Tuesday, July 01, 2008

ഉത്തരധ്രുവം ഹിമരഹിതമാകുന്നു

അരനൂറ്റാണ്ടിനപ്പുറം സംഭവിക്കുമെന്ന്‌ പ്രവചിക്കപ്പെട്ട കാര്യങ്ങള്‍ ഇപ്പോഴേ ഭൂമിയെ തേടിയെത്തുന്നു. ഉത്തരധ്രുവം ചരിത്രത്തിലാദ്യമായി ഈ വേനലില്‍ ഹിമരഹിതമാകുമെന്ന്‌ ഗവേഷകരുടെ മുന്നറിയിപ്പ്‌. ആഗോളതാപനം തന്നെയണ്‌ മുഖ്യപ്രതി.

ഭാവിയില്‍ സംഭവിക്കുമെന്ന്‌ പ്രതീക്ഷിക്കുന്ന സംഗതികളുണ്ട്‌. പെട്ടന്നൊരു ദിവസം അവ മുന്നിലെത്തിയാലുണ്ടാകുന്ന സംഭ്രമം വിവരിക്കാനാകില്ല. ശാസ്‌ത്രസാങ്കേതിക മുന്നേറ്റങ്ങളുടെ കാര്യത്തില്‍ ലോകം നേരിടുന്ന 'ഭാവിസംഭ്രമങ്ങള്‍', Future Shock എന്ന ഗ്രന്ഥത്തില്‍ ആല്‍വിന്‍ ടോഫ്‌ളര്‍ വിദഗ്‌ധമായി അവതരിപ്പിക്കുന്നത്‌ ഓര്‍ക്കുക. പരിസ്ഥിതിയുടെ കാര്യത്തില്‍ ഇത്‌ കൂടുതല്‍ സത്യമാവുകയാണ്‌. 2080 ആകുമ്പോഴേക്കും എന്ന്‌ മുമ്പ്‌ പ്രവചിക്കപ്പെട്ട സംഗതി ഈ വേനലില്‍ സംഭവിക്കുമെന്ന്‌ ഗവേഷകര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു. ഇപ്പോഴത്തെ മഞ്ഞുരുക്കത്തിന്റെ തോത്‌ വെച്ച്‌, ഉത്തരധ്രുവത്തിന്‌ ചുറ്റുമുള്ള പ്രദേശം ചരിത്രത്തിലാദ്യമായി ഈ വേനലില്‍ ഹിമരഹിതമാകാന്‍ എല്ലാ സാധ്യതയും ഉണ്ടെന്നാണ്‌ പ്രവചനം.

2007-ല്‍ റെക്കോഡ്‌ മഞ്ഞുരുക്കമാണ്‌ ഉത്തരധ്രുവത്തില്‍ സംഭവിച്ചത്‌; ഉത്തരാര്‍ധഗോളത്തിലെ 65 ശതമാനം മഞ്ഞ്‌ ഒറ്റ വര്‍ഷംകൊണ്ട്‌ ഉരുകി. അസാധാരണമാംവിധം ശക്തമായ ശൈത്യകാലം മൂലം 2008 തുടക്കത്തിലെ പ്രതീക്ഷ ഈ വര്‍ഷം കാര്യമായ മഞ്ഞുരുക്കം ഉണ്ടാകില്ല എന്നായിരുന്നു. ആ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ടാണ്‌, ഉത്തരധ്രുവത്തിലെ മഞ്ഞ്‌ ഉരുകി ശിഥിലമായിക്കൊണ്ടിരിക്കുന്നത്‌. 'സി.സി.ജി.എസ്‌.അമുന്‍ഡ്‌സെന്‍' എന്ന കനേഡിയന്‍ ഗവേഷണയാനത്തില്‍ ഉത്തരധ്രുവത്തിലെ കാലാവസ്ഥാവ്യതിയാനം പഠിക്കുന്ന ഗവേഷകരുടേതാണ്‌ ഈ വര്‍ഷം സ്ഥിതി കൂടുതല്‍ രൂക്ഷമാകുമെന്ന മുന്നറയിപ്പ്‌.

ധ്രുവത്തിന്‌ പരിസരത്തെ മഞ്ഞുപാളികള്‍ മുഴുവന്‍ ഉരുകിശിഥിലമായിക്കഴിഞ്ഞു. അതിനാല്‍ ഈ വര്‍ഷം ചരിത്രത്തിലാദ്യമായി ഹിമരഹിതമായ ഒരു ഉത്തരധ്രുവമാണ്‌ ഞങ്ങളുടെ പ്രവചനം-അമുന്‍ഡ്‌സെനില്‍ പഠനത്തിലേര്‍പ്പെട്ടിട്ടുള്ള മാനിറ്റോബ സര്‍വകലാശാലയിലെ ഗവേഷകനായ ഡേവിഡ്‌ ബാര്‍ബര്‍ അറിയിച്ചു. കോളൊറാഡോ സര്‍വകലാശാലയ്‌ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന 'കോളൊറാഡോ സെന്റര്‍ ഫോര്‍ അസ്‌ട്രോഡൈനാമിക്‌സ്‌ റിസര്‍ച്ചി'ലെ ഷെല്‍ഡന്‍ ഡ്രോബോട്ടും ഇക്കാര്യത്തോട്‌ യോജിക്കുന്നു.

ഹിമപാളികള്‍ സൂര്യതാപത്തെ ആഗിരണം ചെയ്യാന്‍ അനുവദിക്കാതെ പ്രതിഫലിപ്പിക്കും. എന്നാല്‍, മഞ്ഞുരുകി ശിഥിലമായിക്കഴിഞ്ഞാല്‍ ധ്രുവങ്ങളില്‍ അവശേഷിക്കുന്ന ഇരുണ്ട സമുദ്രജലം കൂടുതല്‍ സൂര്യതാപം ആഗിരണം ചെയ്യും. 'അല്‍ബെഡോ' (albedo) പ്രതിഭാസം എന്നാണ്‌ ഇത്‌ അറിയപ്പെടുന്നത്‌. ഭൂമിയുടെ ഇതരഭാഗങ്ങളെ അപേക്ഷിച്ച്‌ മൂന്നുമടങ്ങ്‌ വേഗത്തില്‍ ധ്രുവം ചൂടുപിടിക്കാന്‍ അല്‍ബെഡോ പ്രതിഭാസം കാരണമാകും. മഞ്ഞുരുകുന്നതിന്‌ അനുസരിച്ച്‌ കൂടുതല്‍ ചൂടുപിടിക്കും, ചൂടു കൂടുന്നതിനനസരിച്ച്‌ കൂടുതല്‍ മഞ്ഞുരുകും. ശരിക്കുമൊരു വിഷമവൃത്തിലാണ്‌ ഉത്തരധ്രുവമെന്ന്‌ സാരം.

2007 തുടക്കത്തെ അപേക്ഷിച്ച്‌, 2008 തുടക്കത്തില്‍ ഉത്തരധ്രുവത്തില്‍ കൂടുതല്‍ വിസ്‌തൃതിയില്‍ മഞ്ഞുപാളികള്‍ ഉള്ളതായി യു.എസ്‌.'നാഷണല്‍ സ്‌നോ ആന്‍ഡ്‌ ഐസ്‌ ഡേറ്റാസെന്റര്‍' (NSIDC) നടത്തിയ നിരീക്ഷണങ്ങളും വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഈ ജൂണ്‍ ആയപ്പോഴേക്കും റെക്കോഡ്‌ വേഗത്തില്‍ മഞ്ഞ്‌ നഷ്ടപ്പെട്ടിരിക്കുന്നുവെന്ന്‌ ഡേറ്റാ സെന്ററും വ്യക്തമാക്കുന്നു. ആ നിലയ്‌ക്ക്‌ അടുത്ത പത്തുവര്‍ഷത്തിനകം, വേനല്‍ക്കാലത്ത്‌ ഉത്തരധ്രുവത്തില്‍ മഞ്ഞില്ലാത്ത അവസ്ഥയുണ്ടാകുമെന്നാണ്‌ ഡേറ്റാസെന്ററിലെ ഗവേഷകരുടെ നിഗമനം.

2080 ആകുമ്പോഴേക്കും ധ്രുവം ഹിമരഹിതമാകുമെന്നാണ്‌ ഏതാനും വര്‍ഷം മുമ്പുവരെ പ്രവചിക്കപ്പെട്ടിരുന്നത്‌. എന്നാല്‍, 2030-2050 കാലയളവ്‌ ആകുമ്പോഴേക്കും ആ അവസ്ഥ സംജാതമാകുമെന്ന്‌ കമ്പ്യൂട്ടര്‍ മാതൃകകളുടെ സഹായത്തോടെ നടത്തിയ വിലയിരുത്തലുകള്‍ വ്യക്തമാക്കി. 1980 വേനലില്‍ ഉത്തരധ്രുവത്തില്‍ മഞ്ഞുമൂടിയ 78 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഉണ്ടായിരുന്നത്‌, 2007 വേനലായപ്പോള്‍ 42 ലക്ഷം ചതുരശ്ര കിലോമീറ്ററായി. ഈ ശോഷണം വെച്ചു നോക്കിയാല്‍, 2013 ആകുമ്പോഴേക്കും ഉത്തരധ്രുവം വേനലില്‍ ഹിമരഹിതമാകുമെന്നാണ്‌ ഏറ്റവും ഒടുവിലത്തെ വിലയിരുത്തല്‍. എന്നാല്‍, ആ വിലയിരുത്തലിനെയും തകിടം മറിക്കുകയാണ്‌, ഈ വര്‍ഷം തന്നെ ധ്രുവം ഹിമരഹിതമാകുമെന്ന്‌ പ്രവചനം.

'ആര്‍ക്ടിക്‌ ഓസിലേഷന്‍' (Arctic Oscillation) എന്നറിയപ്പെടുന്ന സ്വാഭാവിക കാലാവസ്ഥാചക്രമാണ്‌, വര്‍ഷംതോറും ധ്രുവപ്രദേശത്തെ ഹിമശേഖരത്തിന്റെ തോത്‌ നിശ്ചയിക്കുന്നതില്‍ മുഖ്യപങ്ക്‌ വഹിക്കുന്നത്‌. എന്നാല്‍, അത്തരം കാലാവസ്ഥചക്രംകൊണ്ടും വീണ്ടെടുക്കാന്‍ കഴിയാത്ത തകരാര്‍ ധ്രുവത്തില്‍ സംഭവിച്ചു കഴിഞ്ഞുവെന്ന്‌, ഐസ്‌ ഡേറ്റാസെന്ററിലെ ഗവേഷകയായ ജൂലിയെന്ന സ്‌ട്രൊയേവ്‌ അറിയിക്കുന്നു. കാരണം, ധ്രുവത്തിലെ മഞ്ഞുപാളികള്‍ അത്രമാത്രം കനംകുറഞ്ഞ്‌ ലോലമായിരിക്കുകയാണ്‌. തിരികെ പഴയ അവസ്ഥയിലെത്തുന്ന കാര്യം സംശയമാണ്‌.

അല്‍ബെഡോ പ്രതിഭാസത്തിന്റെ ആക്കം വര്‍ധിച്ചതോടെ, ഭൂമുഖത്തെ ഏറ്റവും വലിയ ഹിമശേഖരത്തില്‍ ഒന്നായ ഗ്രീന്‍ലന്‍ഡ്‌ ഹിമപാളിയുടെ നിലനില്‍പ്പും അപകടത്തിലായിരിക്കുകയാണ്‌. ഇപ്പോള്‍ തന്നെ ഈ മഞ്ഞുപാളി ഉരുകി സമുദ്രജലനിരപ്പ്‌ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ടെന്ന്‌ ഗവേഷകര്‍ പറയുന്നു. ആഗോളതലത്തില്‍ സമുദ്രവിതാനം ഏഴു മീറ്ററോളം (22 അടി) ഉയരാന്‍ പോന്നത്ര വെള്ളമാണ്‌ ഗ്രീന്‍ലന്‍ഡ്‌ ഹിമപാളിയില്‍ ഖനീഭവിച്ചു സ്ഥിതിചെയ്യുന്നത്‌.(കടപ്പാട്‌: നാഷണല്‍ ജ്യോഗ്രഫിക്‌ ന്യൂസ്‌)

1 comment:

Joseph Antony said...

2080 ആകുമ്പോഴേക്കും എന്ന്‌ മുമ്പ്‌ പ്രവചിക്കപ്പെട്ട സംഗതി ഈ വേനലില്‍ സംഭവിക്കുമെന്ന്‌ ഗവേഷകര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു. ഇപ്പോഴത്തെ മഞ്ഞുരുക്കത്തിന്റെ തോത്‌ വെച്ച്‌, ഉത്തരധ്രുവത്തിന്‌ ചുറ്റുമുള്ള പ്രദേശം ചരിത്രത്തിലാദ്യമായി ഈ വേനലില്‍ ഹിമരഹിതമാകാന്‍ എല്ലാ സാധ്യതയും ഉണ്ടെന്നാണ്‌ പ്രവചനം.