Sunday, November 19, 2006

എച്ച്‌.ഐ.വി തടയാന്‍ എച്ച്‌.ഐ.വി

എയിഡ്സ്‌ വൈറസിനെ അതുപയോഗിച്ചു തന്നെ ചെറുക്കാന്‍ ഭാവിയില്‍ കഴിഞ്ഞേക്കും. പുതിയൊരു പഠനം ആ സൂചനയാണ്‌ നല്‍കുന്നത്‌.

മുള്ളിനെ മുള്ളുകൊണ്ടെടുക്കുക എന്നു കേട്ടിട്ടില്ലേ. ആ മാര്‍ഗ്ഗം എയ്ഡ്സി (AIDS)ന്റെ കാര്യത്തിലും ഫലം ചെയ്തേക്കും എന്നു സൂചന. എയ്ഡ്സ്‌ വൈറസിനെ ആ വൈറസുപയോഗിച്ചു തന്നെ തടയാന്‍ മാര്‍ഗ്ഗം തെളിയുന്നു. ജീന്‍ തെറാപ്പിയുടെ സാധ്യതയുപയോഗിച്ച്‌ ഒരു സംഘം അമേരിക്കന്‍ ഗവേഷകരാണ്‌ ഇതു സംബന്ധിച്ച പഠനം നടത്തിയത്‌. ഭാവിയില്‍ ലോകമെമ്പാടും ലക്ഷക്കണക്കിന്‌ എയ്ഡ്സ്‌ രോഗികള്‍ക്ക്‌ അനുഗ്രഹമായേക്കാവുന്ന കണ്ടെത്തലാണിത്‌.

നിര്‍വീര്യമാക്കിയ 'ഹ്യുമണ്‍ ഇമ്മ്യൂണോ ഡഫിഷന്‍സി വൈറസി'(HIV) നെയാണ്‌ ഗവേഷകര്‍ ചികിത്സയ്ക്കുപയോഗിച്ചത്‌. എച്ച്‌.ഐ.വിയുടെ പുനരുത്പാദനം തടയുന്ന ജനിതകവസ്തു (genetic material) സന്നിവേശിപ്പിച്ച്‌ അവയെ പരിവര്‍ത്തനം ചെയ്തിരുന്നു. മറ്റ്‌ വൈറസ്‌ പ്രതിരോധ മരുന്നു (Antivirus medicines)കളൊന്നും ഫലിക്കാതെ വന്ന അഞ്ച്‌ എച്ച്‌.ഐ.വി.ബാധിതരില്‍ പുതിയ മാര്‍ഗ്ഗം പരീക്ഷിച്ചപ്പോള്‍, അവരുടെ രക്തത്തില്‍ എച്ച്‌.ഐ.വി.പെരുകുന്നത്‌ നിലച്ചു. വൈറസുകളുടെ തോത്‌ വര്‍ധിക്കാതിരിക്കുകയോ കുറയുകോയോ ചെയ്തു.

പെന്‍സില്‍വാനിയ സര്‍വകലാശാലയ്ക്കു (University of Pennsylvania) കീഴിലെ സ്കൂള്‍ ഓഫ്‌ മെഡിസിനില്‍, കാള്‍ ജൂണി (Carl June)ന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ ഗവേഷണം നടത്തിയത്‌. നിര്‍വീര്യമാക്കിയ എയ്ഡ്സ്‌ വൈറസ്‌ ചികിത്സയ്ക്കുപയോഗിക്കുന്നത്‌ അപകടം വരുത്തുമോ എന്ന കാര്യത്തിനാണ്‌, ഒന്‍പത്‌ മാസം നടന്ന പഠനത്തില്‍ പ്രധാന്യം നല്‍കിയതെന്ന്‌ കാള്‍ ജൂണ്‍ അറിയിച്ചു. പഠനം പ്രാഥമികതലത്തിലാണെന്നും, പുതിയ മാര്‍ഗ്ഗം രോഗികളില്‍ വ്യാപകമായി ഉപയോഗിക്കാന്‍ കഴിയുമോ എന്നകാര്യം അറിയാനിരിക്കുന്നതേയുള്ളൂവെന്നും 'പ്രോസെഡിങ്ങ്സ്‌ ഓഫ്‌ നാഷണല്‍ അക്കാദമി ഓഫ്‌ സയന്‍സസി'ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു.

മനുഷ്യശരീരത്തില്‍ പ്രതിരോധശേഷി ഇല്ലാതാക്കുകയാണ്‌ എച്ച്‌.ഐ.വി.ചെയ്യുക. ശരീരത്തില്‍ പ്രതിരോധം സാധ്യമാക്കുന്ന 'റ്റി-കോശ'(T-cells)ങ്ങളെ അവ ഉന്നംവെക്കുന്നു. നിര്‍വീര്യമാക്കി ജനിതകപരിവര്‍ത്തനം(genetic mutation) നടത്തിയ എയ്ഡ്സ്‌ വൈറുമായി, രോഗിയുടെ ശരീരത്തില്‍ നിന്നെടുത്ത ടി-കോശങ്ങളെ സംയോജിപ്പിക്കുകയാണ്‌ ഗവേഷകര്‍ ചെയ്തത്‌. അങ്ങനെ പരുവപ്പെടുത്തിയ പത്ത്‌ ബില്യണ്‍ ടി-കോശങ്ങള്‍ രോഗികളില്‍ തിരികെ സന്നിവേശിപ്പിച്ചു. സാധാരണ വ്യക്തിയിലുള്ള മൊത്തം ടി-കോശങ്ങളുടെ സംഖ്യയുടെ രണ്ടുമുതല്‍ പത്തുശതമാനത്തോളം വരുമിത്‌.

വൈറസുകള്‍ക്ക്‌ അവയുടെ ആതിഥേയകോശങ്ങളില്‍ പുനരുത്പാദനം നടത്താന്‍ സഹായിക്കുന്ന ജനിതകപ്രക്രിയ(genetic process) അട്ടിമറിക്കാന്‍ ഈ മാര്‍ഗ്ഗം സഹായിക്കുന്നു. അതിനാല്‍, എച്ച്‌.ഐ.വിക്ക്‌ പെരുകാന്‍ കഴിയാതെ വരുന്നു.

സാധാരണഗതിയില്‍ എച്ച്‌.ഐ.വി.ബാധിച്ചവരില്‍ പ്രതിരോധത്തിനുള്ള ടി-കോശങ്ങളുടെ എണ്ണം ക്രമമായി കുറഞ്ഞുവരികയാണ്‌ പതിവ്‌. പക്ഷേ, പുതിയ മാര്‍ഗ്ഗമുപയോഗിച്ച്‌ ചികിത്സിച്ച അഞ്ചില്‍ നാലുപേരിലും പ്രതിരോധകോശങ്ങളുടെ എണ്ണം വര്‍ധിച്ചതായി ഗവേഷകര്‍ കണ്ടു. അതാണ്‌ പ്രതീക്ഷ നല്‍കുന്നത്‌. (അവലംബം: Proceedings of National Accademy of Sciences)

3 comments:

ദേവന്‍ said...
This comment has been removed by a blog administrator.
ദേവന്‍ said...
This comment has been removed by a blog administrator.
ദേവന്‍ said...

അതിശയകരമായ (അതോ ഭയാനകമോ) വേഗത്തില്‍ HIV സ്വയം മ്യൂട്ടേഷനുകള്‍ നടത്തുന്നു എന്നതാണ്‌ ആന്റി വൈറല്‍ മെഡിക്കേഷനില്‍ എയിഡ്സ്ഗവേഷകര്‍ നേരിടുന്ന ഏറ്റവും വലിയ
പ്രതിസന്ധി. പോസ്റ്റ്‌ ഇന്‍ഫെക്ഷന്‍ വാസ്കിനേഷന്‍ രീതിയിലുള്ള ഈ പരീക്ഷണം ചികിത്സകരെ കൂടുതല്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കാം.

പത്തു വര്‍ഷം മുന്നേ ഗവേഷകര്‍ തിരിച്ചറിഞ്ഞ ഒരു വഴി - spirulina എന്ന ബ്ലൂഗ്രീന്‍ ആല്‍ഗേക്ക്‌ T- കോശങ്ങളെയും ലാഞ്ജര്‍ഹാന്‍
കോശങ്ങളെയും തകര്‍ക്കുന്നത്‌ വളരെ ഫലപ്രദമായിത്തന്നെ ചെറുക്കാന്‍ ആകും എന്നത്‌ സ്പൈരുലിന ഓഫ്‌ പേറ്റന്റ്‌ ആയ വസ്തുവാകയാല്‍ കൂടുതല്‍ ഗവേഷണം താങ്ങാന്‍ ആരും തയ്യാറാകാതെ അനാഥവും അര്‍ത്ഥരഹിതവുമായൊരു അറിവായി ഉപേക്ഷിക്കപ്പെട്ടെന്ന് തോന്നുന്നു.