Wednesday, November 15, 2006

കുറിഞ്ഞിപ്പൂക്കാലം -1

കഴിഞ്ഞ മൂന്നു കുറിഞ്ഞിപ്പൂക്കാലങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട്‌ നാലു ലക്കങ്ങളിലായി ഒരു പരമ്പര ഇവിടെ ആരംഭിക്കുന്നു. ആദ്യം ഒരു ദൃശ്യവിവരണം.....

ഈ നൂറ്റാണ്ടിലെ ആദ്യകുറിഞ്ഞിപ്പൂക്കാലം വിടവാങ്ങിയിരിക്കുന്നു. ചരിത്രത്തില്‍ ഇന്നുവരെയുണ്ടാകാത്തത്ര തിരക്കാണ്‌ നീലക്കുറിഞ്ഞി പൂത്തതു കാണാന്‍ ഇടുക്കിജില്ലയിലെ മൂന്നാറില്‍ ഇത്തവണയുണ്ടായത്‌. കുറഞ്ഞത്‌ അഞ്ചുലക്ഷം പേര്‍ മൂന്നാറിലെ രാജമലയില്‍ മാത്രം ടിക്കേറ്റ്ടുത്ത്‌ കുറിഞ്ഞികാണാന്‍ എത്തി. അതില്‍ വിദേശികളും ഇതരസംസ്ഥാനക്കാരുമുണ്ടായിരുന്നു. ആയിരങ്ങള്‍ തിരക്കുമൂലം തിരികെ പോയി. രാജമലയിലെ തിരക്ക്‌ സഹിക്കാനാവാതെ കാന്തല്ലൂരിലും ടോപ്‌ സ്റ്റേഷനിലുമെത്തി കുറിഞ്ഞി കണ്ട്‌ മടങ്ങിയവരും ധാരാളം. ഒരു ചെടി ഇത്രയേറെ ആളുകളെ ആകര്‍ഷിക്കുന്നത്‌ കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമാകണം. ഇനി 2018 വരെ കാക്കണം നീലക്കുറിഞ്ഞിക്കാടുകള്‍ പൂത്തുലയാന്‍. എന്തായിരിക്കാം കുറിഞ്ഞിക്കാടുകളിലെത്തിയവര്‍ കണ്ടിരിക്കുക.

1. നീലക്കുറിഞ്ഞിച്ചെടി. കാന്തല്ലൂരില്‍ നിന്നുള്ള ദൃശ്യം(2006 ഒക്ടോബര്‍ 9). സ്ട്രോബിലാന്തസ്‌ കുന്തിയാന (Strobilanthes kunthiana) എന്നു ശാസ്ത്രീയനാമം. കനകാംബരത്തിന്റെ വര്‍ഗ്ഗത്തില്‍പെട്ട ചെടി. 30 സെന്റീമീറ്റര്‍ മുതല്‍ രണ്ടുമീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഇതിന്റെ ആയുസ്സ്‌ 12 വര്‍ഷമാണ്‌.





2. ഒരോ തണ്ടിലും ഒരുപിടി പൂക്കളുണ്ടാകും നീലക്കുറിഞ്ഞിയില്‍. നീലയല്ല പൂക്കളുടെ നിറം. വയലറ്റും നീലയും കലര്‍ന്ന ഇളംനിറമാണ്‌. രാജമലയില്‍ നായ്ക്കൊല്ലി മലയുടെ സമീപത്തു നിന്നുള്ള ദൃശ്യം(2006 ഒക്ടോബര്‍ 7). ഈ ജാനസില്‍ പെട്ട 250-ഓളം ചെടികള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. അതില്‍ 146 എണ്ണം ഇന്ത്യയിലുണ്ട്‌. ദക്ഷിണേന്ത്യയില്‍ 46 ഇനങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്‌. അതിലൊന്നാണ്‌ നീലക്കുറിഞ്ഞി.




3. മലഞ്ചെരുവുകളെ നീലപ്പട്ടുടുപ്പിക്കുന്നു കുറിഞ്ഞിപ്പൂക്കാലം. രാജമലയില്‍ നിന്നുള്ള ദൃശ്യം. അകലെനിന്നു നോക്കമ്പോഴാണ്‌ കുറിഞ്ഞിപ്പൂക്കള്‍ നീലയായി തോന്നുക. നീലഗിരിക്കുന്നുകള്‍ക്ക്‌ ആ പേര്‌ വന്നതുതന്നെ നീലക്കുറിഞ്ഞിയില്‍ നിന്നാണെന്നു കരുതുന്നു. പക്ഷേ, പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ കുറിഞ്ഞിക്കാടുകള്‍ പ്ലാന്റേഷനുകള്‍ക്ക്‌ വഴിമാറിക്കൊടുത്തപ്പോള്‍ നീലഗിരിനിരകളിലെ കുറിഞ്ഞിക്കാടുകള്‍ എന്നന്നേക്കുമായി അപ്രത്യക്ഷമായി.



4. മനസുനിറയുന്ന കുറിഞ്ഞിപ്പൂക്കാലം. രാജമലയില്‍ നിന്നുള്ള ദൃശ്യം. വളര്‍ച്ച പൂര്‍ത്തിയാക്കി പന്ത്രണ്ടാമത്തെ വര്‍ഷം നീലക്കുറിഞ്ഞി പൂക്കുന്നു. അതോടെ ആ ചെടി അടുത്ത തലമുറയ്ക്ക്‌ വിത്തായി വഴിമാറുകയാണ്‌. സമുദ്രനിരപ്പില്‍ നിന്ന്‌ 5000 അടി മുകളിലുള്ള ചോലപുല്‍മേടുകളിലാണ്‌ നീലക്കുറിഞ്ഞി വളരുന്നത്‌. രാജമല ഉള്‍പ്പെടുന്ന ഇരവികുളം നാഷണല്‍ പാര്‍ക്കില്‍ മാത്രം നീലക്കുറിഞ്ഞി ഉള്‍പ്പെടെ 15 ഇനം കുറിഞ്ഞികളെ കണ്ടെത്തിയിട്ടുണ്ട്‌.



5. വിത്തിലേക്കു വഴിമാറുന്ന പൂക്കാലം. രാജമലയില്‍ നിന്നുള്ള ദൃശ്യം. കുറിഞ്ഞിപ്പൂക്കള്‍ പറിച്ചെടുത്ത്‌ കടക്കുന്നവര്‍ ഓര്‍ക്കുന്നില്ല; പന്ത്രണ്ട്‌ വര്‍ഷത്തിന്‌ ശേഷം കുറിഞ്ഞി പൂക്കാതിരിക്കാന്‍ തങ്ങള്‍ വഴിയൊരുക്കുകയാണെന്ന്‌. കുറിഞ്ഞിപൂക്കുന്ന പുല്‍മേടുകളില്‍ ഇത്തവണ കാട്ടുതീയുണ്ടായാലും പ്രശ്നമാണ്‌. കുറിഞ്ഞിവിത്തുകള്‍ പാടെ നശിക്കും.



6. ആകാശത്തേക്ക്‌ നീളുന്ന കുറിഞ്ഞിത്തലപ്പുകള്‍. കാന്തല്ലൂരില്‍ നിന്നുള്ള ദൃശ്യം. സമുദ്രനിരപ്പില്‍ നിന്ന്‌ അയ്യായിരം അടി മുകളിലെത്തുന്നതോടെ കാലാവസ്ഥയില്‍ അപ്രതീക്ഷിതമായ മറ്റമുണ്ടാകും. ഒരോ കുന്നിലും സൂക്ഷ്മതലത്തില്‍ കാലവസ്ഥ മാറുമെന്ന്‌ വിദഗ്ധര്‍ പറയുന്നു. അതിനാല്‍, ഓരോ സ്ഥലത്തെയും നീലക്കുറിഞ്ഞിച്ചെടികള്‍ക്ക്‌ ഘടനാപരമായി വ്യത്യാസമുണ്ടാകും.



7. നീലാകാശക്കീറിന്‌ കീഴെ നീലക്കുറിഞ്ഞി. കാന്തല്ലൂരില്‍ നിന്നുള്ള ദൃശ്യം. മൂന്നു മുതല്‍ 14 വര്‍ഷം വരെയുള്ള ഇടവേളകളില്‍ പൂക്കുന്ന കുറിഞ്ഞികളുണ്ട്‌. അവയില്‍ ഏറ്റവും മുഖ്യം 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കാലം സമ്മാനിക്കുന്ന നീലക്കുറിഞ്ഞിയാണ്‌.








8. പര്‍വ്വതപശ്ചാത്തലത്തില്‍ കുറിഞ്ഞിപ്പൂക്കള്‍. കാന്തല്ലൂരില്‍ നിന്നുള്ള ദൃശ്യം. തമിഴ്‌നാട്ടില്‍ സംഘകാലകൃതികളില്‍ കുറിഞ്ഞിയെപ്പറ്റി പരാമര്‍ശമുണ്ട്‌. മുരുകനാണ്‌ കുറിഞ്ഞിയുടെ ദൈവം. കുറിഞ്ഞിയാണ്ടവന്‍ എന്ന്‌ തമിഴ്‌വംശജര്‍ വിളിക്കുന്നു. കര്‍ണാടക സംഗീതത്തില്‍ ഒരു രാഗം തന്നെയുണ്ട്‌-നാട്ടക്കുറിഞ്ഞിരാഗം.







9. കുറിഞ്ഞിപ്പൂവും തേനീച്ചയും. കാന്തല്ലൂരില്‍ നിന്നുള്ള ദൃശ്യം. കുറിഞ്ഞിക്കാലം തേനീച്ചകളുടെ ഉത്സവകാലമാണ്‌. കുറിഞ്ഞിപൂത്തു തുടങ്ങിയാല്‍, കുറിഞ്ഞയാണ്ടവന്‌ പൊങ്കാലയിട്ട്‌ തേനീച്ചയെ ക്ഷണിക്കുന്ന പരമ്പരാഗത ചടങ്ങുപോലുമുണ്ട്‌ കേരള-തമിഴ്‌നാട്‌ അതിര്‍ത്തിഗ്രാമങ്ങളിലെ ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍. കുറിഞ്ഞിത്തേനിന്‌ പ്രത്യേക വാസനപോലുമുണ്ടായിരിക്കുമത്രേ! 1922-ല്‍ കൊടൈക്കനാലിലെ കുറിഞ്ഞിപൂത്ത മലഞ്ചെരുവുകളിലൊരു മരത്തില്‍ മാത്രം തൂക്കുതേനീച്ചകളുടെ 28 കൂടുകള്‍ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്‌. അതിനടുത്തുള്ള പാറയില്‍ 32 തേന്‍കൂടുകള്‍ കാണപ്പെട്ടുവത്രേ.



10. വരയാട്‌ (Nilgir Tahr). 'ഹെമിട്രാഗസ്‌ ഹൈലോക്രിയസ്‌ '(Hemitragous hylocrius) എന്നു ശാസ്ത്രീയനാമം. രാജമലയില്‍ നിന്നുള്ള ദൃശ്യം (ചിത്രം കടപ്പാട്‌-വരുണ്‍ എ.കെ). കുറിഞ്ഞിയുടെ കൂട്ടുകാരന്‍ എന്നാണ്‌ വരയാടിനെ വിശേഷിപ്പിക്കാറുള്ളത്‌. കുറിഞ്ഞിയില വരയാടിന്റെ പ്രധാന ഭക്ഷണമാണ്‌. വംശനാശം നേരിടുന്ന വരയാടുകള്‍ ഇന്ന്‌ സംരക്ഷിക്കപ്പെടുന്നത്‌ ഇരവികുളം നാഷണല്‍പാര്‍ക്കില്‍ മാത്രം. വരയാടുകളുടെ സംരക്ഷണാര്‍ത്ഥം 1978-ല്‍ ആനമുടിക്കു ചുറ്റുമുള്ള ചോലപുല്‍മേടുകളെ നാഷണല്‍പാര്‍ക്കായി പ്രഖ്യാപിക്കുകയായിരുന്നു. 97 ചതുശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ പാര്‍ക്കില്‍ ഇന്ന്‌ നീലക്കുറിഞ്ഞിയും സുരക്ഷിതമാണ്‌.

ചിത്രങ്ങള്‍: ജോസഫ്‌ ആന്റണി

2 comments:

സു | Su said...

കണ്ടു. വായിച്ചു. സന്തോഷമായി :) നന്ദി.

krish | കൃഷ് said...

കുറിഞ്ഞികളെ കുറിച്ചുള്ള വിവരണവും ചിത്രങ്ങളും നന്നായിരിക്കുന്നു. ഇനി 2018-ല്‍ കുറിഞ്ഞി പൂക്കുമ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ തരുമല്ലോ..
നീലക്കുറിഞ്ഞികള്‍ പൂത്തു.. നീലഗിരിക്കുന്നിന്‍ മേലെ.. എന്ന ഗാന ഓര്‍മ്മയിലെത്തുന്നു..
കൃഷ്‌ | krish