിന്‌ അതിജീവനശേഷി നല്‍കുന്ന പ്രോട്ടീനുകളെ തിരിച്ചറിയുകയാണ്‌, ഓസ്‌ട്രേലിയയില്‍ എലിസ ഹാള്‍ ഇന്‍സ്‌റ്റിട്ട്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ റിസര്‍ച്ചിലെ ഗവേഷകര്‍ ചെയ്‌തത്‌. പരാദത്തിന്റെ ജനിതകഘടന പഠിക്കുക വഴി, അവയ്‌ക്ക്‌ കോശങ്ങളില്‍ പിടിച്ചിരിക്കാന്‍ സഹായിക്കുന്ന എട്ടു പ്രോട്ടീനുകളെ തിരിച്ചറിഞ്ഞു. അവയില്‍ ഏതെങ്കിലും ഒരെണ്ണം നിര്‍വീര്യമാക്കിയപ്പോള്‍ തന്നെ, പരാദങ്ങള്‍ക്ക്‌ രക്തക്കുഴലുകളുടെ ഭിത്തിയില്‍ പിടിച്ചിരിക്കാന്‍ കഴിയാതെ വന്നു.

പരാദത്തിന്‌ ഇത്തരത്തില്‍ പറ്റിപ്പിടിച്ചിരിക്കാനുള്ള സാധ്യതയില്ലാതാക്കിയാല്‍ തന്നെ രോഗത്തിന്റെ മാരകസ്വഭാവം ഇല്ലാതാകും, മറ്റുള്ളവരിലേക്ക്‌ രോഗം പകരുന്നത്‌ പരിമിതപ്പെടുത്താനും കഴിയും-പഠനസംഘത്തില്‍പെട്ട പ്രൊഫ. അലന്‍ കൗമാന്‍ അറിയിക്കുന്നു. പരാദത്തിലെ പ്രത്യേക പ്രോട്ടീനുകളെ ലക്ഷ്യംവെയ്‌ക്കുന്ന ഔഷധങ്ങള്‍ രൂപപ്പെടുത്തിയാല്‍, മലേറിയചികിത്സ കൂടുതല്‍ ഫലപ്രദമാകുമെന്ന്‌ ഗവേഷകര്‍ വിശ്വസിക്കുന്നു.

മലേറിയയ്‌ക്ക്‌ ചികിത്സ ഇപ്പോള്‍ തന്നെ നിലവിലുണ്ടെങ്കിലും, അത്‌ വിവിധ കാരണങ്ങളാല്‍ പലപ്പോഴും ഫലപ്രദമാകുന്നില്ല. അതുകൊണ്ടാണ്‌ ലോകത്ത്‌ ലക്ഷങ്ങള്‍ മലേറിയ ബാധിച്ചു മരിക്കുന്നത്‌. ആഗോളതാപനത്തിന്റെ ഫലമായി കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം കൊതുകുകള്‍ പെരുകാന്‍ ഇടയാക്കുന്നതും രോഗഭീഷണി വര്‍ധിപ്പിക്കുന്നു. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലും, ഇന്ത്യ, ബംഗ്ലാദേശ്‌ പോലുള്ള ഏഷ്യന്‍ രാജ്യങ്ങളുമാണ്‌ മലേറിയ ദുരിതം ഏറ്റവും കൂടുതല്‍ പേറുന്നത്‌.(കടപ്പാട്‌: ബി.ബി.ന്യൂസ്‌, മാതൃഭൂമി)

1 comment:

Joseph Antony said...

കോശങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കാന്‍ പാകത്തില്‍ മലേറിയ പരാദത്തിന്‌ അതിജീവനശേഷി നല്‍കുന്ന പ്രോട്ടീനുകളെ തിരിച്ചറിയുന്നതില്‍ ഓസ്‌ട്രേലിയയില്‍ ഗവേഷകര്‍ വിജയിച്ചു. പരാദത്തിന്റെ ജനിതകഘടന പഠിക്കുക വഴി, കോശങ്ങളില്‍ പിടിച്ചിരിക്കാന്‍ സഹായിക്കുന്ന എട്ടു പ്രോട്ടീനുകളെ തിരിച്ചറിഞ്ഞു. അവയില്‍ ഏതെങ്കിലും ഒരെണ്ണം നിര്‍വീര്യമാക്കിയപ്പോള്‍ തന്നെ, പരാദങ്ങള്‍ക്ക്‌ രക്തക്കുഴലുകളുടെ ഭിത്തിയില്‍ പിടിച്ചിരിക്കാന്‍ കഴിയാതെ വന്നു. മലേറിയയെ നേരിടാന്‍ പുതിയ വഴി തെളിയുകയാണ്‌.