Wednesday, July 02, 2008

ഭൗമകാന്തികമണ്ഡലം ദുര്‍ബലമാകുന്നു

ഭൂമിയുടെ അകക്കാമ്പിലെ മാറ്റങ്ങള്‍ കാന്തികമണ്ഡലത്തെ ബാധിക്കുന്നു. ഭൗമകാന്തിക മണ്ഡലത്തില്‍ ഒരു ധ്രുവമാറ്റത്തിനുള്ള സാധ്യതയെന്ന്‌ ഗവേഷകര്‍. ഭൂമിയുടെ അകക്കാമ്പിലെ ധ്രുതഗതിയിലുള്ള വ്യതിയാനങ്ങള്‍ ഭൗമകാന്തികമണ്ഡലത്തെ ദുര്‍ബലമാക്കിയിരിക്കുന്നതായി കണ്ടെത്തല്‍. ഒന്‍പതു വര്‍ഷത്തെ ഉപഗ്രഹവിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ വിശദമായ പഠനത്തിലാണ്‌, ഭൂമിയുടെ പലഭാഗത്തും കാന്തികമണ്ഡലം ദുര്‍ബലമായിരിക്കുന്ന കാര്യം വ്യക്തമായത്‌. അന്തരീക്ഷത്തിന്റെ ഉപരിഭാഗത്ത്‌ റേഡിയേഷന്‍ ഭീഷണി വര്‍ധിക്കാന്‍ കാന്തികമണ്ഡലത്തിന്റെ ശക്തിക്ഷയിക്കുന്നത്‌ കാരണമാകുമെന്ന്‌ ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു.

ഭൗമോപരിതലത്തില്‍നിന്ന്‌ 3000 കിലോമീറ്റര്‍ താഴെ ദ്രാവകരൂപത്തില്‍ സ്ഥിതിചെയ്യുന്ന അകക്കാമ്പിന്റെ ഉപരിഭാഗത്ത്‌ (outer core) നടക്കുന്ന മാറ്റങ്ങള്‍ മൂലം, കാന്തികമണ്ഡലത്തില്‍ വളരെ വേഗം മാറ്റങ്ങള്‍ ഉണ്ടാകുന്നതായി പഠനത്തിന്‌ നേതൃത്വം നല്‍കിയ കോപ്പന്‍ഹേഗനിലെ ഡാനിഷ്‌ നാഷണല്‍ സ്‌പേസ്‌ സെന്ററിലെ ജിയോഫിസിസ്റ്റായ നില്‍സ്‌ ഒാസ്ലന്‍ അറിയിക്കുന്നു. 'നേച്ചര്‍ ജിയോസയന്‍സി'ലാണ്‌ പഠനറിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചിട്ടുള്ളത്‌.

ഭൂമിയുടെ അകക്കാമ്പിന്റെ ഉപരിഭാഗത്ത്‌ ഉരുകിയൊഴുകുന്ന ഇരുമ്പും നിക്കലുമാണ്‌ മുഖ്യമായും ഉള്ളത്‌. (ഭൂമിയുടെ ആന്തരഭാഗം എങ്ങനെയെന്നറിയാന്‍ ഇത്‌ കാണുക). അകക്കാമ്പിലെ ലോഹത്തിന്റെ ഒഴുക്ക്‌ വൈദ്യുതി മണ്ഡലം സൃഷ്ടിക്കുന്നു. ആ വൈദ്യുതി മണ്ഡലമാണ്‌, ഭൗമകാന്തികമണ്ഡലത്തിന്‌ നിമിത്തമാകുന്നത്‌. അകക്കാമ്പിലെ ദ്രവലോഹത്തിന്റെ പ്രവാഹത്തിലും ചലനത്തിലും മാറ്റമുണ്ടായാല്‍, കാന്തികമണ്ഡലത്തിലും അതിനനുസരിച്ച്‌ വ്യതിയാനമുണ്ടാകും എന്നു സാരം.

ഓസ്‌ട്രേലിയയും ഏഷ്യയും ഉള്‍പ്പെട്ട ഭാഗത്ത്‌ 2003-ല്‍ കാന്തികമണ്ഡലത്തില്‍ കാര്യമായ വ്യതിയാനം ഗവേഷകര്‍ നിരീക്ഷിച്ചു. 2004-ല്‍ അത്‌ ദക്ഷിണാഫ്രിക്കയിലേക്കു മാറി. തെക്കന്‍ അത്‌ലാന്റിക്‌ മേഖലയിലാണ്‌ കാന്തികമണ്ഡലം ഇപ്പോള്‍ ദുര്‍ബലമായിരിക്കുന്നത്‌. "ഭൗമകാന്തിക മണ്ഡലത്തിന്റെ ദിശ മാറാന്‍ പോകുന്നതിന്റെ സൂചനയായി വേണം ഈ വ്യതിയാനങ്ങളെ കാണാന്‍"-പഠനത്തില്‍ പങ്കാളിയായ പോട്‌സ്‌ഡാമിലെ ജര്‍മന്‍ റിസര്‍ച്ച്‌ സെന്റര്‍ ഫോര്‍ ജിയോസയന്‍സസിലെ മിയോര മാന്‍ഡിയ പറയുന്നു. കഴിഞ്ഞ കോടിക്കണക്കിന്‌ വര്‍ഷത്തിനിടെ ഒട്ടേറെ തവണ ഭൂമിയുടെ കാന്തികധ്രുവങ്ങള്‍ പരസ്‌പരം മാറിയിട്ടുണ്ട്‌. ഒരു മാറ്റം പൂര്‍ത്തിയാകാന്‍ പക്ഷേ, ആയിരക്കണക്കിന്‌ വര്‍ഷമെടുക്കും.

കാന്തികമണ്ഡലം ദുര്‍ബലമാകുന്നതോടെ, അന്തരീക്ഷത്തില്‍ റേഡിയേഷന്‍ സാധ്യത വര്‍ധിക്കും. കാന്തികമണ്ഡലത്തിന്റെ ശക്തിക്ഷിയിക്കുന്നത്‌ ഉയര്‍ന്ന ഊര്‍ജത്തിലുള്ള ചാര്‍ജുള്ള കണങ്ങളുടെ ആധിക്യം അന്തരീക്ഷത്തില്‍ നൂറു കിലോമീറ്ററോളം താണു വരാന്‍ ഇടയാക്കും. ചാര്‍ജുള്ള കണങ്ങളുടെ സാന്നിധ്യം കൂടുതലുള്ള പ്രദേശത്ത്‌ റേഡിയേഷന്‍ വര്‍ധിക്കും. ഈ റേഡിയേഷന്‍ പക്ഷേ, ഭൗമതാപനിലയെ ബാധിക്കില്ലെന്ന്‌ ഗവേഷകര്‍ പറയുന്നു. റേഡിയോ ഉപകരണങ്ങളെയും ഉപഗ്രഹങ്ങളിലും മറ്റും ഉപയോഗിക്കുന്ന ഇലക്ട്രോണിക്‌ ഉപകരണങ്ങളെയും തകരാറിലാക്കാന്‍ ഇത്‌ ഇടയാക്കും-ഒാസ്ലന്‍ അറിയിച്ചു.(അവലംബം: നേച്ചര്‍ ജിയോസയന്‍സ്‌).

2 comments:

Joseph Antony said...

ഭൂമിയുടെ കാന്തികധ്രുവങ്ങള്‍ മാറാന്‍ പോകുന്നതായി സൂചന. അകക്കാമ്പിലെ ധ്രുതഗതിയുള്ള മാറ്റം മൂലം ഭൗമകാന്തിക മണ്ഡലം പലയിടത്തും അസാധാരണായ നിലയില്‍ ദുര്‍ബലമായിരിക്കുന്നു.

Mr. K# said...

ഇന്നത്തെ മാത്രുഭൂമിയില്‍ ഈ ലേഖനം കൊടുത്തിരിക്കുന്നതിന്റെ തൊട്ടുതാഴെ കൊടുത്തിരിക്കുന്ന വാര്ത്ത. "2012ല്‍ ഭൂമി തിരിഞ്ഞുകറങ്ങിത്തുടങ്ങുമെന്ന്‌ പ്രവചനം!"
ഇവര്ക്ക് സയന്സും പ്രവചനങ്ങളും ഒന്നിച്ച് എഴുതാതിരുന്നു കൂടെ?