Sunday, February 11, 2007

പോളിയോപ്രതിരോധം: ഒരു അമേരിക്കന്‍ പാഠം


ലോകത്ത്‌ കഴിഞ്ഞവര്‍ഷം പോളിയോ ബാധ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്‌ നാലു രാജ്യങ്ങളില്‍ നിന്നു മാത്രമാണ്‌; ഇന്ത്യ, പാകിസ്‌താന്‍, അഫ്‌ഗാനിസ്‌താന്‍, നൈജീരിയ എന്നിവിടങ്ങളില്‍ നിന്ന്‌. ഈ പട്ടികയില്‍ ഇന്ത്യ ഉള്‍പ്പെടുന്നതില്‍ പള്‍സ്‌പോളിയോയ്‌ക്കെതിരെ പ്രചാരണം നടത്തുന്നവര്‍ക്ക്‌ അഭിമാനം തോന്നുന്നുണ്ടാകുമോ! പോളയോ പ്രതിരോധ നടപടിക്കെതിരെ വാളോങ്ങുന്നവര്‍ അറിഞ്ഞിരിക്കേണ്ട ഒരു പാഠം അമേരിക്കയില്‍ നിന്ന്‌

പോളിയോപ്രതിരോധനടപടികളെ സംശയദൃഷ്ടിയോടെയും ആശങ്കയോടെയും കാണുന്ന ഒട്ടേറെപ്പേര്‍ നമുക്കിടയിലുണ്ട്‌. കുട്ടികള്‍ക്ക്‌ പോളിയോ തുള്ളമരുന്ന്‌ ഇത്രയേറെ തവണ കൊടുക്കാമോ എന്നതാണ്‌ മിക്കരക്ഷിതാക്കളുടെയും ആശങ്ക. അതിനവരെ കുറ്റം പറഞ്ഞുകൂട. കുഞ്ഞുങ്ങള്‍ക്ക്‌ വീണ്ടും വീണ്ടും തുള്ളിമരുന്നു കൊടുക്കേണ്ടി വന്നപ്പോള്‍ ഈ ലേഖകന്‍ പോലും വിദഗ്‌ധാഭിപ്രായം ആരാഞ്ഞിട്ടുണ്ട്‌. രക്ഷിതാക്കളുടെ ആശങ്ക മുതലെടുത്ത്‌ ചില കപടവൈദ്യന്‍മാര്‍ പേരുംപെരുമയും നേടാന്‍ ഈ അവസരം ഉപയോഗിക്കുന്നത്‌, സമകാലിക കേരളത്തിലെ ഒരു പതിവുകാഴ്‌ചയാണ്‌.

ഏതാനും മാസം മുമ്പ്‌ കോഴിക്കോട്ട്‌ ഒരു പള്‍സ്‌പോളിയോ വിരുദ്ധസെമിനാര്‍ ഇത്തരക്കാര്‍ സംഘടിപ്പിച്ചപ്പോള്‍, അതില്‍ സാക്ഷാല്‍ ഡോ.സുകുമാര്‍ അഴീക്കോടു പോലും പ്രസംഗിച്ചു. പോളിയോ പ്രതിരോധത്തെക്കുറിച്ച്‌ ആധികാരികമായി പറയാന്‍ കഴിവുള്ള ഡോക്ടറാണോ സുകുമാര്‍ അഴീക്കോടെന്ന്‌ പോലും ചിന്തിക്കാതെ മാധ്യമങ്ങള്‍ അദ്ദേഹം തട്ടിവിട്ടതെല്ലാം വന്‍പ്രാധാന്യത്തോടെ റിപ്പോര്‍ട്ടു ചെയ്‌തു. (ഇതിന്‌ സമാനമായ മറ്റൊരു 'വിപ്ലവപ്രവര്‍ത്തനം' ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്‌ പ്രൊഫ. എം.എന്‍.വിജയന്റെ ഭാഗത്തുനിന്നാണ്‌. മജീദിന്റെ 'ഫെയര്‍ഫാര്‍മ' ഉത്‌പാദിപ്പിക്കുന്ന മരുന്നിന്‌ എയ്‌ഡ്‌സ്‌ ഭേദമാക്കാന്‍ കഴിയുമെന്ന്‌ സര്‍ട്ടിഫൈ ചെയ്യലാണ്‌ പ്രൊഫ.വിജയന്റെ ഇപ്പോഴത്തെ മുഖ്യവിപ്ലവപ്രവര്‍ത്തനം).

ആഫ്രിക്കയില്‍ നൈജീരിയയിലെ ഇസ്‌ലാമികമതപണ്ഡിതന്‍മാര്‍ പോളിയോ പ്രതിരോധപ്രവര്‍ത്തനത്തിനെതിരെ ഫത്‌വ പുറപ്പെടുവിച്ചുവെന്ന വാര്‍ത്ത വന്ന ഏതാണ്ട്‌ അതേസമയത്തു തന്നെയാണ്‌, പള്‍സ്‌പോളിയോ പാടില്ലെന്ന്‌ ആഹ്വാനം ചെയ്‌തുകൊണ്ട്‌ സുകുമാര്‍ അഴീക്കോട്‌ പ്രസംഗിച്ചതും എന്നത്‌ യാദൃശ്ചികമാകാം. സാമ്രാജ്യത്വ ഗൂഢാലോചനയെന്നാരോപിച്ചാണ്‌ നൈജീരിയയിലെ മതമൗലീകവാദികള്‍ പള്‍സ്‌പോളിയ്‌ക്കെതിരെ വാളോങ്ങിയത്‌. മുസ്‌ലീങ്ങളെ വന്ധ്യംകരിച്ച്‌ ഭൂമുഖത്തുനിന്ന്‌ ഉന്‍മൂലനം ചെയ്യാന്‍ അമേരിക്ക ആവിഷ്‌ക്കരിച്ചിരിക്കുന്ന പദ്ധതിയാണത്രേ പള്‍സ്‌പോളിയോ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാം! പള്‍സ്‌പോളിയോയ്‌ക്കെതിരെ ശക്തമായ പ്രസ്‌താവനയിറക്കി അത്‌ ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്യുകവഴി ഒരര്‍ത്ഥത്തില്‍ നൈജീരിയയിലെ മതമൗലീകവാദികളുടെ തലത്തിലേക്ക്‌ നമ്മുടെ സാംസ്‌കാരികനായകന്‍മാരും ഉയരുന്നത്‌ നമ്മള്‍ കാണേണ്ടിവരുന്നു.

അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമല്ലിത്‌. പ്രശ്‌നങ്ങളെ ശാസ്‌ത്രീയമായി സമീപിക്കുന്നതിന്‌ പകരം, അശാസ്‌ത്രീയമായ കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ കൂട്ടുനില്‍ക്കാന്‍ പാടുണ്ടോ എന്നതാണ്‌. പള്‍സ്‌പോളിയോ പോലുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്നവര്‍ക്ക്‌ അവരുടേതായ ന്യായം കാണും. പക്ഷേ, ഒരു കാര്യത്തില്‍ മറുപടി നല്‍കാന്‍ അത്തരക്കാര്‍ ബാധ്യസ്ഥരാണ്‌. എന്തുകൊണ്ട്‌ ഇപ്പോള്‍ പോളിയോബാധ നമ്മുടെ നാട്ടില്‍ (കേരളത്തില്‍) തീരെയില്ലാതായി എന്ന്‌. മൂന്നു വയസ്സില്‍ പോളിയോബാധയുണ്ടായി ഇടതുവശം തളര്‍ന്നുപോയ വ്യക്തിയാണ്‌ ഈ ലേഖകന്‍. പോളിയോബാധിച്ചിട്ടും എണീറ്റുനടക്കാന്‍ കഴിഞ്ഞ മഹാഭാഗ്യവാന്‍മാരില്‍ ഒരാള്‍. അന്ന്‌ ഒപ്പം പോളിയോ ബാധിച്ച മറ്റു രണ്ടുകുട്ടികളില്‍ ഒരാള്‍ ഇപ്പോഴും ക്രച്ചസിന്റെ സഹായത്തോടെയാണ്‌ നടക്കുന്നത്‌. മറ്റൊരാള്‍ പെണ്‍കുട്ടിയായിരുന്നു. അരയ്‌ക്കു കീഴെ പൂര്‍ണമായും തളര്‍ന്നു പോയ ആ കുട്ടി ഇന്ന്‌ ജീവിച്ചിരിപ്പില്ല.

എഴുപതുകളുടെ പകുതിവരെയുള്ള കാലത്ത്‌ പോളിയോബാധ മൂലം വികലാംഗരായ എത്ര കുട്ടികളാണ്‌ കേരളത്തിലെ ഓരോ സ്‌കൂളുകളിലും പഠിച്ചിരുന്നത്‌. ഇന്ന്‌ സ്‌കൂളുകളിലും കേരളത്തിന്റെ നാട്ടിന്‍പുറങ്ങളിലും ഏന്തിയും ഇടഞ്ഞും നടക്കുന്ന ഹതഭാഗ്യരെ അധികം കണ്ടുമുട്ടാനാകുന്നില്ലെങ്കില്‍ അതിന്‌ കാരണം മറ്റൊന്നുമല്ല, പോളിയോ പ്രതിരോധനടപടികളുടെ വിജയം തന്നെയാണ്‌. അതല്ല, മറ്റെന്തെങ്കിലുമാണെങ്കില്‍ അക്കാര്യം പറഞ്ഞുതരാന്‍, പള്‍സ്‌പോളിയോയ്‌ക്കെതിരെ സെമിനാറും പ്രചാരണവും സംഘടിക്കുന്നവര്‍ക്ക്‌ ബാധ്യതയുണ്ട്‌. ശാസ്‌ത്രത്തിന്റെ എല്ലാ ആനുകൂല്യവും അനുഭവിച്ചിട്ട്‌, സ്വന്തം കുട്ടികള്‍ക്കുപോലും പോളിയോയും മസൂരിയും പോലുള്ള പകര്‍ച്ചവ്യാധികള്‍ വരുന്നില്ലെങ്കില്‍, അതിന്‌ നന്ദി പറയേണ്ട മഹത്തായ ഒരു മുന്നേറ്റത്തെ കൊഞ്ഞനംകുത്തുന്നതിന്റെ പേരല്ലേ ആത്മവഞ്ചന. ആത്മവഞ്ചനയ്‌ക്ക്‌ നല്ല മാര്‍ക്കറ്റായി കേരളം മാറുന്നതിന്റെ ലക്ഷണമാണ്‌, ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക്‌ കൂടെ കൂട്ടാന്‍ സാംസ്‌കാരിക നായകന്‍മാരെപ്പോലും കിട്ടുന്നു എന്നത്‌.

അമേരിക്കയില്‍ കഴിഞ്ഞ അരനൂറ്റാണ്ടു കാലം നടന്ന പോളിയോ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ബാക്കിപത്രത്തെ സംബന്ധിച്ച്‌ അടുത്തയിടെ പുറത്തുവന്ന ഒരു പഠനറിപ്പോര്‍ട്ട്‌ വായിച്ചപ്പോഴാണ്‌ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ കുറിക്കാന്‍ തോന്നിയത്‌. അരനൂറ്റാണ്ടുകാലത്തെ പോളിയോ പ്രതിരോധപ്രവര്‍ത്തനം കൊണ്ട്‌ അമേരിക്കയ്‌ക്ക്‌ എന്തു നേട്ടമുണ്ടായി എന്നാണ്‌ ഹാര്‍വാഡ്‌ സ്‌കൂള്‍ ഓഫ്‌ പബ്ലിക്‌ ഹെല്‍ത്തിലെ കിംബെര്‍ലി തോംപ്‌സണും സംഘവും പരിശോധിച്ചത്‌. ഏതാണ്ട്‌ 18000 കോടി ഡോളറിന്റെ (എട്ടുലക്ഷംകോടിരൂപ) നേട്ടം പോളിയോ പ്രതിരോധപ്രവര്‍ത്തനം കൊണ്ടുമാത്രം ആ രാജ്യത്തിന്‌ ഉണ്ടായത്രേ. ഭീതി, വേദന തുടങ്ങിയവ ഒഴിവാക്കാന്‍ കഴിഞ്ഞതുകൊണ്ടുള്ള നേട്ടം ഇതില്‍ ഉള്‍പ്പെടുന്നില്ല. പോളിയോ തടഞ്ഞതു മൂലം ചികിത്സ, വികലാംഗത്വം മൂലമുള്ള പ്രശ്‌നങ്ങള്‍, അകാലമരണം ഇതൊക്കെ ഒഴിവാക്കാനായതുകൊണ്ടുള്ള നേട്ടമാണ്‌ മേല്‍പ്പറഞ്ഞതെന്ന്‌, 2006-ലെ 'റിസ്‌ക്‌ അനാലിസിസി'ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു.

1955 മുതല്‍ 2005 വരെ അമേരിക്കയില്‍ പോളിയോ വാക്‌സിനേഷന്‌ വേണ്ടി മുടക്കേണ്ടി വന്ന തുക പക്ഷേ, 3500കോടി ഡോളര്‍ (ഒരുലക്ഷംകോടിരൂപ) മാത്രമാണ്‌. 170 കോടി വാക്‌സിനേഷനാണ്‌ അമേരിക്കയില്‍ ആകെ നല്‍കിയിട്ടുള്ളതെന്ന്‌ ഗവേഷകര്‍ കണക്കുകൂട്ടുന്നു. അതുവഴി 11 ലക്ഷംപേര്‍ക്ക്‌ പോളിയോബാധയുണ്ടാകുന്നതും, 1.6 ലക്ഷം പേര്‍ മരിക്കുന്നതും തടയാന്‍ കഴിഞ്ഞു. ഇത്രയും പേരുടെ അകാലമരണം മൂലം സമൂഹത്തിനുണ്ടാകുമായിരുന്ന നഷ്ടവും, ലക്ഷക്കണക്കിനാളുകളെ ചികിത്സിക്കേണ്ടിവരുന്നതിന്റെ ചെലവും ഒഴിവാക്കാന്‍ കഴിഞ്ഞത്‌ വാക്‌സിനേഷന്‍ മൂലമാണ്‌. അമേരിക്കയില്‍ ഏറ്റവും ഒടുവില്‍ പോളിയോബാധ പ്രത്യക്ഷപ്പെട്ടത്‌ 1979-ലാണ്‌. പക്ഷേ, ഭൂമുഖത്തുനിന്ന്‌ പൂര്‍ണമായും പോളിയോവൈറസിനെ തുടച്ചുനീക്കാന്‍ കഴിയാത്തതിനാല്‍ അമേരിക്കയില്‍ കുട്ടികള്‍ക്ക്‌ ഇപ്പോഴും പോളിയോ വാക്‌സിന്‍ നല്‍കുന്നു.

'ഗ്ലോബല്‍ പോളിയോ ഇറാഡിക്കേഷന്‍ ഇനിഷ്യേറ്റീവി'ന്റെ ഡയറക്ടര്‍ ഡോ.ബ്രൂസ്‌ ഐല്‍വാഡ്‌ നല്‍കുന്ന കണക്കുപ്രകാരം, 1988-ല്‍ ആഗോളതലത്തില്‍ 3.5 ലക്ഷം പോളിയോബാധ റിപ്പോര്‍ട്ട്‌ ചെയ്‌തെങ്കില്‍ 2006 ആയപ്പോഴേക്കും അത്‌ വെറും 2000 കേസുകളായി ചുരുക്കാന്‍ പോളിയോ ഇമ്മ്യുണൈസേഷന്‍ കൊണ്ട്‌ കഴിഞ്ഞു. പോളിയോബാധ കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌ നാലു രാജ്യങ്ങളില്‍ നിന്നു മാത്രമാണ്‌; അഫ്‌ഗാനിസ്‌താന്‍, ഇന്ത്യ, നൈജീരിയ, പാകിസ്‌താന്‍ എന്നിവിടങ്ങളില്‍ നിന്നു മാത്രം. ഈ പട്ടികയില്‍ ഇന്ത്യ ഉള്‍പ്പെടുന്നത്‌ അഭിമാനിക്കാന്‍ വകനല്‍കുന്നുണ്ടാകുമോ, പള്‍സ്‌പോളിയോയ്‌ക്കെതിരെ വാളോങ്ങുന്നവര്‍ക്ക്‌. അതിന്റെ പ്രതിഫലനമാകുമോ അവര്‍ സംഘടിപ്പിക്കുന്ന സെമിനാറുകളും പോസ്‌റ്റര്‍ പ്രദര്‍ശനങ്ങളും മറ്റും!
-ജോസഫ്‌ ആന്റണി

അനുബന്ധം:

പള്‍സ്‌പോളിയോ ഇമ്മ്യുണൈസേഷന്‍ പരിപാടിയുടെ രണ്ടാംഘട്ടം ഇന്ന്‌ (2006 ഫിബ്രവരി 11) കേരളത്തില്‍ നടക്കുകയാണ്‌. അഞ്ചുവയസില്‍ താഴെയുള്ള 30 ലക്ഷം കുട്ടികള്‍ക്ക്‌ തുള്ളിമരുന്നു നല്‍കാനുള്ള യജ്ഞമാണത്‌. 23,370 ബൂത്തുകളും 48,000 ആരോഗ്യപ്രവര്‍ത്തകരും യജ്ഞത്തില്‍ പങ്കുചേരുമെന്ന്‌ ഔദ്യോഗിക കണക്കുകള്‍ പറയുന്നു.

ഈ അവസരത്തില്‍ ഒരു റിപ്പോര്‍ട്ട്‌ 'മലയാള മനോരമ'(ഫിബ്രവരി11) യില്‍ നിന്ന്‌-

പോളിയോ തളര്‍ന്നു, ഡോക്ടര്‍ അനൂപിനു മുന്നില്‍

എടപ്പാള്‍(മലപ്പുറം): ജനിച്ച്‌ ആറാം മാസത്തില്‍ ശരീരത്തെ തളര്‍ത്തിയ പോളിയോയില്‍ നിന്നു വിമുക്തി അസാധ്യമാണെന്നു തിരിച്ചറിഞ്ഞ പ്രായത്തില്‍ അനൂപ്‌ ഒരു തീരുമാനമെടുത്തു: പോളിയോയ്‌ക്കെതിരെ തനിക്കാവുന്നതു ചെയ്യണം.
അനൂപിന്റെ ദൃഢനിശ്ചയത്തിന്‌ മുന്നില്‍ രോഗത്തിന്‌ കീഴടങ്ങുകയേ വഴിയുണ്ടായിരുന്നുള്ളൂ. എംബിബിഎസും സൈക്യാട്രിയില്‍ ബിരുദാനന്തര ബിരുദവും നേടിയ അനൂപ്‌ സ്വന്തം നാടായ മാറഞ്ചേരിയിലെ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ രണ്ടുമാസം മുമ്പ്‌ ചുമതലയേറ്റു.
ക്രച്ചസിന്റെ സഹായത്തോടെയാണ്‌ നടപ്പെങ്കിലും പെരുമ്പടപ്പ്‌ ബ്ലോക്കിന്‌ കീഴിലെ ഏഴു പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും പള്‍സ്‌ പോളിയോ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുകയാണിപ്പോള്‍ ഡോ.പി.എന്‍.അനൂപ്‌.
ആറാംമാസത്തില്‍ അനൂപിന്റെ രണ്ടുകാലുകളുടെയും ചലനശേഷി പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നു. ഒരു വര്‍ഷത്തോളം ശരീരം തളര്‍ന്നു കിടപ്പിലായി.ചേന്ദമംഗലം എല്‍പി സ്‌കൂളിലും തിരുവനന്തപുരത്തെ പോളിയോഹോം സ്‌പെഷല്‍ സ്‌കൂളിലുമായി സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി.
കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ നിന്ന്‌ എംബിബിഎസും തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ നിന്ന്‌ സൈക്യാട്രിയില്‍ ബിരുദാനന്തരബിരുദവും നേടി.
ഷൊര്‍ണൂരില്‍ രണ്ടുവര്‍ഷം ന്യൂറോളജി ലക്‌ചററായി സേവനമനുഷ്‌ഠിച്ച ശേഷം രണ്ടുമാസം മുന്‍പാണ്‌ ജന്‍മനാടായ മാറഞ്ചേരിയിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിയത്‌. ഇപ്പോള്‍ ബ്ലോക്ക്‌ മെഡിക്കല്‍ ഓഫീസറുടെ ചുമതലകൂടിയുണ്ട്‌.
വലിയൊരു വിഭാഗം ജനങ്ങള്‍ ഇപ്പോഴും രോഗത്തിന്റെ തീവ്രതയെക്കുറിച്ച്‌ അജ്ഞരാണെന്ന്‌ അനൂപ്‌ പറയുന്നു. പോളിയോയ്‌ക്കെതിരെയുള്ള പോരാട്ടങ്ങളില്‍ സ്വന്തം ജീവിതം കൊണ്ട്‌ മാതൃകയാകുകയാണ്‌ ഈ ഡോക്ടര്‍.

മറ്റൊരു റിപ്പോര്‍ട്ട്‌ The Hindu (ഫിബ്രവരി 11)വില്‍ നിന്ന്‌-
Supply of safe drinking water and conventional mass immunisation programmes are the most cost-effective weapons in the battle against diseases in developing countries, said David Bates, a neurologist based in the United Kingdom who is on a short visit to Kozhikode.
Professor of Clinical Neurology at the University of Newcastle upon Tyne in the U.K., Dr.David Bates said immunisation campaigns such as the Pulse Polio programme now in Kerala were of more value than modern hig-tech diagnosis and programmes aimed at providing large-scale effective healthcare.

''It is particularly true in developing countries'', said Dr. Bates, who was here to speak on 'Coma' at a continuing medical education programme on neuro-muscular diseases organised jointly by the Calicut Neurological Society and the Indian Medical Association's Academy of Medical Specialties.




7 comments:

Joseph Antony said...

കേരളത്തില്‍ പള്‍സ്‌പോളിയോ പദ്ധതിക്കെതിരെ സെമിനാറുകളും ശില്‌പശാലകളും നടക്കുന്ന കാലമാണിത്‌. പോളിയോബാധിതരുടെ എണ്ണം കുറഞ്ഞതിന്‌ കാരണം ഇത്തരം പ്രതിരോധനടപടികള്‍ അല്ലെന്ന്‌ തെളിയിക്കാന്‍ ഈ പ്രചാരണം നടത്തുന്നവര്‍ക്ക്‌ കഴിയുമോ. ഇത്തരക്കാര്‍ അറിഞ്ഞിരിക്കേണ്ട ഒരു റിപ്പോര്‍ട്ട്‌ അമേരിക്കയില്‍ നിന്ന്‌.

രാജ് said...

മാഷേ പോളിയോവിരുദ്ധരുടെ പ്രധാന വാദം പള്‍സ് പോളിയോയ്ക്കു ഉപയോഗിക്കുന്ന വാക്സിന്‍ തന്നെ അപകടകാരിയാണെന്നാണു് എന്റെ പരിമിതമായ അറിവു്. പോളിയോ തടയുന്നതിനെ ആരും എതിര്‍ക്കുന്നില്ല (എന്തു നേട്ടം?), മറിച്ചു പോളിയോ തടയുവാനുള്ള ഒരു മരുന്നു പോളിയോ വരുത്തുന്നതാണെങ്കില്‍, അപ്രകാരം കൃത്യവിലോപങ്ങള്‍ സംഭവിച്ചിട്ടില്ലെന്നു ഉറപ്പുവരുത്തുവാന്‍ പള്‍സ് പോളിയോ പദ്ധതിയേയും ചോദ്യം ചെയ്യുവാന്‍ അവകാശമുണ്ടായിരിക്കണം.

മാഷിന്റെ സമയം അനുവദിക്കുമെങ്കില്‍ ആയുരാരോഗ്യം എന്ന ബ്ലോഗില്‍ ദേവാനന്ദ് എഴുതിയ പള്‍സ് പോളിയോ പദ്ധതി ഫലപ്രദമോ? എന്ന ലേഖനത്തിനെ വസ്തുനിഷ്ഠമായി സമീപിച്ചു യുക്തിഭദ്രമായൊരു ഉത്തരം വായനക്കാര്‍ക്കു നല്‍കൂ.

Sreejith K. said...

ലോകം മുഴുവന്‍ ഇല്ലാതാക്കിയ ഈ ഭീകരരോഗം ഇന്ത്യയില്‍ ഇപ്പോ‍ഴും ഉണ്ടാകുന്നുണ്ടെന്നത് വളരെ ഭീതി പകരുന്നു. പോളിയോ ഇല്ലാതെയാക്കേണ്ടത് ഈ രാജ്യത്തിന്റെ അടിയന്തിരമായ ആരോഗ്യ പ്രശ്നമാണ്. ഇപ്പോഴും ഇവിടെ പോളിയോ ഉള്ളത് തുള്ളിമരുന്ന് തങ്ങളുടെ വിശ്വാസങ്ങള്‍ക്ക് എതിരാണെന്ന് ചില മതവിഭാഗങ്ങള്‍ കരുതുന്നതാണെന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്. ശരിയാണോ എന്തോ!

നല്ല ലേഖനം. പോളിയോയെ തോല്‍പ്പിച്ച ധീരന് എന്റെ അഭിവാദ്യങ്ങള്‍.

Joseph Antony said...
This comment has been removed by the author.
Joseph Antony said...

പെരിങ്ങോടര്‍ പറയുന്നതു പോലെ അത്ര നിഷ്‌ക്കളങ്കമല്ല കാര്യങ്ങള്‍. പോളിയോപ്രതിരോധ നടപടികള്‍ക്കെതിരെ നടക്കുന്ന പ്രചാരണങ്ങള്‍, വെറുമൊരു മരുന്നിന്റെ ഗുണനിലവാരത്തെക്കുറിച്ചു മാത്രമുള്ളതായിരുന്നെങ്കില്‍ എന്ന്‌ ആശിച്ചു പോകുന്നു. പക്ഷേ, അങ്ങനെയല്ല കാര്യങ്ങള്‍. ആധുനിക വൈദ്യശാസ്‌ത്രം കൈവരിച്ച അതുല്യമായ ചില മുന്നേറ്റങ്ങളുടെ വിലയിടിച്ചു കാണാന്‍ കൂടിയുള്ളതാണെന്ന തോന്നലാണ്‌, ഇക്കാര്യം വസ്‌തുനിഷ്‌ഠമായി നിരീക്ഷിക്കുന്ന ഒരാള്‍ക്ക്‌ ഉണ്ടാവുക. ദേവരാഗത്തിന്റെ ബ്ലോഗിലെ ചര്‍ച്ച മുമ്പു തന്നെ ശ്രദ്ധിച്ചിരുന്നു. അതേപ്പറ്റി പ്രതികരിക്കാന്‍ തോന്നിയില്ല. ഇത്തരമൊരു നിര്‍ദ്ദേശം വന്ന സ്ഥിതിക്ക്‌ ശ്രമിക്കാം.

Siju | സിജു said...

ദേവരാഗത്തിന്റെ പോസ്റ്റും ജോസഫ് ആന്റണിയുടെ പോസ്റ്റും വായിച്ചിട്ട് ഭയങ്കര കണ്‍ഫ്യൂഷന്‍
ഇതിലേത് ശരി ഇതിലേത് തെറ്റ്

Joseph Antony said...

സിജൂ, രണ്ടുശരികള്‍ ഉണ്ടാകില്ല. സയന്‍സില്‍ പ്രത്യേകിച്ചു