Friday, February 02, 2007

ആഗോളതാപനം: പ്രതിസ്ഥാനത്ത്‌ മനുഷ്യന്‍ തന്നെ

ലോകം നേരിടുന്ന ഏറ്റവും വലിയ പരിസ്ഥിതി ഭീഷണിയെന്തെന്ന ചോദ്യത്തിന്‌ ഇനി ഒറ്റ ഉത്തരമേയുണ്ടാകൂ-ആഗോളതാപനം. ഭൂമിയെ തപിപ്പിക്കുന്നത്‌ മനുഷ്യന്‍ തന്നെയെന്ന്‌ അടിവരയിടുന്ന റിപ്പോര്‍ട്ട്‌ 2500 ശാസ്‌ത്രജ്ഞര്‍ ചേര്‍ന്ന്‌ പുറത്തിറക്കിയിരിക്കുന്നു. ഭൂമിയെ രക്ഷിക്കാനുള്ള വാതായനങ്ങള്‍ വളരെ വേഗം അടയുകയാണ്‌

ന്ദേഹങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഇനി പഴുതില്ല. ആഗോളതാപനം മനുഷ്യസൃഷ്ടി തന്നെ. ഇക്കാര്യം അടിവരയിടുന്ന റിപ്പോര്‍ട്ട്‌, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചു പഠിക്കുന്ന ലോകത്തെ ഏറ്റവും വലിയ ശാസ്‌ത്രസംഘം പുറത്തിറക്കി. യു.എന്നിന്‌ കീഴിലുള്ള 'ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ്‌ ചെയ്‌ഞ്ച്‌ '(ഐ.പി.സി.സി) ആണ്‌, ലോകം നേരുടുന്ന ഭീഷണി എത്രയെന്നു വ്യക്തമാക്കുന്ന റിപ്പോര്‍ട്ട്‌ പാരീസില്‍ വെള്ളിയാഴ്‌ച(ഫിബ്രവരി രണ്ടിന്‌) പുറത്തിറക്കിയത്‌.

അരനൂറ്റാണ്ടിനിടെ ഭൗമാന്തരീക്ഷത്തിലുണ്ടായ താപവര്‍ധനയ്‌ക്ക്‌ 90 ശതമാനവും കാരണം മനുഷ്യന്റെ ചെയ്‌തിയാണെന്ന്‌ റിപ്പോര്‍ട്ട്‌ പറയുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഭൗമതാപനിലയില്‍ 1.8 മുതല്‍ നാലു ഡിഗ്രിസെല്‍സിയസ്‌(3.2 മുതല്‍ 7.2 ഫാരന്‍ഹെയ്‌റ്റ്‌ വരെ) വര്‍ധനയുണ്ടാകുമെന്നും ഐ.പി.സി.സി റിപ്പോര്‍ട്ട്‌ മുന്നറിയിപ്പു നല്‍കുന്നു. കാലവസ്ഥാ വ്യതിയാനം മൂലം രൂക്ഷമായ പ്രളയവും കൊടിയ വരള്‍ച്ചയും നാശകാരികളായ ചുഴലിക്കൊടുങ്കാറ്റുകളും വരുംവര്‍ഷങ്ങളില്‍ ലോകത്തെ കൂടുതല്‍ വേട്ടയാടും. ധ്രുവങ്ങളിലെയും മലകളിലെയും ഹിമപാളികള്‍ ഉരുകുകയും സമുദ്രനിരപ്പ്‌ ഉയരുകയും ചെയ്യുമെന്ന്‌ റിപ്പോര്‍ട്ട്‌ പ്രവചിക്കുന്നു.

130 രാജ്യങ്ങളില്‍ നിന്നുള്ള 2500 പ്രഗത്ഭ ശാസ്‌ത്രജ്ഞര്‍ അടങ്ങിയ സമിതിയാണ്‌ ഐ.പി.സി.സി. ഇന്ത്യക്കാരനായ ഡോ.രാജേന്ദ്ര പച്ചൂരിയാണ്‌ ചെയര്‍മാന്‍. 1988-ല്‍ നിലവില്‍ വന്ന ശേഷം ഐ.പി.സി.സി. പ്രസിദ്ധീകരിക്കുന്ന നാലാം റിപ്പോര്‍ട്ടിന്റെ ആദ്യഭാഗമാണ്‌ ഇപ്പോള്‍ പുറത്തുവന്നത്‌.

2001-ല്‍ പ്രസിദ്ധീകരിച്ച മൂന്നാം റിപ്പോര്‍ട്ടില്‍ ആഗോളതാപനം മനുഷ്യനിര്‍മിതിയാകാന്‍ 66 ശതമാനം സാധ്യതയാണ്‌ കല്‍പ്പിക്കപ്പെട്ടിരുന്നത്‌. അതാണിപ്പോള്‍ 90 ശതമാനമായി മാറിയിരിക്കുന്നത്‌.2001-ലെ റിപ്പോര്‍ട്ടില്‍ ഈ നൂറ്റാണ്ടില്‍ സമുദ്രനിരപ്പ്‌ ഒന്‍പതു മുതല്‍ 88 സെന്റിമീറ്റര്‍ വരെ ഉയരാം എന്നാണുണ്ടായിരുന്നത്‌. പുതിയ റിപ്പോര്‍ട്ടില്‍ ആ പ്രവചനം 28 മുതല്‍ 43 സെന്റിമീറ്റര്‍ എന്നാക്കി പുതുക്കി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയാകുമ്പോഴേക്കും വേനലില്‍ ആര്‍ട്ടിക്‌ പ്രദേശത്ത്‌ മഞ്ഞുപാളികള്‍ ഇല്ലാത്ത അവസ്ഥയുണ്ടാകുമെന്നും പുതിയ റിപ്പോര്‍ട്ട്‌ പറയുന്നു. അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സ്‌ നഗരത്തെ തകര്‍ത്തെറിഞ്ഞ 'കത്രീന' പോലുള്ള ചുഴലിക്കൊടുങ്കാറ്റുകളുടെയും പേമാരിയുടെയും വരവ്‌ വര്‍ധിക്കുകയും ചെയ്യും.

ആഗോളതാപനം മനുഷ്യസൃഷ്ടിയല്ലെന്നും ചുഴലിക്കൊടുങ്കാറ്റുകളുടെ പ്രഹരശേഷി കൂടുതല്‍ കൂടുതല്‍ വര്‍ധിക്കുന്നതിന്‌ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധമില്ലെന്നു വാദിക്കുകയും ചെയ്യുന്നവര്‍ക്കുള്ള മറുപടിയാണ്‌ പുതിയ യു.എന്‍.റിപ്പോര്‍ട്ട്‌. നാലംറിപ്പോര്‍ട്ടിന്റെ ആദ്യഭാഗമാണിപ്പോള്‍ പുറത്തു വന്നത്‌. രണ്ടാംഭാഗം ഏപ്രിലില്‍ ബ്രസ്സല്‍സിലും, മൂന്നാംഭാഗം മെയില്‍ ബങ്കോക്കിലും അവസാനഭാഗം നവംബറില്‍ സ്‌പെയിനിലെ വാലെന്‍സിയയിലും പുറത്തിറക്കും.

ആഗോളതാപന ഭീഷണിയെക്കുറിച്ച്‌ ഓര്‍മിക്കിപ്പിക്കാന്‍ വ്യാഴാഴ്‌ച രാത്രി ഫ്രാന്‍സ്‌ ഉള്‍പ്പടെ യൂറോപ്പിന്റെ ചില പ്രദേശങ്ങള്‍ അഞ്ചുമിനുറ്റ്‌ നേരം കൂരിരുട്ടിലാണ്ടു. പ്രശസ്‌തമായ ഈഫല്‍ഗേപുരവും അഞ്ചുമിനുറ്റ്‌ സമയം ഇരുട്ടിന്റെ പിടിയിലായി.

ആഗോളതാപന ഭീഷണി നേരിടാന്‍ ഒരു 'ഹരിതവിപ്ലവം' ആരംഭിക്കാന്‍, പുതിയ ഐ.പി.സി.സി. റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ ഫ്രഞ്ചു പ്രസിഡന്‍ങ്‌ ഷാക്‌ ഷിറാക്‌ ആഹ്വാനം ചെയ്‌തു. 50 രാജ്യങ്ങളില്‍ നിന്നുള്ള പരിസ്ഥിതിമന്ത്രിമാരുടെയും ശാസ്‌ത്രജ്ഞരുടെയും സമ്മേളനം പാരീസില്‍ ഉദ്‌ഘാടനം ചെയ്‌തുകൊണ്ടാണ്‌ അദ്ദേഹം ഇക്കാര്യം പറഞ്ഞത്‌. കാലാവസ്ഥാ വ്യതിയാനം പിടിവിട്ടുപോകുന്ന അവസ്ഥയാണ്‌ അധികം വൈകാതെ ഉണ്ടാകാന്‍ പോകുന്നത്‌. തിരിച്ചുപോക്കു സാധ്യമല്ലാത്ത ഒരു അത്യാപത്തിന്റെ വക്കത്താണ്‌ നമ്മള്‍-ഷിറാക്‌ ഓര്‍മിപ്പിച്ചു. ഈ അടിയന്തരാവസ്ഥയില്‍ അര്‍ധമനസ്സോടെയുള്ള നടപടികളല്ല വേണ്ടത്‌, ഒരു വിപ്ലവം തന്നെയാണ്‌- അദ്ദേഹം പറഞ്ഞു.

അപകടകരമാം വിധമുള്ള കാലാവസ്ഥാവ്യതിയാനം ഒഴിവാക്കാനുള്ള വാതായനങ്ങള്‍ വിചാരിച്ചതിലും വേഗം അടയുന്നുവെന്നാണ്‌, യു.എന്‍.സമിതിയുടെ പുതിയ റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നതെന്ന്‌ ബ്രിട്ടീഷ്‌ പരിസ്ഥിതി സെക്രട്ടറി ഡേവിഡ്‌ മിലിബാന്‍ഡ്‌ അഭിപ്രായപ്പെട്ടു.

കാര്‍ബണ്‍ഡയോക്‌സയിഡ്‌ പോലുള്ള ഹരിതഗൃഹവാതകങ്ങള്‍ അമിതമായി അന്തരീക്ഷത്തിലെത്തുന്നതാണ്‌ ആഗോളതാപനത്തിന്‌ കാരണം. പെട്രോളിയവും കല്‍ക്കരിയും പോലുള്ള ഫോസില്‍ ഇന്ധനങ്ങളുടെ അമിതോപയോഗമാണ്‌ ഈ വാതകവ്യാപനത്തിന്‌ ഇടയാക്കുന്നത്‌. ഹരിതഗൃഹവാതകങ്ങള്‍ അന്തരീക്ഷത്തിലെത്തുന്നത്‌ തടയാന്‍ അന്താരാഷ്ട്ര സമൂഹം അടിയന്തര നടപടി കൈക്കൊള്ളണമെന്ന്‌, പുതിയ ഐ.പി.സി.സി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഗ്രീന്‍പീസ്‌, ഫ്രണ്ട്‌സ്‌ ഓഫ്‌ എര്‍ത്ത്‌, ഡബ്ല്യു.ഡബ്ല്യു.എഫ്‌ തുടങ്ങിയ പരിസ്ഥിതിസംഘടനകള്‍ ആഹ്വാനം ചെയ്‌തു.

അതിനിടെ, യു.എന്‍.കാലാവസ്ഥാ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നതിലും രൂക്ഷമാണ്‌ കാര്യങ്ങളെന്ന്‌ വ്യക്തമാക്കുന്ന പഠന റിപ്പോര്‍ട്ട്‌ മറ്റൊരു സംഘം ശാസ്‌ത്രജ്ഞര്‍ വെള്ളിയാഴ്‌ച 'സയന്‍സ്‌' ഗവേഷണ വാരികയില്‍ പ്രസിദ്ധീകരിച്ചു. അന്തരീക്ഷതാപനിലയിലെ വര്‍ധനയും സമുദ്രനിരപ്പ്‌ ഉയരുന്നതും ഐ.പി.സി.സി 2001-ല്‍ പ്രവചിച്ചതിലും കൂടുതലാണെന്ന്‌ റിപ്പോര്‍ട്ട്‌ പറയുന്നു.

ജര്‍മനിയില്‍ 'പോട്ട്‌സ്‌ഡാം ഇന്‍സ്‌റ്റിട്യൂട്ട്‌ ഫോര്‍ ക്ലൈമറ്റ്‌ ഇംപാക്ട്‌ റിസര്‍ച്ചി'ലെ ഗവേഷകനായ സ്റ്റീഫന്‍ റാംസ്റ്റോര്‍ഫിന്റെ നേതൃത്വത്തിലുള്ള പഠനസംഘത്തിന്റേതാണ്‌ റിപ്പോര്‍ട്ട്‌. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്‌, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷകരും പഠനസംഘത്തില്‍ ഉള്‍പ്പെടുന്നു.(അവലംബം: വിവിധ വാര്‍ത്താഏജന്‍സികള്‍)

3 comments:

Joseph Antony said...

ഭൂമിയെ ചൂടാക്കുന്നത്‌ ആരാണ്‌? നമ്മള്‍ തന്നെ. ആശങ്കയുയര്‍ത്തുന്ന കണ്ടെത്തലുകളുമായാണ്‌ പുതിയ യു.എന്‍.റിപ്പോര്‍ട്ട്‌ പുറത്തുവന്നിരിക്കുന്നത്‌.

സു | Su said...

വായിച്ചു. നന്ദി.

Raghavan P K said...

ഹരിതഗൃഹവാതകങ്ങള്‍ അന്തരീക്ഷത്തിലെത്തുന്നത്‌ തടയാന്‍ അന്താരാഷ്ട്ര സമൂഹം നടപടിയെടുക്കാന്‍ പറയാന്‍ തുടങിയിട്ട് കാലം കുറേ ആയി.
ഇനിയെങ്കിലും ഉണരുമെന്നു വിശ്വസിക്കാം.