Friday, August 17, 2007

പുതിയ തവളകള്‍, വണ്ടുകള്‍, മത്സ്യങ്ങള്‍

ഇതുവരെ കാണാത്ത ജീവികള്‍ ആമസോണില്‍ നിന്ന്‌

ശാസ്‌ത്രലോകത്തിന്റെ കണ്ണില്‍ പെടാത്ത എത്രയോ ജീവികള്‍ ഇനിയും ഭൂമുഖത്തുണ്ട്‌. നമ്മള്‍ അറിഞ്ഞതിലും എത്രയോ കൂടുതലാണ്‌ അറിയാന്‍ ബാക്കിയുള്ളത്‌. ഈ വസ്‌തുത ഒന്നുകൂടി അടിവരയിട്ട്‌ ഉറപ്പിക്കുന്നതാണ്‌, ദക്ഷിണ അമേരിക്കയിലെ വടക്കന്‍ ആമസോണ്‍ മേഖലയില്‍ ഗവേഷകര്‍ കഴിഞ്ഞ രണ്ടുവര്‍ഷം നടത്തിയ പര്യവേക്ഷണം. ഡസണ്‍ കണക്കിന്‌ പുതിയ ജീവിവര്‍ഗങ്ങളെയാണ്‌ അവിടെ കണ്ടെത്തിയത്‌; എല്ലാം ശാസ്‌ത്രലോകത്തിന്‌ പുതിയവ.

നാലു തവളയിനങ്ങള്‍, ആറിനം മത്സ്യങ്ങള്‍, ഡസണ്‍ കണക്കിന്‌ വണ്ടുകള്‍, പുതയൊരിനം ഉറുമ്പ്‌ ഒക്കെ പുതിയതായി കണ്ടെത്തിയവയില്‍ പെടുന്നു. കിഴക്കന്‍ സുരിനാം മേഖലയില്‍ 2005 - 2006 കാലയളവില്‍ നടന്ന പര്യവേക്ഷണമാണ്‌ ജീവിവര്‍ഗ്ഗങ്ങളുടെ പുത്തന്‍ ഭൂമിക ഗവേഷകര്‍ക്ക്‌ മുന്നില്‍ തുറന്നു കൊടുത്തത്‌. 'കണ്‍സര്‍വേഷന്‍ ഇന്റര്‍നാഷണല്‍' (CI) എന്ന പ്രകൃതിസംരക്ഷണ സംഘടന സര്‍വെയ്‌ക്ക്‌ നേതൃത്വം നല്‍കി.

കിഴക്കന്‍ ആമസോണ്‍ മേഖലയില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ അവിടുത്തെ വനമേഖലയ്‌ക്ക്‌ കടുത്ത സമ്മര്‍ദ്ദമാണുണ്ടാക്കുന്നത്‌. വനനാശവും വ്യാപകമാണ്‌. ചില ജീവികള്‍ ഇപ്പോള്‍ തന്നെ വംശനാശത്തിന്റെ വക്കിലെത്തിക്കഴിഞ്ഞു. ആ മേഖലയിലെ ജൈവവൈവിധ്യം എത്ര സമ്പന്നമാണെന്നു കണ്ടെത്തുകയായിരുന്നു പര്യവേക്ഷണത്തിന്റെ ലക്ഷ്യം.

സ്വര്‍ണഖനികള്‍ പ്രവര്‍ത്തിക്കുന്ന മേഖലയാണ്‌ കിഴക്കന്‍ സുരിനാം. അതുണ്ടാക്കുന്ന ജലമലിനീകരണത്തിന്റെ ഫലമായി അരനൂറ്റാണ്ട്‌ മുമ്പ്‌ വംശനാശം നേരിട്ടെന്നു കരുതിയ ഒരിനം മത്സ്യത്തെ വീണ്ടും ഈ പര്യവേക്ഷണം വഴി കണ്ടെത്താന്‍ കഴിഞ്ഞു. എന്തെല്ലാം ആവിടെ ഇനിയും ബാക്കിയുണ്ടാകും മനുഷ്യന്‌ അറിയാത്തതായി എന്ന്‌ ഗവേകര്‍ അത്ഭുതപ്പെടുന്നു.

"ആമസോണില്‍ അത്രയധികം പരിക്കേല്‍ക്കാത്ത കന്യാവനങ്ങള്‍ അവശേഷിക്കുന്നത്‌ സുരിനാമിന്റെ പര്‍വത മേഖലയിലാണ്‌. ശാസ്‌ത്രഗവേഷണത്തിന്‌ എത്ര വലിയ അവസരമാണ്‌ ആ മേഖല തുറന്നു തരുന്നതെന്ന്‌ ഈ പഠനം വ്യക്തമാക്കി"-പര്യവേക്ഷക സംഘത്തിന്റെ മേധാവി ലീയാന്‍ അലോന്‍സൊ പറഞ്ഞു. സാമ്പത്തിക വികസനത്തിനൊപ്പം, സുരിനാമിന്റെ പരിസ്ഥിതിയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യമാണിത്‌ വ്യക്തമാക്കുന്നത്‌-അവര്‍ അഭിപ്രായപ്പെട്ടു.

ഒന്നര വര്‍ഷം മുമ്പ്‌ ഇന്‍ഡൊനീഷ്യയില്‍ പാപ്പുവയിലെ ഫോജാപര്‍വതത്തിന്റെ താഴ്‌വരയില്‍ ഇത്തരമൊരു ജൈവകലവറ കണ്ടെത്തിയിരുന്നു. ഇതുവരെ മനുഷ്യസ്‌പര്‍ശമേല്‍ക്കാത്ത മൂന്നലക്ഷം ഹെക്ടര്‍ വിസ്‌തൃതി വരുന്ന ആ വനമേഖലയില്‍ നിന്ന്‌ മനുഷ്യന്‌ അപരിചിതമായിരുന്ന ഡസണ്‍കണക്കിന്‌ ജീവികളെയും സസ്യയിനങ്ങളെയുമാണ്‌ കണ്ടെത്തിയത്‌. 'കണ്‍സര്‍വേഷന്‍ ഇന്റര്‍നാഷണലി'ന്റെ നേതൃത്വത്തില്‍ തന്നെയായിരുന്നു അവിടെയും സര്‍വെ നടന്നത്‌.

ഫോജാതാഴ്‌വരയിലെ ജീവികളും പക്ഷികളും ഇതുവരെ മനുഷ്യരെ കണ്ടിട്ടില്ലാത്തതിനാല്‍, അവയ്‌ക്ക്‌ തെല്ലും പേടിയില്ല എന്നത്‌ ഗവേഷകരെ അമ്പരിപ്പിക്കുയുണ്ടായി. തലോടാനും ഓമനിക്കാനും അവ നിന്നുകൊടുക്കുക പോലും ചെയ്‌തു. പുതിയൊരിനം തേന്‍പക്ഷി (1939-ന്‌ ശേഷം ന്യൂ ഗിനിയില്‍ പുതിയതായി കണ്ടെത്തുന്ന ആദ്യപക്ഷി), പുതിയൊരു സസ്‌തനി, 20 ഇനം തവളകള്‍, അഞ്ചു പനവര്‍ഗ്ഗങ്ങള്‍, നാല്‌ ചിത്രശലഭങ്ങള്‍, ഒട്ടേറെ പുതിയ സസ്യയിനങ്ങള്‍ ഒക്കെ ഫോജാതാഴ്‌വരയിലെ കണ്ടെത്തലില്‍ ഉള്‍പ്പെട്ടു.പുതിയതായി കണ്ടെത്തിയ സസ്‌തനി ഒരു മരംകേറി കങ്കാരുവാണ്‌ - ശാസ്‌ത്രീയ നാമം 'ഡന്‍ഡ്രോലാഗസ്‌ പുല്‍ച്ചെരിമസ്‌' (Dendrolagus pulcherrimus). (കടപ്പാട്‌: നാഷണല്‍ ജ്യോഗ്രഫിക്‌ ന്യൂസ്‌)

7 comments:

Joseph Antony said...

മനുഷ്യന്‌ അപരിചിതമായ എത്രയോ ജീവികള്‍ ഇപ്പോഴും ഭൂമുഖത്തുണ്ട്‌. വനങ്ങള്‍ നശിപ്പിക്കുമ്പോഴും ജൈവകലവറകള്‍ തകര്‍ക്കുമ്പോഴും, എന്തെന്നു പോലും അറിയാത്ത ജീവിവര്‍ഗ്ഗങ്ങളെ നാശത്തിലേക്ക്‌ തള്ളിവിടുകയാണ്‌. ആമസോണില്‍ അടുത്തയിടെ പൂര്‍ത്തിയായ പര്യവേക്ഷണത്തില്‍ ഡസണ്‍ കണക്കിന്‌ പുതിയ ജീവിവര്‍ഗ്ഗങ്ങളെ കണ്ടെത്തിയെന്ന വാര്‍ത്ത, ഇക്കാര്യമാണ്‌ ഓര്‍മിപ്പിക്കുന്നത്‌.

ഗുപ്തന്‍ said...

മാഷേ...
ഒരുപക്ഷേ വിഡ്ഢിത്തം ആകാവുന്ന ഒരു കാര്യം കുറിച്ചോട്ടെ. തിരുവനന്തപുരത്തുണ്ടായിരുന്ന കാലത്ത് ആനമുടി ദിശയീലേക്ക് ട്രെക്കിംഗിനുപോയിട്ടുണ്ട് പലതവണ. ഒരിക്കല്‍ ഉള്‍വനത്തില്‍ ഒരു ഈറ്റക്കാട്ടില്‍ തണ്ടിനോട് ചേര്‍ന്ന് ചുറ്റിപ്പിടിച്ചിരിക്കുന്ന ഒരു പച്ചനിറമുള്ള പാമ്പിനെ കണ്ടു. എനിക്കറിയാവുന്ന പച്ചപാമ്പ് നമ്മുടെ നിരുപദ്രവകാരിയായ പച്ചിലപ്പാമ്പാണ്. കാമറയുമായി അതിനടുത്തു പോയി. പച്ചിലപ്പാമ്പിന്റ്റ്റെ തലക്ക് പകരം അണലിയുടെ തലയോട് കൂടുതല്‍ സാമ്യമുള്ള തലയാണതിനെന്ന് തോ‍ന്നി. എന്കിലും വിഷമുള്ള അഞ്ചിനം പാമ്പുകളേ ഇന്ത്യയിലുള്ളെന്നും അതിലൊന്നിനും നല്ല പച്ചനിറമുള്ള ഉപജാതി ഇല്ലെന്നും ഓര്‍ത്ത് അതിനരികിലെത്തി കുനിഞ്ഞതും കൂടെയുണ്ടായിരുന്ന ആദിവാസി യുവാവ് ഉറക്കെ നിലവിളിച്ചുകൊണ്ട് ഓടിവന്നു. അവന്റെ അഭിപ്രായത്തില്‍ ശരിക്കും മാരക വിഷമുള്ള പാമ്പാണത്. കുഞ്ഞുപാമ്പുകള്‍ പോലും അപകടകരം. മൂര്‍ഖനെക്കാളും വെള്ളിക്കെട്ടനെക്കാളും ഒക്കെ വിഷ്മുണ്ട് പോലും അതിന്. പത്തിയില്ല. ഏതായാലും ബഹളത്തിനിടയില്‍ സുന്ദരന്‍ സ്ഥലം വിട്ടിരുന്നു. അതൊരു ചോദ്യമായി മനസ്സില്‍ കിടന്നതുകൊണ്ട് പലയിടത്തും അന്വേഷിച്ചു. ശരിയായ ഉത്തരം ഒന്നും കിട്ടിയില്ല. ആദിവാസികള്‍ക്ക് കാടുനന്നായറിയാവുന്നതുകൊണ്ട് അവന്റെ വാക്കുകളെ അവിശ്വസിക്കാനും തോന്നിയില്ല. ഒരുപക്ഷെ അരണയുടെ വിഷത്തെപറ്റി നാട്ടിലുള്ള അന്ധവിശ്വസങ്ങള്‍ പോലെ എന്തെങ്കിലും ആവാം എന്ന് കരുതി അത് മറന്നു. ഇപ്പോള്‍ ഈ ലേഖനം കണ്ടപ്പോള്‍ പഴയപാമ്പ് മനസ്സില്‍ നിന്നും ഇഴഞ്ഞുവരുന്നു. എന്തെങ്കിലും സാധ്യത കാണുന്നുണ്ടോ മാഷ്? അതോ ഇതും കല്ലാന ആണോ?

പുള്ളി said...

നിയോണ്‍ തവള!

മൂര്‍ത്തി said...

നന്ദി മാഷെ...
മനുഷ്യന്‍ കണ്ടു എന്ന ഒറ്റ കാരണത്താല്‍ ഇവക്കും എന്തെങ്കിലും ദോഷം വരുമോ? :)

myexperimentsandme said...

പോസ്റ്റ് വായിച്ച് മൂര്‍ത്തിയുടെ കമന്റ് കാണുന്നതിനു മുന്‍പ് തന്നെ മൂര്‍ത്തിക്ക് തോന്നിയത് എനിക്കും തോന്നി. ഇനി എല്ലാവരും ഇങ്ങോട്ടായിരിക്കും. ഇതും നാനാവിധമാക്കുമായിരിക്കും (അങ്ങിനെയൊന്നുമാവാതിരിക്കട്ടെ).

ഇത്തരം ഗവേഷണഫലങ്ങള്‍ കണ്ട്രോള്‍ഡ് റിലീസ് ആക്കിയാല്‍ ചിലപ്പോള്‍ അതല്ലേ നല്ലത്? പക്ഷേ ഇതുമൂലം ആ പ്രദേശങ്ങള്‍ നല്ല രീതിയില്‍ സംരക്ഷിക്കാനുള്ള നടപടികള്‍ എടുക്കാന്‍ പറ്റുമെങ്കില്‍ നല്ലത്. അല്ലെങ്കില്‍ പോസ്റ്റില്‍ പറഞ്ഞതുപോലെ തന്നെ മലിനീകരണവും മറ്റുമായി അത്തരം പ്രദേശങ്ങളും കാലക്രമേണ നശിച്ച് പോവുമായിരിക്കും. എന്തായാലും ആ പ്രദേശങ്ങള്‍ നല്ല രീതിയില്‍ സംരക്ഷിക്കപ്പെടട്ടെ.

പക്ഷേ മനുഷ്യനല്ലേ. നാളെ ആ തവളയെ ഒരു ലക്ഷം ഡോളറിന് വിറ്റ് കാശാക്കാനും മടിക്കില്ല.

Joseph Antony said...

മനു,
താങ്കള്‍ പറഞ്ഞതില്‍ വിഡ്‌ഢിത്തത്തിന്റെ പ്രശ്‌നമൊന്നുമില്ല. എനിക്കും ഏതാണ്ട്‌ സമാനമായ ചില അനുഭവങ്ങള്‍ തിരുവനന്തപുരം ജില്ലയിലെ ആദിവാസി മേഖലയില്‍ നിന്നുണ്ടായിട്ടുണ്ട്‌. നമുക്കു ബോധ്യമില്ലാത്ത കാര്യമാണെങ്കില്‍ പോലും, ആ കാട്ടുമനുഷ്യരുടെ തീര്‍പ്പിനെ ഇത്തരം കാര്യങ്ങളില്‍ നമ്മള്‍ ബഹുമാനിക്കണം എന്നാണു തോന്നുന്നത്‌. മൂര്‍ഖനുമായി പോരടിച്ചിട്ട്‌ വിഷം തീണ്ടിയിട്ടുണ്ടെങ്കില്‍ അത്‌ നിര്‍വീര്യമാക്കാന്‍ കീരികള്‍ ഓടിപ്പോയി തോണ്ടിത്തിന്നുന്ന ഒരിനം കിഴങ്ങുണ്ട്‌; അഗസ്‌്‌ത്യകൂടം താഴ്‌വരയില്‍, 'കീരിക്കിഴങ്ങ്‌' എന്നാണതിന്‌ കാണിക്കാര്‍ പറയാറ്‌. പല കാണിവൈദ്യന്‍മാരും വിഷചികിത്സയ്‌ക്ക്‌ ഈ കിഴങ്ങ്‌ ഉപയോഗിക്കാറുമുണ്ടെന്നാണ്‌ വിവരം. ഇത്തരം അറിവ്‌ സ്വന്തം ജീവിതത്തില്‍ നിന്ന്‌ ആര്‍ജിച്ചവരുടെ വാക്കുകള്‍ നമ്മള്‍ കണക്കിലെടുക്കേണ്ടതില്ലേ. കല്ലാനയെ സംബന്ധിച്ച കാര്യവും അത്ര തള്ളിക്കളയേണ്ടതല്ല. ചാത്തന്‍കോടും പോടിയത്തുമൊക്കെയുള്ള കാണിക്കാര്‍ ഇപ്പോഴും ഉറപ്പിച്ചിച്ചു പറയുന്നത്‌, കല്ലാന ഉണ്ടെന്നാണ്‌. സാലി പാലോട്‌ എന്ന ഫോട്ടോഗ്രാഫര്‍ കല്ലാനയെന്നു വിശേഷിപ്പിക്കപ്പെടുന്ന കുള്ളന്‍ ആനയുടെ (dwarf elephant) ചിത്രം ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്‌; അഗസ്‌ത്യകൂടം താഴ്‌വരയില്‍ നിന്ന്‌.

മൂര്‍ത്തി, വക്കാരി, നിങ്ങള്‍ ഉന്നയിച്ച കാര്യം തീര്‍ച്ചയായും പ്രസക്തമാണ്‌, പ്രാധാന്യമുള്ളതാണ്‌; മനുഷ്യന്റെ ഓരോ ചെയ്‌തികള്‍ കാണുമ്പോള്‍. പക്ഷേ, ഒരു വനമേഖലയിലെ അല്ലെങ്കില്‍ ജൈവമേഖലയിലെ ഉള്ളടക്കം എന്താണെന്ന്‌ അറിയുന്നത്‌ തന്നെയാണ്‌ അതിനെ സംരക്ഷിക്കേണ്ടതിന്റെ പ്രധാന്യം സമൂഹത്തെ ബോധ്യപ്പെടുത്താന്‍ സഹായിക്കുക.

പുള്ളി, ആ തവളയ്‌ക്ക്‌ നാഷണല്‍ ജ്യോഗ്രഫിക്‌ നല്‍കിയ അടിക്കുറിപ്പു തന്നെയാണ്‌ താങ്കളുടെ കമന്റ്‌, നന്നായി.

മെലോഡിയസ് said...

JA ..വളരെ വിഞ്ജാന പ്രദമായ പോസ്റ്റ്.. മൂര്‍ത്തി പറഞ്ഞത് വളരെ ശ്രദ്ധിക്കേണ്ട കാര്യം. അങ്ങിനെയൊന്ന് ഉണ്ടാകില്ലേയെന്ന് കരുതാം.