Monday, December 04, 2006

ലോകം കടലിനും മരുഭൂമിക്കും മധ്യേ

ഒരുവശത്ത്‌ വളരുന്ന മരുഭൂമികള്‍. മറുവശത്ത്‌ ഉയരുന്ന കടല്‍ നിരപ്പ്‌. ചരിത്രത്തില്‍ ഇതുവരെയില്ലാത്ത നിലയില്‍ ഭൂമി ഭീഷണി നേരിടുകയാണ്‌; മനുഷ്യന്റെ ചെയ്തികള്‍ മൂലം

ടലിനും ചെകുത്താനും മധ്യേ എന്നത്‌ 'കടലിനും മരുഭൂമിക്കും മധ്യേ' എന്ന്‌ തിരുത്താന്‍ സമയമാകുന്നു. വളരുന്ന മരുഭൂമികളും ഉയരുന്ന സമുദ്രവും ചേര്‍ന്ന്‌ കരയെ ഭീതിജനകമാം വിധം ഞെരുക്കികൊണ്ടിരിക്കുകയാണെന്ന്‌ പഠനങ്ങള്‍ പറയുന്നു. ഒരുവശത്ത്‌ കര ശോഷിക്കുമ്പോള്‍ തന്നെ മറുവശത്ത്‌ ജനസംഖ്യ ക്രമാതീതമായി പെരുകുകയും ചെയ്യുന്നു; വര്‍ഷം തോറും 700 ലക്ഷം പേര്‍ എന്ന തോതില്‍. ഈ പ്രവണത ഭൂമി നേരിടുന്ന വെല്ലുവിളിയുടെ യഥാര്‍ത്ഥ ചിത്രം കാട്ടിത്തരുന്നു.

ഈ വെല്ലുവിളി പക്ഷേ, മനുഷ്യന്റെ സൃഷ്ടിയാണ്‌. പുല്‍മേടുകളും കൃഷിയിടങ്ങളും നശിപ്പിക്കുന്നത്‌ മരുഭൂവത്ക്കരണത്തിന്റെ ആക്കം കൂട്ടുമ്പോള്‍, ആഗോളതാപനത്തിന്റെ പ്രത്യാഘാതമാണ്‌ ഉയരുന്ന സമുദ്രനിരപ്പ്‌. പെട്രോളിയം, കല്‍ക്കരി തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങളുടെ അമിതോപയോഗം മൂലം അന്തരീക്ഷത്തില്‍ ഹരിതഗൃഹവാതകങ്ങള്‍(പ്രത്യേകിച്ചും കാര്‍ബണ്‍ഡയോക്സയിഡ്‌) കൂടുതല്‍ വ്യാപിക്കുന്നതാണ്‌ ആഗോളതാപനത്തിന്‌ ഇടയാക്കുന്നത്‌. രണ്ടിടത്തും മുഖ്യപ്രതി മനുഷ്യന്‍ തന്നെയാണ്‌.

കടലിനും മരുഭൂമിക്കും മധ്യേ അകപ്പെട്ട കരയുടെ സ്ഥിതി മനസിലാക്കാന്‍ ചൈനയുടെയും നൈജീരിയയുടെയും ഉദാഹരണം സഹായിക്കുമെന്ന്‌ 'എര്‍ത്ത്‌ പോളിസി ഇന്‍സ്റ്റിട്ട്യൂട്ടി'(Earth Policy Institute)ന്റെ റിപ്പോര്‍ട്ട്‌ പറയുന്നു. ഏഷ്യയിലെയും ആഫ്രിക്കയിലെയും ഏറ്റവും ജനസംഖ്യയുള്ള രാജ്യങ്ങളാണ്‌ ഇവ രണ്ടും. മരുവത്ക്കരണത്തിന്റെ കഠിനഭീഷണിയിലാണിപ്പോള്‍ ചൈന. 1950-1975 കാലത്ത്‌ പ്രതിവര്‍ഷം 1560 ചതുരശ്രകിലോമീറ്റര്‍ എന്ന കണക്കിനാണ്‌ മരുവത്ക്കരണം നടന്നത്‌. 2000 ആയപ്പോഴേക്കും ഇത്‌ ഇരട്ടിയിലേറെയായി.

മധ്യവടക്കന്‍ ചൈനയിലെ രണ്ട്‌ മരുഭൂമികള്‍ വര്‍ഷം തോറും വളര്‍ന്ന്‌ ഇപ്പോള്‍ ഒന്നാകാന്‍ പോവുകയാണെന്ന്‌ ഉപഗ്രഹ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇന്നര്‍ മംഗോളിയ മുതല്‍ ഗാന്‍സു പ്രവിശ്യ വരെ വ്യാപിച്ചു കിടക്കുന്ന മരുഭൂമിയാണ്‌ ഉണ്ടാകാന്‍ പോകുന്നത്‌. രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ സ്ഥിതി ഇതിലും ഗുരുതരമാണ്‌. ഷിന്‍ജിയാങ്ങ്‌ പ്രവിശ്യയില്‍ താക്ലിമാകാന്‍, കുംടാഗ്‌ മരുഭൂമികള്‍ വികസിച്ച്‌ ലയിക്കാറായിരിക്കുന്നു. ഗോബി മരുഭൂമിയാണെങ്കില്‍ അനുദിനം വളര്‍ന്ന്‌ കിഴക്ക്‌ ബെയ്ജിങ്ങിന്‌ 241 കിലോമീറ്റര്‍ അകലെ വരെയെത്തിക്കഴിഞ്ഞു. രാജ്യത്തിന്റെ വടക്കന്‍ പ്രദേശത്തും പടിഞ്ഞാറന്‍ മേഖലയിലും മണല്‍ക്കാടുകളുടെ വളര്‍ച്ച മൂലം കഴിഞ്ഞ അരനൂറ്റാണ്ടിനിടെ കുറഞ്ഞത്‌ 24,000 ഗ്രാമങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ ഉപേക്ഷിക്കപ്പെട്ടതായി ചൈനീസ്‌ ഗവേഷകര്‍ അറിയിക്കുന്നു.

ചൈന മാത്രമല്ല, മധ്യേഷ്യന്‍ രാജ്യങ്ങളായ അഫ്ഗാനിസ്താന്‍, കാസാഖ്സ്താന്‍, കിര്‍ഗിസ്താന്‍, താജിക്കിസ്താന്‍, തുര്‍ക്കമെനിസ്താന്‍, യു.എസ്‌.എബെകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളെല്ലാം മരുഭൂവത്ക്കരണത്തിന്റെ തിക്തഫലം ഏറിയോ കുറഞ്ഞോ അനുഭവിച്ചുകൊണ്ടിരിക്കുയാണെന്ന്‌ എര്‍ത്ത്‌ പോളിസി ഇന്‍സ്റ്റിട്ട്യൂട്ട്‌ പറയുന്നു. ഒരു കാലത്ത്‌ സോവിയറ്റ്‌ യൂണിയന്റെ 'കന്യാഭൂമി പദ്ധതി'(Soviet Virgin Land Project) യുടെ ആസ്ഥാനമായിരുന്ന കസാഖ്സ്താന്‍, 1980-ന്‌ ശേഷം അതിന്റെ വിളഭൂമിയുടെ പകുതിയും മരുവത്ക്കരണം മൂലം ഉപേക്ഷിക്കേണ്ടി വന്നു.

അഫ്ഗാനിസ്താനിലെ രജിസ്താന്‍ മരുഭൂമി(Registan Desert) പടിഞ്ഞാറേയ്ക്ക്‌ വളര്‍ന്ന്‌ കൃഷിഭൂമി കാര്‍ന്നെടുത്തുകൊണ്ടിരിക്കുകയാണ്‌. നൂറോളം ഗ്രാമങ്ങള്‍ മണല്‍ക്കാറ്റില്‍ മുങ്ങിപ്പോയതായി യു.എന്നിന്റെ പരിസ്ഥിതി പ്രോഗ്രാമായ യു.എന്‍.ഇ.പി. റിപ്പോര്‍ട്ടു ചെയ്യുന്നു. റോഡുകളില്‍ ചിലസ്ഥലങ്ങളില്‍ 15 മീറ്റര്‍ കനത്തില്‍ മണല്‍ മൂടിയിരിക്കുകയാണെത്രേ. മേഖലയിലെ ജനങ്ങള്‍ പുറംലോകത്തെത്താന്‍ വേറെ വഴി കണ്ടെത്തേണ്ട സ്ഥിതിയിലാണിപ്പോള്‍. ഇറാനിലെ സിസ്റ്റാന്‍-ബലൂചിസ്താന്‍ പ്രവിശ്യയില്‍ 2002-ലെ മണല്‍ക്കാറ്റില്‍ 124 ഗ്രാമങ്ങളാണ്‌ മുങ്ങിപ്പോയത്‌. ഗ്രാമീണര്‍ക്ക്‌ വേറെ വാസസ്ഥലം തേടേണ്ട സ്ഥിതിയായി.

ആഫ്രിക്കയില്‍ സഹാറ മരുഭൂമി മൂന്നു രാജ്യങ്ങളിലെ (മൊറോക്കോ, ടുണീഷ്യ, അല്‍ജീരിയ) ജനങ്ങളെ വടക്കോട്ട്‌ തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്‌. സഹാറയുടെ വളര്‍ച്ച തടുക്കാനുള്ള ശ്രമങ്ങളൊന്നും കാര്യമായ ഫലം ചെയ്തിട്ടില്ല. ഗതികെട്ട അല്‍ജീരിയ അവരുടെ കൃഷിയിടങ്ങളും കൃഷിരീതികളും വരെ മാറ്റാന്‍ നിര്‍ബന്ധിതമായിരിക്കുന്നു. നൈജീരിയയ്ക്ക്‌ 1355 ചതുരശ്ര മെയില്‍ കൃഷിഭൂമിയും മേച്ചില്‍പുറങ്ങളും വര്‍ഷം തോറും നഷ്ടപ്പെടുന്നു എന്നാണ്‌ കണക്ക്‌. വടക്കേയമേരിക്കയില്‍ മെക്സിക്കോയും ബ്രസീലുമാണ്‌ മരുവത്ക്കരണത്തിന്റെ ഭീഷണി ഏറ്റവും കൂടുതല്‍ നേരിടുന്ന രാജ്യങ്ങള്‍. മെക്സിക്കോയില്‍ വര്‍ഷം തോറും ഏഴുലക്ഷം പേര്‍ക്ക്‌ തൊഴില്‍ നഷ്ടമാകാന്‍ മരുവത്ക്കരണം കാരണമാകുന്നു എന്നാണ്‌ കണക്ക്‌.

മരുഭൂവത്ക്കരണത്തിന്റെ മറുവശമാണ്‌ ഉയരുന്ന സമുദ്രനിരപ്പ്‌. ഭാവിയില്‍ ഏറ്റവുമധികം പേരെ ബാധിക്കാന്‍ പോകുന്ന പ്രശ്നമാകുമിത്‌. കാരണം, ഭൂമുഖത്തെ ജനങ്ങളില്‍ നല്ലൊരു ശതമാനം താഴ്‌ന്ന വിതാനങ്ങളില്‍ കടല്‍ക്കരയിലാണ്‌ കഴിയുന്നത്‌. ആഗോളതാപനത്തിന്റെ ഫലമായി ഇരുപതാം നൂറ്റാണ്ടില്‍ സമുദ്രവിതാനം 15 സെന്റിമീറ്റര്‍ ഉയര്‍ന്നു എന്നാണ്‌ കണക്കാക്കിയിട്ടുള്ളത്‌. പുതിയ നൂറ്റാണ്ടില്‍ അന്തരീക്ഷ താപനില റിക്കോര്‍ഡ്‌ വേഗത്തില്‍ ഉയരുമെന്ന്‌ പഠനങ്ങള്‍ പറയുന്നു. ഓരോവര്‍ഷം കഴിയുന്തോറും അന്തരീക്ഷത്തിലെ ഹരിതഗ്രഹ വാതകവ്യാപനത്തിന്റെ തോത്‌ വര്‍ധിക്കുന്നത്‌ ഇതിന്റെ സൂചനയാണ്‌.

സ്വാഭാവികമായും അന്തരീക്ഷതാപനില വര്‍ധിക്കുമ്പോള്‍ കടല്‍നിരപ്പ്‌ ഉയരും. രണ്ടുതരത്തിലാണ്‌ താപം വര്‍ധിക്കുമ്പോള്‍ ഇതു സംഭവിക്കുക. ചൂടുകൂടുമ്പോള്‍ കടലിലെ ജലം വികസിക്കുന്നത്‌ (thermal expansion) സമുദ്രനിരപ്പ്‌ ഉയരാനിടയാക്കും. അന്തരീക്ഷതാപനില ഉയരുമ്പോള്‍ ധ്രുവപ്രദേശങ്ങളിലെയും പര്‍വ്വതശിഖരങ്ങളിലെയും മഞ്ഞുപാളികള്‍ ഉരുകി കടലില്‍ ചേരുന്നതു കൊണ്ടും ജലനിരപ്പ്‌ ഉയരും. ഗ്രീന്‍ലന്‍ഡ്‌ മഞ്ഞുപാളി ഉരുകുന്നതിന്റെ തോത്‌ സമീപവര്‍ഷങ്ങളില്‍ വര്‍ധിച്ചത്‌ ശാസ്ത്രജ്ഞര്‍ കടുത്ത ആശങ്കയോടെയാണ്‌ കാണുന്നത്‌. ചില സ്ഥലങ്ങളില്‍ ഒന്നര കിലോമീറ്ററിലേറെ കനമുള്ള ആ മഞ്ഞുപാളി പൂര്‍ണമായി ഉരുകാനിടയായാല്‍ ആഗോളതലത്തില്‍ സമുദ്രവിതാനം ഏഴുമീറ്ററോളം ഉയരും.

സമുദ്രവിതാനം വെറും ഒരു മീറ്റര്‍ ഉയര്‍ന്നാല്‍ തന്നെ ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക്‌ അത്‌ താങ്ങാവുന്നതില്‍ അപ്പുറമായിരിക്കുമെന്നാണ്‌ പഠനങ്ങള്‍ പറയുന്നത്‌. ബംഗ്ലാദേശില്‍ മാത്രം 300 ലക്ഷം ജനങ്ങള്‍ക്ക്‌ കിടപ്പാടം നഷ്ടമാകും. അവര്‍ സ്വന്തം രാജ്യത്തോ അയല്‍ രാജ്യങ്ങളിലോ അഭയാര്‍ത്ഥികളാകുന്ന സ്ഥിതിയുണ്ടാകും. ലണ്ടന്‍, അലെക്സാഡ്രിയ, ബാങ്കോക്ക്‌ ഉള്‍പ്പടെ നൂറുകണക്കിന്‌ നഗരങ്ങള്‍ ഭാഗികമായി വെള്ളത്തിലാകും. ഇത്‌ സമുദ്രവിതാനം ഒരുമീറ്റര്‍ ഉയരുമ്പോഴത്തെ സ്ഥിതി. അപ്പോള്‍ ഗ്രീന്‍ലന്‍ഡ്‌ മഞ്ഞുപാളി അപ്പാടെ ഉരുകിയാലോ? മരുഭൂവത്ക്കരണവും ആഗോളതാപനവും തടയാന്‍ അടിയന്തരമായി നടപടികളെടുത്തില്ലെങ്കില്‍, സമീപ ഭാവിയില്‍ തന്നെ കാര്യങ്ങള്‍ പിടിവിട്ടുപോകുമെന്നാണ്‌ 'എര്‍ത്ത്‌ പോളിസി ഇന്‍സ്റ്റിട്ട്യൂട്ട്‌ 'നല്‍കുന്ന മുന്നറിയിപ്പ്‌.
-ജോസഫ്‌ ആന്റണി

1 comment:

Viswaprabha said...

"ലോകം കടലിനും മരുഭൂമിക്കും മധ്യേ"

കുറിഞ്ഞിമാഷേ,

പുതിയ പോസ്റ്റുകളിട്ടാല്‍ അതിനു താഴെ ഒരു കൊച്ചുകമന്റുകൂടി ഇടുക. ലേഖനം ആളുകളുടെ ശ്രദ്ധയില്‍ വരാനും ചൂടോടെ വായിച്ചുപോവാനും ഇതു വളരെ സഹായിക്കും.

അറിവിന്റെ ഈ മുത്തുച്ചെപ്പുകള്‍ ആരുമറിയാതെ ഇവിടെയിങ്ങനെ ഒളിച്ചിരിക്കാന്‍ പാടുണ്ടോ?