Wednesday, May 30, 2007

സൗരയൂഥത്തിന്‌ വെളിയില്‍ 28 പുതിയ ഗ്രഹങ്ങള്‍

സൗരയൂഥത്തിന്‌ വെളിയില്‍ 28 പുതിയ ഗ്രഹങ്ങളെ ഗവേഷകര്‍ കണ്ടെത്തി. 'കാലിഫോര്‍ണിയ ആന്‍ഡ്‌ കാര്‍നെജി പ്ലാനെറ്റ്‌ സെര്‍ച്ച്‌ ടീം', 'ആംഗ്ലോ -ഓസ്‌ട്രേലിയന്‍ പ്ലാനെറ്റ്‌ സെര്‍ച്ച്‌' സംഘം എന്നിവയുടെ സംയുക്ത നിരീക്ഷണമാണ്‌ ഈ കണ്ടെത്തലിന്‌ പിന്നില്‍. പരാജയപ്പെട്ട്‌ തവിട്ടുകുള്ളന്‍മാരായി മാറിയ ഏഴു നക്ഷത്രങ്ങളെയും കണ്ടെത്തിയിട്ടുണ്ട്‌.

ഹൊണോലൂലുവില്‍ നടക്കുന്ന അമേരിക്കന്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റിയുടെ സമ്മേളനത്തിലാണ്‌, പുതിയ ഗ്രഹങ്ങളെ കണ്ടെത്തിയ വിവരം പ്രസ്‌താവിക്കപ്പെട്ടത്‌. ഇതോടെ സൗരയൂഥത്തിന്‌ വെളിയില്‍ കണ്ടെത്തുന്ന ഗ്രഹങ്ങളുടെ സംഖ്യ 236 ആയി. ആകെ 37 ഗോളാന്തരവസ്‌തുക്കളെയാണ്‌ ഗവേഷകര്‍ നിരീക്ഷിച്ചത്‌. അവയില്‍ 28 എണ്ണം ഗ്രഹങ്ങളും ഏഴെണ്ണം തവിട്ടുകുള്ളന്‍മാരും ആണ്‌. അവശേഷിക്കുന്ന രണ്ടെണ്ണം ഗ്രഹങ്ങളാണോ തവിട്ടുകുള്ളന്‍മാരാണോ എന്ന്‌ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല

"എത്ര കൂടുതല്‍ നിരീക്ഷിക്കുന്നോ, അത്രയും കൂടുതല്‍ ഗ്രഹങ്ങളെ നമുക്ക്‌ കണ്ടെത്താന്‍ കഴിയും"-ആംഗ്ലോ-ഓസ്‌ട്രേലിയന്‍ പ്ലാനെറ്റ്‌ സെര്‍ച്ച്‌ സംഘത്തിന്റെ മേധാവിയും ന്യൂസൗത്ത്‌ വേല്‍സ്‌ സര്‍വകലാശാലയിലെ വാനശാസ്‌ത്രജ്ഞനുമായ പ്രൊഫ. ടിന്നെയ്‌ പറയുന്നു. സൗരയൂഥത്തിലേതു പോലെ, മാതൃനക്ഷത്രത്തെ ഒന്നിലേറെ ഗ്രഹങ്ങള്‍ ചുറ്റുംവിധമുള്ള നാല്‌ പുതിയ ഗ്രഹസംവിധാനങ്ങളും പുതിയ കണ്ടെത്തലില്‍ പെടുന്നു.

പക്ഷേ, പുതിയ ഗ്രഹങ്ങളിലൊന്നു പോലും ഭൂമിയെപ്പോലെ ചെറുതോ ജിവന്റെ നിലനില്‍പ്പിനെ പിന്തുണയ്‌ക്കാന്‍ ശേഷിയുള്ളതോ അല്ല. വ്യഴത്തെയോ അതിനെക്കാളേറെയോ വലിപ്പമുള്ള 'വാതകഭീമന്‍മാര്‍' ആണ്‌ പുതിയതായി കണ്ടെത്തിയവയെല്ലാം. കുറഞ്ഞത്‌ പതിനഞ്ച്‌ ശതമാനത്തോളം നക്ഷത്രങ്ങളെ ഇത്തരം വാതകഭീമന്‍മാര്‍ പ്രദിക്ഷണം വെയ്‌ക്കുന്നുണ്ടെന്ന്‌ കരുതാമെന്ന്‌ പ്രൊഫ. ടിന്നെയ്‌ പറയുന്നു.

ഭൂമിയില്‍ നിന്ന്‌ 20.5 പ്രകാശവര്‍ഷം അകലെ ലിബ്ര നക്ഷത്രഗണത്തില്‍ സ്ഥിതിചെയ്യുന്ന 'ഗ്ലീസ്‌581' എന്ന നക്ഷത്രത്തെ ഭൂമിക്കു സമാനമായ ഒരു ഗ്രഹം ചുറ്റുന്നതായി അടുത്തയിടെ കണ്ടെത്തിയിരുന്നു. സൗരയൂഥത്തിന്‌ വെളിയില്‍ തിരിച്ചറിയുന്ന ഏറ്റവും ചെറിയ ഗ്രഹമായിരുന്നു അത്‌. അവിടെ ജലസാന്നിധ്യത്തിന്‌ സാധ്യതയുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തിയിരുന്നു. പക്ഷേ, അത്തരം ചെറിയ ഗ്രഹങ്ങളൊന്നും പുതിയവയുടെ കൂട്ടത്തിലില്ല.(അവലംബം: കാലിഫോര്‍ണിയ സര്‍വകലാശാലയുടെ വാര്‍ത്താക്കുറിപ്പ്‌, ബിബിസി ന്യൂസ്‌)
കാണുക: സൗരയൂഥത്തിന്‌ വെളിയില്‍ ഒരു 'സൂപ്പര്‍ഭൂമി'

5 comments:

Joseph Antony said...

സൗരയൂഥത്തിന്‌ വെളിയിലെ ഗ്രഹവേട്ട ഗവേഷകലോകം തുടരുകയാണ്‌. പുതിയതായി 28 ഗ്രഹങ്ങളെ കണ്ടെത്തിയ വിവരമാണ്‌ ഏറ്റവുമൊടുവില്‍ പുറത്തു വന്നിരിക്കുന്നത്‌. അതെപ്പറ്റിയാണ്‌ ഈ പോസ്‌റ്റ്‌.

വിഷ്ണു പ്രസാദ് said...

എന്നെങ്കിലും ഭൂമിക്കു തുല്യമായ ഒന്ന് കണ്ടെത്തിയ്ട്ട് വേണം ഒന്ന് മാറിത്താമസിക്കാന്‍...നടക്കുമോ ആവോ... :)

oru blogger said...

പ്ലൂട്ടോ..പ്ലൂട്ടോ..മറക്കല്ല്!

അമിതമായ ആശ പാടില്ല സാറേ:)

Sivadas said...

ഗ്രഹങ്ങളോ പുതിയത് അതോ അവയെ ഇപ്പോള്‍ കണ്ടെത്തിയതൊ? തലക്കെട്ട് വായിച്ചപ്പോള്‍ ഉണ്ടായ് സംശയമാണേ.... - ശിവദാസ്

അപ്പു ആദ്യാക്ഷരി said...

അനന്തമജ്ഞാതം അവര്‍ണ്ണനീയം....!!

ഭൂമിക്കുസമാനമായി മറ്റൊന്നുണ്ടാവില്ല മാഷേ..!