Sunday, April 01, 2007

ഇനിയും മരിക്കാത്ത ബ്ലോഗേ; നിന്‍ ആസന്ന മൃതിയില്‍.....

ഇന്റര്‍നെറ്റിലെ ഏറ്റവും വലിയ ശവപ്പറമ്പായി ഉപേക്ഷിക്കപ്പെട്ട ബ്ലോഗുകള്‍ മാറുകയാണ്‌. നിര്‍മിക്കപ്പെടുന്നതിലും വേഗത്തില്‍ ബ്ലോഗുകള്‍ ഉപേക്ഷിക്കപ്പെടുന്നു. എങ്കിലും അവ 'പ്രേതലിങ്കു'കളായി സെര്‍ച്ച്‌ ഫലങ്ങളില്‍ ശല്യങ്ങളായി തുടരുന്നു

വേശത്തിന്റെ കാലമാണ്‌ കടന്നുപോയത്‌. ആത്മപ്രകാശനത്തിന്റെ പുത്തന്‍ ലോകം തുറന്നു കിട്ടിയതിന്റെ ആഘോഷമായിരുന്നു സൈബര്‍സ്‌പേസില്‍. ബ്ലോഗുകളുടെ പ്രളയകാലം. 2006 ഒക്ടോബറിലെ കണക്കു വെച്ച്‌ ദിവസവും ഒരുലക്ഷം ബ്ലോഗു വീതമാണ്‌ സൃഷ്ടിക്കപ്പെട്ടിരുന്നത്‌. പക്ഷേ, ഇതിനൊരു മറുവശമുണ്ടെന്ന്‌ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. സൃഷ്ടിക്കുന്നതിലും വേഗത്തില്‍ ബ്ലോഗുകള്‍ ഉപേക്ഷിക്കപ്പെടുന്നതാണത്‌. അകാല ചരമമടയുന്ന ബ്ലോഗുകളുടെ ശവപ്പറമ്പ്‌ ഇന്റര്‍നെറ്റില്‍ അതിവേഗം വളരുകയാണ്‌. ഇപ്പോള്‍ അവിടെ 20 കോടി ബ്ലോഗുകള്‍ സംസ്‌കാരം കാത്തുകിടക്കുന്നു!

ബ്ലോഗുകളെക്കുറിച്ച്‌ സമീപവര്‍ഷങ്ങളിലുണ്ടായ അമിതാവേശം കെട്ടടങ്ങിത്തുടങ്ങിയതിന്റെ സൂചനയാണ്‌, ഉപേക്ഷിക്കപ്പെടുന്ന ബ്ലോഗുകളുടെ എണ്ണപ്പെരുക്കമെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്വകാര്യ ഡയറിക്കുറിപ്പെന്ന നിലയില്‍ തുടങ്ങി, സമാന്തരമാധ്യമം, നവമാധ്യമം (New Media) എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന നിലയിലേക്ക്‌ മാറിയ 'ബ്ലോഗോസ്‌ഫിയറി' (Blogosphere) ല്‍ എന്തുകൊണ്ട്‌ ഇത്രയേറെ ബ്ലോഗുകള്‍ അനാഥമായി ഉപേക്ഷിക്കപ്പെടുന്നു എന്നകാര്യം ഇനിയും പഠനവിധേയമാക്കാനിരിക്കുന്നതേയുള്ളൂ.

ഇത്തരത്തില്‍ അകലാചരമമടഞ്ഞ ബ്ലോഗുകള്‍ നെറ്റില്‍ ശരിക്കുമൊരു ശല്യമായി മാറുകയാണെന്ന്‌ വിദഗ്‌ധര്‍ പറയുന്നു. കാരണം, സെര്‍ച്ച്‌എഞ്ചിനുകളില്‍ ഇത്തരം ബ്ലോഗുകളുടെ 'കണ്ണികള്‍'(links) അവശേഷിക്കും. ബ്ലോഗര്‍ തന്റെ ഉദ്യമം ഉപേക്ഷിച്ച കാര്യമൊന്നും സെര്‍ച്ച്‌എഞ്ചിനുകള്‍ അറിയണമെന്നില്ല. നെറ്റില്‍ തിരച്ചില്‍ നടത്തുന്നവര്‍ക്ക്‌, പ്രത്യേകിച്ച്‌ ബ്ലോഗ്‌ സെര്‍ച്ച്‌എഞ്ചിനുകളില്‍ തിരയുന്നവര്‍ക്ക്‌, ഈ കണ്ണികളും സെര്‍ച്ച്‌ഫലമായി മുന്നിലെത്തും. നെറ്റിലെ ശവപ്പറമ്പിലേക്കുള്ള ഇത്തരം കണ്ണികളെ 'പ്രേതബ്ലോഗുകള്‍' (ghost blogs) എന്നാണ്‌ ചില വിദഗ്‌ധര്‍ വിശേഷിപ്പിക്കുന്നത്‌.

ഇനിയും പൂര്‍ണമായി നിര്‍വചിക്കാന്‍ കഴിയാത്ത പ്രതിഭാസമായ ബ്ലോഗിങിന്റെ തുടക്കം 1994-ലാണെന്നു കരുതുന്നു. ജസ്‌റ്റിന്‍ ഹാള്‍, കരോലിന്‍ ബുര്‍ക്കെ എന്നിവര്‍ ചേര്‍ന്ന്‌ അവരുടെ ഡയറിക്കുറിപ്പുകള്‍ തുടര്‍ച്ചയായി നെറ്റില്‍ പ്രസിദ്ധീകരിക്കാന്‍ ആരംഭിച്ചതോടെയാണ്‌ ബ്ലോഗിങിന്റെ ജനനം. 'റോബോട്ട്‌ വിസ്‌ഡം വെബ്ബ്‌ലോഗി'ന്റെ എഡിറ്റര്‍ ജോണ്‍ ബാര്‍ഗര്‍ ആണ്‌ 'വെബ്ബ്‌ലോഗ്‌'(weblog) എന്ന വാക്ക്‌ ആദ്യമായി ഉപയോഗിച്ചത്‌. വെബ്ബ്‌ലോഗ്‌ പിന്നീട്‌ 'ബ്ലോഗ്‌' എന്നറിയപ്പെടാന്‍ തുടങ്ങി. 2004-ല്‍ മെറിയാം വെബ്‌സ്റ്റര്‍ കമ്പനി 2004-ലെ ഇംഗ്ലീഷ്‌ വാക്കായി 'ബ്ലോഗി'നെ തിരഞ്ഞെടുത്തു. 2005-ലെ പതിപ്പില്‍ കമ്പനിയുടെ മെറിയാം വെബ്‌സ്റ്റര്‍ നിഘണ്ടുവില്‍ ഈ വാക്ക്‌ ഉള്‍പ്പെടുത്തുകയും ചെയ്‌തു.

1998-ല്‍ ആകെ മുപ്പതിനായിരം വെബ്ബ്‌ലോഗുകളാണ്‌ നെറ്റില്‍ ഉണ്ടായിരിക്കുന്നത്‌. 2005 തുടക്കത്തില്‍ ആ സംഖ്യ 50 ലക്ഷമായിരുന്നു എന്നാണ്‌ ബ്ലോഗുകളെ നിരീക്ഷിക്കുന്ന 'ടെക്‌നോറാട്ടി' കമ്പനി നടത്തിയ കണക്കുകൂട്ടല്‍. 2005-ല്‍ ഓരോ 5.8 സെക്കന്‍ഡിലും ഓരോ പുതിയ ബ്ലോഗുകള്‍ നെറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ആദ്യമൊക്കെ കൗമാരപ്രായക്കാരുടെ വെറുമൊരു 'ഡയറിയെഴുത്തു ഹോബി'യായി പരിഗണിച്ചിരുന്ന ബ്ലോഗിങ്‌, 'റിയല്‍ സിംപിള്‍ സിന്‍ഡിക്കേഷന്‍'(RSS) പോലുള്ള സങ്കേതങ്ങളുടെ വരവോടെ ജനകീയമായി. ബ്ലോഗുകളുടെ വിസ്‌ഫോടനം നെറ്റില്‍ ഉണ്ടായത്‌ അങ്ങനെയാണ്‌. ഇപ്പോള്‍ ഓരോ സെക്കന്‍ഡിലും ഓരോ പുതിയബ്ലോഗ്‌ എന്നതു കടന്നിരിക്കുന്നു കാര്യങ്ങള്‍.

2007-ല്‍ ലോകത്താകമാനം പത്തുകോടി ബ്ലോഗര്‍മാര്‍ എന്ന നിലയിലേക്ക്‌ കാര്യങ്ങള്‍ കരയ്‌ക്കണയും എന്നാണ്‌ 'ഗാര്‍ട്ട്‌നെര്‍' ഗവേഷണ സ്ഥാപനം നടത്തുന്ന കണക്കു കൂട്ടല്‍. എന്നാല്‍, ആ സംഖ്യ മൂന്നു കോടിയിലേക്ക്‌ ചുരുങ്ങും എന്ന്‌ മറ്റു ചില സ്ഥാപനങ്ങള്‍ വിലയിരുത്തുന്നു. പത്തുകോടി പേര്‍ ബ്ലോഗിങ്‌ നടത്തുന്നു എന്ന കണക്കു പരിഗണിച്ചാലും അതിലിരട്ടി ബ്ലോഗുകള്‍ മരണമടഞ്ഞു കഴിഞ്ഞു. ദിവസവും ആ സംഖ്യ വര്‍ധിക്കുകയും ചെയ്യുന്നു. ആരംഭത്തിലെ ആവേശമടങ്ങി ബ്ലോഗിങ്‌ പ്രതിഭാസം ഇപ്പോള്‍ താഴേയ്‌ക്കു വരികയല്ലേ എന്നാണ്‌ വിദഗ്‌ധര്‍ സംശയിക്കുന്നത്‌. കാണുക: ദിവസവും ഒരുലക്ഷം പുതിയ ബ്ലോഗുകള്‍ (കടപ്പാട്‌: ദി ഇക്കണോമിസ്‌റ്റ്‌, സണ്‍ഡെ ടൈംസ്‌).

5 comments:

Joseph Antony said...

നിലവില്‍ പത്തുകോടി ബ്ലോഗുകള്‍ ഇന്റര്‍നെറ്റില്‍ സജീവമായി ഉണ്ടെന്നാണ്‌ കണക്ക്‌. എന്നാല്‍, ഉപേക്ഷിക്കപ്പെട്ട ബ്ലോഗുകളുടെ സംഖ്യ 20 കോടിയാണ്‌. സൃഷ്ടിക്കുന്നതിലും വേഗത്തില്‍ ബ്ലോഗുകള്‍ ഉപേക്ഷിക്കപ്പെടുന്നതിനെക്കുറിച്ച്‌

G.MANU said...

കഴിഞ്ഞ ആഴ്ച ടൈംസ്‌ ഓഫ്‌ ഇന്ത്യയില്‍ ഒരു ആര്‍ട്ടിക്കിള്‍ വന്നിരുന്നു. ഡോട്കോം ബബിള്‍ പോലെ ബ്ളോഗും പൊട്ടാറായെന്നു. ഇരുന്നൂറു മില്യണ്‍ ബ്ളോഗുകള്‍ അടഞ്ഞു. എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും ബോറടിച്ചിരിക്കുന്നു എന്നൊക്കെ. എങ്കിലും നമുക്കു പ്രതീക്ഷിക്കാം..മലയാളഭാഷയുടെ സജീവ വളര്‍ച്ചക്ക്‌ ഏറെ സഹായിച്ച നമ്മുടെ സ്വന്തം ബ്ളോഗുകള്‍ മങ്ങാതിരിക്കട്ടെ.. പിണക്കങ്ങള്‍ മറന്നു ഇവയെ താങ്ങിനിറ്‍ത്തേണ്ടത്‌ മലയാളത്തിനു അനിവാര്യമാണു

ഷാജുദീന്‍ said...

ഇങ്ങനത്തെ നല്ല പോസ്റ്റു കള്‍ വരട്ടെ
കുറച്ച് വിവരമെങ്കിലും വയ്ക്കും

പ്രിയംവദ-priyamvada said...

ഇത്തരമൊരു article ഇയിടെ വായിച്ചു:(

'മലയാളം ബ്ലോഗിംഗ്‌ ' തുടങ്ങുന്നല്ലെയുള്ളു ..കുറച്ചു നാള്‍ കൂടി തുടരാതിരിക്കില്ല എന്ന പ്രത്യാശികുന്നു :-)
qw_er_ty

oru blogger said...

ശരശയ്യയില്‍ അനങ്ങാതെ കിടക്കുകയായിരിക്കും, ഉത്തരായനത്തില്‍ ഉയര്‍ത്തെഴുന്നേല്‍ക്കാന്‍!

:)